SignIn
Kerala Kaumudi Online
Wednesday, 01 May 2024 11.57 PM IST

സിവിൽ സർവീസിലെ മൂന്ന് സുന്ദരകഥകൾ

s

രാജ്യത്ത് മറ്രൊരു മത്സര പരീക്ഷയും പോലെയല്ല,​ അഖിലേന്ത്യാ സിവിൽ സർവീസ് പരീക്ഷ. അതിന് സ്വാഭാവികമായൊരു ഗരിമയും,​ അതിനും മീതെ താരമൂല്യവുമുണ്ട്. ഇന്ത്യയുടെ ഭരണപ്രക്രിയയിൽ ഘടകഭാഗങ്ങളാകുന്നതിനോ,​ രാജ്യ​ത്തിന്റെ ഭാഗധേയം നിർണയിക്കുന്നവരാകുന്നതിനോ അസുലഭ നിയോഗം ലഭിക്കുന്നവർ എന്ന നിലയിൽ സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത റാങ്കുകളോടെ തിരഞ്ഞെടുക്കപ്പടുന്നവർക്കു ലഭിക്കുന്ന സാമൂഹിക പദവിയാണ് അതിന്റെ ഗരിമയ്ക്കും താരമൂല്യത്തിനും ആധാരം. കഴിഞ്ഞ ദിവസം സിവിൽ സർവീസ് പരീക്ഷാഫലം പ്രസിദ്ധീകരിക്കപ്പെട്ടപ്പോൾ,​ കേരളത്തിന് ശിരസുയർത്തിപ്പിടിക്കാൻ മാത്രമല്ല,​ മനക്കരുത്തിന്റെ മഹാജയമോർത്ത് പ്രതീക്ഷാപൂർവം മുന്നോട്ടുപോകുന്നതിനുമുള്ള നിശ്ചയദാർഢ്യത്തിന്റെ കഥകളുണ്ടായിരുന്നു,​ അതിൽ!

ആദ്യ നൂറു റാങ്കുകളിൽ എഴു മലയാളികളെന്ന ഉജ്ജ്വലനേട്ടത്തോളം തിളക്കമുള്ളതായിരുന്നു,​ ദുർവിധിയുടെ വെല്ലുവിളികളോട് തോറ്റുപിന്മാറില്ലെന്ന വാശിയോടെ പൊരുതി,​ മനോബലത്തിന്റെ മധുരഫലം കാണിച്ചുതന്ന മൂന്നു മിടുക്കരുടെ അപൂർവ നേട്ടത്തിന്റെ കഥയും. റാങ്ക് ലിസ്റ്റിലെ ആദ്യ നൂറിൽ ഏഴ് മലയാളികളെന്നത് കഴിഞ്ഞ ഏഴു വർഷത്തിനിടയിൽ സിവിൽ സർവീസ് പരീക്ഷയിൽ കേരളത്തിന്റെ മികച്ച സ്കോർ ആണ്. അതിൽ നാലാം റാങ്കോടെയാണ് എറണാകുളം സ്വദേശിയായ സിദ്ധാർത്ഥ് രാംകുമാറിന്റെ അഭിമാനജയം. അതാകട്ടെ,​ മോഹിച്ച ഐ.എ.എസ് സെലക്ഷനു വേണ്ടുന്ന ഉയർന്ന റാങ്കിലെത്താൻ മുൻ വർഷങ്ങളിൽ കഴിയാതിരുന്നതു മൂലം,​ ഐ.പി.എസ് പരിശീലന കാലത്തിനിടെ വീട്ടുകാരെപ്പോലും അറിയിക്കാതെ നടത്തിയ തയ്യാറെടുപ്പിൽ പിറന്ന മധുരപ്രതികാരവും! പക്ഷേ,​ സിവിൽ സർവീസിലെ യഥാർത്ഥ മലയാളിത്തിളക്കം,​ മുന്നേ പറഞ്ഞ ആ മൂന്നുപേരുടേതാണ്- അമ്പലപ്പുഴ സ്വദേശിനി പാർവതി ഗോപകുമാർ,​ ആമ്പല്ലൂർ സ്വദേശി ഗോകുൽ കൃഷ്ണ,​ കോഴിക്കോട് കീഴരിയൂർ സ്വദേശിനി എ.കെ. ശാരിക എന്നിവരുടെ!

കാരണം,​ നിർഭാഗ്യവിധിയുടെ ക്രൂരതകൊണ്ടു സംഭവിച്ച ശാരീരിക വൈകല്യങ്ങളോട്,​ തളരാത്ത മനക്കരുത്തുകൊണ്ടു പൊരുതിയാണ് മൂവരുടെയും സമാനതകളില്ലാത്ത സുവർണജയം! പതിന്നാലു വർഷം മുമ്പ് അച്ഛനോടൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുമ്പോഴുണ്ടായ അപകടത്തിൽ വലതുകൈ നഷ്ടമായ പാർവതി, ഇടതുകൈകൊണ്ട് പരീക്ഷയെഴുതിയാണ് വിധിയോട് മറുപടി പറഞ്ഞത്. ഇതിനിടെ,​ ബംഗളൂരു നാഷണൽ ലാ സ്കൂളിൽ നിന്ന് പാർവതി നിയമബിരുദവും നേടി. ആറു വർഷം മുമ്പ് കൊച്ചി- ധനുഷ്കോടി ദേശീയപാതയിൽ ബൈക്കിൽ യാത്രചെയ്യവേ പിന്നിൽ നിന്ന് ലോറി ഇടിച്ചുതെറിപ്പിച്ച ഗോകുൽ കൃഷ്ണയ്ക്ക് നാഡീഞരമ്പകൾക്കേറ്റ ഗുരുതര ക്ഷതം കാരണം ഇടതുകൈ പൂർണമായും തളർന്നു. പഠനംതന്നെ ഉപേക്ഷിക്കാനിരുന്ന ഗോകുൽ,​ അദ്ധ്യാപകരും കൂട്ടുകാരും കുടുംബവും നൽകിയ പിന്തുണയുടെ കരുത്തിൽപ്പിടിച്ചാണ് സിവിൽ സർവീസ് പരീക്ഷയുടെ 895-ാം റാങ്കിലേക്ക് പിടിച്ചുകയറിയത്.

എ.കെ. ശാരികയാകട്ടെ,​ സെറിബ്രൽ പാൾസിയെന്ന മാരക രോഗം നൽകിയ പരിമിതിയെ മറികടന്ന്,​ ഇടംകൈയിൽ ചലനശേഷി ബാക്കിനിന്ന മൂന്നു വിരലുകൾക്കിടയിൽ പേന തിരുകിയാണ് പരീക്ഷയെഴുതിയത്. അഭിമുഖത്തിന് ഡൽഹിയിലെത്തിയത് വീൽചെയറിൽ. കീഴടക്കാനാവാത്ത കരളുറപ്പുകൊണ്ട്,​ ലക്ഷ്യമുണ്ടെങ്കിൽ പ്രതിബന്ധങ്ങളില്ലെന്ന പാഠം എല്ലാ തലമുറകളെയും പഠിപ്പിക്കുന്ന ഈ മൂന്ന് അതിജീവന കഥകൾക്കു മുന്നിൽ എങ്ങനെ ശിരസു നമിക്കാതിരിക്കും! 'ആഗ്രഹം മാത്രം പോരല്ലോ" എന്നൊരു നിരാശാവചനം മനസിൽ സൂക്ഷിക്കുന്നവർക്ക് വലിയ ആത്മവിശ്വാസം പകരുന്നതാണ് ചെറുതല്ലാത്ത വെല്ലുവിളികളെ വലിയ പരിശ്രമംകൊണ്ട് നാണിപ്പിച്ച ഇവരുടെ സ്വപ്നസാഫല്യത്തിന്റെ സുന്ദരവിശേഷം. കേരളത്തിനും മലയാളികൾക്കും അഭിമാനമേകുന്ന മികച്ച സിവിൽ സർവീസ് ജയങ്ങൾക്കൊപ്പം ഇവരുടെ നേട്ടം പുതിയ തലമുറയിലെ എല്ലാ കുട്ടികൾക്കും കരുത്തു പകരട്ടെ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CIVILSERVICE
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.