ന്യൂഡൽഹി:കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നേടിയതിനേക്കാൾ മികച്ച നേട്ടം ഇത്തവണ ബിജെപി സ്വന്തമാക്കുമെന്ന് പ്രമുഖ സാമ്പത്തിക വിദഗദ്ധനായ സുർജിത് ഭല്ല. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ബിജെപിക്ക് 330 മുതൽ 350 വരെ സീറ്റുകൾ ലഭിച്ചേക്കുമെന്നാണ് അദ്ദേഹം പറയുന്നത്.
'സ്ഥിതിവിവരക്കണക്കുകളുടെ അടിസ്ഥാനത്തിൽ അവർക്ക് 330 മുതൽ 350 വരെ സീറ്റുകൾ സ്വന്തമായി ലഭിക്കണം. ഇത് ബിജെപിക്ക് മാത്രമാണ്. സഖ്യകക്ഷികളെ ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല.2019ലെ ഫലവുമായി താരതമ്യം ചെയ്യുമ്പോൾ അഞ്ചു മുതൽ ഏഴുശതമാനം വരെ സീറ്റുകൾ വർദ്ധിക്കുമെന്നാണ് കരുതുന്നത്. പ്രതിപക്ഷമായ കോൺഗ്രസിന് 44 സീറ്റുകൾ ലഭിക്കാനാണ് സാദ്ധ്യത' അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പിൽ സമ്പദ്‌വ്യവസ്ഥയാണ് ഏറ്റവും പ്രധാനം, നേതൃത്വമാണ് രണ്ടാമത്തേത്. രണ്ടും ബിജെപിക്ക് അനുകൂലമാണ്. നേതൃത്വം പ്രതിപക്ഷത്തിന് വലിയ പ്രശ്നമാണ്. പ്രതിപക്ഷം ജനശ്രദ്ധ നേടുന്ന ഒരു നേതാവിനെ തിരഞ്ഞെടുത്തിരുന്നെങ്കിൽ ഇപ്പോഴത്തെ തിരഞ്ഞെടുപ്പ് ശക്തമായ ഒരു മത്സരമായിരുന്നേനെയെന്നും അദ്ദേഹം വ്യക്തമാക്കി.
ബിജെപി തീരെ ദുർബലമായ തമിഴ്‌നാട്ടിൽ ഇത്തവണ അവർ അഞ്ച് സീറ്റുകൾ നേടുമെന്നും കേരളത്തിൽ ഒന്നോ രണ്ടോ സീറ്റുകൾ നേടാൻ ഇടയുണ്ടെന്നും സുർജിത് ഭല്ല പറഞ്ഞു. ജനങ്ങളുടെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെട്ടതാണ് ഈ സാദ്ധ്യതയ്ക്ക് കാരണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയിൽ 2019 നെ അപേക്ഷിച്ച് തൊഴിലില്ലാത്തവരുടെ ശതമാനം ഇപ്പോൾ വളരെ കുറവാണെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ, അന്തർദേശീയ സാമ്പത്തിക നയ മേഖലകളിൽ വിപുലമായ അനുഭവപരിചയമുള്ള ഒരു പ്രമുഖ ഇന്ത്യൻ സാമ്പത്തിക ശാസ്ത്രജ്ഞനും എഴുത്തുകാരനും കോളമിസ്റ്റുമാണ് സുർജിത് ഭല്ല. ഇന്റ്ർനാഷണൽ മോണിറ്ററി ഫണ്ടിൽ (ഐഎംഎഫ്) ഇന്ത്യയുടെ എക്‌സിക്യൂട്ടീവ് ഡയറക്‌ടറും ആയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |