SignIn
Kerala Kaumudi Online
Thursday, 23 May 2024 11.15 AM IST

79 കുരുന്നുകളുടെ ചിരിയാണ് ഈ അമ്മമാർക്ക് ആനന്ദം, സ്നേഹവും കരുതലും ആവോളമുളള തിരുവനന്തപുരത്തെ ഈ സ്ഥലം കുറച്ച് വ്യത്യസ്തമാണ്

mother

കുഞ്ഞുങ്ങളുടെ കൊഞ്ചലും ചിരിയും കുസൃതികളും ഇഷ്ടപ്പെടാത്തവരായി ആരാണ് ഈ ലോകത്തുണ്ടാകുക. ഏത് വിഷമം നിറഞ്ഞ പ്രതിസന്ധിയും പരിഹരിക്കാൻ കുഞ്ഞുങ്ങളുടെ നിഷ്കളങ്കമായ മുഖത്തേക്ക് ഒരു തവണയെങ്കിലും നോക്കിയാൽ മതി. ഒരു അമ്മ തന്റെ കുഞ്ഞിനെ മാറോടണച്ച് കൊഞ്ചിക്കുന്നതും രസകരമായി കഥകൾ പറഞ്ഞുകൊടുത്ത് ഭക്ഷണം കൊടുക്കുന്നതും വലിയ ഗായികയൊന്നുമല്ലെങ്കിലും അറിയാവുന്ന താരാട്ടുപാട്ടുപാടി ഉറക്കുന്നതും സാധാരണമാണ്.

ഈ ഭൂമിയിലേക്ക് ജനിച്ചുവീഴുന്ന എല്ലാ കുഞ്ഞുങ്ങൾക്കും ഈ സൗഭാഗ്യം ലഭിക്കണമെന്നില്ല. പിഞ്ചുകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയയുടൻ ആശുപത്രി പരിസരത്തോ അല്ലെങ്കിൽ പൊതുയിടങ്ങളിലോ ഉപേക്ഷിച്ചുപോകുന്ന അമ്മമാർ അല്ലെങ്കിൽ ബന്ധുക്കൾ, കുഞ്ഞ് ജനിച്ചത് പുറംലോകമറിയാതിരിക്കാൻ കൊന്നുകുഴിച്ചുമൂടുന്നവർ, ഉറങ്ങിക്കിടക്കുന്ന അച്ഛനമ്മാരുടെ സമീപത്തുനിന്നും കുഞ്ഞുങ്ങളെ തട്ടിക്കൊണ്ടുപോകുന്നവർ തുടങ്ങിയവയെല്ലാം സമൂഹത്തിൽ നടന്നിട്ടുണ്ട്.

ഇത്തരത്തിൽ ഒറ്റപ്പെട്ടുപോകുന്ന കുഞ്ഞുങ്ങൾക്ക് ആശ്രയമായി തീരുന്ന ഒരു സ്ഥലം നമുക്ക് പരിചയപ്പെടാം. ഇതൊരു വീടാണ്. പക്ഷെ ഈ വീടിന് പ്രത്യേകതളേറെയാണ്.ഇവിടെ ഉളളത് ഒരമ്മയോ അല്ലെങ്കിൽ ഒന്നോ രണ്ടോ കുട്ടികളല്ല. ഉണരുമ്പോൾ ഒരുമിച്ചുണരുകയും ഉറങ്ങുമ്പോൾ ഒരുമിച്ചുറങ്ങുകയും ചിരിക്കുമ്പോൾ ഒരുമിച്ച് ചിരിക്കുകയും ചെയ്യുന്ന 79 കുരുന്നുകൾ താമസിക്കുന്ന വലിയ വീടാണ്. ഇവിടെ അവരെ സംരക്ഷിക്കുന്ന 108 അമ്മമാരും ഉണ്ട്. സ്നേഹവും വാത്സല്യവും എപ്പോഴും തുളുമ്പി നിൽക്കുന്ന ഈ സ്ഥലം വേറെങ്ങുമല്ല. തിരുവനന്തപുരത്ത് കേരളസർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന ശിശുക്ഷേമസമിതിയാണ്.

കേരളകൗമുദിയുടെ ഓൺലൈൻ സംഘം ശിശുക്ഷേമസമിതിയിൽ കണ്ടകാഴ്ചകൾ ഏറെ സന്തോഷം പകരുന്ന തരത്തിലുളളതായിരുന്നു. ഇവിടത്തെ അമ്മമാരുടെയും കു‌ഞ്ഞുങ്ങളുടെയും മറ്റുളള ജീവനക്കാരുടെയും മുഖത്ത് കാണാൻ സാധിച്ചത് സ്നേഹം മാത്രമായിരുന്നു. ആർക്കും വേണ്ടാതെ രക്ഷിതാക്കൾ ഉപേക്ഷിച്ചുകളയുന്ന പിഞ്ചുകുഞ്ഞുങ്ങളും പരിപാലിക്കാൻ യാതൊരു മാർഗവുമില്ലാതെ രക്ഷിതാക്കൾ എത്തിക്കുന്ന കുട്ടികളും രാജകുമാരൻമാരും രാജകുമാരിമാരുമായി മാറുന്ന കാഴ്ച ഇവിടെ കാണാൻ സാധിക്കും. ജന്മം നൽകിയയുടൻ ഉപേക്ഷിക്കപ്പെട്ട പിഞ്ചുകുഞ്ഞുങ്ങളടക്കമുളളവരെ മാറോടണച്ച് വളർത്തുന്ന ആയമാരായ അമ്മമാരിലാണ് കുടുതൽ ശ്രദ്ധ പതിഞ്ഞുപോയത്.

ദത്ത് നൽകൽ

ശിശുക്ഷേമസമിതിയുടെ പ്രവർത്തനങ്ങൾ പ്രധാനമായും മൂന്ന് ഘട്ടങ്ങളിലൂടെയാണ് കടന്നുപോകുന്നത്.ആദ്യത്തേത് ദത്ത് നൽകലാണ്. ഇതാണ് പ്രധാനം. ദത്ത് നൽകുന്നതിനോടൊപ്പം പലരീതിയിൽ സമിതിയുടെ കൈകളിൽ എത്തിച്ചേരുന്ന കുട്ടികളുടെ പരിപാലനവും പ്രധാനപ്പെട്ടതാണ്. കുഞ്ഞുങ്ങളെ പലവിധത്തിലാണ് ശിശുക്ഷേമസമിതിക്ക് ലഭിക്കുന്നത്. ആദ്യത്തേത് അമ്മത്തൊട്ടിലാണ്. രണ്ടാമത്തേത് ആശുപത്രികളിലും മറ്റുളള സ്ഥലങ്ങളിലും ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടുകിട്ടുന്ന കുഞ്ഞുങ്ങളെ അല്ലെങ്കിൽ മാതാപിതാക്കൾ സമ്മതത്തോടെ കുഞ്ഞുങ്ങളെ ശിശുക്ഷേമസമിതിയിൽ ഏൽപ്പിക്കുന്നതാണ് പതിവ്. അണുകുടുംബത്തിലെ പ്രശ്നങ്ങൾ മൂലമോ അല്ലെങ്കിൽ കുഞ്ഞുങ്ങളെ പരിപാലിക്കാൻ ആവശ്യമായ സാമ്പത്തികചുറ്റുപാടില്ലാത്തവരും ഇവിടെ കുഞ്ഞുങ്ങളെ എത്തിക്കാറുണ്ട്.

ammathottil

ശിശുക്ഷേമസമിതിയുടെ കീഴിൽ പ്രധാനമായും ആറ് ദത്തെടുക്കൽ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ. മലപ്പുറം, കാസർകോട് എന്നീ ജില്ലകളിലാണ് കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. കൂടാതെ മൂന്ന് ശിശുപരിചരണ കേന്ദ്രങ്ങളും പ്രവർത്തിക്കുന്നുണ്ട്. എറണാകുളം, പാലക്കാട്, കോഴിക്കോട് എന്നിവിടങ്ങളിലാണ് കേന്ദ്രങ്ങളുളളത്.

രണ്ടാം ഘട്ടം

2002 നവംബർ 14നാണ് കേരളത്തിൽ അമ്മത്തൊട്ടിലിന്റെ പ്രവർത്തനം ആരംഭിച്ചത്. പുത്തൻ ആശയം ഉടലെടുക്കാൻ പലകാരണങ്ങൾ അന്നുണ്ടായിരുന്നുവെന്ന് ഉദ്യോഗസ്ഥർ കേരളകൗമുദിയോട് പറഞ്ഞു. 2001ൽ ഒരു സർക്കാർ ആശുപത്രിയുടെ പരിസരത്ത് പുലർച്ചെ അഞ്ച് മണിക്ക് ഒരു യുവതി പ്രസവശേഷം കുഞ്ഞിനെ ഉപേക്ഷിച്ചിട്ട് പോയി. മാലിന്യങ്ങൾ നിക്ഷേപിക്കുന്ന ബക്കറ്റിലായിരുന്നു കുഞ്ഞ്. ബക്കറ്റിനുളളിലെ ഭക്ഷണാവശിഷ്ടങ്ങൾ കഴിക്കാനെത്തിയ പട്ടികൾ ബക്കറ്റ് മറിച്ചിട്ടപ്പോഴാണ് കുഞ്ഞിനെ കണ്ടത്. ഇത് കേരളത്തിലാകെ വലിയ വാർത്തയായിരുന്നു.

ഇതിനുപിന്നാലെ മറ്റൊരു സംഭവും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. തിരുവനന്തപുരത്തെ പുല്ലൻപ്പാറ എന്ന സ്ഥലത്തുളള ഒരു റബ്ബർ തോട്ടത്തിൽ നിന്നും ഉറുമ്പരിച്ച നിലയിൽ ഒരു പിഞ്ചുകുഞ്ഞിനെ കണ്ടെത്തിയിരുന്നു. കുഞ്ഞിന്റെ ഒരു കണ്ണിന്റെ കാഴ്ച പൂർണമായും നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു. ഈ രണ്ട് സംഭവങ്ങൾ നടന്നപ്പോഴാണ് ചർച്ചകൾ ഉടലെടുത്തത്.

ammathottil

കൂടാതെ പൊതുസ്ഥലങ്ങളിൽ വലിയ അപകടസാഹചര്യങ്ങളിൽ കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് രക്ഷിതാക്കൾ കടന്നുകളയുന്ന അവസ്ഥയും കൂടുതലായി. അപ്പോഴാണ് എന്ത് ചെയ്യണമെന്ന ചർച്ചകൾ ഉണ്ടായത്. തമിഴ്നാട്ടിൽ ജയലളിത മുഖ്യമന്ത്രിയായിരുന്ന സമയത്ത് ഒരു സംവിധാനം കൊണ്ടുവന്നിരുന്നു. പക്ഷെ അത് ഇലക്ട്രോണിക്ക് അല്ലായിരുന്നു. ആ സംവിധാനം ശിശുക്ഷേമസമിതിയിലെ കുറച്ച് അംഗങ്ങൾ പോയി കണ്ടു. അത് കൈകൊണ്ട് കറക്കുന്ന ഒരു യന്ത്രമാണ്. കുഞ്ഞുങ്ങളെ ഉപേക്ഷിക്കാൻ വരുന്നവർ ആ യന്ത്രം കറക്കുമ്പോൾ ഒരു തൊട്ടിൽ വരികയും അതിൽ വച്ചിട്ട് കടന്നുകളയുന്ന സംവിധാനമായിരുന്നു. അത് ഉൾക്കൊണ്ടാണ് ശിശുക്ഷേമസമിതി വിദഗ്ദ്ധരായ എഞ്ചിനീയർമാരുടെ സഹായത്തോടെ അമ്മത്തൊട്ടിൽ വികസിപ്പിച്ചെടുത്തത്.

എല്ലാ കുഞ്ഞുങ്ങളും സനാഥരാണ്

ശിശുക്ഷേമസമിതി ഉളളടത്തോളം കാലം ഒരു കുട്ടിയും അനാഥമാകാനോ ആരുമില്ലാതെ മരണപ്പെടാനോ പാടില്ലെന്നാണ് ഇവിടത്തെ ജീവനക്കാരുടെ നിലപാട്. അമ്മത്തൊട്ടിൽ സെൻസർ സംവിധാനത്തിന്റെ സഹായത്തോടുകൂടിയാണ് പ്രവർത്തിക്കുന്നത്. കുഞ്ഞിനെ തൊട്ടിലിൽ വയ്ക്കുന്നതിന് മുൻപ് രക്ഷിതാവിന് ഒരു സ്നേഹസന്ദേശവും ലഭിക്കും. കുഞ്ഞിനെ ഉപേക്ഷിക്കാൻ പാടുളളതല്ല എന്നാണ് ആ സന്ദേശം. അതിനുശേഷവും അവർ തീരുമാനത്തിൽ നിന്നും പിൻമാറിയില്ലെങ്കിൽ അമ്മയ്ക്ക് തുല്യമായി അല്ലെങ്കിൽ അമ്മയെ പോലെ പോറ്റി വളർത്തുന്ന ശിശുക്ഷേമസമിതിയിൽ കുഞ്ഞ് സുരക്ഷിതമായിരിക്കും എന്ന സന്ദേശം കേൾക്കും. കുഞ്ഞിനെ ഉപേക്ഷിക്കാൻ എത്തുന്നവർക്ക് തൊട്ടിലിൽ കുഞ്ഞിനെ വച്ചിട്ട് പോകുന്ന സംവിധാനമാണ് അമ്മത്തൊട്ടിലിൽ ഒരുക്കിയിരിക്കുന്നത്. ഇതാണ് നിയമപരമായ ആദ്യത്തെ ഘട്ടം.

centre

കുഞ്ഞിനെ അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കുന്നതോടെ രക്ഷിതാവിന് കുഞ്ഞിനോടുളള നിയമപരമായ എല്ലാ അവകാശങ്ങളും അവസാനിക്കുകയാണ്. അമ്മത്തൊട്ടിൽ മുഖേന ഒരു കുഞ്ഞിനെ കിട്ടികഴിഞ്ഞാൽ തുടർന്ന് പത്രങ്ങളിൽ വാർത്തകൊടുക്കും. തുടങ്ങിയവയാണ് ശിശുക്ഷേമസമിതിയുടെ നടപടികൾ.

മികവുറ്റ ഭരണസമിതി

ശിശുക്ഷേമസമിതിയുടെ പ്രവ‌ർത്തനങ്ങൾ മികവുറ്റ രീതിയിൽ കൊണ്ടുപോകുന്നതിന് മുഖ്യപങ്കുവഹിക്കുന്ന ഒരു ഘടകമാണ് ഇവിടത്തെ ഭരണസമിതി. ജനറൽ സെക്രട്ടറി ജി എൽ അരുൺ ഗോപിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഭരണസമിതി കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് അധികാരത്തിൽ വന്നത്. ശിശുക്ഷേമസമിതിയിലെ പൊന്നോമനകൾക്കായി വിവിധതരത്തിലുളള പദ്ധതികളാണ് ഈ ഭരണസമിതിയൊരുക്കിയിരിക്കുന്നത്. കുഞ്ഞുങ്ങളെ പരിപാലിക്കാനായി എത്തുന്ന അമ്മമാർക്ക് പ്രത്യേക ബോധവൽക്കരണ ക്ലാസുകൾ ഒരുക്കാനും അവരുടെ മാനസികോല്ലാസത്തിനും ആരോഗ്യത്തിനുമായുളള വിവിധ തരത്തിലുളള പ്രവ‌ർത്തനങ്ങളുമാണ് അരുൺ ഗോപിയുടെ നേതൃത്വത്തിൽ ഇവിടെ നടന്നുവരുന്നത്.

team

ശിശുക്ഷേമസമിതിയിലേക്ക് എത്തിപ്പെടുന്ന കുഞ്ഞുങ്ങൾക്ക് പേരിടുന്നതിലെ വൈദഗ്ദ്ധ്യം വാർത്തയായതിനെക്കുറിച്ചും അരുൺഗോപി പ്രതികരിച്ചു. 'കുട്ടികൾക്ക് പേരിടുമ്പോൾ അതിനൊരു ജാതിയുടെയോ മതത്തിന്റെയോ സ്വഭാവം ഉണ്ടാകില്ല.ഒന്നുകിൽ ചരിത്രപ്രാധാന്യമുളളതോ അല്ലെങ്കിൽ സമകാലികപ്രശ്നങ്ങളോ സംഭവങ്ങളോ ബന്ധപ്പെടുത്തിയായിരിക്കും പേരിടാറുളളത്. ഇപ്പോൾ തന്നെ നൂറാമത്തെ കുഞ്ഞിനെ കിട്ടിയപ്പോൾ ശതസ്യ എന്ന് പേരിട്ടിരുന്നു'- അദ്ദേഹം പറഞ്ഞു.

കിട്ടിയ ഒരു കുഞ്ഞിന് നെഹ്‌റു എന്ന് പേരിട്ടിട്ടുണ്ട്. മാനവികത നഷ്ടപ്പെടുന്ന പലസംഭവങ്ങളും അടുത്തിടെ നടന്നു. അപ്പോൾ അത്തരത്തിലുളള വിഷയങ്ങളെ സമൂഹത്തിൽ എത്തിക്കുന്നതിനും വേണ്ടിയാണ് ഇപ്പോൾ കിട്ടിയ കുഞ്ഞുങ്ങൾക്ക് മാനവിയെന്നും മാനവെന്നും പേരിട്ടത്. പ്രഗ്യാൻ ചന്ദ്ര, അറിവ്, വേനൽ, നിറവ്, നിഴൽ, പ്രകൃതി, മഴ തുടങ്ങിയവ അത്തരത്തിൽ ചില പേരുകളാണ്. എന്നാൽ കുഞ്ഞുങ്ങൾക്ക് ദത്ത് നൽകുന്നതുവരെ ഈ പേരുകൾ നിലനിൽക്കുകയുളളൂവെന്നും തുടർന്ന് രക്ഷിതാക്കൾ അവരുടെ ഇഷ്ടാനുസരണം പേരിടാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഭക്ഷണത്തിലെ മികവ്

ഇവിടത്തെ കുഞ്ഞുങ്ങളുടെ ഭക്ഷണരീതി മികവുറ്റതാണ്. കേരളത്തിലെ വിവിധ പരിചരണ കേന്ദ്രങ്ങളിൽ കുഞ്ഞുങ്ങൾക്ക് എല്ലാ നേരവും നൽകുന്ന ഭക്ഷണത്തിന്റെ വിവരങ്ങൾ കൃത്യമായി നിരീക്ഷിക്കുന്നതിനുളള സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും അരുൺ ഗോപി പറഞ്ഞു. ഓരോ ദിവസവും വിഭവസമൃദ്ധമായ ഭക്ഷണമാണ് കുഞ്ഞുങ്ങൾക്കായി അമ്മമാർ ഒരുക്കുന്നത്.

food

പഠനത്തിൽ കൂടുതൽ ശ്രദ്ധ

കുട്ടികളുടെ പഠനം അടുത്തുളള സർക്കാർ സ്കൂളുകളിലായി കൃത്യമായി നടന്നുവരുന്നുണ്ട്. അടുത്തിടെ ഭരണസമിതി കുട്ടികൾക്കായി കൂടുതൽ സൗകര്യങ്ങൾ കൊണ്ടുവന്നിരുന്നു. കുട്ടികൾക്ക് സ്കൂളിലെ പഠനം കഴിഞ്ഞാൽ അ‌ഞ്ച് മണിമുതൽ പ്രത്യേക ട്യൂഷൻ സംവിധാനങ്ങൾ തയ്യാറാക്കിയിട്ടുണ്ട്. കൂടാതെ കുട്ടികളുടെ കലാകായിക രംഗങ്ങളിലെ മികവ് പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ നിരവധി പ്രവ‌ർത്തനങ്ങളും ഇവിടെ നടത്തിവരുന്നുണ്ട്.

new-building

'വീട്' ബാലികാമന്ദിരം

പിഞ്ചുകുഞ്ഞുങ്ങൾ മുതൽ ആറ് വയസുവരെയുളള കുട്ടികളെയാണ് ശിശുക്ഷേമസമിതിയിൽ സംരക്ഷിച്ചുവന്നിരുന്നത്. അതിനുശേഷം ബന്ധപ്പെട്ട കേന്ദ്രങ്ങളിലേക്ക് മാറ്റികൊണ്ടിരിക്കുകയായിരുന്നു. ഇപ്പോൾ ആറ് വയസിനുശേഷമുളള പെൺകുട്ടികളെ പാർപ്പിക്കാനായി 'വീട്' എന്ന പേരിൽ പുതിയ ബാലിക മന്ദിരം പണികഴിപ്പിച്ചു. പ്രമുഖ വ്യവസായിയായ എം എ യൂസഫലിയുടെ മകളുടെ പേരിലുളള ട്രസ്റ്റാണ് ഇതിനുവേണ്ടി സഹായം ചെയ്തത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: TRIVANDRUM, CHILD, WEALFARE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.