SignIn
Kerala Kaumudi Online
Saturday, 18 May 2024 6.40 AM IST

ജസ്ന മരിച്ചെങ്കിൽ തെളിവുകൾ എവിടെ?

j

വെച്ചൂച്ചിറക്കടുത്ത് കൊല്ലമുള ഗ്രാമത്തിൽ നിന്ന് കാണാതായ കോളേജ് വിദ്യാർത്ഥിനി ജസ്ന മറിയം ജെയിംസ് ജീവിച്ചിരിപ്പില്ലെന്ന് അച്ഛൻ ജെയിംസിന്റെ വെളിപ്പെടുത്തൽ, ജസ്നയെ കണ്ടെത്താനുള്ള സി.ബി.ഐ അന്വേഷണം ഏതാണ്ട് അവസാനിപ്പിക്കാറായ സമയത്താണ്. ജസ്നയെ കാണാതായിട്ട് ആറ് വർഷം കഴിഞ്ഞു. പൊലീസും ക്രൈംബ്രാഞ്ചും സി.ബി.ഐയും അന്വേഷിച്ചിട്ടും ജസ്നയെപ്പറ്റി എന്തെങ്കിലും സൂചനകൾ നൽകാൻ കഴിഞ്ഞില്ല. ഈ ഘട്ടത്തിലാണ് ജെയിംസ് തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ ഹർജിയിൽ ജസ്ന ജീവിച്ചിരിപ്പില്ലെന്ന് അറിയിച്ചത്. വിദഗ്ദ്ധരായ അന്വേഷണ സംഘത്തിന് പറയാൻ കഴിയാതിരുന്ന കാര്യം ജസ്നയുടെ അച്ഛൻ പറഞ്ഞത് ആശ്ചര്യകരമായിരിക്കുന്നു. ജസ്ന മരിച്ചത് കേരളത്തിൽ വച്ചാണെന്നും കോടതിയിൽ ഹർജി നൽകിയ സ്ഥിതിക്ക് കൂടുതൽ ഒന്നും തത്കാലും വെളിപ്പെടുത്താനില്ലെന്ന് അദ്ദേഹം കേരളകൗമുദിയോടു പറഞ്ഞിട്ടുണ്ട്. ‌

19ന് കേസ് വീണ്ടും പരിഗണിക്കുമ്പോൾ ചില കാര്യങ്ങൾ ചോദിച്ചറിയാൻ സി. ബി.ഐയുടെ അന്വേഷണ ഉദ്യോഗസ്ഥനെ കോടതി വിളിച്ചുവരുത്തിയിട്ടുണ്ട്. അതിനുശേഷം കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താമെന്നാണ് ജസ്നയുടെ അച്ഛൻ പറയുന്നത്. ജസ്ന മരിച്ചുവെന്ന് ജെയിംസ് ഉറച്ചു വിശ്വസിക്കുന്നു. എന്നാൽ, പൊലീസോ ക്രൈംബ്രാഞ്ചോ സി.ബി.ഐയോ അങ്ങനെയൊരു വിവരം അന്വേഷണ റിപ്പോർട്ടുകളിൽ രേഖപ്പെടുത്തിയട്ടില്ല. വിശ്വസനീയമായതും ആധികാരികവുമായ വിവരങ്ങൾ ലഭിക്കാതെ മകൾ മരിച്ചുവെന്ന് പറയാൻ അച്ഛന് കഴിയില്ല.

എങ്ങനെ, എപ്പോൾ, എവിടെ വച്ച് തുടങ്ങിയ ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ടതും അച്ഛൻ തന്നെയാണ്. കേസ് അവസാനം അന്വേഷിച്ച സി.ബി.ഐയെ ജെയിംസ് പൂർണമായി തള്ളുന്നില്ല. അവർ കുറേ കാര്യങ്ങൾ അന്വേഷിച്ചുവെന്നും എന്നാൽ, പ്രധാന ചില പോയിന്റുകളിലേക്ക് എത്തിയില്ലെന്നും അദ്ദേഹം കോടതിയിലും മാദ്ധ്യമങ്ങളോടും പറഞ്ഞു. ആ പ്രധാന പോയിന്റുകൾ ഏതെല്ലാമാണെന്ന് ഇനി ജസ്നയുടെ അച്ഛൻ തന്നെയാണ് പറയേണ്ടത്. അതേസമയം, എല്ലാ കാര്യങ്ങളും തങ്ങൾ അന്വേഷിച്ചുവെന്നും ഇനി തുടരന്വേഷണം ആവശ്യമില്ലെന്നുമാണ് സി.ബി.ഐ കോടതിയിൽ അറിയിച്ചിരിക്കുന്നത്.

നീണ്ട

ആറ് വർഷം

കാഞ്ഞിരപ്പള്ളി എസ്.ഡി കോളേജിൽ രണ്ടാം വർഷ ബി.കോം വിദ്യാർത്ഥിനിയായിരുന്ന ജസ്നയെ രണ്ടായിരത്തിപ്പതിനെട്ട് മാർച്ച് ഇരുപത്തിരണ്ടിനാണ് കാണാതായത്. കൊല്ലമുളയിലെ വീട്ടിൽ നിന്ന് തൊട്ടടുത്ത ജംഗ്ഷൻ വരെ ഓട്ടോറിക്ഷയിൽ പോയ ജസ്ന മുണ്ടക്കയം വരെ ബസിൽ സഞ്ചരിച്ചതായി വ്യക്തമായിട്ടുണ്ട്. മുണ്ടക്കയം ജംഗ്ഷനിലൂടെ നടന്നു പോകുന്ന ജസ്നയുടെ അവ്യക്ത ദൃശ്യം ഒരു കടയുടെ സി.സി.ടി.വിയിൽ നിന്ന് ലഭിച്ചു.

ആദ്യഘട്ടത്തിൽ സംസ്ഥാനത്ത് വിവരശേഖരണ പെട്ടികൾ സ്ഥാപിച്ചും നിരവധിയാളുകളെ ചോദ്യം ചെയ്തും അജ്ഞാത മൃതദേഹങ്ങൾ പരിശോധിച്ചും പൊലീസും തുടർന്ന് ക്രൈംബ്രാഞ്ചും അന്വേഷണം കാര്യക്ഷമമായ മുന്നോട്ടു പോകവെയാണ് ജസ്നയുടെ സഹോദരനും കെ.എസ്.യു നേതാവും സി.ബി.ഐ അന്വേഷണം എന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചത്. കോടതി നിർദ്ദേശപ്രകാരം കേസ് ഏറ്റെടുത്ത സി.ബി.ഐയ്ക്ക് ജസ്നയ്ക്ക് എന്തു സംഭവിച്ചുവെന്ന് വ്യക്തമാക്കാൻ കഴിഞ്ഞില്ല. ജസ്നയെപ്പറ്റി നിർണായക വിവരങ്ങൾ ലഭിച്ചെന്ന് അന്വേഷണ ചുമതലയുണ്ടായിരുന്ന പൊലീസ് ഓഫീസർമാർ മാദ്ധ്യമങ്ങളോടു പറഞ്ഞത് വിലകുറഞ്ഞ പബ്ളിസിറ്റിക്കുവേണ്ടി ആയിരുന്നുവെന്ന് കരുതുന്നവരുണ്ട്.

ജസ്നനയുടെ അച്ഛൻ ജെയിംസ് പറയുന്നപോലെ ജസ്ന മരിച്ചുവെന്ന് റിപ്പോർട്ട് നൽകാൻ അന്വേഷണ സംഘങ്ങൾക്ക് കഴിയില്ല. മരിച്ചുവെന്ന വിവരം ലഭിച്ചാൽ എവിടെ വച്ചാണ് സംഭവം നടന്നത്, മൃതദേഹം എന്തു ചെയ്തു എന്നീ കാര്യങ്ങൾ വ്യക്തമാക്കേണ്ട ഉത്തരവാദിത്വം അവർക്കുണ്ട്. ജസ്ന ജീവിച്ചിരിപ്പില്ലെന്ന് പറഞ്ഞ അച്ഛനും ഈ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞു നിൽക്കാനാവില്ല. അദ്ദേഹത്തിന്റെ വാക്കുകൾക്ക് കാതോർത്തിരിക്കുകയാണ് മലയാളികൾ. ജസ്ന വ്യാഴാഴ്ച ദിവസങ്ങളിൽ രഹസ്യ പ്രാർത്ഥനയ്ക്ക് പോയിരുന്നുവെന്ന് അച്ഛൻ വെളിപ്പെടുത്തിയിട്ടുണ്ട്.

ക്രിസ്ത്യൻ വിഭാഗങ്ങളിൽ വ്യക്തി കേന്ദ്രീകൃതമായ കൂട്ടായ്മകളാണ് വ്യാഴാഴ്ച പ്രാർത്ഥന നടത്തുന്നത്. ക്രസ്ത്യൻ ദേവാലയങ്ങളിൽ സ്ഥിരമായി വ്യാഴാഴ്ച പ്രാർത്ഥനകൾ നടക്കാറില്ല. ജസ്നയെ വ്യാഴാഴ്ച പ്രാർത്ഥനയിലേക്ക് കൂട്ടിക്കൊണ്ടുപോയ സുഹൃത്തിനെയാണ് അച്ഛൻ സംശയിക്കുന്നത്. ഇയാൾക്ക് മരണത്തിൽ പങ്കുണ്ടെന്ന് അച്ഛൻ പറഞ്ഞാൽ അതു കണ്ടെത്തേണ്ടത് അന്വേഷണ ഏജൻസികളാണ്. അന്വേഷണത്തിൽ ഇതു വഴിത്തിരിവാകുകയും ചെയ്യും. ജസ്നയെ കാണാതായതിന് പിന്നാലെ സഹോദരനും അച്ഛനും പൊലീസിന് നൽകിയ മൊഴിയിൽ ജസ്നയുടെ ഒരു സഹപാഠിയെപ്പറ്റി സൂചിപ്പിച്ചിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നും നുണപരിശോധനയിൽ നിന്നും ജസ്നയുടെ തിരോധാനത്തിൽ പങ്കില്ലെന്ന് തെളിഞ്ഞിരുന്നു. ഇപ്പോൾ സൂചന നൽകുന്നത് മറ്റൊരു സുഹൃത്തിനെപ്പറ്റിയാണ്.

കുറുപ്പിനും രാഹുലിനും

പിന്നാലെ ജസ്നയും

ജസ്നയുടെ മുറിയിൽ നിന്ന് കണ്ടെത്തിയ രക്തംപുരണ്ട തുണി കേസിൽ നിർണായക തെളിവായിരുന്നു. ഇത് സി.ബി.ഐയും ക്രൈംബ്രാഞ്ചും പൊലീസും വിശദമായ പരിശോധനയ്ക്ക് അയച്ചില്ലെന്ന് അച്ഛൻ പറഞ്ഞിട്ടുണ്ട്. മാസമുറയിലെ രക്തസ്രാവം അല്ലെങ്കിൽ ഗർഭാവസ്ഥയിലെ അമിത രക്തസ്രാവം എന്നീ സംശങ്ങളാണ് ബന്ധുക്കൾക്കുള്ളത്. ജസ്നയുടെ ബന്ധുക്കളും പൊലീസിലെ വിരമിച്ച ഉദ്യോഗസ്ഥരും സമാന്തര അന്വേഷണം നടത്തിവരികയായിരുന്നു. അവർ കണ്ടെത്തിയ കാര്യങ്ങൾ സി.ബി.ഐ അന്വേഷിച്ചില്ലെന്ന് ആക്ഷേപമുണ്ട്. കേസ് അന്വേഷണം പുതിയ വിവരങ്ങളുടെ അടസ്ഥാനത്തിൽ ആറ് മാസത്തേക്കെങ്കിലും നീട്ടണമെന്നാണ് ജസ്നയുടെ അച്ഛന്റെ ആവശ്യം. എരുമേലി, മുണ്ടക്കയം, കാഞ്ഞിരപ്പള്ളി മേഖലയിൽ എവിടെയെങ്കിലും വച്ച് ജസ്ന മരണപ്പെട്ടിരിക്കാമെന്നാണ് ബന്ധുക്കളുടെ നിഗമനം.

കേരളത്തിൽ പ്രധാന മൂന്ന് തിരോധാനക്കേസുകൾ പൊലീസും സി.ബി.ഐയും അന്വേഷിച്ച് പരാജയപ്പെട്ടിരിക്കുകയാണ്. പ്രമാദമായ ചാക്കോ വധക്കേസിലെ പ്രതി സുകുമാരക്കുറുപ്പിനെ പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും കണ്ടെത്താനായില്ല. ആലപ്പുഴ പുന്നപ്രയിൽ കളിച്ചുകൊണ്ടിരുന്ന രാഹുൽ എന്ന കുട്ടിയെപ്പറ്റിയുള്ള അന്വേഷണത്തിലും പൊലീസും സി.ബി.ഐയും പരാജയപ്പെട്ടു. ജസ്ന തിരോധാനക്കസിലും ഇതാവർത്തിച്ചേക്കുമെന്ന് കണ്ടാണ് അച്ഛനും ബന്ധുക്കളും ചേർന്ന് സമാന്തര അന്വേഷണം നടത്തിയത്. അവരുടെ കണ്ടെത്തലുകൾ ശരിയോ തെറ്റോ എന്ന് അറിയാൻ സി.ബി.ഐ അന്വേഷണം നീട്ടണം എന്ന ആവശ്യം ന്യായമാണ്. മികവുറ്റ അന്വേഷണ സംവിധാനങ്ങളുള്ള ഇന്ത്യയിൽ ഇത്തരം തിരോധാനക്കേസുകൾ ഉത്തരം കിട്ടാതെ അവസാനിപ്പിക്കുന്നത് നീതിയുടെ വെളിച്ചത്തെ ഇരുട്ടുകൊണ്ട് കെടുത്താൻ ശ്രമിക്കുന്നതു പോലെയാകും. പക്ഷെ, തെളിവുകൾ മുനിഞ്ഞ് കത്തിക്കൊണ്ടിരിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: JESNA CASE
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.