SignIn
Kerala Kaumudi Online
Thursday, 18 July 2024 9.23 AM IST

1200 നാൾ പിന്നിട്ടു കാണാതെ പോകരുത് ഈ പോരാട്ടം (OPINION)

k

അടുത്ത വെള്ളിയാഴ്ച കേരളം പോളിംഗ് ബൂത്തിലേക്ക് നീങ്ങും. നാടുകുലുക്കിയുള്ള പ്രചാരണത്തിലാണ് ഇടതു - വലതു മുന്നണികളും നേതാക്കളും. കേന്ദ്ര മന്ത്രിമാരും വിവിധ രാഷ്ട്രീയ പാർട്ടികളുടെ ദേശീയ - സംസ്ഥാന നേതാക്കളും പാലക്കാട് ക്യാമ്പ് ചെയ്താണ് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. 45 ഡിഗ്രി ചൂടിനെയും മറിക്കടക്കുന്ന പാലക്കാട്ടെ തിരഞ്ഞെടുപ്പ് ചൂടിൽ രാഷ്ട്രീയക്കാരും ജനപ്രതിനിധികളും കഞ്ചിക്കോട്ടെ ബെമലിൽ തൊഴിലാളികൾ നടത്തുന്ന ഐതിഹാസിക സമരത്തെ കാണാതെ പോകരുത്. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ 'മേക്ക് ഇൻ ഇന്ത്യ' പദ്ധതിയുടെ ഭാഗമായി കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡ് (ബെമൽ) സ്വകാര്യ കമ്പനികൾക്ക് വിൽക്കാനുള്ള നീക്കത്തിനെതിരെ തൊഴിലാളികൾ നടത്തുന്ന അനിശ്ചിതകാല സമരം 1200 ദിവസം പിന്നിട്ടിരിക്കുകയാണ്.

രാജ്യസുരക്ഷയുടെ നട്ടെല്ലായി പ്രവർത്തിക്കുന്ന, ഇന്ത്യയുടെ അഭിമാന സ്ഥാപനമായ ബെമൽ കോർപ്പറേറ്റുകൾക്ക് വിറ്റ് രാജ്യസുരക്ഷയെ തന്നെ അപകടത്തിലാക്കുന്ന കേന്ദ്ര നടപടി പൊതുജനങ്ങൾക്കു മുമ്പിൽ തുറന്നുകാണിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സി.ഐ.ടി.യു 2021 ജനുവരി ആറിന് അനിശ്ചിതകാല സമരം ആരംഭിച്ചത്. സമരത്തിന്റെ ഒന്നാം വാർഷികത്തിൽ പഞ്ചായത്ത് മുനിസിപ്പാലിറ്റി കേന്ദ്രങ്ങളിൽ ഉൾപ്പെടെ സമരജ്വാല സംഘടിപ്പിച്ചിരുന്നു. സമരം 1000 നാൾ തികഞ്ഞപ്പോൾ ദേശരക്ഷാ പ്രതിജ്ഞയെടുക്കലും 1000 ബലൂണുകൾ ആകാശത്തേക്കു പറത്തി വിടുകയും ചെയ്തിരുന്നു.

തലപൊക്കുന്ന

വിവാദം

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡ് (ബെമൽ) വാങ്ങാനൊരുങ്ങി നിൽക്കുന്ന സ്വകാര്യ കമ്പനിയിൽ നിന്ന് ഇലക്ടറൽ ബോണ്ട് വഴി കോടികൾ വാങ്ങിയതെന്തിനെന്ന് ബി.ജെ.പി.യും കോൺഗ്രസും വ്യക്തമാക്കണമെന്ന് സി.പി.എം ആരോപിക്കുന്നു. ബെമൽ വില്പന നടപടികൾ പുനരാരംഭിക്കാൻ ബി.ജെ.പി.ക്ക് 714 കോടിയും എതിർക്കാതിരിക്കാൻ കോൺഗ്രസിന് 320 കോടി രൂപയും ഇലക്ടറൽ ബോണ്ട് വഴി കമ്പനി നൽകിയതായും സി.പി.എം നേതൃത്വം ആക്ഷേപം ഉന്നയിക്കുന്നു. ബെമൽ വാങ്ങുന്നതിനുള്ള ചുരുക്കപ്പട്ടികയിലുള്ള മേഘ എൻജിനിയറിംഗ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് കമ്പനിതന്നെയാണ് തുക നൽകിയ കാര്യം വെളിപ്പെടുത്തിയത്.

ഒന്നാം മോദിസർക്കാരിന്റെ കാലത്ത് നിറുത്തിവച്ച വില്പന രണ്ടാം മോദിസർക്കാർ പുനരാരംഭിച്ചിട്ടും കോൺഗ്രസ് എം.പി.മാരാരും പാർലമെന്റിൽ ഉന്നയിച്ചില്ല. പാലക്കാട് ജില്ലയിലെ രണ്ട് എം.പി.മാർപോലും പ്രശ്നത്തിൽ ഒരക്ഷരം കഴിഞ്ഞ അഞ്ചുവർഷത്തിനിടെ പാർലമെന്റിൽ മിണ്ടിയിട്ടില്ല. കെ.കെ.രാഗേഷ് എം.പി രാജ്യസഭയിൽ ഇക്കാര്യം ഉന്നയിച്ചപ്പോഴാണ് വില്പനനടപടികൾ പുനരാരംഭിച്ചകാര്യം പോലും പുറത്തറിഞ്ഞത്. എളമരം കരീം എം.പി വിഷയത്തിൽ പ്രധാനമന്ത്രിക്ക് കത്തെഴുതുകയും ചെയ്തു. എന്നിട്ടും കോൺഗ്രസ് എം.പി.മാർ പ്രതികരിക്കാത്തതിന്റെ രഹസ്യം ഇപ്പോഴാണ് പുറത്തുവന്നതെന്നും സി.പി.എം ആരോപിക്കുന്നു.

പിന്നിൽ ഭൂമി

കച്ചവടമോ?

ബെമലിന്റെ ഉടമസ്ഥാവകാശം നേടാൻ മത്സരിക്കുന്ന സ്വകാര്യ കമ്പനികളുടെ പ്രധാനലക്ഷ്യം റിയൽ എസ്‌റ്റേറ്റ് കച്ചവടമെന്നാണ് പ്രധാന ആക്ഷേപം. ബെമലിന് ഓഹരി വിലയായി നിശ്ചയിച്ച 1800 കോടി സ്വകാര്യ കമ്പനികളുടെ കൈവശമെത്തുക 25,000 കോടിയുടെ സർക്കാർ ആസ്തിയാണ്. കേന്ദ്രസർക്കാരിന്റെ 54 ശതമാനം ഓഹരിയിൽ അഞ്ച് ശതമാനം കൂടി വിൽക്കാൻ നിതി ആയോഗ് ശുപാർശ ചെയ്തതോടെയാണ് ഇന്ത്യയുടെ അഭിമാനമായ ബെമലിന്റെ കടയ്ക്കലും കത്തിവീണത്. ഇതോടെ ബെമലിന്റെ ഓഹരി വിറ്റഴിക്കാൻ 2019 ജനുവരിയിൽ കേന്ദ്ര സർക്കാർ താത്‌പര്യപത്രം ക്ഷണിച്ചു. കേന്ദ്ര സർക്കാരിന്റെ കൈവശമുള്ള 54 ശതമാനം ഓഹരിയിൽ 26 ശതമാനമാണ് വിറ്റഴിക്കുന്നത്. മാനേജ്‌മെന്റ് അധികാരവും ഓഹരി വാങ്ങുന്ന കമ്പനിക്ക് ലഭിക്കും.

ഓരോ വർഷവും കേന്ദ്ര സർക്കാരിന് കോടികൾ ലാഭം ഉണ്ടാക്കിത്തരുന്ന, പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള മിനിരത്ന ഒന്നിൽപെട്ട കമ്പനിയാണിത്. മെട്രോ റെയിൽ കോച്ചുകൾ, സൈനിക ട്രക്കുകൾ എന്നിവയാണ് ബെമൽ പ്രധാനമായും നിർമിക്കുന്നത്. ബംഗളൂരു നഗരത്തിൽ 110 ഏക്കറും മൈസൂരുവിൽ 200 ഏക്കറും കോലാറിൽ 2400 ഏക്കറും കഞ്ചിക്കോട്ട് 145 ഏക്കറും ബെമലിനുണ്ട്. ബംഗളൂരുവിൽ ഒരു ചതുരശ്ര അടി സ്ഥലത്തിന് 25,000 രൂപയാണ് വിപണിവില. ചെന്നൈ, മുംബൈ, കൊച്ചി എന്നിവിടങ്ങളിലും ബെമലിന് ഭൂമിയുണ്ട്. ഇതുൾപ്പെടെ 56,000 കോടി ആസ്തിയുള്ള മിനിരത്ന ഒന്നിൽപ്പെട്ട സ്ഥാപനമാണ് ഓഹരിവില കണക്കാക്കി തുച്ഛവിലയ്ക്ക് വിൽക്കുന്നത്.

10,000 കോടിയുടെ

ഉത്പാദന കരാർ

2020 - 21 സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ ലാഭം 74.8 കോടിയാണ്. 2019- 20ൽ 68.38 കോടിയും 2018-19 കാലയളവിൽ 63.49 കോടിയും കമ്പനി ലാഭം നേടിയിരുന്നു. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ 2017-18-ൽ നേടിയ 129.45 കോടിയാണ് ഏറ്റവുമുയർന്ന ലാഭം. 2016-17 ൽ 84.44 കോടിയായിരുന്നു അറ്റാദായം 2020-21ൽ 3557 കോടി വിറ്റുവരവും 74.8 കോടി ലാഭവുമുണ്ടാക്കിയ ബെമലിന് 2024 - 25വരെ 10,000 കോടിയുടെ ഉത്പാദനത്തിനും കരാർ ലഭിച്ചിട്ടുണ്ട്. മുംബയ് മെട്രോയുടെ 4000 കോടിയുടെ ഓർഡർ ഉൾപ്പെടെയാണിത്. ഓഹരി വിറ്റഴിക്കലിനെതിരെ പാലക്കാട് അടക്കം വിവിധ സംസ്ഥാനങ്ങളിലെ ആറ് നിർമ്മാണ യൂണിറ്റുകളിലും പത്ത് റീജനൽ ഓഫീസുകളിലും നാല് സർവീസ് സെന്ററുകളിലും ജീവനക്കാർ അനിശ്ചിതകാല സമരത്തിലാണ്.

ചരിത്രം

1964ൽ ആറര കോടി മുതൽ മുടക്കിൽ ആരംഭിച്ച സ്ഥാപനമാണിത്. ലോകത്തിലെ വലിയ കമ്പനികളുമായി മത്സരിച്ച് രാജ്യസുരക്ഷാ വാഹനങ്ങൾ, റെയിൽവേ കോച്ചുകൾ, മെട്രോ കോച്ചുകൾ എന്നിവ ഇവിടെ നിർമ്മിക്കുന്നു. ഖനന മേഖലയിലെ വാഹനങ്ങൾ നിർമ്മിക്കുന്ന രാജ്യത്തെ ഏക പൊതുമേഖലാ സ്ഥാപനവുമാണിത്. മറ്റ് കമ്പനികൾ 11 കോടി വരെ ഒരു മെട്രോ കോച്ചിന് ഈടാക്കുമ്പോൾ 8 കോടിയ്ക്ക് മികച്ച നിലവാരത്തിൽ കോച്ച് നിർമ്മിച്ചു നൽകുന്നു ബെമൽ.

ആശങ്കയകലാതെ

വി.എസ് അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള എൽ.ഡി.എഫ് സർക്കാരിന്റെ കാലത്താണ് 2010 മെയിൽ കഞ്ചിക്കോട് ബെമൽ യൂണിറ്റ് ആരംഭിച്ചത്. അന്ന് പ്രതിരോധമന്ത്രിയായിരുന്ന എ.കെ ആന്റണിയാണ് ഉദ്ഘാടനം ചെയ്തത്. കമ്പനിക്കുവേണ്ടി 364 ഏക്കർ സ്ഥലം എൽ.ഡി.എഫ് സർക്കാർ ഏറ്റെടുത്ത് സൗജന്യമായി കൈമാറി. അടുത്ത ഘട്ടവികസനത്തിന് 625 ഏക്കർ ഭൂമികൂടി കണ്ടെത്തി. പൊതുമേഖലാസ്ഥാപനത്തിന് യുദ്ധകാലാടിസ്ഥാനത്തിൽ ഭൂമി ഏറ്റെടുത്ത് കൈമാറിയ സംസ്ഥാന സർക്കാരിനെ ഉദ്ഘാടന വേളയിൽ എ.കെ ആന്റണി പ്രശംസിച്ചിരുന്നു. രാജ്യത്താകെ പതിനായിരത്തോളം പേർ ജോലിനോക്കുന്ന കമ്പനിയാണ് ബെമൽ. കഞ്ചിക്കോട് കരാർ തൊഴിലാളികൾ ഉൾപ്പെടെ അഞ്ഞൂറിലധികം ജീവനക്കാരുണ്ട്. ബെമലിലെ ഭൂരിഭാഗം സ്ഥിരംതൊഴിലാളികളും കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. കമ്പനി ആരംഭിക്കുമ്പോൾ സ്ഥലം വിട്ടുനൽകിയ പലരും തൊഴിലാളികളുടെ കൂട്ടത്തിലുണ്ട്. കോർപ്പറേറ്റുകൾക്ക് കമ്പനി കൈമാറുന്നതോടെ നൂറുകണക്കിന് കരാർ തൊഴിലാളികൾക്ക് ജോലി നഷ്ടമാവും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BEMAL
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.