SignIn
Kerala Kaumudi Online
Monday, 05 October 2026 12.00 PM IST

സുഗന്ധഗിരി മരംമുറി കേസ്; ഡി എഫ് ഒയുടെ സസ്‌പെൻഷൻ മരവിപ്പിക്കും,​ നിർദ്ദേശം നൽകി വനംമന്ത്രി

READ ENGLISH VERSION
d

കോഴിക്കോട് : സുഗന്ധഗിരി വനഭൂമിയിൽ നിന്ന് 126 മരങ്ങൾ മുറിച്ച് കടത്തിയ സംഭവത്തിൽ വയനാട് സൗത്ത് ഡി.എഫ്.ഒ എ. ഷജനയുടെ സസ്പെൻഷൻ മരവിപ്പിക്കാൻ വനംമന്ത്രി നി‌ർദ്ദേശം നൽകി. വിശദീകരണം തേടിയിട്ട് തുടർനടപടി മതിയെന്നാണ് മന്ത്രിയുടെ നിർദ്ദേശം. ഡി.എഫ്.ഒയുടെ ജാഗ്രതക്കുറവ് മരംമുറിക്ക് കാരണമായെന്നാണ് വനം വിജിലൻസിന്റെ കണ്ടെത്തൽ. ഇതേതുടർന്നായിരുന്നു സസ്പെൻഷൻ നടപടി.

സംഭവത്തിൽ സൗത്ത് വയനാട് ഡിവിഷൻ ഫോറസ്റ്റ് ഓഫീസർ ഷജന,​ കൽപ്പറ്റ ഫ്ളൈയിംഗ് സ്ക്വാഡ് റേഞ്ച് ഓഫീസർ എം സജീവൻ,​ ഗ്രേഡ് ഡെപ്യൂട്ടി ബീരാൻകുട്ടി എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത് സംഭവത്തിൽ സസ്‌പെൻഷനിലാകുന്ന വനംവകുപ്പ് ജീവനക്കാരുടെ എണ്ണം ഇതോടെ ഒൻപതായി . കൽപ്പറ്റ റേഞ്ച് ഓഫീസർ കെ നീതുവിനെ കഴിഞ്ഞ ദിവസം സസ്‌പെൻഡ് ചെയ്‌തിരുന്നു. ഫോറസ്റ്റ് സെക്ഷൻ ഓഫീസർ കെ.കെ.ചന്ദ്രൻ, ബീറ്റ് ഓഫീസർമാരായ സജി പ്രസാദ്, എം.കെ. വിനോദ് കുമാർ, വാച്ചർമാരായ ജോൺസൺ, ബാലൻ എന്നിവരെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. കേസിൽ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറും രണ്ട് റേഞ്ച് ഓഫീസർമാരും ഉൾപ്പെടെ 18 വനംവകുപ്പ് ഉദ്യോഗസ്ഥർ കുറ്റക്കാരെന്ന് ഉന്നതാന്വേഷണ റിപ്പോർട്ട് പുറത്തുവന്നിരുന്നു.

ഇവർക്കെതിരെ അടിയന്തര നടപടി സ്വീകരിക്കാൻ വനം മന്ത്രി എകെ ശശീന്ദ്രൻ വനം അഡീഷണൽ ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകുകയും ചെയ്‌തിരുന്നു.പ്രതികളിൽ നിന്ന് ഫോറസ്റ്റ് വാച്ചർ ആർ ജോൺസൺ 52,000 രൂപ കൈക്കൂലി വാങ്ങിയിട്ടുണ്ടെന്നും മുറിക്കേണ്ട മരങ്ങൾ കരാറുകാരന് കാണിച്ചുകൊടുത്തത് പോലും വനംവകുപ്പ് ജീവനക്കാരാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. പരിശോധനകൾ ഒന്നും ഇല്ലാതെ മരം മുറിക്കുന്നതിന് അനുമതി നൽകി, കേസുകൾ രജിസ്റ്റർ ചെയ്‌തിട്ടും കുറ്റവാളികൾ തടി കടത്തുന്നതിന് ഇടയാക്കി, യഥാർത്ഥ പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവന്നില്ല തുടങ്ങിയ കുറ്റങ്ങളാണ് റിപ്പോർട്ടിൽ ഉള്ളത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SUGANDHAGIRI, WAYANAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA