
തിരുവനന്തപുരം: തമിഴ്നാട്ടിൽ വൻരാഷ്ട്രീയ ബന്ധമുള്ള ദിണ്ഡിഗല്ലിലെ ഡയമണ്ട്മണിയുടെ (ഡി-മണി) കൂട്ടാളി ശ്രീകൃഷ്ണന്റെ ഫോണിലേക്ക് ഉണ്ണികൃഷ്ണൻപോറ്റിയുടെ വിളിയെത്തിയെന്ന് കണ്ടെത്തിയതോടെ ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ള വൻസ്രാവുകളെത്തേടി എസ്.ഐ.ടി.
മറ്റുള്ളവരുടെ പേരിലെടുത്ത് മണി ഉപയോഗിക്കുന്ന മൂന്ന് സിംകാർഡുകളിലെ വിളികളെല്ലാം പരിശോധിക്കുകയാണ്. പണമിടപാടുകളും തിരയുന്നു. രാഷ്ട്രീയസ്വാധീനമുള്ള വമ്പന്മാരുടെ ബിനാമിയാണ് മണിയെന്നും സംശയിക്കുന്നു.
സ്വർണപ്പാളികൾ ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിലെത്തിച്ചാണ് പോറ്റിയും സംഘവും ഉരുക്കിമാറ്റിയതെന്നാണ് ഇതുവരെയുള്ള കണ്ടെത്തൽ.
എന്നാൽ ദിണ്ഡിഗൽ സംഘം പാളികൾ അപ്പാടെ മാറ്റിയിട്ടുണ്ടോയെന്നും വിഗ്രഹങ്ങൾ കടത്തിയോയെന്നുമാണ് ഇപ്പോൾ അന്വേഷിക്കുന്നത്.
വിരുദുനഗർ സ്വദേശിയായ ശ്രീകൃഷ്ണന് വിഗ്രഹങ്ങളും പഴയ പാത്രങ്ങളും പുരാവസ്തുക്കളും വിൽക്കുന്ന ബിസിനസാണ്. ശ്രീകൃഷ്ണനെ അറിയില്ലെന്ന് മണി മൊഴിനൽകിയതായാണ് അറിയുന്നത്.
സ്വർണക്കൊള്ളയുമായി ബന്ധമില്ലെന്ന് ആവർത്തിക്കുന്ന മണി, സിം കാർഡിന്റെ വിലാസക്കാരനായ തയ്യൽക്കാരൻ ബാലമുരുകനെ എസ്.ഐ.ടി ചോദ്യംചെയ്തതിന് പിന്നാലെ ഫോൺവിളിച്ച് വിവരങ്ങൾ തിരക്കി. എന്തൊക്കെയാണ് ചോദിച്ചതെന്നും ആരുടെയൊക്കെ ഫോട്ടോ കാട്ടിയെന്നുമൊക്കെ ആരാഞ്ഞു. രണ്ടു ദിവസം ദിണ്ഡിഗലിൽ സൗകര്യങ്ങളൊരുക്കിയ തമിഴ്നാട് പൊലീസ് ഇന്നലെ പിൻവാങ്ങിയതും മണിയുടെ സമ്മർദ്ദത്താലാണെന്ന് എസ്.ഐ.ടി വിലയിരുത്തുന്നു.
വിഗ്രഹക്കച്ചവടത്തിനായി തിരുവനന്തപുരത്ത് പറന്നിറങ്ങിയ മണി, ദിണ്ഡിഗലിൽ നിന്ന് റോഡുമാർഗം പണമെത്തിച്ചതായാണ് എസ്.ഐ.ടിക്കുള്ള വിവരം.
തിരുവനന്തപുരത്ത് വിഗ്രഹക്കച്ചവടത്തിനിടെ പ്രവാസി വ്യവസായി നേരിൽകണ്ട ഡി-മണിയെയാണ് ദിണ്ഡിഗലിൽ ചോദ്യംചെയ്തതെന്നും എം.എസ്.മണിയെന്നും സുബ്രഹ്മണ്യനെന്നും പേരുമാറ്റപ്പറഞ്ഞത് കബളിപ്പിക്കാനുള്ള ശ്രമമാണെന്നും എസ്.ഐ.ടി പറയുന്നു.
