SignIn
Kerala Kaumudi Online
Wednesday, 01 May 2024 12.55 AM IST

ചെന്നൈ സ്‌റ്റേഷനിൽ ചെയ്യുന്ന ആ പരിപാടി വ്യാപിപ്പിച്ചാൽ ഒരൊറ്റ ക്രിമിനലും ട്രെയിനിൽ പ്രശ്‌നമുണ്ടാക്കില്ല

railway-station

ട്രെയിൻ യാത്ര എത്രത്തോളം സുരക്ഷിതമാണെന്നതിൽ യാത്രക്കാരുടെ ആശങ്ക പരിഹരിക്കാൻ റെയിൽവെയുടെ ഭാഗത്തുനിന്ന് ഇതുവരെ കാര്യമായ നടപടികളുണ്ടാകുന്നില്ല. ട്രെയിനുകളിൽ യാത്രക്കാർക്ക് മാത്രമല്ല, ടി.ടി.ഇ മാരടക്കമുള്ള ജീവനക്കാർക്ക് നേരെ പോലും തുടരെ ആക്രമണങ്ങളുണ്ടാകുന്നത് യാത്രക്കാരുടെയും ജീവനക്കാരുടെയും ആശങ്കകൾ വർദ്ധിപ്പിച്ചിട്ടുണ്ട്. ഏപ്രിൽ 3ന് എറണാകുളം- പാട്ന എക്സ്പ്രസിൽ ഉത്തരേന്ത്യക്കാരനായ യാത്രക്കാരനോട് ടിക്കറ്റ് ചോദിച്ച ടി.ടി.ഇ വിനോദിനെ ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയ ദാരുണ സംഭവം ട്രെയിൻ യാത്രക്കാരെ മാത്രമല്ല, റെയിൽവെ ഉദ്യോഗസ്ഥരെയും ഞെട്ടിച്ചതാണ്.

ട്രെയിനിൽ യാത്രക്കാരെ ആക്രമിക്കുക മാത്രല്ല, കൊലപ്പെടുത്തിയ സംഭവങ്ങൾ വരെ കേരളത്തിൽ നടന്നിട്ടുണ്ട്. വനിതാ കമ്പാർട്ട്മെന്റിൽ അതിക്രമിച്ചു കയറി യുവതിയെ പീഡിപ്പിക്കുകയും തള്ളിയിട്ട് കൊലപ്പെടുത്തുകയും ചെയ്ത സംഭവത്തിലെ പ്രതി ഗോവിന്ദച്ചാമി ഇപ്പോഴും വധശിക്ഷ കാത്ത് ജയിലിൽ കഴിയുകയാണ്. ഏപ്രിൽ 3ന് ടി.ടി.ഇ വിനോദ് കൊല്ലപ്പെട്ടതിന്റെ അടുത്ത ദിവസമാണ് തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ വച്ച് മറ്റൊരു ടി.ടി.ഇ ആക്രമിക്കപ്പെട്ടത്. കടന്നുകളഞ്ഞ പ്രതിയെ ഇതുവരെ പിടികൂടാനായില്ല.

2023 ഏപ്രിലിലാണ് കോഴിക്കോട്ട് ട്രെയിനുള്ളിൽ അക്രമി പെട്രോളൊഴിച്ച് തീവച്ച സംഭവമുണ്ടായത്. രണ്ടാഴ്ച മുമ്പ് കണ്ണൂർ - യശ്വന്ത്പൂർ എക്സ്പ്രസിലെ എ.സി കോച്ചിൽ രാത്രി ഉറങ്ങിക്കിടന്ന യാത്രക്കാരുടെ സാധനങ്ങൾ കൊള്ളയടിക്കപ്പെട്ടു. താരതമ്യേന സുരക്ഷിതമെന്ന് കരുതുന്ന എ.സി കോച്ചുകളിൽ പോലും യാത്രക്കാർ സുരക്ഷാഭീഷണി നേരിടുന്നുവെന്നാണ് ഇത് തെളിയിക്കുന്നത്. ഇന്ത്യയിൽ പ്രതിദിനം രണ്ട് കോടിയിലധികം പേർ ട്രെയിനിൽ യാത്ര ചെയ്യുന്നുവെന്നാണ് കണക്ക്. 7500 റെയിൽവെ സ്റ്റേഷനുകളിലൂടെ കടന്നുപോകുന്ന 65,000 കിലോമീറ്റർ ദൈർഘ്യമുള്ള ലോകത്തിലെ നാലാമത്തെ വലിയ റെയിൽ ശൃംഖല ഏഷ്യയിൽ ഒന്നാം സ്ഥാനത്താണ്. മെട്രോ, വന്ദേഭാരത് അടക്കം അത്യാധുനികവും ആഢംബരവുമായ സൗകര്യങ്ങളോടെ കൂടുതൽ പുതിയ ട്രെയിനുകൾ ഓടിത്തുടങ്ങുകയും രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട റെയിൽവെ സ്റ്റേഷനുകൾ വിമാനത്താവള മാതൃകയിൽ വികസിപ്പിക്കുന്ന പ്രക്രിയയും മുന്നേറുകയാണ്.

കേരളത്തിൽ കൊല്ലം, എറണാകുളം സൗത്ത്, ടൗൺ സ്റ്റേഷനുകളാണ് ഇങ്ങനെ നവീകരിച്ചുകൊണ്ടിരിക്കുന്നത്. റെയിൽ വികസനത്തിൽ രാജ്യത്ത് വൻകുതിപ്പുണ്ടാകുമ്പോഴും യാത്രക്കാരുടെ സുരക്ഷിതത്വത്തിൽ വേണ്ടത്ര മുന്നേറാൻ റെയിൽവയ്ക്ക് കഴിയുന്നില്ലെന്നാണ് അടിയ്ക്കടിയുണ്ടാകുന്ന അക്രമസംഭവങ്ങൾ നൽകുന്ന സൂചന. ടി.ടി.ഇ വിനോദ് കൊല്ലപ്പെട്ട ശേഷവും സുരക്ഷാ സംബന്ധമായ പുതിയ നടപടികളൊന്നും ഇതുവരെ റെയിൽവെയുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല.

സുരക്ഷാസേനയിൽ ആളില്ല

ട്രെയിൻ യാത്രക്കാരുടെയും ട്രെയിനടക്കമുള്ള റെയിൽവെയുടെ സ്ഥാവരജംഗമങ്ങളും സംരക്ഷിക്കാനാണ് റെയിൽവേ സംരക്ഷണ സേന (ആർ.പി.എഫ്)യുള്ളത്. എന്നാൽ ട്രെയിനിലും സ്റ്റേഷനുകളിലും ഉണ്ടാകുന്ന കുറ്റകൃത്യങ്ങളും ക്രിമിനൽ കേസുകളും കൈകാര്യം ചെയ്യുന്നത് റെയിൽവെ സ്റ്റേഷനുകളോടനുബന്ധിച്ച് പ്രവർത്തിക്കുന്ന കേരള പൊലീസിന്റെ വിഭാഗമായ റെയിൽവേ പൊലീസാണ്. ട്രെയിനുകളിലെ യാത്രക്കാർക്ക് ആവശ്യമായ സുരക്ഷയും സംരക്ഷണവും ഒരുക്കേണ്ട ആർ.പി.എഫിൽ ആവശ്യത്തിന് ആളില്ലെന്ന് റെയിൽവെ അധികൃതർ തന്നെ സമ്മതിക്കുന്നു.

22 കോച്ചുള്ള എക്സ്പ്രസ് ട്രെയിനിൽ ഓരോ സ്ലീപ്പർ കോച്ചിനും ഓരോ ആർ.പി.എഫ് സേനാംഗത്തിന്റെ സുരക്ഷയുണ്ടാകേണ്ടതാണ്. ഒരു ട്രെയിന് ചുരുങ്ങിയത് മൂന്ന് സേനാംഗങ്ങളെങ്കിലും വേണ്ടിടത്ത് പല ട്രെയിനുകളിലും ആർ.പി.എഫ് സേനാംഗങ്ങൾ ആരുംതന്നെ ഉണ്ടാകാറില്ല. എന്തെങ്കിലും അനിഷ്ട സംഭവങ്ങളുണ്ടായാൽ തൊട്ടടുത്ത സ്റ്റേഷനിൽ എത്തുമ്പോഴാകും ആർ.പി.എഫും റെയിൽവെ പൊലീസും എത്തുക. അപ്പോഴേക്കും കുറ്റവാളികൾ രക്ഷപ്പെട്ടിട്ടുണ്ടാകും. ഉത്തരേന്ത്യയിലേക്ക് പോകുന്ന ട്രെയിനുകളിൽ അന്യസംസ്ഥാനക്കാരായ യാത്രക്കാർ സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ സങ്കീർണ്ണമാണ്.

അതിഥിതൊഴിലാളികളായി കേരളത്തിലെത്തുന്നവർ പതിവായി സഞ്ചരിക്കുന്നത് പശ്ചിമബംഗാൾ ഭാഗത്തേക്ക് പോകുന്ന ട്രെയിനുകളിലാണ്. ടിക്കറ്റ് പോലും എടുക്കാതെ സ്ലീപ്പർ കോച്ചുകളിൽ മാത്രമല്ല, എ.സി കോച്ചുകളിൽ പോലും ഇവർ കയറിക്കൂടിയാൽ മറ്റു യാത്രക്കാർ പേടിച്ച് വിറച്ചാണ് ഇവരോടൊപ്പം യാത്ര ചെയ്യേണ്ടി വരുന്നത്. ഇവരുടെ കൂട്ടത്തിൽ കൊടും ക്രിമിനലുകൾ പോലുമുണ്ട്. പൊലീസിനെ വിളിച്ചാലും ഇവരുടെ സംഘടിത ശക്തിക്കും മുഷ്ക്കിനും മുന്നിൽ ഒന്നും ചെയ്യാനാകാത്ത സ്ഥിതിയാണ്. ജനറൽ കോച്ചുകളിലെ കാര്യം ഇതിലും പരമദയനീയമാണ്.

സുരക്ഷിതമാകണം സ്റ്റേഷനുകൾ

റെയിൽവെ സ്റ്റേഷനുകളിൽ തന്നെ പരിശോധന കർശനമാക്കിയാൽ ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരെയും ജനറൽ കോച്ചിലെ ടിക്കറ്റെടുത്ത് സ്ലീപ്പർ കോച്ചുകളിൽ കയറുന്നവരെയും ഒരു പരിധി വരെ നിയന്ത്രിക്കാനാകും. വിമാനത്താവള മാതൃകയിൽ ഒറ്റ പ്രവേശന കവാടം ഏർപ്പെടുത്തിയാൽ ഇത് സാദ്ധ്യമാകുമെങ്കിലും എല്ലാ സ്റ്റേഷനുകളിലും ഇത് പ്രായോഗികമല്ല. പല സ്റ്റേഷനുകളിലും ആർക്കും എപ്പോഴും ഏതുവഴിയിലൂടെയും കയറി സ്റ്റേഷൻ പ്ളാറ്റ്ഫോമുകളിലെത്താനാകും. ഇതാണ് കൂടുതൽ സുരക്ഷാ പാളിച്ചകൾക്ക് കാരണമാകുന്നത്.

നവീകരണം മുന്നേറുന്ന കൊല്ലം പോലെയുള്ള റെയിൽവെ സ്റ്റേഷനുകളിൽ വിമാനത്താവള മാതൃകയിലെ സുരക്ഷാ സംവിധാനം നിലവിൽ വരുമെങ്കിലും മറ്റു സ്റ്റേഷനുകളിൽ നിന്ന് ക്രിമിനലുകൾക്ക് ട്രെയിനിൽ കയറിപ്പറ്റാൻ കഴിയും. അതിനാൽ ട്രെയിനുകളിൽ കൂടുതൽ ആർ.പി.എഫിനെ നിയോഗിക്കുന്നതാകും യാത്രക്കാർക്ക് സുരക്ഷിതത്വം പകരുന്ന നടപടി. ചെന്നൈ പോലെയുള്ള സ്റ്റേഷനുകളിൽ ജനറൽ കോച്ചിലേക്ക് ടിക്കറ്റെടുത്ത യാത്രക്കാരെ ക്യൂനിറുത്തി ടിക്കറ്റും തിരിച്ചറിയൽ കാർഡും പരിശോധിച്ച ശേഷമാണ് ട്രെയിനിലേക്ക് കടത്തിവിടുന്നത്. എന്നാൽ കേരളത്തിലെ ഒരു സ്റ്റേഷനിലും ഈ സംവിധാനം നിലവിലില്ല. റെയിൽവെയിൽ വിവിധ വിഭാഗങ്ങളിലായി രണ്ട് ലക്ഷത്തോളം ഒഴിവുകളുണ്ടെങ്കിലും അത് നികത്താനുള്ള ഒരു നടപടിയും റെയിൽവെയുടെ ഭാഗത്തു നിന്നുണ്ടാകുന്നില്ലെന്ന് ജീവനക്കാരുടെ സംഘടനയായ സതേൺ റെയിൽവെ മസ്ദൂർ സംഘ് (എസ്.ആർ.ഇ.എസ്) മുൻ ഡിവിഷൻ സെക്രട്ടറി എൻ. ചന്ദ്രലാൽ പറഞ്ഞു.

സിസിടിവി സ്ഥാപിക്കണം
റെയിൽവെ സ്റ്റേഷനുകളിലും ചില ട്രെയിനുകളിലും നിലവിൽ സിസിടിവി ഘടിപ്പിച്ചിട്ടുണ്ടെങ്കിലും ഭൂരിഭാഗം എക്സ്പ്രസ് ട്രെയിനുകളിലും സിസിടിവി സംവിധാനമില്ല. കഴിഞ്ഞവർഷം ഏപ്രിലിൽ കോഴിക്കോട്ട് അക്രമി ട്രെയിനുള്ളിൽ പെട്രോളൊഴിച്ച് തീവച്ച സംഭവം ഉണ്ടായപ്പോൾ സ്ഥലം സന്ദർശിച്ച ആർ.പി.എഫ് ഐ.ജി ജി.എം ഈശ്വരറാവു പറഞ്ഞത് സുരക്ഷ ഉറപ്പാക്കാൻ എല്ലാ സ്റ്റേഷനുകളിലും കോച്ചുകളിലും സിസിടിവി ക്യാമറ ഘടിപ്പിക്കുമെന്നാണ്. പ്രധാന റെയിൽവെ സ്റ്റേഷനുകളിൽ യാത്രക്കാരുടെ ലഗേജും ബാഗുകളും പരിശോധിക്കാൻ സ്കാനറുകൾ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞെങ്കിലും ഒരു വർഷമായിട്ടും നടപടിയും സ്വീകരിച്ചിട്ടില്ല.

ആർ.പി.എഫ് സേനാംഗങ്ങളുടെ കുറവ് മൂലമാണ് സിസിടിവി ക്യാമറകൾ ഏർപ്പെടുത്തുമെന്ന് റെയിൽവെ അധികൃതർ പറയുന്നത്. മെട്രോ, വന്ദേഭാരത്, രാജധാനി ട്രെയിനുകൾ കൂടാതെ ചില എക്സ്പ്രസ് ട്രെയിനുകളിലും സിസിടിവി ക്യാമറകളുണ്ടെങ്കിലും എല്ലാ ട്രെയിനുകളിലും ഇത് വ്യാപകമായിട്ടില്ല. ടിക്കറ്റെടുക്കാതെ യാത്ര ചെയ്യുന്നവരുടെ എണ്ണം അന്യസംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലാണ് ഏറ്റവും കുറവ്. അതിനാൽ തന്നെ റെയിൽവയ്ക്ക് യാത്രക്കാരിൽ നിന്നുള്ള വരുമാനം ഏറ്റവും കൂടുതൽ ലഭിക്കുന്നതും കേരളത്തിൽ നിന്നാണ്. ടിക്കറ്റില്ലാത്തവരെ പിടികൂടി പിഴയീടാക്കാൻ ടി.ടി.ഇ മാരെക്കൂടാതെ സ്പെഷ്യൽ സ്ക്വാഡും കേരളത്തിലുണ്ട്. ഇവർക്ക് പ്രതിമാസം ഫൈനായി ഈടാക്കേണ്ട തുകയ്ക്ക് ടാർജറ്റും നിശ്ചയിച്ചിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: RAILWAY SAFETY, INDIAN RAILWAY, SECURITY MEASURES
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.