SignIn
Kerala Kaumudi Online
Tuesday, 30 April 2024 2.41 PM IST

ജനാധിപത്യത്തിലെ ശുഭചിന്ത

d

ജനാധിപത്യം,​ ജനങ്ങളുടെ ശക്തിയാണെന്നു പറയാം. ജനങ്ങൾക്കു വേണ്ടി,​ ജനങ്ങളാൽ നടത്തപ്പെടുന്ന,​ ജനങ്ങളുടെ ഭരണമെന്ന് ജനാധിപത്യത്തെപ്പറ്റി എബ്രഹാം ലിങ്കൺ പറഞ്ഞത്. അതിനൊരു ഹാസ്യാനുകരണം ഒരു പ്രമുഖ രാഷ്ട്രീയ ചിന്തകൻ പറഞ്ഞത് ജനങ്ങളുടെ സ്ഥാനത്ത് കന്നുകാലികളെ പ്രതിഷ്ഠിച്ചാണ്! അത് അല്പം കടന്നുപോയില്ലേ എന്ന് സംശയിക്കുന്നവരുണ്ടാകാം. ആ പറ‌ഞ്ഞത് ശരിയല്ലേ എന്ന പക്ഷക്കാരും കാണും.

കന്നുകാലികൾക്ക് മിണ്ടാട്ടമില്ലല്ലോ. ഇന്ന് ഭൂരിപക്ഷം ജനങ്ങളും മിണ്ടാട്ടമില്ലാത്ത അവസ്ഥയിലായി. അധികാരം കിട്ടിയാൽ മിണ്ടാപ്രാണികളായി മാറുന്ന ചില രാഷ്ട്രീയ വിമർശകരെയും സാമൂഹിക, സാഹിത്യ പ്രവർത്തകരെയുംകൊണ്ട് നാട് നിറഞ്ഞു കവിഞ്ഞു, കക്ഷി രാഷ്ട്രീയമില്ലാതെ ജനാധിപത്യ ഭരണം അസാദ്ധ്യമാണ് എന്നതാണ് ജനാധിപത്യത്തിന്റെ വലിയ പരാധീനത.

ഭരണത്തിലെത്തിയാൽ,​ സങ്കുചിതമനസ്കരായ ചില നേതാക്കളുടെ താത്‌പര്യങ്ങൾക്കു വഴിപ്പെട്ട് പ്രവർത്തിക്കേണ്ടുന്ന ദുരവസ്ഥ ഏതു പാർട്ടിയിലെയും പ്രവർത്തകർക്കും അണികൾക്കും വന്നുചേരും. ഉന്നതമായ അധികാര സ്ഥാനങ്ങൾ ഇത്തരം നേതാക്കളും ശിങ്കിടികളും വീതിച്ചെടുക്കും, വിദ്യാഭ്യാസവും വിവരവുമുള്ളവർ, അഴിമതിരഹിത കർമ്മകുശലർ, സ്വന്തം അഭിപ്രായമുള്ളവർ തുടങ്ങിയവരെ അധികാരസ്ഥാനത്തേക്ക് പരിഗണിക്കുകയേയില്ല. തത്‌ഫലമായി വിവേകശൂന്യരും അപക്വമതികളും ഭരണ നിർവഹണ കാര്യങ്ങളിൽ ഒരു പരിശീലനവും ലഭിക്കാത്തവരും അഴിമതിക്കാരും ഭരണത്തിലേറുന്ന അവസ്ഥ ഭവിക്കുകയും ചെയ്യുന്നു.

ജനാധിപത്യ സംവിധാനത്തിലെ പ്രധാന യാഥാർത്ഥ്യം,​ ജനങ്ങളിൽ ഭൂരിപക്ഷം പേരുടെ പിന്തുണയിലല്ല പാർട്ടികൾ അധികാരത്തിൽ വരുന്നത് എന്നതാണ്. മറിച്ച്,​ രേഖപ്പെടുത്തപ്പെടുന്ന വോട്ടിന്റെ അടിസ്ഥാനത്തിലാണ്. നമ്മുടെ രാജ്യത്ത് ആകെ ജനസംഖ്യയിൽ ഇരുപത്തഞ്ചു ശതമാനത്തോളം പേർ വോട്ടവകാശമില്ലാത്തവരും. വോട്ടവകാശമുള്ളവരിൽ 30 ശതമാനം പേർ വോട്ട് രേഖപ്പെടുത്താത്തവരുമാണ്! കേരളത്തിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഇനി ദിവസങ്ങളേയുള്ളൂ. തിരഞ്ഞെടുപ്പിനെ നേരിടുന്ന രാഷ്ട്രീയ പാർട്ടികളും, അവരുടെ കൂട്ടുകെട്ടുകളും പ്രകടനപത്രിക പുറപ്പെടുവിച്ചിട്ടുണ്ട്. ഭരണം കൈയിൽ കിട്ടിയാൽ തങ്ങൾ അടുത്ത അഞ്ചുവർഷം ചെയ്യുന്ന മഹാകാര്യങ്ങൾ അടങ്ങിയ പ്രകടനപത്രികയിൽ ജനം വിശ്വാസം പുലർത്തുന്നുണ്ടോ എന്ന് സംശയമാണ്.

ഇതു മനസിലാക്കിയാണ് ചിലർ,​ ഒരു ആധുനിക രീതിയെന്ന നിലയിൽ ചില ഗ്യാരന്റികൾ (ഉറപ്പികൾ)​ നൽകി തിരഞ്ഞെടുപ്പിനെ നേരിടുന്നത്.

ഇപ്പോൾ ഒരു വലിയ വിഭാഗം ജനങ്ങളിൽ ഒരു പൊതുചിന്ത വളർന്നുവരുന്നതായി കാണുന്നുണ്ട്. ഏത് രാഷ്ട്രീയ കക്ഷി അധികാരത്തിൽ വന്നാലും ദുർഭരണം, ജാതിമത ചിന്ത, സ്വജന പക്ഷപാതം, അഴിമതി തുടങ്ങിയവ വൻതോതിൽ വർദ്ധിക്കുന്നു. അതുകൊണ്ട്,​ നാടിനും മണ്ഡലത്തിനും ഏതെങ്കിലും വിധം നന്മ വരുത്തുവാൻ സാദ്ധ്യതയുള്ള,​ അഴിമതിരഹിതരായ ജനസേവകരെ പാർട്ടി നോക്കാതെ വോട്ടു രേഖപ്പെടുത്തി വിജയിപ്പിക്കുക എന്നതാണ് ആ ശുഭകരമായ പൊതുചിന്ത. ജനഹൃദയങ്ങളിലുണ്ടാകുന്ന വികാരങ്ങളും ചിന്തകളുമാണ് സമൂഹത്തിൽ മാറ്റങ്ങൾക്ക് വഴിയൊരുക്കുന്നത്, രാഷ്ട്രീയ പ്രവർത്തകർ എപ്പോൾ ജനത്തെ മറക്കുകയും ജനസേവകരല്ലാതാവുകയും ചെയ്യുന്നുവോ,​ അപ്പോൾ ജനം അവരെ ത്യജിക്കും. അതിനു മുന്നോടിയായുള്ളതാണ് ഈ പുതിയ ചിന്ത. അത് അരാഷ്ട്രീയവാദമല്ല. യഥാർത്ഥ ജനാധിപത്യം വരേണ്ടത് ഈവഴിയല്ലേ?​

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: DEMOCRACY
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.