SignIn
Kerala Kaumudi Online
Wednesday, 09 July 2025 8.46 AM IST

ഗായകനും സംഗീതസംവിധായകനുമായ കെ ജി ജയൻ അന്തരിച്ചു

Increase Font Size Decrease Font Size Print Page
kg-jayan

കൊച്ചി: ഗായകനും സംഗീതസംവിധായകനുമായ കെ.ജി ജയൻ (90) അന്തരിച്ചു. നടൻ മനോജ് കെ. ജയന്റെ പിതാവാണ്. തൃപ്പുണ്ണിത്തുറയിലെ വീട്ടിലായിരുന്നു അന്ത്യം. ഭക്തിഗാനങ്ങളിലൂടെയും ചലച്ചിത്രഗാനങ്ങളിലൂടെയും വിഖ്യാതരായ ജയവിജയന്മാരിലെ ജയൻ ആണ് ഇപ്പോൾ വിടവാങ്ങിയത്. ഇരട്ട സഹോദരനായിരുന്ന കെ.ജി വിജയൻ 1988ൽ മരണപ്പെട്ടിരുന്നു.

സംഗീതലോകത്ത് തന്റേതായ സ്വരമുദ്ര പതിച്ച പത്മശ്രീ ജയൻ ഗാനസപര്യ 69 വർഷങ്ങൾ പൂർത്തിയായിരുന്നു. കഴിഞ്ഞവർഷമാണ് ജയന്റെ നവതിയാഘോഷം നടന്നത്. സംഗീതം ജീവിതമാക്കിയ ജയൻ കർണാടക സംഗീത ലോകത്തു മാത്രമല്ല,​ ചലച്ചിത്രഗാനങ്ങളിലും ഭക്തിഗാന രംഗത്തും സ്വന്തം ശൈലിക്ക് പ്രതിഷ്ഠയേകി.

കോട്ടയം നാഗമ്പടത്ത് മീനച്ചിലാറിന്റെ തീരത്തുള്ള കടമ്പൂത്ര മഠത്തിലാണ് ഗോപാലൻ തന്ത്രിയുടെയും നാരായണിയമ്മയുടെയും മക്കളായി ജയവിജയന്മാരുടെ ജനനം. ഇരട്ടകളുടെ സംഗീതവാസന മനസിലാക്കി ഗുരുദേവ ശിഷ്യനായ അച്ഛൻ ഗോപാലൻ തന്ത്രിയാണ് ആറാം വയസിൽ പാട്ടു പഠിപ്പിക്കാൻ രാമൻ ഭാഗവതരുടെ അടുത്തെത്തിച്ചത്. പിന്നീട് മാവേലിക്കര രാധാകൃഷ്ണ അയ്യരും ആലത്തൂർ ബ്രദേഴ്സും ഗുരുക്കന്മാരായി. സ്വാതി തിരുനാൾ സംഗീത അക്കാഡമിയിൽ നിന്ന് ഗാനഭൂഷണം പാസായി.

മഹാഗുരുക്കളായ ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ കീഴിൽ 18 വർഷവും ഡോ. ബാലമുരളീകൃഷ്ണയ്ക്കു കീഴിൽ ആറു വർഷവും സംഗീത സപര്യ നടത്തി. 1988-ൽ ഇരട്ട സഹോദരനായ കെ.ജി വിജയന്റെ അകാല മരണം ജയനെ തളർത്തിയെങ്കിലും അയ്യപ്പഗാനങ്ങളിലൂടെ ജയൻ ആ ദുഃഖം മറന്നു പാടി. രാജ്യം പത്മശ്രീ നൽകി ആദരിച്ച ജയനെ തിരുവിതാംകൂർ ദേവസ്വം ബോർഡ് അയ്യപ്പ ഗാനമികവിന് ഹരിവരാസന പുരസ്ക്കാരം നൽകി ആദരിച്ചു. സംഗീത നാടക അക്കാഡമി അവാർഡും ലഭിച്ചു.

