SignIn
Kerala Kaumudi Online
Saturday, 04 May 2024 10.35 PM IST

മോദിക്കും പിണറായിക്കും ഒരേ അജണ്ട, 'ഇന്ത്യ' ജയിക്കും; ഇന്ത്യയ്ക്കായി

j

കേരളത്തിൽ അതിശക്തമായ യു.ഡി.എഫ് തരംഗം; രാജ്യമാകെ ഇന്ത്യാ മുന്നണി തരംഗവും ഉണ്ട്

മതേതര ഇന്ത്യയുടെ ഭാവി നിർണയിക്കുന്ന തിരഞ്ഞെടുപ്പാണിത്. വർഗീയതയും ഫാഷിസവും മുഖമുദ്ര‌യാക്കിയവരെ താഴെയിറക്കി, മതേതര സർക്കാരിനെ അധികാരത്തിലെത്തിച്ച് ഇന്ത്യയെ വീണ്ടെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് കോൺഗ്രസ് നേതൃത്വത്തിൽ ഇന്ത്യാ മുന്നണി തിരഞ്ഞെടുപ്പിനെ നേരിടുന്നത്. കേരളത്തിലാകട്ടെ, ബി.ജെ.പിയുടെ അതേ ഭിന്നിപ്പിന്റെയും വർഗീയതയുടെയും രാഷ്ട്രീയമാണ് ഇടതു സർക്കാരും പ്രചരിപ്പിക്കുന്നത്. തിരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിൽ എല്ലാ നിയന്ത്രണവും വിട്ടുള്ള അധിക്ഷേപമാണ് നരേന്ദ്ര മോദിയും പിണറായി വിജയനും നടത്തിയത്.

അധികാരത്തിലെത്തുമോ എന്ന സംശയവും ഭയപ്പാടുമാണ് അവസാനഘട്ടത്തിൽ മോദിയും ബി.ജെ.പിയും പ്രകടിപ്പിക്കുന്നത്. അതുകൊണ്ടാണ് അവസാന തന്ത്രമെന്ന നിലയിൽ വർഗീയ വിഷം ചീറ്റി മോദി രാജസ്ഥാനിൽ പ്രസംഗിച്ചതും. കൂടുതൽ കുട്ടികൾ ഉണ്ടാകുന്നവർക്കാണ് കൂടുതൽ സ്വത്ത് നൽകേണ്ടതെന്നും,​ അതുകൊണ്ട് സമ്പത്ത് മുഴുവൻ മുസ്ലിങ്ങൾക്ക് നൽകണമെന്നും ഡോ. മൻമോഹൻ സിംഗിന്റെ കാലത്ത് കോൺഗ്രസ് പറഞ്ഞെന്നായിരുന്നു മോദിയുടെ ദുർവ്യാഖ്യാനം. സമ്പത്തിന്റെ നീതിപൂർവകമായ വിതരണം വേണമെന്ന മൻമോഹൻ സിംഗിന്റെ ആശയത്തെയാണ് മോദി വർഗീയവത്കരിച്ചത്.

മണിപ്പൂർ

മിണ്ടാതെ...

കേരളത്തിൽ ക്രൈസ്തവരെ ചേർത്തുപിടിക്കുമെന്ന് പറയുന്നവരുടെ നേതൃത്വത്തിൽ രാജ്യത്ത് ക്രൈസ്തവ ദേവാലയങ്ങളും ക്രൈസ്തവരും വ്യാപകമായി ആക്രമിക്കപ്പെടുകയാണ്. മണിപ്പൂരിൽ മുന്നൂറോളം പള്ളികളാണ് കത്തിച്ചത്. നൂറു കണക്കിനുപേർ കൊല്ലപ്പെട്ടു. പതിനായിരങ്ങൾ പലായനം ചെയ്തു. എന്നിട്ടും തൃശൂരിൽ കല്യാണത്തിന് വന്നു പോയ പ്രധാനമന്ത്രി മണിപ്പൂരിലേക്ക് തിരിഞ്ഞുനോക്കിയില്ല. വെടിയൊച്ചകൾ നിലയ്ക്കാത്ത മണിപ്പൂരിന്റെ തെരുവുകളിലൂടെ നിർഭയനായി നടന്ന രാഹുൽ ഗാന്ധിയാണ് സ്ത്രീകളെയും കുഞ്ഞുങ്ങളെയും കലാപത്തിന് ഇരകളായവരെയും ആശ്വസിപ്പിച്ചത്.

മോദിയുടെയും ബി.ജെ.പിയുടെയും ബി ടീം ആയാണ് കേരളത്തിൽ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽ.ഡി.എഫ് പ്രവർത്തിക്കുന്നത്. ഇലക്ടറൽ ബോണ്ടിൽ ബി.ജെ.പി അഴിമതി കാട്ടിയെന്നു പോസ്റ്റിട്ട ചെറുപ്പക്കാരനെതിരെ,​ മോദിയുടെ സൽപ്പേരിന് കളങ്കമുണ്ടാക്കിയെന്ന കുറ്റം ചാർത്തി കേസെടുത്ത സർക്കാരാണ് കേരളം ഭരിക്കുന്നത്. കേന്ദ്ര ഏജൻസികളെ ഭയപ്പെടുന്ന പിണറായി മോദിയെയും ബി.ജെ.പിയെയും സന്തോഷിപ്പിക്കാനാണ് കോൺഗ്രസിനെയും രാഹുൽ ഗാന്ധിയെയും അധിക്ഷേപിക്കുന്നത്. അതുകൊണ്ടാണ് പിണറായി വിജയനെ കസവു കെട്ടിയ പേടിത്തൊണ്ടൻ എന്നു വിളിച്ചത്.

അത് രഹസ്യ

ധാരണ

രാഹുൽ ഗാന്ധിക്കെതിരെ പി.വി അൻവർ നടത്തിയ അത്യന്തം ഹീനമായ പ്രസ്താവനയെ പേലും പിണറായി വിജയൻ ന്യായീകരിച്ചു. പിണറായി ആവശ്യപ്പെട്ടിട്ടു തന്നെയാണ് അത്തരമൊരു പ്രസ്താവനയുണ്ടായതെന്ന് വ്യക്തം. തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയപ്പോൾ മുതൽ പിണറായി വിജയൻ രാഹുൽ ഗാന്ധിയേയും കോൺഗ്രസിനെയും വിമർശിക്കുകയാണ്. ഇത് ബി.ജെ.പിയുമായി ഉണ്ടാക്കിയ ധാരണയാണ്. പാനൂരിൽ വോട്ടെടുപ്പു ദിനത്തിൽ യു.ഡി.എഫുകാർക്കു നേരെ എറിയാനിരുന്ന ബോംബ് കൈയിലിരുന്ന് പൊട്ടി സി.പി.എമ്മുകാരൻ മരിച്ചു. വടകരയിൽ തോൽക്കുമെന്ന് ഉറപ്പായപ്പോൾ എൽ.ഡി.എഫ് സ്ഥാനാർത്ഥി അവതരിപ്പിച്ച നുണ ബോംബ് ചീറ്റിപ്പോയി. അവസാനം അത്തരമൊരു അശ്ലീല വീഡിയോ ഇല്ലെന്ന് സ്ഥാനാർത്ഥി പറഞ്ഞിട്ടും,​ ഉണ്ടെന്നു പ്രചരിപ്പിച്ചത് പ്രതിപക്ഷ നേതാവും ഷാഫി പറമ്പിലുമാണെന്നാണ് സി.പി.എം സെക്രട്ടറി ഇപ്പോഴും പറയുന്നത്. എന്തൊരു കാപട്യമാണിത്?

നീതിയുമില്ല,​

ന്യായവുമില്ല!

ഒരു കോടി ആളുകൾക്ക് പെൻഷൻ നൽകാതെയാണ് പിണറായി വിജയൻ മുഖ്യമന്ത്രി ചമഞ്ഞു നടക്കുന്നത്. പന്ത്രണ്ടോളം സ്ഥാപനങ്ങളാണ് ഒരു സേവനവും നൽകാതെ മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്ക് മാസപ്പടി നൽകിയത്. ആശുപത്രികളിൽ മരുന്നും മാവേലി സ്റ്റോറുകളിൽ സാധനങ്ങളുമില്ല. ക്രിസ്മസ്, വിഷു, ഈസ്റ്റർ, റംസാന്‍ ചന്തകളും മുടങ്ങി. കുഞ്ഞുങ്ങളുടെ ഉച്ചഭക്ഷണത്തിന് പണമില്ല. ഖജനാവിൽ നയാപൈസയില്ലാതെ കേരളത്തെ തകർത്ത് തരിപ്പണമാക്കി. റിയാസ് മൗലവി കൊലക്കേസിൽ ആർ.എസ്.എസുകാരെ രക്ഷിക്കാൻ പൊലീസ് കൂട്ടുനിന്നു. വണ്ടിപ്പെരിയാറിൽ കുഞ്ഞിനെ കൊന്നു കെട്ടിത്തൂക്കിയ ഡി.വൈ.എഫ്.ഐക്കാരനെ രക്ഷിക്കാൻ കൂട്ടുനിന്നു. വാളയാറിൽ സി.പി.എമ്മുകാരെ രക്ഷിക്കാൻ പൊലീസ് കൂട്ടുനിന്നു. നീതിന്യായം എന്നത് ഈ നാട്ടിലില്ല.

ഇടത് ഇല്ലെങ്കിൽ ഇന്ത്യയില്ല എന്നാണ് എൽ.ഡി.എഫ് മുദ്രാവാക്യം. ക്വിറ്റ് ഇന്ത്യാ സമരത്തെ എതിർക്കുകയും സ്വാതന്ത്ര്യ ദിനം കരിദിനമായി ആചരിക്കുകയും ചെയ്ത കൂട്ടരാണ്. സംഘപരിവാർ ശക്തികളെക്കാൾ കൂടുതൽ ഗാന്ധിജിയെയും നെഹ്റുവിനെയും എതിർത്തത് കമ്മ്യൂണിസ്റ്റ് പാർട്ടികളാണ്. ഇരുപതിൽ ഇരുപത് സീറ്റും നേടി കേരളത്തിൽ ഉജ്ജ്വലജയം നേടുമെന്ന ആത്മവിശ്വാസത്തിലാണ് ഐക്യ ജനാധിപത്യ മുന്നണി. അതിശക്തമായ യു.ഡി.എഫ് തരംഗമാണ് സംസ്ഥാനത്തുള്ളത്. രാജ്യത്താകെയും കോൺഗ്രസിനും ഇന്ത്യാ മുന്നണിക്കും അനുകൂലമായ തരംഗമുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VDSATHESSAN
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.