SignIn
Kerala Kaumudi Online
Thursday, 18 July 2024 4.58 AM IST

കമ്മിഷണറോ സർവ്വാധികാരി?

k

കേരളത്തിന്റെ ദേശീയോത്സവമായ ഓണം കഴിഞ്ഞാൽ ഏറ്റവുമധികം മലയാളികൾ ആഘോഷിക്കുന്നത് വിഷുവാണ്. തൃശൂരുകാരെ സംബന്ധിച്ച് പൂരമാണ് ദേശീയോത്സവം. തൃശൂരുകാർ മാത്രമല്ല, ലോകമെമ്പാടുമുള്ള മലയാളികൾ പൂരത്തിന് തൃശൂരിലേക്ക് ഒഴുകിയെത്തുന്നതാണ് ഇപ്പോഴത്തെ ഒരു രീതി. അതിൽ ജാതിമത, വർണ വ്യത്യാസമോ വിശ്വാസത്തിന്റെ പ്രശ്നമോ ഒന്നും ഉദിക്കുന്നില്ല. പൂരപ്പൊലിമയിലും പ്രൗഢിയിലും ഇഴുകിച്ചേർന്ന് അതിന്റെ വ്യത്യസ്തതയാർന്ന ചടങ്ങുകളെല്ലാം വേണ്ടുവോളം ആസ്വദിച്ച് വിസ്മയക്കാഴ്ചകളുടെ കുടമാറ്റവും വെടിക്കെട്ടും കണ്ട് അവസാനം പാറമേക്കാവ്, തിരുവാമ്പാടി ഭഗവതിമാർ ഉപചാരം ചൊല്ലി പിരിയും വരെയും ആ മൂഡിലാകും എല്ലാവരും. ചരിത്രപ്രസിദ്ധമായ പൂരമാണ് ഇക്കുറി പൊലീസിന്റെ തേർവാഴ്ചയിൽ അലങ്കോലമായത്.

പാർലമെന്റ് തിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ പൊലീസ് നടത്തിയ അഴിഞ്ഞാട്ടം തൃശൂരിലെ അടക്കം വിവിധ മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പിനെ ഏത്‌വിധം ബാധിക്കുമെന്ന ആശങ്കയിലാണിപ്പോൾ മുന്നണികൾ. പൂരപ്രേമികളുടെ മനസിൽ ആഴത്തിലുണ്ടാക്കിയ മുറിവുകൾ ഏത്‌വിധത്തിൽ പ്രതിഫലിക്കുമെന്നാണ് ഏവരുടെയും ആകാംക്ഷ. സംസ്ഥാനത്ത് ശക്തമായ ത്രികോണമത്സരം നടക്കുന്ന അപൂർവം മണ്ഡലങ്ങളിലൊന്നാണ് തൃശൂർ. പൂരം നടക്കുമ്പോൾ മന്ത്രിമാരായ ആർ. ബിന്ദു, റവന്യു മന്ത്രി കെ.രാജൻ എന്നിവരെക്കൂടാതെ സ‌ർക്കാരിന്റെ പ്രതിനിധികളായ ഉന്നത രാഷ്ട്രീയ, ഉദ്യോഗസ്ഥ മേധവികളെല്ലാം അവിടെ ഉണ്ടായിട്ടും പൊലീസിന്റെ തേ‌ർവാഴ്ചയിൽ പൂരം അലങ്കോലമായെന്നത് സാമാന്യബാധമുള്ളവ‌ർക്ക് ദഹിക്കുന്നതല്ല.

അന്ന് ശബരിമല,

ഇന്ന് പൂരം

ചരിത്രപ്രസിദ്ധമായ തൃശൂർ പൂരം ഇതാദ്യമായി പൊലീസിന്റെ അസാധാരണമായ ഇടപെടലിലും അഴിഞ്ഞാട്ടത്തിലും അലങ്കോലമായതിനു പിന്നാലെ പൊതുസമൂഹത്തിൽ, വിശേഷിച്ച് ക്ഷേത്രാചാരങ്ങളിൽ വിശ്വാസം അർപ്പിക്കുന്നവരിൽ കാതലായ സംശയമാണ് ഉടലെടുത്തിട്ടുള്ളത്. ഹൈന്ദവ ആചാരങ്ങൾക്കെതിരായി നിരന്തരമുണ്ടാകുന്ന കടന്നുകയറ്റത്തിനു പിന്നിൽ വ്യക്തമായ ആസൂത്രണവും ഗൂഢാലോചനയും നടക്കുന്നുണ്ടോ എന്നതിനെച്ചൊല്ലിയാണീ സംശയം. മുമ്പ് ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന അമിതമായ പൊലീസ് ഇടപെടലും ബലപ്രയോഗങ്ങളും കേരളത്തിലും ദേശീയതലത്തിലും വ്യാപകമായ ചർച്ചകൾക്കും പ്രതിഷേധങ്ങൾക്കും വഴിവച്ചതാണ്. ശബരിമലയിലെ കാലങ്ങളായി തുടർന്നുവരുന്ന ആചാരങ്ങൾ ഒരു സുപ്രീംകോടതി ഉത്തരവിന്റെ ബലത്തിൽ സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ നടത്തിയ ഇടപെടലുകൾ വിശ്വാസി സമൂഹത്തിലുണ്ടാക്കിയ മുറിവ് ചെറുതൊന്നുമായിരുന്നില്ല.

2018 സെപ്തംബർ 28നാണ് ചരിത്രപരമെന്ന് വിശേഷിപ്പിക്കപ്പെട്ട ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി വന്നത്. ശബരിമലയിൽ 10നും 50 വയസിനും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്കുള്ള പ്രവേശനവിലക്ക് മൗലികാവകാശലംഘനമായതിനാലും സമത്വത്തെ ഇല്ലായ്മ ചെയ്യുന്നതിനാലും നിലനിൽക്കുന്നതല്ലെന്നും അതിനാൽ എല്ലാ സ്ത്രീകൾക്കും പ്രവേശനാനുമതി നൽകണമെന്നുമായിരുന്നു കോടതിവിധി. ആ വിധി തിടുക്കപ്പെട്ട് നടപ്പാക്കാൻ തുനിഞ്ഞ സർക്കാർ പൊലീസിനെ ഉപയോഗിച്ച് ശബരിമലയിൽ സ്ത്രീകളെ നിർബന്ധിച്ച് കയറ്റാൻ നടത്തിയ ശ്രമങ്ങൾക്കെതിരെ വ്യാപക പ്രതിഷേധങ്ങളാണ് അരങ്ങേറിയത്. ഒടുവിൽ ആളിക്കത്തിയ പ്രതിഷേധാഗ്നിക്ക് മുന്നിൽ ഗത്യന്തരമില്ലാതെ സർക്കാർ താത്കാലികമായി പിൻമാറുകയായിരുന്നു. എന്നാൽ തുടർന്നു വരുന്ന ഓരോ മണ്ഡലകാലവും ഒന്നല്ലെങ്കിൽ മറ്റൊരു തരത്തിലുള്ള വിവാദങ്ങളുമായി അവസാനിക്കുന്നതാണ്.

ഇക്കഴിഞ്ഞ മണ്ഡലകാലത്തും ചരിത്രത്തിലാദ്യമായി തിരക്ക് മൂലം അന്യസംസ്ഥാനങ്ങളിൽ നിന്നെത്തിയ അയ്യപ്പന്മാർക്ക് പതിനെട്ടാംപടി കയറാനാകാതെ മടങ്ങിപ്പോകേണ്ട സ്ഥിതിയുണ്ടായി. വൻ പ്രതിഷേധമാണ് ഇതുയർത്തിയതെങ്കിലും സർക്കാരിന്റെ ഭാഗത്തുനിന്ന് കാര്യമായ നടപടികളൊന്നും ഉണ്ടായില്ല. അതിന്റെ തുടർച്ചയായുണ്ടായ തൃശൂർ പൂരം വിവാദത്തെ ആചാരാനുഷ്ഠാനങ്ങൾക്കും വിശ്വാസങ്ങൾക്കും എതിരായുള്ള കടന്നുകയറ്റമായി കാണുന്നവരെ കുറ്റംപറയാനാകാത്ത സ്ഥിതിയാണുള്ളത്. പൂരത്തിനോടനുബന്ധിച്ച് കുടമാറ്റത്തിൽ അയോദ്ധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠയായ രാംലല്ലയും വില്ലുകുലയ്ക്കുന്ന ശ്രീരാമനും ഇടംപിടിച്ചതാണ് പൂരം അലങ്കോലമാക്കാൻ അദൃശ്യ ശക്തികൾ കരുനീക്കം നടത്തിയതെന്ന ആരോപണം ഉയരുന്നുണ്ട്.

തൃശൂർ പൂരം പോലെ സമസ്തജനവിഭാഗങ്ങളും പങ്കെടുക്കുന്ന ഒരാഘോഷത്തിൽ രാംലല്ലയും ശ്രീരാമനും കടന്നുവന്നത് മതേതരമൂല്യങ്ങളെ ഹനിക്കുന്ന നടപടിയായാണ് പുരോഗമനവാദികളും ഇടത് സൈദ്ധാന്തികരായ ബുദ്ധിജീവികളുമൊക്കെ വിശേഷിപ്പിക്കുന്നത്. ക്ഷേത്രാചാരങ്ങൾ പാലിച്ച് നടത്തുന്ന പൂരവും കുടമാറ്റവും മതേതരമായ ഒരാഘോഷമെന്ന നിലയിലാണ് ഇക്കൂട്ടരുടെ വിലയിരുത്തൽ. എന്നാൽ വടക്കുംനാഥ ക്ഷേത്ര മൈതാനത്ത് ക്ഷേത്രാചാരങ്ങൾ പാലിച്ച് ഹൈന്ദവാചാരങ്ങളുടെ ഭാഗമായി നടക്കുന്നതാണ് കുടമാറ്റമെന്നാണ് മറുവാദം. അയോദ്ധ്യയിലെ രാമക്ഷേത്രം യാഥാർത്ഥ്യമായതു മുതൽ തന്നെ കേരളത്തിൽ അതിനെതിരായൊരു വിവാദം ഉയർത്താനും അതുവഴി ചിലവിഭാഗങ്ങളെ സന്തോഷിപ്പിക്കാനുമുള്ള നീക്കം നടക്കുന്നുവെന്നത് യാഥാർത്ഥ്യമാണ്.

ഹൈന്ദവ വിശ്വാസപ്രകാരവും, വൈഷ്ണവ വിശ്വാസപ്രകാരവും ത്രിമൂർത്തികളിൽ ഒരാളും, പരിപാലകനുമായ ഭഗവാൻ മഹാവിഷ്ണുവിന്റെ ദശാവതാരങ്ങളിൽ ഏഴാമത്തെ അവതാരമാണ്‌ ശ്രീരാമൻ. അയോദ്ധ്യയിലെ രാജാവായിരുന്ന രാമനെ കേന്ദ്രീകരിച്ചാണ് രാമായണം എന്ന മഹാകാവ്യം പുരോഗമിക്കുന്നത്. ഹിന്ദുമതത്തിൽ മര്യാദാ പുരുഷോത്തമനായും നന്മയുടെ ദൈവമായുമൊക്കെ ശ്രീരാമനെ കരുതുന്നു. കേരളത്തിൽ കർക്കിടകമാസം രാമായണമാസമായി അതിവിപുലമായ രീതിയിലാണിപ്പോൾ ആഘോഷിക്കപ്പെടുന്നത്. അങ്ങനെയെങ്കിൽ ഹൈന്ദവവിശ്വാസികൾ ദൈവമായി കരുതി ആരാധിക്കുന്ന ശ്രീരാമന്റെ ചിത്രം പൂരത്തോടനുബന്ധിച്ച് ഉയർത്തിയതിൽ കുരുപൊട്ടുന്നത് ആർക്കാണെന്ന ചോദ്യമാണ് ഈ വാദം ഉയർത്തുന്നവർ ഉന്നയിക്കുന്നത്. കഴിഞ്ഞവർഷത്തെ പൂരത്തിന്റെ കുടമാറ്റത്തോടനുബന്ധിച്ച് ഫുട്ബോൾ ഇതിഹാസമായ ലയണൽ മെസിയുടെ ചിത്രം ഉയർത്തിയപ്പോൾ ഹൈന്ദവ വിശ്വാസികൾക്കാർക്കും കുരുപൊട്ടിയില്ലല്ലോ എന്ന ചോദ്യവും അവർ ഉന്നയിക്കുന്നു

കമ്മിഷണറോ

വില്ലൻ ?

തൃശൂ‌ർ പൂരം അലങ്കോലമാക്കിയതിനു പിന്നിൽ സിറ്റി പൊലീസ് കമ്മിഷണ‌ർ അങ്കിത് അശോകന്റെ വഴിവിട്ട ഇടപെടലുകളാണെന്നാണ് പ്രചരിക്കുന്ന വിവരം. ഒരു കമ്മിഷണർ മാത്രം വിചാരിച്ചാൽ ഒരു പൂരത്തെ ഈവിധം അലങ്കോലമാക്കാൻ കഴിയുമോ എന്ന കാതലായ സംശയമാണുയരുന്നത്. കുടമാറ്റ ശേഷം നടക്കേണ്ട രാത്രി പൂരത്തിന് കാഴ്ചക്കാരെ മുഴുവൻ സ്വരാജ് റൗണ്ടിൽ നിന്ന് അകറ്റും വിധം വടംകെട്ടിയും ബാരിക്കേഡ് ഉയർത്തിയും പ്രതിരോധിക്കാൻ ഉത്തരവ് നൽകുകയും ഭാരവാഹികളെപ്പോലും തടയാൻ മുന്നിട്ടുനിൽക്കുകയും ചെയ്തത് കമ്മിഷണറാണ്. മന്ത്രിമാരടക്കം സ്ഥലത്തുള്ളപ്പോൾ കമ്മിഷണർക്ക് അഴിഞ്ഞാടാൻ കഴിയുന്നത് അവിശ്വസനീയമാണ്. കടുത്ത നിയന്ത്രണങ്ങളിൽ പ്രതിഷേധിച്ച് വടക്കുംനാഥൻ വിഭാഗക്കാ‌ർ പുലർച്ചെ നടക്കേണ്ട വെടിക്കെട്ടിൽ നിന്ന് പിന്മാറുക പോലും ചെയ്തു.

പൂരം അലങ്കോലമായതിനെതിരെ വ്യാപകമായ വിമർശനം ഉയരുകയും അത് സ‌ക്കാരിന് തന്നെ വൻ തിരിച്ചടിയാകുമെന്നുറപ്പാകുകയും ചെയ്ത ഘട്ടത്തിലാണ് കമ്മിഷണർ അങ്കിത് അശോകനെയും അസിസ്റ്റന്റ് കമ്മിഷണർ കെ. സുദർശനെയും അടിയന്തരമായി സ്ഥലം മാറ്റി മുഖം രക്ഷിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകിയത്. തൃശൂർ പൂരം പോലെയുള്ളൊരു ആഘോഷം അലങ്കോലമാക്കാൻ ഒരു കമ്മിഷണ‌ർക്ക് എങ്ങനെ സാധിക്കുമെന്ന സംശയമാണിവിടെ ഉയരുന്നത്. കഴിഞ്ഞ വ‌ർഷത്തെ പൂര നടത്തിപ്പിലും അങ്കിത് അശോകന്റെ അസാധാരണ ഇടപെടലുകൾ പ്രതിസന്ധി സൃഷ്ടിച്ചിരുന്നെങ്കിലും അദ്ദേഹത്തിനെതിരെ ഒരു നടപടിയും ഉണ്ടായില്ല. ഉന്നതങ്ങളിൽ നിന്നുള്ള നിർദ്ദേശം ഇല്ലാതെ ഒരു കമ്മിഷണർക്ക് ഈവിധത്തിൽ പെരുമാറാൻ കഴിയുമോ എന്ന സംശയമാണുയരുന്നത്. ശബരിമലയ്ക്ക് പിന്നാലെ തൃശൂർ പൂരത്തെയും വിവാദത്തിലാക്കി വിശ്വാസ പ്രമാണങ്ങളും ആചാരാനുഷ്ഠാനങ്ങളും ഇല്ലാതാക്കാനുള്ള അദ‌ൃശ്യ ശക്തികളുടെ ഗൂഢാലോചനയാണിതിന് പിന്നിലെന്ന് സംശയിക്കുന്നവരെ കുറ്റം പറയാനാകില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: THRISSUR POORAM
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.