തിരുവനന്തപുരം: തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ബംഗളൂരു മലയാളികൾക്ക് കേരളത്തിലേക്ക് വോട്ട് ചെയ്യാനെത്താനായി സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ച് ദക്ഷിണ പശ്ചിമ റെയിൽവേ. നാളെ കൊച്ചുവേളിയിലേക്കും മംഗളൂരുവിലേക്കും പാലക്കാട് വഴി രണ്ട് സ്പെഷ്യൽ ട്രെയിനുകളാണ് അനുവദിച്ചിരിക്കുന്നത്. ഓൺലൈൻ ടിക്കറ്റ് റിസർവേഷൻ ആരംഭിച്ചു. മടക്ക സർവീസുകൾ 26ന് പുറപ്പെടുമെന്ന് റെയിൽവേ അറിയിച്ചിട്ടുണ്ട്.
എസ്എംവിടി ബയ്യപ്പനഹള്ളി- കൊച്ചുവേളി സ്പെഷ്യൽ (06549) നാളെ വൈകുന്നേരം 3.10ന് ബയ്യപ്പനഹള്ളിയിൽ നിന്ന് പുറപ്പെട്ട് വെള്ളിയാഴ്ച രാവിലെ ഏഴിന് കൊച്ചുവേളിയിലെത്തും. കെആർപുരം, ബംഗാർപേട്ട്, സേലം, ഈറോഡ്, തിരുപ്പൂർ, കോയമ്പത്തൂർ, പാലക്കാട്, തൃശൂർ, എറണാകുളം ടൗൺ, കോട്ടയം, തിരുവല്ല, ചെങ്ങന്നൂർ, കൊല്ലം എന്നിവിടങ്ങളിലും സ്റ്റോപ്പുണ്ടാകും. 14 തേഡ് ഇക്കോണമി എസി, 4 ടു ടയർ എസി കോച്ചുകളാണുള്ളത്.
കൊച്ചുവേളി-ബയ്യപ്പനഹള്ളി എസ്എംവിടി സ്പെഷ്യൽ (06550) 26ന് രാവിലെ എട്ടിന് കൊച്ചുവേളിയിൽ നിന്ന് പുറപ്പെട്ട് രാത്രി 11.50നു ബയ്യപ്പനഹള്ളിയിലെത്തും. എസ്എംവിടി ബയ്യപ്പനഹള്ളി–മംഗളൂരു സെൻട്രൽ സ്പെഷൽ (06553) നാളെ വൈകുന്നേരം ആറിന് ബയ്യപ്പനഹള്ളിയിൽ നിന്ന് പുറപ്പെട്ട് വെള്ളിയാഴ്ച രാവിലെ പത്തിന് മംഗളൂരുവിലെത്തും. കെആർപുരം, ബംഗാർപേട്ട്, സേലം, ഈറോഡ്, തിരുപ്പൂർ, കോയമ്പത്തൂർ, പാലക്കാട്, ഷൊർണൂർ, തിരൂർ, കോഴിക്കോട്, വടകര, തലശ്ശേരി, കണ്ണൂർ, പയ്യന്നൂർ, കാസർകോട് എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും.
മംഗളൂരു സെൻട്രൽ–എസ്എംവിടി ബയ്യപ്പനഹള്ളി സ്പെഷ്യൽ (06554) 26ന് ഉച്ചയ്ക്ക് 12ന് മംഗളൂരുവിൽ നിന്ന് പുറപ്പെട്ട് ശനിയാഴ്ച പുലർച്ചെ മൂന്നിന് ബയ്യപ്പനഹള്ളിയിലെത്തും. രണ്ട് സ്ലീപ്പർ, നാല് എസി ത്രി ടയർ, ഒരു എസി ടു ടയർ, നാല് ജനറൽ കോച്ചുകളാണ് ട്രെയിനിനുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |