SignIn
Kerala Kaumudi Online
Tuesday, 30 April 2024 7.58 PM IST

കരുവന്നൂരിലെ നീതി വചനം

f

പൊലീസ് വീണ്ടെടുക്കുന്ന തൊണ്ടിമുതൽ,​ കേസിന്റെ അന്വേഷണവും വിചാരണയും കോടതി നടപടികളുമൊക്കെ പൂർത്തിയാക്കി ഉടമസ്ഥന് തിരികെക്കിട്ടുന്ന കാര്യം കുറേക്കാലത്തേങ്കിലും 'സ്വാഹ" എന്നതാണ് നാട്ടുനടപ്പ്. അതുപോലെയായിരുന്നു,​ കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പു കേസിൽ പ്രതികളിൽ നിന്ന് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി)​ കണ്ടുകെട്ടിയ സ്വത്തുവകകളുടെ കാര്യത്തിൽ നിക്ഷേപകരുടെ ആശങ്ക. ആകെ 300 കോടിയിലധികം രൂപയുടെ തട്ടിപ്പ് നടന്നതായി കരുതപ്പെടുന്ന കേസിൽ ഇ.ഡിയുടെയും ആദായനികുതി വകുപ്പിന്റെയുമൊക്കെ അന്വേഷണം തുടരുന്നതേയുള്ളൂ. പ്രതികളിൽ പലരുടെയും ചോദ്യംചെയ്യൽ നടന്നുവരുന്നു. ഇതൊക്കെ കഴിഞ്ഞ്,​ കോടതി നടപടികളും പൂർത്തിയാക്കി വരുമ്പോഴേക്കും,​ മക്കളുടെ വിവാഹക്കാര്യവും മാതാപിതാക്കളുടെ വിദഗ്ദ്ധ ചികിത്സയും ഉൾപ്പെടെ ഇടത്തരക്കാർ എന്തു കാര്യം ഉദ്ദേശിച്ച് ബാങ്കിൽ നിക്ഷേപം നടത്തിയിരുന്നോ,​ ആ ആവശ്യത്തിന്റെ കാലപരിധിയൊക്കെ കഴിഞ്ഞിരിക്കും!

ഇങ്ങനെ ആധിയും ആശങ്കയുമായി കഴിയുന്നവർക്ക് ആശ്വാസം പകരുന്നതാണ്,​ കേസിൽ കണ്ടുകെട്ടിയ 108 കോടി രൂപയുടെ സ്വത്തും പണവും തട്ടിപ്പിനിരയായ നിക്ഷേപകർക്ക് മടക്കിക്കൊടുക്കുന്നതിന് നിയമതടസമില്ലെന്ന് വിചാരണ കോടതിയിൽ കഴിഞ്ഞ ദിവസം ഇ.ഡി സമർപ്പിച്ച സത്യവാങ്മൂലം. കരുവന്നൂർ ബാങ്കിൽ ആകെ 75 ലക്ഷം രൂപയുടെ നിക്ഷേപം ഉണ്ടായിരുന്ന മഹാദേവൻ എന്ന നിക്ഷേപകന്,​ ബാങ്കിൽ നിന്ന് ഇനി തിരികെക്കിട്ടാനുള്ളത് 33,​27,​500 രൂപയാണ്. നിക്ഷേപകരിൽ നിന്ന് തട്ടിയെടുത്ത പണം പ്രതികൾ പണമായിത്തന്നെ സൂക്ഷിച്ചിരിക്കുകയല്ല. അത് റിയൽ എസ്റ്റേറ്റ് ഉൾപ്പെടെ പല മേഖലകളിൽ മുടക്കിയിരിക്കുകയാണ്. ഇവ ഉൾപ്പെടെയാണ് 54 പ്രതികളിൽ നിന്നായി 108 കോടി രൂപ മൂല്യമുള്ള സ്വത്തുക്കൾ ഇ.ഡി കണ്ടുകെട്ടിയത്. അതായത്,​ നഷ്ടമായ പണം നിക്ഷേപകർക്ക് തിരികെ നൽകുന്നതിന് നിയമ തടസമില്ലെന്ന് അന്വേഷണ ഏജൻസി പറഞ്ഞാലും,​ അതിന് പിടിച്ചെടുത്ത സ്വത്തുവകകളുടെ ലേലം ഉൾപ്പെടെ നൂലാമാലകൾ പലതുണ്ട്. അക്കാര്യത്തിലാണ് നിക്ഷേപകരുടെ അടുത്ത ആശങ്ക.

കണ്ടുകെട്ടിയ സ്വത്തിൽ നിന്ന് ഇരകൾക്ക് പണം തിരികെ നൽകുന്നതിന് കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിൽ (പി.എം.എൽ.എ)​ 2019-ൽ വരുത്തിയ ഭേദഗതിയിൽ വ്യവസ്ഥയുണ്ട്. ഈ വ്യവസ്ഥയനുസരിച്ച് വിചാരണ കോടതികൾക്കാണ് അതിനുള്ള അധികാരം. പണം തിരികെക്കിട്ടാനുള്ള ഏതെങ്കിലും നിക്ഷേപകന്റെ അത്യാവശ്യം ബോദ്ധ്യപ്പെട്ടാൽ കേസിന്റെ വിചാരണ ഘട്ടത്തിൽപ്പോലും കോടതിക്ക് ഇതിനു വേണ്ടുന്ന നടപടി സ്വീകരിക്കാം. ലേല നടപടികൾ തീരുമാനിക്കേണ്ടതും വിചാരണ കോടതിയാണ്. തട്ടിപ്പിന് ഇരയായ മുഴുവൻ നിക്ഷേപകരും തങ്ങളുടെ പണം തിരികെക്കിട്ടാൻ പൂർണമായും അവകാശമുള്ളവരാണെങ്കിലും,​ ആ പണംകൊണ്ട് നിർവഹിക്കേണ്ടുന്ന വ്യക്തിപരമായ ആവശ്യങ്ങൾ ഒരുപോലെയായിരിക്കില്ല.

കുടുംബാംഗങ്ങളുടെ ചികിത്സയും ശസ്ത്രക്രിയയും പോലെയോ,​ മക്കളുടെ വിവാഹവുമായി ബന്ധപ്പെട്ട ചെലവുകൾ പോലെയോ മാറ്റിവയ്ക്കാനാവാത്ത ആവശ്യമുള്ളവർക്ക് ആ മാനുഷിക പരിഗണനയും മുൻഗണനയും കിട്ടിയേ മതിയാകൂ. ലേല നടപടികൾക്ക് സ്വാഭാവികമായി വേണ്ടിവരുന്ന കാലതാമസം കഴിയുന്നത്ര ഒഴിവാക്കുന്നതിൽ മാത്രമല്ല,​ ആവശ്യങ്ങളുടെ പ്രാധാന്യക്രമം വിലയിരുത്തി പണം ആദ്യമാദ്യം തിരികെ ലഭിക്കേണ്ടവരുടെ മുൻഗണനാ പട്ടിക തയ്യാറാക്കുന്നതിലും വിചാരണ കോടതിയുടെ ഭാഗത്തുനിന്ന് നിക്ഷേപകർ പ്രതീക്ഷിക്കുന്നത് മാനുഷികത കൂടിയാണ്. സങ്കീർണമായ കേസിലെ നിയമപരമായ നടപടിക്രമങ്ങളിൽ ഏതെങ്കിലും വിധത്തിലുള്ള വിട്ടുവീഴ്ച കോടതിക്ക് അസാദ്ധ്യമാണെന്നിരിക്കിലും,​ ആത്യന്തികമായി മനുഷ്യർക്കു വേണ്ടിയാണ് നിയമങ്ങൾ എന്നൊരു നീതിവചനമുണ്ടല്ലോ. അതിലാണ് നിക്ഷേപകരുടെ പ്രതീക്ഷ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KARUVANUR
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.