
; പന്ത്രണ്ടുപേർക്ക് പരിക്ക് രണ്ടുപേരുടെ നില ഗുരുതരം
കണ്ണൂർ: പയ്യാവൂർ മുത്താറിക്കുളം ഡോക്ടർമുക്കിൽ കോൺക്രീറ്റ് മിക്സർ കയറ്റിയ മിനിലോറി നിയന്ത്രണംവിട്ട് തലകീഴായി മറിഞ്ഞ് ഇതരസംസ്ഥാന തൊഴിലാളികളായ രണ്ടുപേർ മരിച്ചു. പന്ത്രണ്ടുപേർക്ക് പരിക്കേറ്റു. ഉത്തർപ്രദേശ് സ്വദേശികളാണ് മരിച്ചത്. മരിച്ചവരുടെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
ഇന്നലെ വൈകുന്നേരം 4.45 ഓടെയാണ് ദാരുണമായ അപകടം. കുഞ്ഞിപ്പറമ്പിൽ മൗണ്ട് സെന്റ് ജോസഫ് പള്ളിക്കടുത്ത് പനച്ചിക്കൽ ഡെയ്സിയുടെ പുതുവീടിന്റെ വാർപ്പ് പൂർത്തിയാക്കി ശ്രീകണ്ഠപുരത്തേക്ക് മടങ്ങുകയായിരുന്ന നിസ്സാൻ മിനിലോറിയാണ് കുന്നത്തൂർപ്പാടി റോഡിലെ കുന്നത്തൂരിനും മുത്താറിക്കുളത്തിനുമിടയിൽ മറിഞ്ഞത്.
വലിയ ഇറക്കം ഇറങ്ങി നിരപ്പായ സ്ഥലത്തെത്തിയപ്പോൾ ലോറി കലുങ്കിൽ തട്ടി നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. വാർപ്പ് പൂർത്തിയാക്കി മടങ്ങുമ്പോൾ വഴിയിലുള്ള മറ്റ് തൊഴിലാളികളും കയറിയതിനാൽ ഡ്രൈവർ ഉൾപ്പെടെ 14 പേർ ലോറിയിലുണ്ടായിരുന്നതായി സംഭവസ്ഥലത്തുള്ളവർ അറിയിച്ചു. ഡ്രൈവറുടെ അടുത്തിരുന്നയാളും പിന്നിൽ മെഷീനോടൊപ്പമിരുന്ന തൊഴിലാളിയുമാണ് മരിച്ചത്.
പരിക്കേറ്റ പന്ത്രണ്ടുപേരെ കണ്ണൂരിലെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. ഇതിൽ രണ്ടുപേരുടെ പരിക്ക് ഗുരുതരമാണ്. ശ്രീകണ്ഠപുരത്തെ ബക്കറിന്റെ ഉടമസ്ഥതയിലുള്ളതാണ് ലോറി. ഡ്രൈവർ ഒഴികെ മറ്റെല്ലാവരും ഇതരസംസ്ഥാന തൊഴിലാളികളായിരുന്നു. ലോറി മറിഞ്ഞ ഉടൻ നാട്ടുകാരും കുന്നത്തൂർപ്പാടിക്ക് പോകുന്ന ഭക്തരും അവശരായവരെ പയ്യാവൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രണ്ടുപേരും അതിനകം മരിച്ചിരുന്നു. മൃതദേഹങ്ങൾ കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
മിനിലോറി മറിഞ്ഞപ്പോൾ മൂന്നുപേർ വാഹനത്തിനടിയിൽ കുടുങ്ങിയിരുന്നു. ഒരാളെ നാട്ടുകാർ പുറത്തെടുത്തു. രണ്ടുപേരെ ഇരിട്ടിയിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘം ലോറി മുറിച്ചാണ് പുറത്തെടുത്തത്. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എൻ.കെ.അശോകൻ, സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ കെ.വി.വിജീഷ്, എ.പി.ആഷിഖ്, ജസ്റ്റിൻ ജെയിംസ് എന്നീ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർമാരും ഹോംഗാർഡുകളായ പി.രവീന്ദ്രൻ, ടി.ശ്രീജിത്ത് എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. അപകടത്തെത്തുടർന്ന് രണ്ടുമണിക്കൂർ കുന്നത്തൂർപ്പാടി റോഡിലെ ഗതാഗതം പൂർണമായും സ്തംഭിച്ചു. ഉത്സവ സീസണായതിനാൽ വാഹനങ്ങളുടെ തിരക്കിനിടെയാണ് നാട്ടുകാരും പയ്യാവൂർ പൊലീസും രക്ഷാപ്രവർത്തനം നടത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |