
തിരുവനന്തപുരം:വീടുകളിലും പരിസരങ്ങളിലും കാണുന്ന പാമ്പുകളെ പിടികൂടുന്നതിന് പണം വാങ്ങുകയും പൊതുജനങ്ങൾക്കിടയിൽ പ്രദർശനം നടത്തുകയും ചെയ്തതായി കണ്ടെത്തിയ 51 സർപ്പ വോളന്റിയർമാരുടെ ലൈസൻസ് റദ്ദാക്കി.കഴിഞ്ഞ 5 വർഷത്തിനിടയിലാണിത്.മൃഗങ്ങളെ വേട്ടയാടിയവരും കഞ്ചാവ് കടത്ത് അടക്കമുള്ള ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവരും ഈ പട്ടികയിലുണ്ട്.സർപ്പ വോളന്റിയർമാരിൽ ചിലർ ലൈസൻസ് ദുരുപയോഗം ചെയ്ത് കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നെന്ന പരാതികളെ തുടർന്നാണ് പരിശോധന വ്യാപകമാക്കി നടപടിയെടുത്തത്.
പാമ്പുകടിയേറ്റുള്ള മരണങ്ങൾ ഇല്ലാതാക്കുന്നതിനും പിടികൂടുന്ന പാമ്പുകളെ സുരക്ഷിതമായി വനത്തിനുള്ളിലേക്ക് മാറ്റുന്നതിനുമാണ് വിവിധയിടങ്ങളിൽ സർപ്പ വോളന്റിയർമാരെ നിയോഗിച്ചിട്ടുള്ളത്.പാമ്പിനെ പിടിക്കുന്നതിനുള്ള പരിശീലനവും പൊതുജനങ്ങൾക്ക് വേഗത്തിൽ ഇവരുടെ സേവനം ലഭ്യമാക്കുന്നതിനായി സർപ്പ ആപ്പും സർക്കാർ ലഭ്യമാക്കുന്നുണ്ട്.എന്നാൽ,വിദഗ്ദ്ധ പരിശീലനം ലഭിച്ച് ലൈസൻസ് നേടുന്നവരിൽ പലരും ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തിയതോടെയാണ് വോളന്റിയർമാരുടെ പല നടപടികളും പരാതികളും പരിശോധിച്ച് നടപടിയെടുക്കാൻ തുടങ്ങിയതെന്ന് സർപ്പ മിഷൻ അധികൃതർ പറഞ്ഞു.
കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടത് 51 പേർ
രോഗബാധിതരും വിവിധ കാരണങ്ങളാൽ ഒഴിഞ്ഞവരും 16
ആകെ റദ്ദാക്കിയ ലൈസൻസുകൾ 67 (ജില്ല തിരിച്ച്)
തിരുവനന്തപുരം-------------- 8
കൊല്ലം-------------------------------2
ആലപ്പുഴ--------------------------- 5
കോട്ടയം--------------------------- 2
ഇടുക്കി----------------------------- 4
എറണാകുളം-------------------- 6
തൃശൂർ----------------------------- 11
മലപ്പുറം---------------------------- 12
കോഴിക്കോട്--------------------- 4
വയനാട്---------------------------- 1
കണ്ണൂർ------------------------------ 10
കാസർകോട്---------------------- 2
വിവിധ കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്നവരെയും പണം ആവശ്യപ്പെട്ടതായി പരാതി ലഭിക്കുന്നവരെയും പല ഘട്ടങ്ങളിലായി നടപടിയെടുത്താണ് ലൈസൻസ് റദ്ദാക്കിയിട്ടുള്ളത്.പാമ്പ് വിഷബാധയേറ്റുള്ള മരണം സംസ്ഥാനത്ത് ഇല്ലാതാക്കാനുള്ള മിഷന്റെ ഭാഗമായി ഈ വർഷം പ്രത്യേക പരിശീലനം നൽകി പുതിയ ആളുകളെ വോളന്റിയറാക്കുന്നുണ്ട്.
-മുഹമ്മദ് അൻവർ
സർപ്പ മിഷൻ നോഡൽ ഓഫീസർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |