SignIn
Kerala Kaumudi Online
Tuesday, 30 April 2024 8.41 PM IST

ഇന്ന്, മുൻ സ്പീക്കർ കെ.എം.സീതി സാഹിബ് ചരമ വാർഷികം സീതി സാഹിബ് എന്ന അടയാളം

s

കെ.എം. സീതി സാഹിബിന്റെ ഓർമ്മദിനമാണ് ഇന്ന്. കൊച്ചി നിയമസഭയിലും മദ്രാസ് പ്രൊവിൻഷ്യൽ ലെജിസ്ളേറ്റീവ് കൗൺസിൽ അസംബ്ളിയിലും സാമാജികനായിരുന്ന സീതി സാബിബ്,​ കേരള നിയമസഭാ സ്പീക്കർ ആയിരിക്കെയാണ് 1961 ഏപ്രിൽ 17-ന് ദിവംഗതനായത്. സ്വാതന്ത്ര്യ‌സമര സേനാനി, അഭിഭാഷകൻ, വാഗ്മി, പത്രപ്രവർത്തകൻ, വിദ്യാഭ്യാസ വിചക്ഷണൻ എന്നീ നിലകളിലെല്ലാം ശ്രദ്ധേയനായിരുന്നു അദ്ദേഹം,​

വിദ്യാർത്ഥിയായിരിക്കുമ്പോൾത്തന്നെ,​ സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുമായി ചേർന്ന് തിരുവിതാംകൂറിലെ കോൺഗ്രസ് പ്രവർത്തനങ്ങളിൽ സീതി സാഹിബ് മുൻനിരയിലായിരുന്നു. ആ കാലയളവിൽ (1922) മൗലാനാ മുഹമ്മദാലിയുടെ മാതാവ് ബീഉമ്മ സാഹിബ പങ്കെടുത്ത തലശേരിയിലെ ഖിലാഫത്ത് കോൺഫറൻസിൽ പിതാവിനോടൊപ്പം സഹോദരങ്ങളെയും കൂട്ടി പങ്കെടുത്തു. ഇന്ത്യൻ നാഷണൽ കോൺഗ്രസ് - ഖിലാഫത്ത് സംയുക്ത ഒറ്റപ്പാലം സമ്മേളനത്തിൽ വക്കം മൗലവിക്കൊപ്പവും പങ്കെടുത്തു.

വൈക്കം സത്യഗ്രഹത്തോട് അനുബന്ധിച്ച് മഹാത്മാ ഗാന്ധി തിരുവനന്തപുരം സന്ദർശിച്ചപ്പോൾ (1925) യൂണിവേഴ്സിറ്റി കെട്ടിടത്തിന്റെ വടക്കുകിഴക്കുള്ള മൈതാനത്ത് അദ്ദേഹത്തിന് ഒരു വലിയ പൗരസ്വീകരണം നൽകിയിരുന്നു. മഹാത്മജിയുടെ പ്രസംഗം അതിമനോഹരമായി ഭാഷാന്തരം ചെയ്ത സീതി സാഹിബിനെ ഗാന്ധിജി ആശ്ളേഷിച്ചു. തിരുവനന്തപുരം ഖിലാഫത്ത് കമ്മിറ്റിക്കു വേണ്ടി അദ്ദേഹം മഹാത്മജിക്ക് ഒരു മംഗളപത്രം സമർപ്പിക്കുകയും ചെയ്തു.

1927-ൽ ഗാന്ധിജിയുടെ രണ്ടാം തിരുവനന്തപുരം സന്ദർശന വേളയിൽ വക്കം മൗലവിക്കൊപ്പം അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയത് സീതി സാഹിബിന്റെ ഓർമ്മക്കുറിപ്പുകളിലുണ്ട്. കോൺഗ്രസ് പ്രസിഡന്റും ഗാന്ധിജിയുടെ വലംകയ്യുമായിരുന്ന മൗലാനാ മുഹമ്മദാലിയെക്കുറിച്ച് ജീവിച്ചിരിക്കുമ്പോൾത്തന്നെ ആദ്യമായി ഒരു ജീവചരിത്രം രചിച്ചത് വിദ്യാർത്ഥിയായിരുന്ന സീതി സാഹിബ് ആയിരുന്നു. അതിന് ഇംഗ്ളീഷിൽ അവതാരിക എഴുതിയത് യംഗ് ഇന്ത്യ പത്രാധിപരായിരുന്ന ജോർജ് ജോസഫും,​ പരിഭാഷകൻ തിരുവിതാംകൂർ പോപ്പുലർ അസംബ്ളി അംഗമായിരുന്ന ​ഇ.വി. കൃഷ്ണപിള്ളയുമാണ് (അടൂർഭാസിയുടെ പിതാവ്)​

അദ്ദേഹത്തിന്റെ ജീവിതത്തിന്റെ രണ്ടാം ഘട്ടം കൊച്ചി നിയമസഭയിലെ 1928- 34 കാലമായിരുന്നു. അതിനിടയിൽ (1932) മലബാറിലേക്ക് തന്റെ പ്രാക്ടീസ് മാറ്റുകയും,​ ഖിലാഫത്ത് പ്രസ്ഥാന പ്രവർത്തനങ്ങൾ ഇന്ത്യയിൽ പൂർണമായും അവസാനിപ്പിക്കേണ്ടിവന്ന സാഹചര്യം ഉൾപ്പെടെ ദേശീയരാഷ്ട്രീയം നേരിട്ട് അറിയുകയും,​ സമുദായ വിഷയങ്ങളിൽ ദേശീയ മുസ്ളീങ്ങളുടെ പങ്ക് പരിമിതമാണെന്ന് മനസിലാക്കുകയും ചെയ്തു. ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തിനും സമുദായ ഐക്യത്തിനുമായി തികഞ്ഞ ദേശീയനായിത്തന്നെ മുസ്ളിം ലീഗ് പ്രസ്ഥാനത്തിന്റെ അമരക്കാരനായി അദ്ദേഹം മാറി.

തിരുവനന്തപുരത്തേക്ക് പിന്നീട് സീതി സാഹിബ് വരുന്നത് ഒരു നിർണായക ഘട്ടത്തിൽ 1960-ൽ നിയമസഭാ സ്പീക്കർ പദവി ഏറ്റെടുക്കാൻ നിർബന്ധിതനായപ്പോഴാണ്. കേരളത്തിൽ ആദ്യമായി ഒരു കൂട്ടുകക്ഷി ഭരണത്തിന് വഴിയൊരുക്കിയത് സീതിസാഹിബിന്റെ നിർണായക തീരുമാനങ്ങളായിരുന്നു. നിഷ്പക്ഷതയും ഭരണഘടനാ പരിജ്ഞാനവുമുള്ള അദ്ദേഹത്തെ കേരളം കണ്ട പ്രഗത്ഭനായ നിയമസഭാ സ്പീക്കറായി ചരിത്രവും സാക്ഷ്യപ്പെടുത്തുന്നു. ആ പദവിയിലിരിക്കെയുള്ള മരണത്തിന് ആറു മാസം മുമ്പ് കൗമുദി വാരികയ്ക്കു നല്കിയ അഭിമുഖമാണ് സീതി സാഹിബിന്റെ അവസാന അഭിമുഖം (അന്ന് എട്ടുവയസ് മാത്രമുണ്ടായിരുന്ന ഈ ലേഖകനും ആ അഭിമുഖത്തിന് സാക്ഷിയാണ്)​. അഭിമുഖത്തിൽ,​ ഒരു ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞ വാചകം അദ്ദേഹത്തിന്റെ ജീവചരിത്ര ഗ്രന്ഥത്തിൽ ചേർത്തിരിക്കുന്നത് ഇങ്ങനെ:

'സ്വഭാവശുദ്ധിയുള്ള ഒരു പ്രവർത്തകന് എന്തെല്ലാം വിഷമതകൾ നേരിടേണ്ടിവന്നാലും,​ കാലക്രമത്തിൽ ആ പ്രവർത്തകനെ ജനങ്ങൾ മാനിക്കും. അങ്ങനെയുള്ളവർക്ക് ജനമദ്ധ്യത്തിൽ ചിരപ്രതിഷ്ഠ ലഭിക്കും. അല്ലാത്തവരെല്ലാം അസ്തമിക്കുകയും ചെയ്യും." അങ്ങനെ സ്വഭാവശുദ്ധിയോടെ ജീവിച്ച്, പ്രവർത്തിച്ചവരുടെ ചരിത്രത്തിലെ അപൂർവം നേതാക്കളിൽ ഒരാളായി കാലം സീതിസാഹിബിനെ അടയാളപ്പെടുത്തും.

(കെ.എം. സീതി സാഹിബിന്റെ മകനാണ് ലേഖകൻ)​

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KM SEETHASAHIB
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.