SignIn
Kerala Kaumudi Online
Saturday, 17 August 2024 10.19 AM IST

ജലത്താൽ മുറിവേൽക്കുന്നവർ

k

വെറും രണ്ടാഴ്ചയ്ക്കിടെ ഇടുക്കിയിലെ ജലാശയങ്ങളിൽ മുങ്ങി മറഞ്ഞത് നാല് ചെറുപ്പക്കാരാണ്. അതിലൊരാൾ 15 വയസ് മാത്രം പ്രായമുള്ള കുട്ടിയാണ്. നാല് ജീവനുകൾ പൊലിഞ്ഞിട്ടും അധികൃതർക്ക് ഒരു കൂസലുമില്ല, ഒരു നടപടിയുമില്ല. രാഷ്ട്രീയനേതാക്കളും ജനപ്രതിനിധികളും സർക്കാർ ഉദ്യോഗസ്ഥരുമെല്ലാം തിരഞ്ഞെടുപ്പ് തിരക്കിൽ മുങ്ങിനിവരുകയാണ്. വോട്ട് ചെയ്യുന്നതിന് ജനങ്ങളെ പ്രബുദ്ധരാക്കാൻ പാരാഗ്ലൈഡിംഗും റാഫ്റ്റിംഗും വരെ ബോധവത്കരണത്തിന് ഉപയോഗിക്കുന്ന ഭരണകൂടത്തിന് ഒരു തലമുറ വെള്ളത്തിൽ മുങ്ങി മറയുന്നത് തടയാൻ ചെറുവിരൽ പോലും അനക്കാനാകുന്നില്ല.

വളർച്ചയുടെ ഒരു ഘട്ടത്തിൽ നാം തറയിൽ കമിഴ്ന്നു നീന്തുമെങ്കിലും മനുഷ്യന് സ്വാഭാവികമായുള്ള സിദ്ധിയല്ല ജലത്തിൽ നീന്തൽ. അത് നാം ആർജിച്ചെടുക്കുന്നതാണ്. അതുകൊണ്ട് തന്നെ നമ്മുടെ നാട്ടിൽ ഉണ്ടാവുന്ന അസ്വാഭാവിക മരണങ്ങളിൽ എണ്ണത്തിൽ വളരെ കൂടുതലാണ് മുങ്ങിമരണങ്ങൾ. വാഹനാപകടങ്ങളും ആത്മഹത്യയും കഴിഞ്ഞാൽ ഏറ്റവുമധികം ജീവൻ അപഹരിക്കുന്നത് മുങ്ങി മരണങ്ങളാണ്. ധാരാളം ചെറുപ്പക്കാരും വിദ്യാർത്ഥികളും കുട്ടികളും മുങ്ങി മരണങ്ങൾക്കിരയാവുന്നുണ്ട്. കേരളത്തിൽ പ്രകൃതി ദുരന്തങ്ങളിലും മറ്റും മരിക്കുന്നവരേക്കാൾ വളരെയധികമാണ് ഓരോ വർഷവും മുങ്ങി മരിക്കുന്നവരെന്നാണ് നാഷണൽ ക്രൈം റെക്കാഡ്സ് ബ്യൂറോയുടെ റിപ്പോർട്ട്. ഇരുന്നൂറും മുന്നൂറുമല്ല ആയിരത്തിലധികമാണ് ഒരു വർഷം കേരളത്തിൽ മുങ്ങി മരിക്കുന്നവരുടെ എണ്ണം. ഉദാഹരണത്തിന് 2019ൽ കേരളത്തിൽ 1452 സംഭവങ്ങളിലായി 1490 പേരാണ് മുങ്ങി മരിച്ചത്. 2004ൽ സുനാമിയിൽ കേരളത്തിൽ ആകെ മരിച്ചത് 174 പേരാണ്. അതായത് ഓരോ രണ്ടു മാസത്തിലും കേരളത്തിൽ ഒരു സുനാമിയുടെ അത്രയും ആളുകൾ മുങ്ങി മരിക്കുന്നുണ്ട്. ഈ നൂറ്റാണ്ടിലെ മഹാപ്രളയത്തിൽ 2018ൽ 480 പേരാണ് മരിച്ചത്. അതായത് ഓരോ നാലു മാസത്തിലും പ്രളയത്തിൽ മരിച്ചതിൽ കൂടുതൽ ആളുകൾ മുങ്ങി മരിക്കുന്നുണ്ട്. മുങ്ങി മരണങ്ങൾ മിക്കവാറും ഒറ്റയ്‌ക്കൊറ്റയ്ക്കായതിനാൽ പ്രാദേശിക വാർത്തകൾക്കപ്പുറം അത് പോകാറില്ല. അതുകൊണ്ട് ഇത്രമാത്രം മരണങ്ങൾ ഉണ്ടാകുന്നത് ശ്രദ്ധയിൽപ്പെടുന്നില്ല. ഇടുക്കി ജില്ലയിൽ മാത്രം അഞ്ച് വർഷത്തിനിടെ നൂറ്റമ്പതോളം പേരുടെ ജീവനാണ് ജലാശയങ്ങളിൽ പൊലിഞ്ഞത്.

അപകടത്തിൽപ്പെടുന്നവരിലേറെയും കുട്ടികളാണെന്നതാണ് ഏറെ സങ്കടകരം. അവധിക്കാലത്ത് ബന്ധുവീട് സന്ദർശനത്തിനെത്തുന്നവരാകും ഇവരിലേറെയും. സ്ഥലപരിചയമില്ലാതെ അമിത ആത്മവിശ്വാസത്തോടെ വെള്ളത്തിലിറങ്ങി അപകടത്തിൽപെടും. അതിസാഹസികത കാട്ടാനുള്ള ശ്രമങ്ങളും അപകടത്തിലാക്കും. സ്‌കൂൾ അടച്ച ആശ്വാസത്തിലും ആവേശത്തിലും പുഴകളിലും തോടുകളിലും സംഘം ചേർന്ന് കുളിക്കാനിറങ്ങുന്ന കുട്ടികൾ അപകടത്തിൽ പെടുന്നത് നാടിന് ഏറെ നൊമ്പരമാണ് സൃഷ്ടിക്കുന്നത്. വെള്ളക്കെട്ടുകളുള്ള സ്ഥലങ്ങളിൽ കുട്ടികൾ ഒറ്റയ്ക്ക് എത്തിപ്പെടാവുന്ന സാഹചര്യം ഒഴിവാക്കാൻ രക്ഷിതാക്കൾ ശ്രദ്ധിക്കണം. ഇത് ചെയ്യാൻ പറ്റാത്ത ഇടങ്ങളിൽ വേലി, മതിൽ കെട്ട് തുടങ്ങിയവ ഒരുക്കി സുരക്ഷ ഉറപ്പാക്കണം. മൂടാത്ത കിണറുകൾ, പൊട്ടക്കിണറുകൾ, ചെറിയ കുളങ്ങൾ തുടങ്ങിയവയും അപകട സാദ്ധ്യതകളാണ്.

മറഞ്ഞിരിക്കും

ചതിക്കുഴികൾ

ജലാശയങ്ങളിലെ കയങ്ങളിലും അടിയൊഴുക്കുള്ള നദികളിലും പതിയിരിക്കുന്ന ചതിക്കുഴികൾ മനസിലാക്കാതെയാണ് പലരും അപകടത്തിലേക്ക് എടുത്തു ചാടുന്നത്. ജലാശയങ്ങളിൽ മീൻ പിടിക്കാൻ പോകുന്ന പരിചയ സമ്പന്നരായവർ പോലും പ്രതികൂല കാലാവസ്ഥയിൽ അപകടത്തിൽപ്പെടുന്നുണ്ട്. മറഞ്ഞിരിക്കുന്ന കെണികൾ കാണാതെയാണ് പലരും അപകടത്തിലേക്ക് ഊഴിയിടുന്നത്. താഴ്ചയും അഗാധങ്ങളിലെ കൊടുംതണുപ്പും മൂലം പലപ്പോഴും രക്ഷാ പ്രവർത്തനവും ദുഷ്‌കരമാകാറുണ്ട്. കയത്തിലും ചെളി നിറഞ്ഞ ഭാഗങ്ങളിലും അകപ്പെട്ട് തിരികെ കയറാൻ കഴിയാതെയാണ് പലരുടെയും ജീവൻ നഷ്ടമാകുന്നത്. നീന്തൽ അറിയാവുന്നവരുടെയും ജീവൻ ഇത്തരത്തിൽ പൊലിഞ്ഞിട്ടുണ്ട്. 2020ലെ ക്രിസ്തുമസ് ദിനത്തിൽ സിനിമാ നടൻ അനിൽ നെടുമങ്ങാട് ഇത്തരത്തിൽ മരണപ്പെട്ടയാളാണ്. ഷൂട്ടിംഗ് ഇല്ലാത്ത ദിവസം തൊടുപുഴയിൽ നിന്ന് എട്ട് കിലോമീറ്റർ അകലെയുള്ള മലങ്കര ടൂറിസം ഹബിലെത്തിയ അനിലും രണ്ട് സുഹൃത്തുക്കളും സമീപത്തെ ഒരു ചെറിയ കടവിൽ കുളിക്കുമ്പോഴായിരുന്നു അപകടം. നാട്ടുകാരിലൊരാൾ മിനിട്ടുകൾക്കകം അനിലിന്റെ പുറത്തെടുത്ത് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അനിലിന് നന്നായി നീന്തൽ അറിയാമായിരുന്നുവെന്ന് അദ്ദേഹത്തോട് അടുപ്പമുള്ളവർ വ്യക്തമാക്കുന്നു.

പല വിധത്തിൽ പുഴകൾ അപകടക്കെണിയാകാം. പല പുഴകളും പുറമേ നിന്നു കാണുമ്പോൾ ആഴം കുറഞ്ഞവയായി തോന്നാം. പക്ഷേ, മണലൂറ്റൽ മൂലം രൂപപ്പെട്ട കുഴികൾ അപകടത്തിൽപെടുത്താം. ഇത്തരം ഗർത്തങ്ങളിൽ കുടുങ്ങിയാൽ പിന്നെ രക്ഷയില്ല. വല്ലാത്ത അടിയൊഴുക്കും ഇവിടങ്ങളിലുണ്ടാകും. പുറമെ പുല്ലുവളർന്നു നിൽക്കുന്ന വെള്ളക്കെട്ടുകൾക്ക് ആഴം കുറവാകുമെന്നു കരുതിയിറങ്ങി അപകടത്തിൽപെടുന്നവരുമേറെയാണ്. പുല്ലിന് താഴെ ആഴക്കയമാണെങ്കിൽ നീന്തി രക്ഷപ്പെടാൻ പോലും കഴിയില്ല. ചുഴി, അടിയൊഴുക്ക്, പാറക്കെട്ടുകളിലെ വഴുക്കൽ, മുങ്ങാങ്കുഴിയിടുന്നവരെ കുടുക്കുന്ന കരിങ്കൽ ചീളുകൾ, കുഴികൾ എന്നിവയും അപകടമുണ്ടാക്കും. എത്ര നന്നായി നീന്തൽ അറിയാമെങ്കിലും ഇവയെക്കുറിച്ചു ധാരണയില്ലാത്തിടത്ത് ഇറങ്ങരുത്.

സുരക്ഷാ

വെള്ളത്തിലെ വര

റോഡപകടത്തിന്റെ കാര്യത്തിൽ കേരളത്തിൽ സുരക്ഷയ്ക്ക് കമ്മിറ്റികളുണ്ട്, ഫണ്ടുണ്ട്, റോഡ് സേഫ്‌റ്റി വകുപ്പുണ്ട്, നിരവധി ബോധവത്കരണ പരിപാടികളുണ്ട്. പരിക്കേറ്റവരുടെയും മരിച്ചവരുടെയും എണ്ണം, ഏതൊക്കെ മാസങ്ങളിലാണ് കൂടുതൽ അപകടം നടന്നത് തുടങ്ങിയ വിവരങ്ങളെല്ലാം കേരളാ പൊലീസിന്റെ വെബ്‌സൈറ്റിലുണ്ട്. പക്ഷേ, മുങ്ങിമരണത്തിന്റെ കാര്യത്തിൽ ഇതൊന്നുമില്ല. മുങ്ങിമരണം കേരളത്തിലെ സുരക്ഷാനിർവഹണ രംഗത്തെ ഒരു അനാഥ പ്രേതമാണ്. ഇതിനെപ്പറ്റി വിവരങ്ങൾ ശേഖരിക്കുന്നില്ല എന്നതോ പോട്ടെ, ഇതിനെതിരെ ബോധവത്കരണം നടത്താൻ റോഡ് സുരക്ഷാ അതോറിട്ടി പോലെ ഒരു അതോറിട്ടിയോ റോഡ് സുരക്ഷയ്ക്കുള്ളത് പോലെ ഒരു ഫണ്ടോ ഇല്ല എന്നതാണ് യാഥാർത്ഥ്യം. സംസ്ഥാനത്തിന് ഒരു ജലസുരക്ഷാ പദ്ധതി എത്ര അത്യന്താപേക്ഷിതമാണെന്നതിലേക്കാണ് ഇത് വിരൽചൂണ്ടുന്നത്. നീന്തൽ സ്‌കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്നത് ഇനിയും വൈകരുത്. വെള്ളത്തിൽ വീഴുന്നവർക്ക് പ്രഥമശുശ്രൂഷ നൽകാൻ നമ്മുടെ കുട്ടികളെ പഠിപ്പിക്കണം. അപകടസ്ഥലത്ത് വെറും കാഴ്ചക്കാരായി നിന്ന് ഫോട്ടോയും വീഡിയോയും എടുക്കുന്നവരായി മാത്രം നമ്മുടെ യുവാക്കൾ അധഃപതിക്കരുത്. നാലുവയസിന് മുമ്പ് നീന്തൽ പഠിച്ചാൽ കുട്ടികളിലെ മുങ്ങി മരണം 80 ശതമാനത്തിൽ കൂടുതൽ കുറയ്ക്കാമെന്നാണ് പഠനങ്ങൾ. ഒരു വയസിൽ തന്നെ നീന്തൽ പഠിപ്പിക്കാൻ കഴിയുമെങ്കിലും പ്രായോഗിക ബുദ്ധിമുട്ടുകൾ കാരണം ആറ് വയസിലാണ് മിക്കയിടങ്ങളിലും നീന്തൽ പഠിപ്പിക്കാൻ തുടങ്ങുന്നത്. കുത്തിയൊലിക്കുന്ന നീരൊഴുക്കുള്ള സ്ഥലങ്ങൾ, അടിയൊഴുക്കുള്ള സ്ഥലങ്ങൾ എന്നിങ്ങനെ എവിടെയെല്ലാം നീന്തരുത് എന്ന് കൂടി പഠിപ്പിക്കണം. മുന്നറിയിപ്പുകൾ അനുസരിക്കാനും പ്രത്യേകം പരിശീലനം നൽകണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: DROWNING
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.