SignIn
Kerala Kaumudi Online
Wednesday, 01 May 2024 10.10 PM IST

ക്യാമ്പസ് സുരക്ഷയും മറുവശവും...

s

ക്യാമ്പസുകളിൽ ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശന നിർദ്ദേശങ്ങളാണ് ഹൈക്കോടതി നൽകിയത്. കുസാറ്റ് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ നടപ്പാക്കിയ നിയന്ത്രണങ്ങൾ ഫലപ്രദമാണ്. എന്നാൽ ചില കോളേജുകളിൽ അധികൃതർ കൂടുതൽ കാർക്കശ്യം കാട്ടിയത് വിവാദമാവുകയും ചെയ്തു. ഇതിനിടെയാണ് ക്യാമ്പസ് പരിപാടികൾ സംബന്ധിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് പുതുക്കിയ മാർഗരേഖ പുറത്തിറക്കിയിരിക്കുന്നത്

വംബർ 25നായിരുന്നു കൊച്ചി ശാസ്ത്ര സാങ്കേതിക സ‌ർവകലാശാലയിലെ ആഘോഷ സായാഹ്നം ഒരു വിലാപമായി മാറിയത്. സ‌ർവകലാശാലയിലെ ടെക്ഫെസ്റ്റ് 'ധിഷ്ണ'യുടെ ഭാഗമായി സംഗീത നിശ നടത്താനിരുന്ന ഓഡിറ്റോറിയം തിക്കും തിരക്കും കാരണം ദുരന്ത വേദിയായി. വിദ്യാർത്ഥികളടക്കം നാല് പേർ ആൾക്കൂട്ടത്തിന്റെ ചവിട്ടേറ്റ് മരിച്ചു. ശ്വാസകോശം ഞെരിഞ്ഞമർന്ന ഒരു പെൺകുട്ടിയടക്കം ജീവതത്തിലേക്ക് തിരിച്ചുവന്നത് ഏറെ ദിവസത്തെ ചികിത്സയ്ക്കുശേഷമാണ്.

കുസാറ്റ് ദുരന്തത്തിൽ പലതലത്തിലുള്ള അന്വേഷണം നടന്നു. ചിലത് പാതിവഴിയിലാണ്. ടെക്ഫെസ്റ്റിന്റെ ചുമതലയുണ്ടായിരുന്ന ഏതാനും അദ്ധ്യാപകരെ പ്രതിക്കൂട്ടിലാക്കി, സർവകലാശാല അധികൃതർ തലയൂരി. കുസാറ്റ് ദുരന്തവുമായി ബന്ധപ്പെട്ട വിവിധ ഹർജികൾ ഹൈക്കോടതിയിൽ ബാക്കി നിൽക്കുകയാണ്. ഹർജി പരിഗണിക്കവേ, ക്യാമ്പസ് ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ മാ‌ർഗരേഖ കൊണ്ടുവരണമെന്ന് സർക്കാരിന് കോടതി കർശന നിർദ്ദേശം നൽകിയിരുന്നു. അതനുസരിച്ച് ക്യാമ്പസ് പരിപാടികളിൽ നിയന്ത്രണം കൊണ്ടുവരുകയും ചെയ്തു. ഉന്നത വിദ്യാഭ്യാസ വകുപ്പ് ഇപ്പോൾ പുതുക്കിയ വിശമായ മാർഗരേഖ പുറത്ത് ഇറക്കിയിരിക്കുകയാണ്. എന്നാൽ ഏതൊരു നിയന്ത്രണ നടപടിയിലും എന്നപോലെ ഈ വിഷയത്തിനും രണ്ട് വശങ്ങളുണ്ട്.

പ്രധാന

നിർദ്ദേശങ്ങൾ

സർക്കാരിന്റെ മാർഗരേഖയിൽ സർവകലാശാലകൾക്കും കോളേജുകൾക്കുമുള്ള നിർ‌ദ്ദേശങ്ങളും പൊതു നിർദ്ദേശങ്ങളും ഉണ്ട്. ആഘോഷ പരിപാടികളുടെ പൊതു മാനദണ്ഡങ്ങൾ വിദ്യാർത്ഥികളെ മുൻകൂട്ടി അറിയിക്കണം. ആൾക്കൂട്ട നിയന്ത്രണം സംബന്ധിച്ചുള്ള അറിയിപ്പുകൾ മാദ്ധ്യമങ്ങൾ വഴിയും ഡിസ്‌പ്ലേ ബോർഡുകൾ മുഖേനയും നൽകണം. പ്രവർത്തനക്ഷമമായ സിസിടിവി ക്യാമറകൾ വേദികളിൽ നിർബന്ധമായും സജ്ജമാക്കണം. അടച്ചിട്ട ഓഡിറ്റോറിയങ്ങളിൽ പുറത്തേക്ക് ഒന്നിലധികം വഴികൾ ഉണ്ടെന്ന് ഉറപ്പുവരുത്തണം. നീണ്ട വരി ഒഴിവാക്കണം. ഭിന്നശേഷിക്കാർക്കു പ്രത്യേകം വഴികൾ ഉണ്ടാകണം. വൈദ്യുതി മുടങ്ങാതിരിക്കാൻ ബദൽ സംവിധാനം ഉറപ്പുവരുത്തണം. കരിമരുന്ന് പ്രയോഗമോ പാചകശാലകളോ വേദിയ്ക്കരികിൽ ഉണ്ടാകരുത്.

ബാഹ്യ ഏജൻസികളുടെയും പ്രഫഷണൽ ഗ്രൂപ്പുകളുടെയും പ്രോഗ്രാമുകളെക്കുറിച്ചുള്ള വിവരങ്ങൾ 5 പ്രവൃത്തി ദിവസങ്ങൾക്കു മുൻപ് സ്ഥാപന മേധാവിയെ അറിയിച്ച് അനുമതി വാങ്ങണം. ക്യാമ്പസുകളിൽ സുരക്ഷ ഉറപ്പാക്കുന്നതിനും സൗകര്യങ്ങളുടെ ഓഡിറ്റ് നടത്തുന്നതിനും ഇൻസ്റ്റിറ്റ്യൂഷനൽ റിസ്‌ക് മാനേജ്‌മെന്റ് കമ്മിറ്റി (ഐ.ആർ.എം.സി) രൂപീകരിക്കണം. യൂണിവേഴ്സിറ്റികളിൽ വൈസ് ചാൻസലറോ ക്യാമ്പസ് ഡയറക്ടറോ ആയിരിക്കണം ഇതിന്റെ അദ്ധ്യക്ഷൻ. കോളേജുകളിൽ പ്രിൻസിപ്പൽ മേൽനോട്ടം വഹിക്കണം.

കമ്മിറ്റി 6 മാസത്തിൽ ഒരിക്കൽ സുരക്ഷാ ഓഡിറ്റ് നടത്തണം. ഇരുന്നൂറോ അതിലേറെയോ പേർ പങ്കെടുക്കുന്ന പരിപാടികൾക്ക് ഐ.ആർഎംസിയുടെ അംഗീകാരം വേണം. ഇത്തരം പരിപാടികളിൽ മെഡിക്കൽ ടീമിനെ സജ്ജമാക്കണം. ക്യാമ്പസുകളിൽ ദുരന്തനിവാരണ പദ്ധതി തയാറാക്കണം. പ്ലോട്ട് മാപ്പ് ജില്ലാ ദുരന്ത നിവാരണ അതോറിട്ടി, പൊലീസ്, തദ്ദേശസ്ഥാപനങ്ങൾ എന്നിവയ്ക്കു കൈമാറണം. ക്യാമ്പസിൽ എല്ലാ വിദ്യാർത്ഥികളും ഐഡന്റിറ്റി കാർഡ് ധരിക്കണം തുടങ്ങിയ പൊതു നിർദ്ദേശങ്ങളുമുണ്ട്. ഇതെല്ലാമാണ് ഇനി നടപ്പാക്കേണ്ടത്.

ജാസി ഗിഫ്റ്റിന്

പറ്റിയത്

കുസാറ്റ് ദുരന്തം തികച്ചും അപ്രതീക്ഷിതമായിരുന്നു. ഇതിൽ നിന്ന് പാഠം ഉൾക്കൊണ്ടാണ് ഇപ്പോൾ ക്യാമ്പസ് പരിപാടികളുടെ നടത്തിപ്പ്. ഹൈക്കോടതിയുടെ ഇടപെടലും ജാഗ്രതയ്ക്ക് കാരണമായി. കുസാറ്റിൽ ബോളിവുഡ് ഗായിക നികിത ഗാന്ധി എത്തുന്നുവെന്ന വിവരം അതിവേഗം പ്രചരിച്ചതാണ് ആളുകൾ തിങ്ങിക്കൂടാൻ കാരണമായത്. അതിനാൽ കോളേജ് ഫെസ്റ്റുകൾക്ക് പുറമേ നിന്നുള്ള കലാകാലന്മാരും സെലിബ്രിറ്റികളും എത്തുന്നതിനെ ആശങ്കയോടെയാണ് കോളേജ് അധികൃതർ കാണുന്നത്. മഹാത്മാഗാന്ധി സർവകലാശാലയ്ക്ക് കീഴിലുള്ള കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജിൽ ജനപ്രിയഗായകൻ ജാസി ഗിഫ്റ്റ് അപമാനിതനായത് ഉദാഹരണം.

ജാസി വേദിയിൽ പാടുന്നതിനിടെ വനിതാ പ്രിൻസിപ്പലെത്തി മൈക്ക് പിടിച്ചുവാങ്ങിയ സംഭവം കേരള സമൂഹമാകെ ചർച്ച ചെയ്തിരുന്നു. താൻ അപമാനിതനായെന്ന് ജാസി തുറന്നടിക്കുകയും ചെയ്തു. എന്നാൽ തന്റെ നടപടിയെ പ്രിൻസിപ്പൽ ന്യായീകരിക്കുകയാണ് ചെയ്തത്. പുറത്ത് നിന്നുള്ള ആളുകളുടെ പരിപാടിക്ക് നിയന്ത്രണങ്ങളുണ്ടെന്നും ഇക്കാര്യം മൈക്ക് വാങ്ങി പറയുക മാത്രമാണ് ചെയ്തതെന്നുമാണ് പ്രിൻസിപ്പൽ വിശദീകരിച്ചത്. ജാസിയുടെ പരിപാടിക്ക് അനുമതി നൽകിയിരുന്നെങ്കിലും ഒപ്പമുള്ള പിന്നണിക്കാർ പാടാൻ തുനിഞ്ഞപ്പോഴാണ് വിലക്കിയതെന്നും പ്രിൻസിപ്പൽ പറഞ്ഞു. നിയമങ്ങളും നിയന്ത്രണങ്ങളും നടപ്പാക്കുന്നതിന്റെ മറുവശം വ്യക്തമാക്കുന്നതാണ് ഈ സംഭവം.

കാലിയായ

വേദി

കുസാറ്റ് ദുരന്തം നടന്ന് കഷ്ടിച്ച് മൂന്നുമാസം കഴിഞ്ഞപ്പോഴാണ് വിദ്യാർത്ഥി യൂണിയന്റെ ആഭിമുഖ്യത്തിൽ സർവകലാശാലയിലെ യുവജനോത്സവം നടന്നത്. ക്യാമ്പസിൽ ഈ അവസരത്തിൽ ഇത്തരമൊരു ആഘോഷം വേണോ എന്ന ചോദ്യം പലഭാഗത്തുനിന്നും ഉയർന്നു. കുസാറ്റ് ദുരന്തത്തിൽ തങ്ങളിലെ ചിലരെ മാത്രം പ്രതികളാക്കിയതിൽ അമർഷമുള്ള ഒരു വിഭാഗം അദ്ധ്യാപകർ പരിപാടികളുമായി സഹകരിച്ചില്ല. മറ്റുചിലരാകട്ടെ, മാനദണ്ഡങ്ങൾ കർശനമാക്കിയതിനാൽ വെറുതേ പുലിവാൽ പിടിക്കേണ്ടെന്ന കണക്കുകൂട്ടലിൽ വേദിയുടെ പരിസരത്തേക്ക് പോയതുമില്ല.

അസൗകര്യങ്ങളുടെ പേരുപറഞ്ഞ് ഉദ്ഘാടനച്ചടങ്ങിൽ നിന്ന് വിട്ടുനിന്ന വൈസ് ചാൻസലർ തന്ത്രപരമായ നിലപാടെടുത്തു. ഫലത്തിൽ കാലിയായ സദസുമായാണ് കലോത്സവം നടമാടിയത്. ഈ സാഹചര്യങ്ങൾ നിലനിൽക്കേയാണ് പുതുക്കിയ മാർഗരേഖ കഴിഞ്ഞദിവസം ഉന്നതവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയത്. പരീക്ഷാ കാലമായതിനാൽ പുതിയ അദ്ധ്യയന വർഷത്തിലാകും ഇതിന്റെ ചുവടുപിടച്ചുള്ള നടപടികൾ പ്രാവർത്തികമാവുക. എന്തുതന്നെയായാലും ക്യാമ്പസിലെ കലാപരിപാടികൾ ഇനി

പിള്ളേരുകളിയാകില്ലെന്ന് വ്യക്തമാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KUSAT
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.