മണിക്കും സുഹൃത്ത് ബാലമുരുകനും 30ന് തിരുവനന്തപുരം ഈഞ്ചയ്ക്കലിലെ ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകാൻ നോട്ടീസ് നൽകിയിട്ടുണ്ട്. ശ്രീകൃഷ്ണനെയും ഇവിടെയെത്തിച്ച് ചോദ്യംചെയ്യും.
കള്ളം പറഞ്ഞു, മണി കുടുങ്ങി
ഡി-മണിയല്ലെന്നും എം.എസ്.മണിയാണെന്നും കള്ളം പറഞ്ഞതാണ് കുരുക്കായത്. ഡി-മണി തന്നെയെന്ന് നാട്ടുകാരടക്കം വെളിപ്പെടുത്തി.
സ്വർണ, ഡയമണ്ട് ബിസിനസുകളില്ലെന്നാണ് മണിയുടെ വാദം. സ്വർണപ്പണയമടക്കം ബിസിനസുകളുണ്ടെന്ന് കണ്ടെത്തി. സ്വർണ ഇടപാടുകാരിൽ നിന്നു വിവരം കിട്ടി.
മറ്റുള്ളവരുടെ പേരിലുള്ള ഫോൺനമ്പറുകളുപയോഗിച്ചാണ് മണിയുടെ ഇടപാടുകൾ. ബിസിനസുകളും ബിനാമിപ്പേരിലാണോയെന്ന് അന്വേഷിക്കുന്നു.
തയ്യൽക്കാരനും സുഹൃത്തുമായ ബാലമുരുകന്റെ പേരിൽ റിയൽഎസ്റ്റേറ്റ് ഇടപാടുകൾക്കെന്ന് പറഞ്ഞ് അഞ്ചു വർഷംമുൻപാണ് മണി സിംകാർഡെടുത്തത്. 10വർഷമായി സുഹൃത്തുക്കളാണ്.
മണിക്ക് ആറുവർഷത്തിനിടെയുണ്ടായ അമ്പരപ്പിക്കുന്ന സാമ്പത്തികവളർച്ചയും അന്വേഷിക്കുന്നുണ്ട്. ആദായനികുതി, ബാങ്ക്അക്കൗണ്ട് രേഖകൾ ഹാജരാക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്.
വേട്ടയാടലെന്ന് കരഞ്ഞുപറഞ്ഞ് മണി
സ്വർണക്കൊള്ളയെക്കുറിച്ച് ഒന്നുമറിയില്ലെന്നും എസ്.ഐ.ടി വേട്ടയാടുകയാണന്നും ഇന്നലെ മാദ്ധ്യമങ്ങൾക്ക് മുന്നിൽ മണി കരഞ്ഞുപറഞ്ഞു. കേരളത്തിൽ ബിസിനസില്ല. പോറ്റിയെ അറിയില്ല. എസ്.ഐ.ടിയുടെ ചോദ്യങ്ങൾക്കെല്ലാം മറുപടി നൽകി. ദിണ്ഡിഗലിലെ ചെറിയ ബിസിനസേയുള്ളൂ. അന്വേഷണവുമായി സഹകരിക്കും. എസ്.ഐ.ടിക്ക് മുന്നിൽ ഹാജരാവും. ശബരിമലയിൽ വന്നിട്ടില്ല. സുഹൃത്തായ ബാലമുരുകന്റെ സിം ഉപയോഗിച്ചത് മാത്രമാണ് തെറ്റ്. സ്വർണക്കൊള്ളയെക്കുറിച്ച് ടി.വിയിൽ കണ്ട അറിവേയുള്ളൂ. ഒരുതെറ്റും ചെയ്തിട്ടില്ല. സാധാരണക്കാരനാണ്. സ്വർണബിസിനസില്ല. ഗ്രാമവാസിയാണ്. നിരപരാധിയാണ്. വേട്ടയാടരുത്. മാദ്ധ്യമങ്ങളോട് വിങ്ങിപ്പൊട്ടിയാണ് മണി സംസാരിച്ചത്. ആത്മഹത്യാഭീഷണിയും മുഴക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |