SignIn
Kerala Kaumudi Online
Thursday, 18 July 2024 9.35 AM IST

തുളുനാട്ടിൽ കളരി കഠിനം

d

മണ്ഡലം നിലനിറുത്താനും പിടിച്ചെടുക്കാനുമുള്ള പോരാട്ടമാണ് കാസർകോട്ടേത്. തുളുനാട് ആർക്കൊപ്പം നിൽക്കുമെന്ന് പ്രവചിക്കാൻ കഴിയാത്ത മട്ടിലാണ് ഇവിടത്തെ ത്രികോണ പോരാട്ടം. ഇടതു പക്ഷത്തിന്റെ നെടുങ്കോട്ട എന്നറിയപ്പെടുന്ന മണ്ഡലം 35 വർഷത്തിനു ശേഷം പിടിച്ചെടുത്ത് 2019- ൽ ചരിത്രം കുറിച്ച രാജ്‌മോഹൻ ഉണ്ണിത്താൻ വീണ്ടും മത്സരത്തിനിറങ്ങി അങ്കം മുറുക്കുന്നത് ആ ചരിത്രം ആവർത്തിക്കാനാണ്. റെക്കാഡ് ഭൂരിപക്ഷത്തിൽ മണ്ഡലം നിലനിറുത്തുമെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ ആവർത്തിച്ച് പ്രഖ്യാപിക്കുമ്പോൾ,​ പിഴവുകളുടെ പഴുതടച്ച് വടക്കൻ കോട്ട തിരിച്ചുപിടിക്കുമെന്ന് പ്രഖ്യാപിച്ചാണ് സി.പി.എം മുൻ ജില്ലാ സെക്രട്ടറി കൂടിയായ എം.വി. ബാലകൃഷ്ണൻ പടയോട്ടം നടത്തുന്നത്. മോദി ഗ്യാരന്റി ഉറപ്പു നൽകി തുളുനാടൻ കോട്ട പിടിക്കാൻ എൻ.ഡി.എ രംഗത്തിറക്കിയത് പുതുമുഖ വനിതയായ എം.എൽ. അശ്വിനിയെ ആണ്.

സാഹചര്യം

പാടേ മാറി

സീറ്റ് നിലനിറുത്തുക രാജ്‌മോഹൻ ഉണ്ണിത്താനെ സംബന്ധിച്ചിടത്തോളം,​ യു.ഡി.എഫ് കരുതുന്നത്ര എളുപ്പമാകില്ലെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. ഏഴ് അസംബ്ലി മണ്ഡലങ്ങളിൽ കല്യാശ്ശേരി, പയ്യന്നൂർ, തൃക്കരിപ്പൂർ, കാഞ്ഞങ്ങാട്, ഉദുമ മണ്ഡലങ്ങൾ ഇടതുമുന്നണിയുടെ നെടുങ്കോട്ട തന്നെയാണ്. കാസർകോട്, മഞ്ചേശ്വരം മണ്ഡലങ്ങൾ മാത്രമാണ് യു.ഡി.എഫ് അനുകൂലം. 2019- ലെ രാഷ്ട്രീയ സാഹചര്യമല്ല മണ്ഡലത്തിൽ. രാഹുൽ ഗാന്ധി വയനാട്ടിൽ നിന്നു ജയിച്ച് പ്രധാനമന്ത്രിയാകുമെന്നുള്ള പ്രചാരണവും,​ ശബരിമല വിഷയത്തിൽ എൽ.ഡി.എഫിന് എതിരെയുണ്ടായ പ്രചാരണവും,​ അതിലേറെ പെരിയ കൊലക്കേസുമാണ് ഉണ്ണിത്താനെ കഴിഞ്ഞ തവണ വിജയിപ്പിച്ചത്.

2014- ൽ രണ്ടര ലക്ഷം വോട്ട് ഉണ്ടായിരുന്ന എൻ.ഡി.എയ്ക്ക് കഴിഞ്ഞ തവണ അത് 1.71 ലക്ഷമായി കുറഞ്ഞിരുന്നു. അതിൽ നല്ലൊരു പങ്ക് കൊല്ലത്തുനിന്ന് ഗ്ലാമർ പരിവേഷവുമായി വന്ന ഉണ്ണിത്താന് അനുകൂലമായി കിട്ടുകയും ചെയ്തു. എൻ.ഡി.എ യുടെ ഉറച്ച വോട്ടുകൾ ചെറുപ്പക്കാരിയായ അശ്വിനിയിലൂടെ തിരിച്ചുപിടിച്ചാൽ ഭീഷണിയാകുന്നത് ഉണ്ണിത്താന്റെ വിജയസാദ്ധ്യതയ്ക്കു തന്നെ. പ്രചാരണത്തിൽ ഉണ്ണിത്താനെ പിന്നിലാക്കിയാണ് ഇടതിലെ എം.വി. ബാലകൃഷ്ണനും എൻ.ഡിഎയുടെ അശ്വിനിയും മുന്നേറുന്നത്. ഡൽഹിയിൽ നിന്ന് പണം വരാത്തതും കൂപ്പൺ പിരിവ് ഫലപ്രദമാകാത്തതും ഉണ്ണിത്താന് ക്ഷീണമാകുന്നുണ്ട്. അതേസമയം,​ ചില പ്രാദേശിക വിഷയങ്ങളാണ് എം.വി. ബാലകൃഷ്ണനുള്ള പ്രതികൂല ഘടകം.

പൗരത്വത്തിലെ

ഇടതു പ്രതീക്ഷ

പൗരത്വ ഭേദഗതി നിയമം കേന്ദ്രസർക്കാർ തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് നടപ്പിലാക്കിയത് കാസർകോട് മണ്ഡലത്തിലെ മുസ്ലിം വോട്ടർമാരിൽ ഒരു ഇടത് അനുകൂല തരംഗമുണ്ടാക്കിയിരുന്നു. ജില്ലയിൽ മുസ്ലിം ഭൂരിപക്ഷ കേന്ദ്രങ്ങളിൽ നൈറ്റ് മാർച്ച് നടത്തിയും,​ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടു പങ്കെടുത്ത് കാഞ്ഞങ്ങാട്ട് പ്രതിഷേധ കൂട്ടായ്മ നടത്തിയുമാണ് ഇടതു മുന്നണി കേന്ദ്ര സർക്കാരിനെതിരെ പൊതുവികാരം ഉയർത്തികൊണ്ടുവന്നത്. എന്നാൽ,​ റിയാസ് മൗലവി വധക്കേസിൽ പ്രതികളെയെല്ലാം വെറുതെ വിട്ടുകൊണ്ടുള്ള വിധിയാണ് മണ്ഡലത്തിൽ ഇടതുമുന്നണി സ്ഥാനാർത്ഥി എം.വി. ബാലകൃഷ്ണന് അപ്രതീക്ഷിത തിരിച്ചടിയായത്.

മുഴക്കം മാറാതെ

മൗലവി കേസ്

പഴയ ചൂരിയിലെ പള്ളിയിൽ കയറി റിയാസ് മൗലവിയെ ക്രൂരമായി വെട്ടിക്കൊന്ന കേസിൽ ഏഴു വർഷത്തിനു ശേഷം വിചാരണ പൂർത്തിയാക്കിയാണ് കാസർകോട് കോടതി മൂന്ന് പ്രതികളെയും വെറുതെ വിട്ടത്. ഈ വിഷയം സി.പി. എം - ബി.ജെ.പി അന്തർധാരയുടെ ഭാഗമായി പൊലീസും പ്രോസിക്യൂഷനും മനഃപൂർവം ഒത്തുകളിക്കുകയായിരുന്നു എന്ന രീതിയിൽ എത്തിക്കാൻ യു.ഡി.എഫിനു സാധിച്ചു. യു.ഡി.എഫ് ഇത് ന്യുനപക്ഷ മേഖലകളിൽ വ്യാപകമായ പ്രചാരണ വിഷയമാക്കുകയും ചെയ്തു. ഈ അപകടം തിരിച്ചറിഞ്ഞ് അപ്പീലിനു പോകാൻ സർക്കാർ തീരുമാനമെടുത്തത് എൽ.ഡി.എഫിന് ആശ്വാസം പകരുന്നതാണ്.

മണ്ഡലത്തിലെ രണ്ടു ലക്ഷത്തോളം വരുന്ന പുതിയ വോട്ടർമാരായിരിക്കും ഇത്തവണ ആര് ജയിക്കണമെന്ന യഥാർത്ഥ തീരുമാനമെടുക്കുക. ഏറ്റവും കൂടുതൽ പുതിയ വോട്ടർമാരുള്ളത് ഇടതു കോട്ടയായ കല്യാശ്ശേരി, പയ്യന്നൂർ, തൃക്കരിപ്പൂർ മണ്ഡലങ്ങളിൽ നിന്നാണ്. കാസർകോട് , മഞ്ചേശ്വരം മണ്ഡലങ്ങളാണ് ഏറ്റവും കുറവ് പുതിയ വോട്ടർമാർ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KASARAGOD
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.