ശബരിമല മകരവിളക്കിന് അയ്യപ്പനെ തങ്ക അങ്കിയണിയിച്ച് ദീപാരാധന നടത്തും മുമ്പ് ജയന്റെ അയ്യപ്പഗാനാലാപനം അരങ്ങേറിയത് വർഷങ്ങളോളമായിരുന്നു. ഒരിക്കൽ ജയൻ പറഞ്ഞു: '42 വർഷങ്ങൾ ഞാനും അനിയനും (വിജയൻ) തുടർച്ചയായി സന്നിധാനത്ത് പാടിയിട്ടുണ്ട്. തിരുവാഭരണ ഘോഷയാത്ര സന്നിധാനത്ത് എത്തുമ്പോൾ പാട്ട് തുടങ്ങും. ഞങ്ങളുടെ പാട്ടു കഴിഞ്ഞേ മകരവിളക്കു ദിവസം നടതുറക്കുള്ളൂ". 1950-കളിൽ എപ്പോഴോ ശബരിമലയ്ക്കു പോയപ്പോഴാണ് മനസിൽ അയ്യപ്പനെ ദർശിച്ച് ജയൻ കൊടിമരച്ചുവട്ടിലിരുന്ന് ആദ്യമായി പാടിയത്. ചെമ്പൈ സ്വാമിക്കൊപ്പം മലചവിട്ടാനും ഭാഗ്യമുണ്ടായി.

എച്ച്.എം.വി ഗ്രാമഫോൺ റെക്കാഡിനു വേണ്ടി ജയവിജയന്മാർ ആദ്യമായി ഈണമിട്ട 'ഇഷ്ടദൈവമേ സ്വാമി ശരണമയ്യപ്പ " എന്ന പി. ലീലയുടെ പാട്ട്,​ ആദ്യമായി ഒരു സ്ത്രീ ആലപിച്ച അയ്യപ്പഭക്തി ഗാനമായി. യേശുദാസിന്റെ ആദ്യ ഭക്തിഗാനമായ 'ദ‌ർശനം പുണ്യ ദർശനം", ശ്രീകോവിൽ നടതുറന്നു, എല്ലാമെല്ലാം അയ്യപ്പൻ, ശ്രീശബരീശ ദീനദയാലാ, പതിനെട്ട് പടിയേറി, നല്ലതു വരുത്തുക, വണ്ടിപ്പെരിയാറും മേടും നടപ്പാതയാക്കി.... തുടങ്ങി അയ്യപ്പഭക്തി ഗാനങ്ങളുടെ നിര നീളുകയാണ്.

രാജ്യത്തിനകത്തും പുറത്തുമായി ആയിരക്കണക്കിന് വേദികളിൽ കച്ചേരികൾ നടത്തി. യേശുദാസ്, എസ്.പി ബാലസുബ്രമണ്യം, ശീർക്കാഴി ഗോവിന്ദരാജൻ, ടി.എം. സൗന്ദരരാജൻ, എസ്. ജാനകി, പി. സുശീല, വാണിജയറാം തുടങ്ങിയ സംഗീത പ്രതിഭകളെക്കൊണ്ട് പാടിക്കാൻ ജയനു കഴിഞ്ഞു. മലയാളത്തിൽ പത്തൊമ്പതും തമിഴിൽ നാലും സിനിമകൾക്ക് ഈണം നൽകി. 'ഭൂമിയിലെ മാലാഖ " ആയിരുന്നു ആദ്യചിത്രം. നക്ഷത്രദീപങ്ങൾ തിളങ്ങി, ഹൃദയം ദേവാലയം തുടങ്ങിയവ ഇന്നും ഗാനാസ്വദകരുടെ ഇഷ്ടഗീതങ്ങളായി നിൽക്കുന്നു.

എസ്.രമേശൻ നായർ എഴുതി ജയൻ ഈണമിട്ട,​ തരംഗിണിയുടെ മയിൽപ്പീലി കാസറ്റിലെ 'രാധതൻ പ്രേമത്തോടാണോ... , ഒരു പിടി അവിലുമായ്, ചന്ദനചർച്ചിത, അണിവാക ചാർത്തിൽ, ചെമ്പൈയ്ക്കു നാദം നിലച്ചപ്പോൾ തുടങ്ങിയവ ഇന്നും കൃഷ്ണ ഭക്തിരസം തുളുമ്പുന്ന അനശ്വര ഗാനങ്ങളാണ്. കെ.ജി. ജയന്റെ ഭാര്യ പരേതയായ സരോജിനി അദ്ധ്യാപികയായിരുന്നു. മനോജ് കെ. ജയനും,​ ബിജു കെ. ജയനുമാണ് മക്കൾ.

TAGS: KG JAYAN, MANOJ K JAYAN, SINGER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.