SignIn
Kerala Kaumudi Online
Wednesday, 01 May 2024 12.30 AM IST

പണം വേണ്ട; സൽമാൻ ഖാന്റെ ജീവന് പകരം അധോലോക നായകന്മാർ അന്നും ഇന്നും ആവശ്യപ്പെടുന്നത് ഒരൊറ്റ കാര്യം

salman-khan

1988ൽ 'ബീവി ഹോ തോ ഐസി' എന്ന ചിത്രത്തിലൂടെയാണ് സൽമാൻ ഖാൻ സിനിമാ രംഗത്തേക്കെത്തുന്നത്. പിന്നീട് ബോളിവുഡിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഘടകമായി മാറിയ സൽമാൻ നിരവധി പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്. എന്നാൽ, പിന്നീട് പലതരത്തിലുള്ള വിവാദങ്ങളിലൂടെ കടന്നുപോയ അദ്ദേഹത്തിന്റെ പേര് ഇന്ന് ഏറ്റവും കൂടുതൽ കേൾക്കുന്നത് വധഭീഷണി നേരിടുന്നു എന്നതിലാണ്. ഇന്ന് അദ്ദേഹം വാർത്തകളിൽ നിറഞ്ഞുനിൽക്കുകയാണ്. എന്തിനാണ് സൽമാൻ ഖാനെ മാത്രം അധോലോക നായകന്മാർ ലക്ഷ്യമിടുന്നത് എന്ന കാര്യത്തെപ്പറ്റി അറിയാം.

അൻമോൽ ബിഷ്‌ണോയി ഏറ്റെടുത്ത വധശ്രമം

ഇക്കഴിഞ്ഞ ഞായറാഴ്ച പുലർച്ചെയാണ് സൽമാൻ ഖാന്റെ വീടിന് നേരെ വെടിവയ്‌പ്പുണ്ടായത്. ബൈക്കിലെത്തിയ അജ്ഞാതരായ രണ്ടുപേരാണ് അദ്ദേഹത്തിന്റെ ബാന്ദ്രയിലെ വീടിന് നേരെ വെടിയുതിർത്തത്. പിന്നീട് ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്‌ണോയിയുടെ ഇളയ സഹോദരൻ അൻമോൽ ബിഷ്‌ണോയി ഫേസ്‌ബുക്കിൽ പോസ്റ്റ് പങ്കുവച്ചുകൊണ്ട് ഈ വെടിവയ്‌പ്പിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.

പോസ്റ്റ് പങ്കുവച്ച ഐപി അഡ്രസ് കാനഡയിൽ നിന്നുള്ളതാണെന്നും ഇതിന്റെ യഥാർത്ഥ ലൊക്കേഷൻ യുഎസിലെ കാലിഫോർണിയയിലാണെന്നും പൊലീസ് കണ്ടെത്തി. അതുകൊണ്ട് തന്നെ വെടിവയ്പ്പ് ആസൂത്രണം ചെയ്തത് യുഎസിലാണെന്ന അനുമാനത്തിലാണ് പൊലീസ്.

ഗായകൻ സിദ്ദു മൂസെവാലയുടെ കൊലപാതകം അടക്കം നിരവധി കുറ്റകൃത്യങ്ങളിൽ പൊലീസ് അന്വേഷിക്കുന്നയാളാണ് അൻമോൽ ബിഷ്‌ണോയി. സൽമാൻ കേസിൽ ഇയാളെക്കൂടാതെ യുഎസിലുള്ള മറ്റൊരു ഗുണ്ടാത്തലവനും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.

വർഷങ്ങളായി തുടരുന്ന ഭീഷണി

ഇക്കഴിഞ്ഞ നവംബറിലാണ് പഞ്ചാബി ഗായകനും നടനുമായ ജിപ്പി ഗ്രേവാളിനെ സംബോധന ചെയ്ത് ലോറന്‍സ് ബിഷ്ണോയി എന്ന പേരിലുള്ള ഒരു അക്കൗണ്ടില്‍ നിന്നും സൽമാൻ ഖാന് നേരെ വധഭീഷണി ഉയർന്നത്.

'നിങ്ങൾ സൽമാൻ ഖാനെ ഒരു സഹോദരനായി കണക്കാക്കുന്നുണ്ടല്ലോ. ഇത് നിങ്ങളുടെ സഹോദരനെ രക്ഷിക്കാനുള്ള സമയമാണ്. ഈ സന്ദേശം സൽമാൻ ഖാന് കൂടിയുള്ളതാണ്. ദാവൂദ് നിങ്ങളെ രക്ഷിക്കുമെന്ന് വ്യാമോഹിക്കരുത്. നിങ്ങളെ രക്ഷിക്കാന്‍ ആര്‍ക്കും സാധിക്കില്ല. സിദ്ധു മൂസേവാലയുടെ മരണത്തോടുള്ള നിങ്ങളുടെ പ്രതികരണം ഞങ്ങള്‍ ശ്രദ്ധിച്ചിരുന്നു. അയാള്‍ എങ്ങനെയുള്ളയാളാണെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. നിങ്ങള്‍ ഇപ്പോള്‍ ഞങ്ങളുടെ റഡാറില്‍ എത്തിയിരിക്കുന്നു. ഇതൊരു ട്രെയിലറായി മാത്രം കരുതുക. മുഴുവന്‍ പടവും ഉടന്‍ പുറത്തിറങ്ങും. നിങ്ങള്‍ ഏതെങ്കിലും രാജ്യത്തേക്ക് ഓടിപ്പോവുമായിരിക്കും. എന്നാലും ഓര്‍ക്കൂ മരണത്തിന് വിസ ആവശ്യമില്ല. അത് ക്ഷണിക്കപ്പെടാതെ തന്നെ നിങ്ങൾക്കരികെ വരും' - എന്നായിരുന്നു ആ ഫേസ്‌ബുക്ക് കുറിപ്പിലൂടെ വന്ന ഭീഷണി.

1

2023 ഏപ്രിലിൽ രാജസ്ഥാനിലെ ജോധ്പൂരിൽ നിന്ന് 'ഗോ സംരക്ഷകൻ' എന്ന് പറയപ്പെടുന്ന ഒരാളിൽ നിന്ന് സൽമാൻ ഖാന് ഭീഷണി നേരിടേണ്ടി വന്നു. ഏപ്രിൽ 30ന് സൽമാൻ ഖാനെ കൊല്ലുമെന്നാണ് ഇയാൾ ഭീഷണിപ്പെടുത്തിയത്. ഏപ്രിൽ 10ന് രാത്രി ഒമ്പത് മണിക്ക് മുംബയ് പൊലീസ് കൺട്രോൾ റൂമിലേക്ക് വന്ന വധഭീഷണി കോളായിരുന്നു അത്. ജോധ്പൂരിൽ നിന്നും റോക്കി ഭായ് എന്നാണ് വിളിച്ചയാൾ സ്വയം പരിചയപ്പെടുത്തിയത്. സംഭവത്തിൽ മുംബയ്‌ പൊലീസ് അന്വേഷണം ആരംഭിക്കുകയും താനെ സ്വദേശിയായ 16 വയസുകാരനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

2023 മാർച്ചിൽ, സൽമാൻ ഖാന്റെ മാനേജർക്ക് ഒരു ഭീഷണി ഇ - മെയിൽ സന്ദേശം എത്തിയിരുന്നു. ഇതിന് പിന്നാലെ ബിഷ്‌ണോയി, കാനഡ ആസ്ഥാനമായുള്ള ഗുണ്ടാ സംഘത്തിലെ ഗോൾഡി ബ്രാർ, മോഹിത് ഗാർഗ് എന്നിവർക്കെതിരെ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തിരുന്നു. തീഹാർ ജയിലിൽ നിന്ന് ബിഷ്‌ണോയി നൽകിയ അഭിമുഖത്തെ പരാമർശിച്ചായിരുന്നു വധഭീഷണി. ഗാർഗിന്റെ ഐഡിയിൽ നിന്നാണ് മെയിൽ അയച്ചത്. ബ്രാറിന് നടനെ നേരിൽ കണ്ട് സംസാരിക്കണമെന്നും സന്ദേശത്തിലുണ്ടായിരുന്നു. ഈ വിവരങ്ങൾ പൊലീസിന് കൈമാറിയാൽ അനന്തര ഫലങ്ങൾ അനുഭവിക്കേണ്ടി വരുമെന്നും പറഞ്ഞിട്ടുണ്ടായിരുന്നു.

2022 ജൂണിൽ, സൽമാന്റെ പിതാവ് സലിം ഖാൻ നടക്കാൻ പോകുന്ന ബാന്ദ്ര ബാൻഡ്‌സ്റ്റാൻഡിൽ ഒരു ഭീഷണി കത്ത് വച്ചിരുന്നു. ആ വർഷം മേയ് മാസത്തിൽ ബിഷ്‌ണോയിയും സംഘവും സിദ്ദു മുസേവാലയെ കൊലപ്പെടുത്തിയ വിവരം ഈ കത്തിൽ പരാമർശിച്ചിരുന്നു. സമാനമായ വിധി സൽമാനും നേരിടേണ്ടി വരുമെന്നായിരുന്നു കത്തിൽ.

2018ൽ, കോടതിയിൽ ഹാജരാകുന്നതിനിടെ ബിഷ്‌ണോയി, സൽമാനെ ജോധ്പൂരിൽ വച്ച് കൊല്ലുമെന്ന് പറ‌ഞ്ഞിരുന്നു.

salman-khan

എന്തുകൊണ്ട് സൽമാനെ മാത്രം ലക്ഷ്യമിടുന്നു?

1998ൽ ഹം സാത്ത് സാത്ത് ഹേ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ രാജസ്ഥാനിൽ രണ്ട് കൃഷ്ണമൃഗങ്ങളെ സൽമാൻ വേട്ടയാടി കൊന്നിരുന്നു. ഈ കേസിൽ അഞ്ച് വർഷം തടവ് ശിക്ഷയ്‌ക്ക് വിധിക്കപ്പെട്ടെങ്കിലും പിന്നീട് ജാമ്യം ലഭിച്ചു. ലോറൻസ് ബിഷ്‌ണോയി ഉൾപ്പെടുന്ന ബിഷ്‌ണോയി സമൂഹം കൃഷ്ണമൃഗങ്ങളെ വിശുദ്ധ മൃഗങ്ങളായാണ് കണ്ടിരുന്നത്.

2023ൽ തീഹാർ ജയിലിൽ നിന്നുള്ള അഭിമുഖത്തിൽ സൽമാൻ ഖാനെ കൊല്ലുക എന്നത് മാത്രമാണ് തന്റെ ജീവിതലക്ഷ്യമെന്ന് ബിഷ്‌ണോയ് ക്യാമറയ്‌ക്ക് മുന്നിൽ പ്രസ്താവിച്ചിരുന്നു. “ഞങ്ങൾക്ക് പണം വേണ്ട. അവൻ ഞങ്ങളുടെ ക്ഷേത്രം സന്ദർശിച്ച് ഞങ്ങളോട് മാപ്പ് പറയണം. ഒരു കൃഷ്ണമൃഗത്തെ വേട്ടയാടി എന്റെ സമൂഹത്തെയാകെ അവൻ അപമാനിച്ചു. അയാൾക്കെതിരെ ഒരു കേസുണ്ട്, പക്ഷേ മാപ്പ് പറയാൻ അയാൾ തയ്യാറാകുന്നില്ല.” - ബിഷ്‌ണോയ് അഭിമുഖത്തിൽ പറഞ്ഞു.

2

സുരക്ഷ

2022 നവംബർ മുതൽ നടന് വൈ പ്ലസ് സുരക്ഷ നൽകിയിട്ടുണ്ട്. സ്വയരക്ഷയ്‌ക്കായി മുംബയ് പൊലീസ് ലൈസൻസോടെ തോക്കും സൽമാന് അനുവദിച്ചു. നേരത്തേ ഒരു ഗൺമാൻ ഉൾപ്പെടുന്ന എക്‌സ് കാറ്റഗറിയാണ് നൽകിയിരുന്നത്. മാത്രമല്ല, കഴിഞ്ഞ വർഷം സൽമാൻ ദുബായിൽ നിന്നും ഇറക്കുമതി ചെയ്‌ത ബുള്ളറ്റ് പ്രൂഫ് നിസാൻ എസ്‌യുവി വാങ്ങിയിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SALMAN KHAN, LAWRANCE BISHNOY, BISHNOY
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.