ഏഥൻസ്: ആഫ്രിക്കയിലെ സഹാറ മരുഭൂമിയിൽ നിന്നുള്ള പൊടിപടലങ്ങൾ നിറഞ്ഞ മേഘങ്ങൾ മൂലം ഓറഞ്ച് നിറത്തിലെ അന്തരീക്ഷത്തിൽ മുങ്ങി ഗ്രീസിലെ ഏഥൻസ് നഗരം. ശക്തമായ കാറ്റിനെ തുടർന്ന് സഹാറയിലെ നിന്നുള്ള പൊടിപടലങ്ങൾ മെഡിറ്ററേനിയൻ കടൽ കടന്ന് ചൊവ്വാഴ്ച ഗ്രീസിന്റെ തെക്കൻ മേഖലയിലെ അന്തരീക്ഷത്തിൽ നിറയുകയായിരുന്നു.
അക്രോപൊലീസ് അടക്കം ഏഥൻസിലെ ചരിത്ര സ്മാരകങ്ങളിലെല്ലാം പ്രതിഭാസം ദൃശ്യമായി. ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളുള്ളവർ പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. മിക്കയിടങ്ങളിലും വായുവിന്റെ ഗുണനിലവാരം മോശമായി. കാറ്റിന്റെ ദിശമാറിത്തുടങ്ങിയതോടെ അന്തരീക്ഷം സാധാരണനിലയിലേക്ക് എത്തിത്തുടങ്ങിയെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. സഹാറൻ പൊടിപടലങ്ങൾ യൂറോപ്പിലേക്ക് എത്തുന്നത് അസാധാരണമല്ല. എന്നാൽ, സമീപ വർഷങ്ങളായി ഇതിന്റെ തീവ്രത ഉയരുകയാണ്. 2018ന് ശേഷം ആദ്യമായാണ് ഇത്രയേറെ തീവ്രതയിൽ സഹാറയിൽ നിന്നുള്ള പൊടിപടലങ്ങൾ ഗ്രീസിലെത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |