SignIn
Kerala Kaumudi Online
Saturday, 17 August 2024 8.28 AM IST

കള്ളപ്പണ നിയമവും കാണാക്കുരുക്കും

d

കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം അഥവാ പി.എം.എൽ.എ (പ്രിവൻഷൻ ഒഫ് മണി ലോണ്ടെറിംഗ് ആക്ട്) പരിശോധിക്കപ്പെടണമെന്ന് ചിലർചിന്തിക്കുന്നതും വാദിക്കുന്നതും എന്തുകൊണ്ടാണ്? സുദ്ദേശ്യത്തോടെ ഇന്ത്യൻ പാർലമെന്റ് പാസാക്കിയ നിയമത്തിന്റെ കുഴപ്പം എന്താണ്?​ നിയമവിധേയമല്ലാത്ത പണം (കള്ളപ്പണം)​ തടയുന്നതിനും,​ അതുവഴി ആർജ്ജിച്ച സ്വത്ത് കണ്ടുകെട്ടുന്നതിനുമായാണ് ഇന്ത്യയിൽ ഈ നിയമം അവതരിപ്പിച്ചത്. മയക്കുമരുന്നും അതിനു പിന്നിലെ കള്ളപ്പണ ഇടപാടുകളും തടയുകയെന്ന,​ ഐക്യരാഷ്ട്രസഭ കൊണ്ടുവന്ന യഥാർത്ഥ നിയമത്തിൽ നിന്ന് വ്യതിചലിച്ചാണ് ഇന്ത്യയിൽ ഇത്തരമൊരു നിയമം കൊണ്ടുവന്നതു തന്നെ. നിയമത്തിന്റെ ഉദ്ദേശ്യശുദ്ധി സംശയത്തിലാകുന്നതും അതുകൊണ്ടുതന്നെ.

അന്താരാഷ്ട്ര തലത്തിൽ തഴച്ചുവളരുന്ന മയക്കുമരുന്ന് വ്യാപാരത്തിലൂടെ സൃഷ്ടിക്കപ്പെടുന്ന കള്ളപ്പണം, നിയമാനുസൃതമായ സമ്പദ്‌വ്യവസ്ഥയുമായി ഇടകലരുന്നത് ലോക സമ്പദ്‌വ്യവസ്ഥയെ അസ്ഥിരപ്പെടുത്താൻ ഇടയാക്കും. ഇത്,​ രാഷ്ട്രങ്ങളുടെ അഖണ്ഡതയെയും പരമാധികാരത്തെയും തന്നെ അപകടത്തിലാക്കുകയും ചെയ്യും. ഐക്യരാഷ്ട്രസഭ ഇത് ഗൗരവത്തിലെടുക്കുകയും,​ 1988-ൽ ഇതുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച കൺവെൻഷനെ തുടർന്ന് അടിയന്തര നടപടികൾ കൈക്കൊള്ളാൻ എല്ലാ രാജ്യങ്ങളോടും അഭ്യർത്ഥിക്കുകയും ചെയ്തു. ഇതിനു പിന്നാലെ ഏഴ് പ്രമുഖ വ്യാവസായിക രാജ്യങ്ങൾ 1989 ജൂലായിൽ പാരീസിൽ ഉച്ചകോടി നടത്തുകയും,​ ഈ ഭീഷണി നേരിടാനുള്ള നടപടികൾ ശുപാർശ ചെയ്യുന്നതിന് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സ് (എഫ്.എ.ടി.എഫ്) എന്നൊരു സമിതി രൂപീകരിക്കുകയും ചെയ്തു. അതിനു ശേഷം 1990-ൽ, യു.എൻ പൊതുസഭ ‘പൊളിറ്റിക്കൽ ഡിക്ലറേഷൻ ആൻഡ് ഗ്ലോബൽ പ്രോഗ്രാം ഒഫ് ആക്ഷൻ’എന്ന പ്രമേയം അംഗീകരിച്ചു.

ഇന്ത്യൻ നിയമം

വന്ന വഴി

യു.എൻ പ്രമേയത്തിന്റെ അടിസ്ഥാനത്തിൽ ജനറൽ അസംബ്ലി, മയക്കുമരുന്ന്- കള്ളപ്പണം വെളുപ്പിക്കൽ തടയുന്നതിനുള്ള നിയമനിർമ്മാണത്തിന് എഫ്.എ.ടി.എഫിന്റെ ശുപാർശകൾ ഉപയോഗിക്കുകയായിരുന്നു. ഇതേത്തുടർന്നാണ്,​ ഇന്ത്യൻ പാർലമെന്റ് 2002-ൽ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം (പി.എം.എൽ.എ)​ കൊണ്ടു വന്നത്. ഈ നിയമത്തിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലും, നാർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്‌സ്റ്റൻസസ് ആക്‌ടിലും ലിസ്റ്റ് ചെയ്‌തിരിക്കുന്ന കുറച്ച് കുറ്റകൃത്യങ്ങൾ കൂടി അടങ്ങിയിട്ടുണ്ട്. യു.എൻ പ്രമേയങ്ങളും ശുപാർശകളും,​ മയക്കുമരുന്ന് ഇടപാടുകൾ വഴിയുള്ള പണം തടയുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെങ്കിൽ,​ ഇന്ത്യയുടെ പി.എം.എൽ.എ ചില ഭേദഗതികളിലൂടെ വ്യത്യസ്ത സ്വഭാവമാർജ്ജിച്ചതാണ് ആശങ്കകളുടെ അടിസ്ഥാനം. നിലവിലെ നിയമമനുസരിച്ച് കുറ്റകൃത്യത്തിൽ നേരിട്ട് ഉൾപ്പെട്ടവർ മാത്രമല്ല,​ അതുമായി യാതൊരു ബന്ധവുമില്ലെങ്കിലും പിന്നീടുള്ള പണം വെളുപ്പിക്കൽ പ്രക്രിയയിൽ ഏതെങ്കിലും വിധത്തിൽ പങ്കാളികളായവർ കൂടി ഉൾപ്പെടും. ഇത് ആശങ്ക മാത്രമല്ല, ഭീതിയുമുയർത്തുന്ന വസ്തുതയാണ്.

കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമവും,​ അതനുസരിച്ച് വിജ്ഞാപനം ചെയ്ത ചട്ടങ്ങളും 2005 ജൂലായ് ഒന്നിനാണ് നമ്മുടെ രാജ്യത്ത് നിലവിൽ വന്നത്. ഇന്ത്യയുടെ ഫിനാൻഷ്യൽ ഇന്റലിജൻസ് യൂണിറ്റ് ഡയറക്ടർ,​ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടർ എന്നിവർക്ക് നിയമത്തിലെ വ്യവസ്ഥകൾ നടപ്പാക്കുന്നതിന് പ്രത്യേകമായ അധികാരങ്ങൾ നൽകിയിട്ടുണ്ട്. ബാങ്കിംഗ് കമ്പനികൾ, ഇതര ധനകാര്യ സ്ഥാപനങ്ങൾ, ഇടനിലക്കാർ, ഒരു നിയുക്ത ബിസിനസ് അഥവാ പ്രൊഫഷനിലുള്ള വ്യക്തികൾ എന്നിവരിൽ ക്ലയന്റുകളുടെ ഐഡന്റിറ്റി പരിശോധിക്കുന്നതിനും രേഖകൾ പരിപാലിക്കുന്നതിനും അത്തരം വിവരങ്ങൾ ഫിനാൻഷ്യൽ ഇന്റലിജൻസ് യൂണിറ്റിന് കൈമാറുന്നതിനും ഇവർക്ക് അധികാരമുണ്ട്. ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സിന്റെ മാനദണ്ഡങ്ങൾക്ക് അനുസൃതമായി,​ പി.ഇ.പികൾ നിർവചിച്ചിട്ടുള്ള ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കുമുള്ള കെ.വൈ.സി മാനദണ്ഡങ്ങൾ,​ കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ മാനദണ്ഡങ്ങൾക്ക് ആർ.ബി.ഐയുടെ 2008-ലെ സർക്കുലറുമായി ഏകീകൃത സ്വഭാവം കൊണ്ടുവരാൻ ലക്ഷ്യമിട്ടുള്ളതാണ് പ്രധാന നീക്കം.

ശിക്ഷാ നിയമം

ദുർബലമാക്കും


അന്താരാഷ്ട്ര പ്രഖ്യാപനങ്ങൾ നടപ്പിലാക്കുന്നതിനുള്ള നിയമങ്ങൾ നിർമ്മിക്കാൻ അധികാരം നൽകുന്ന ആർട്ടിക്കിൾ 253 പ്രകാരമാണ് ഇന്ത്യൻ പാർലമെന്റ് പി.എം.എൽ.എ നടപ്പാക്കിയത്. ഒരു അന്താരാഷ്ട്ര സമിതിയുടെ ഏതു തീരുമാനവും നടപ്പിലാക്കാൻ പാർലമെന്റ് നിർമ്മിക്കുന്ന നിയമം,​ ആ തീരുമാനത്തിനൊപ്പം നിൽക്കാൻ ബാദ്ധ്യസ്ഥമാണെന്ന് ഈ ആർട്ടിക്കിൾ സൂചിപ്പിക്കുന്നുണ്ട്. ഭരണഘടനയുടെ ഏഴാം ഷെഡ്യൂളിലെ യൂണിയൻ പട്ടികയിലെ 13-ാം ഇനമായാണ് ഇത് പ്രത്യേകം പറയുന്നത്. ഈ നിയമത്തിൽ പല കാലത്തായി വരുത്തിയ വിവിധ ഭേദഗതികൾ, ഇപ്പോൾ ഇന്ത്യൻ ശിക്ഷാ നിയമത്തിൽ ചേർത്തിട്ടുള്ള കുറ്റകൃത്യങ്ങളുടെ ഷെഡ്യൂളിനെ ദുർബലപ്പെടുത്തുന്നു എന്നതാണ് നിലവിൽ നിയമം നേരിടുന്ന വെല്ലുവിളി.

കള്ളപ്പണം വെളുപ്പിക്കൽ എന്നത്,​ ഒരു കുറ്റകൃത്യമെന്ന നിലയിൽ ഷെഡ്യൂൾ ചെയ്ത കൃത്യങ്ങളിലൊന്നുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ, അത്തരം കുറ്റകൃത്യങ്ങൾ പി.എം.എൽ.എയുടെ മുഴുവൻ പ്രവർത്തന പ്രക്രിയയുടെയും ഭാഗമായി മാറും. അതുകൊണ്ടുതന്നെ ഈ നിയമം അതിന്റെ യഥാർത്ഥ ലക്ഷ്യത്തിൽ നിന്ന് വ്യതിചലിച്ചിരിക്കുന്നുവെന്ന് ഷെഡ്യൂൾ സൂക്ഷ്മമായി നിരീക്ഷിക്കുന്ന ആർക്കും വ്യക്തമാകും. നിയമത്തിൽ ഉൾപ്പെട്ടിരിക്കുന്ന വ്യവസ്ഥകൾ മയക്കുമരുന്നു കടത്തും അതുവഴിയുള്ള പണമിടപാട് ശൃംഖലയിലും ഏർപ്പെട്ടിരിക്കുന്ന കുറ്റവാളികളെ കൈകാര്യം ചെയ്യാൻ മാത്രം ഉദ്ദേശിച്ചുള്ളതാണ്. ഇതാണ് ഇപ്പോൾ നിയമത്തിന്റെ കാഠിന്യം ഒട്ടും കുറയ്ക്കാതെ മറ്റു തരം കുറ്റകൃത്യങ്ങളിലും വ്യാപകമായി ഉപയോഗിച്ചു വരുന്നത്!

അഴിമതിയും

ലഹരിയും

പൊതു പ്രവർത്തകർക്കിടയിലെ അഴിമതി തടയാൻ ലക്ഷ്യമിട്ടുള്ള 1988-ലെ അഴിമതി നിരോധന നിയമം അത്തരത്തിലുള്ള ഒരു ഉദാഹരണമാണ്. ഈ നിയമം 2009-ൽ കുറ്റകൃത്യങ്ങളുടെ പട്ടികയിൽ ചേർത്തു. പി.എം.എൽ.എ ഇപ്പോൾ അതിന്റെ എല്ലാ കാർക്കശ്യങ്ങളോടും കൂടി പൊതുപ്രവർത്തകർക്കും ബാധകമായിരിക്കുന്നു. ഇതുവഴി അഴിമതിക്കുറ്റം ചുമത്തപ്പെട്ട ഒരു പൊതുപ്രവർത്തകനും അതീവ ഗുരുതരമായ മയക്കുമരുന്ന് കമക്കടത്തുകാരനും ഒരേ ഗണത്തിൽപ്പെടുന്ന അവസ്ഥയായി. നിയമ ശാസ്ത്രത്തിന്റെ അടിസ്ഥാന തത്വം, കുറ്റം തെളിയിക്കപ്പെടുന്നതുവരെ ഒരു വ്യക്തി നിരപരാധിയായി കണക്കാക്കപ്പെടുന്നു എന്നതാണ്. പി.എം.എൽ.എ സൃഷ്ടിക്കുന്ന വലിയ അസ്വസ്ഥത, ഈ നിയമപ്രകാരം ഒരു കുറ്റാരോപിതൻ,​ അയാൾ നിരപരാധിയാണെന്ന് തെളിയിക്കപ്പെടുന്നതുവരെ കുറ്റക്കാരനായി അനുമാനിക്കപ്പെടുന്നു എന്നതാണ്.

പ്രതി നിരപരാധിയാണെന്ന് ബോദ്ധ്യപ്പെട്ടാൽ മാത്രമേ ഒരു ജഡ്ജിക്ക് ജാമ്യം നൽകാൻ കഴിയൂ എന്ന് പി.എം.എൽ.എയുടെ 45-ാം വകുപ്പിൽ പറയുന്ന ജാമ്യ വ്യവസ്ഥ വ്യക്തമാക്കുന്നുണ്ട്. മുഴുവൻ കോടതികളും പ്രതിക്ക് ജാമ്യം നിഷേധിക്കുമെന്നതാണ് അനന്തരഫലം. കുറ്റാരോപിതനായ വ്യക്തി വിചാരണ കൂടാതെ വർഷങ്ങളോളം ജയിലിൽ കിടക്കേണ്ടി വരുമെന്നതാണ് ഇതുമൂലമുള്ള ദുരന്തം.


കള്ളപ്പണം വെളുപ്പിക്കൽ കുറ്റത്തിന് ഒരാൾ ശിക്ഷാർഹനാണെന്ന് പി.എം.എൽ.എ വകുപ്പ്- 3 വ്യക്തമാക്കുമ്പോൾ, വകുപ്പ്- 4 അതിനുള്ള ശിക്ഷയും വിശദമാക്കുന്നു. കള്ളപ്പണം വെളുപ്പിക്കൽ എന്ന കുറ്റം ചെയ്യുന്നയാൾ മൂന്നു വർഷത്തിൽ കുറയാത്തതും,​ ഏഴു വർഷം വരെ നീട്ടിയേക്കാവുന്നതുമായ കഠിന തടവിന് ശിക്ഷിക്കപ്പെടാം. കൂടാതെ,​ കള്ളപ്പണം വെളുപ്പിക്കലിൽ ഉൾപ്പെട്ടിരിക്കുന്ന കുറ്റകൃത്യത്തിൽ നിന്നുള്ള വരുമാനം ഷെഡ്യൂളിലെ പാർട്ട് എ-യിലെ ഖണ്ഡിക 2-നു കീഴിൽ വരുന്ന ഏതെങ്കിലും കുറ്റകൃത്യവുമായി ബന്ധപ്പെട്ടതാണെങ്കിൽ, ശിക്ഷ "ഏഴു വർഷം വരെ നീട്ടിയേക്കാം" എന്നതിനു പകരം,​ "പത്തു വർഷം വരെ നീട്ടിയേക്കാം" എന്ന പുതിയ നിബന്ധനയും പകരം വയ്ക്കപ്പെടും. വകുപ്പ്- 5 കള്ളപ്പണം വെളുപ്പിക്കുന്നതിൽ ഉൾപ്പെട്ട വസ്തുവിന്റെ കണ്ടുകെട്ടലിനെക്കുറിച്ച് പറയുമ്പോൾ,​

അങ്ങനെ കണ്ടുകെട്ടിയ സ്വത്ത് കേന്ദ്ര സർക്കാരിൽ നിക്ഷിപ്തമാക്കുന്നതിനെക്കുറിച്ചാണ് വകുപ്പ്- 9 പറയുന്നത്. പത്താം വകുപ്പ്,​ ഈ വസ്‌തുവകകളുടെ കൈകാര്യത്തെക്കുറിച്ച് വിശദമാക്കുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PMLA
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.