ആലപ്പുഴ: ഉദ്യോഗസ്ഥർ തിരഞ്ഞെടപ്പ് ഡ്യൂട്ടിക്ക് പിന്നാലെ പോയതോടെ സ്വകാര്യ ബസുകൾ വീണ്ടും പഴയപടി. ബസുകളുടെ വാതിൽ തുറന്നിട്ടാണ് സർവീസ് നടത്തുന്നത്. രണ്ട് മാസം മുമ്പ് തുറന്ന് കിടന്ന വാതിൽ വഴി ഓടിക്കൊണ്ടിരുന്ന ബസിൽ നിന്ന് പുറത്തേക്ക് തെറിച്ച് വീണ് വിദ്യാർത്ഥിക്ക് പരിക്ക് പറ്റിയതിനെ തുടർന്ന്, മോട്ടോർ വാഹന വകുപ്പ് പരിശോധന കർശനമാക്കിയിരുന്നു.
സ്വകാര്യ ബസ് ജീവനക്കാർക്ക് ബോധവത്ക്കരണ ക്ലാസടക്കം നൽകി. എന്നിട്ടും നഗരത്തിൽ സർവീസ് നടത്തുന്ന ഭൂരിപക്ഷം സ്വകാര്യ ബസുകളും വാതിലടച്ച് ഓടാൻ തയാറാകുന്നില്ല. ഡ്രൈവർ ഓപ്പറേറ്റിംഗ് വാതിൽ സംവിധാനത്തിലേക്ക് മാറുന്നതിന് പല ബസ് ഉടമകളും സമയം ആവശ്യപ്പെട്ടിരുന്നു. എന്നാൽ കാര്യമായ മാറ്റങ്ങളൊന്നുമുണ്ടായില്ല.ബസ് നിർത്തിയ ശേഷം മാത്രം വാതിൽ തുറക്കണമെന്ന നിയമം പാലിച്ചാൽ സർവീസ് നഷ്ടമാകുമെന്നാണ് ജീവനക്കാർ പറയുന്നത്.
.......
# സമയം നഷ്ടം ഒഴിവാക്കാനുള്ള കുറുക്കുവഴി
ഓരോ സ്റ്റോപ്പിലും യാത്രക്കാരെ കയറ്റാനും ഇറക്കാനും ബസ് നിറുത്തുമ്പോൾ വാതിൽ തുറക്കാനും അടയ്ക്കാനുമായി മിനിറ്റുകൾ നഷ്ടപ്പെടും. മത്സരയോട്ടം നടത്തുന്ന മേഖലയിൽ ഒരു നിമിഷം പോലും നഷ്ടപ്പെടുത്താൻ ബസ് ഉടമകളും ജീവനക്കാരും തയ്യാറല്ല. ഇതിന് വേണ്ടിയാണ് വാതിൽ അടയ്ക്കാൻ മടിക്കുന്നത്. നിർദ്ദിഷ്ട സ്റ്റോപ്പുകൾക്ക് പുറമേ, യാത്രക്കാർ കൈ കാണിക്കുന്ന എവിടെയും സ്വകാര്യ ബസുകൾ ആളെ കയറ്റാൻ നിർത്തികൊടുക്കാറുണ്ട്.
.......
# വനിതകൾക്ക് കണ്ടക്ടറാകണ്ട!
സ്ത്രീകൾക്ക് വരുമാനത്തിന് അവസരം സൃഷ്ടിക്കുന്നതിനായി മോട്ടോർ വാഹനവകുപ്പ് നടപ്പാക്കാനുദ്ദേശിച്ച വനിതാ കണ്ടക്ടർമാരാരാനുള്ള അവസരത്തോട് തണുപ്പൻ പ്രതികരണം. ജില്ലയിൽ ഒരു വനിത മാത്രമാണ് താൽപര്യമറിയിച്ച് സമീപിച്ചത്. സ്ത്രീകളെ ഷിഫ്ട് അടിസ്ഥാനത്തിൽ ജോലിക്ക് കയറ്റാനാണ് ആലോചിച്ചിരുന്നത്. ഒരാൾ മാത്രം നിലവിൽ വന്ന സാഹചര്യത്തിൽ ഷിഫ്ട് സംവിധാനം നടപ്പാക്കാൻ പ്രയാസമാണെന്ന് ബസ് ഉടമകൾ വ്യക്തമാക്കി.
..........
''ഉദ്യോഗസ്ഥർ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുടെ തിരക്കിലായതോടെയാണ് സ്വകാര്യ ബസുകൾ വീണ്ടും വാതിൽ തുറന്ന് സഞ്ചാരം ആരംഭിച്ചത്. ഡ്യൂട്ടി തിരക്ക് ഒഴിയുന്നതോടെ പിടിമുറുക്കും.
എ.കെ.ദിലു, ആർ.ടി.ഒ, ആലപ്പുഴ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |