തിരുവനന്തപുരം : ഇ.പി. ജയരാജനെ തൊടാൻ സി.പി.എമ്മിനും മുഖ്യമന്ത്രിക്കും ഭയമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. ഇ.പി ജയരാജൻ്റെ നാവിൻ തുമ്പിലുള്ളത് സി.പി.എമ്മിനെയും മുഖ്യമന്ത്രിയേയും ഒന്നാകെ തകർക്കാനുള്ള ബോംബുകളാണ്. അതുകൊണ്ട് തന്നെ ജയരാജന് എതിരെ നടപടി എടുക്കാനുള്ള ധൈര്യമോ ആർജ്ജവമോ സി.പി.എമ്മിനില്ലെന്ന് സതീശൻ പരിഹസിച്ചു. ജയരാജന് ബി.ജെ.പിയിലേക്ക് പോകാൻ സമ്മതം നൽകുക കൂടിയാണ് സി.പി.എം ഇന്ന് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
കൊടിയ അഴിമതി നടത്തിയവരേയും അതിൻ്റെ പ്രതിഫലം പറ്റിയവരേയും സംരക്ഷിക്കാൻ വർഗീയതയുമായി സി.പി.എം സന്ധി ചെയ്തു. ഇ.പി ജയരാജൻ മാത്രമല്ല മുഖ്യമന്ത്രിയും പ്രകാശ് ജാവ്ദേക്കറുമായി പലതവണ സംസാരിച്ചിട്ടുണ്ട്. ഇ.പിക്കെതിരെ നടപടി എടുത്താൻ മുഖ്യമന്ത്രിക്ക് എതിരേയും നടപടി വേണ്ടി വരും. പിണറായി വിജയനേയും കൂട്ടുപ്രതിയായ ഇ.പി ജയരാജനേയും സംരക്ഷിക്കുകയെന്ന നാണംകെട്ട മാർഗം മാത്രമേ സി.പി.എമ്മിന് മുന്നിലുള്ളൂവെന്നും സതീശൻ പരിഹസിച്ചു.
മുഖ്യമന്ത്രി എവിടെ വച്ചാണ് ജാവ്ദേക്കറുമായി സംസാരിച്ചതെന്ന് കൂടി സി.പി.എം സംസ്ഥാന നേതൃത്വം വ്യക്തമാക്കണം. ബി.ജെ.പി നേതാക്കളെ കണ്ടാൽ സി.പി.എമ്മിൻ്റെ പ്രത്യയശാസ്ത്രം തകരും എന്നത് പൈങ്കിളി സങ്കൽപ്പമാണെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി പറയുന്നു. ഏത് സി.പി.എം നേതാവിനും ഏത് ബി.ജെ.പി നേതാവിനേയും കാണാമെന്ന ഗ്രീൻ സിഗ്നൽ നൽകുകയാണ് എം.വി. ഗോവിന്ദൻ ഇതിലൂടെ ചെയ്തത്. ഇ.പി ജയരാജനും എസ്. രാജേന്ദ്രനും പിന്നാലെ വരുന്നവർക്കും ബി.ജെ.പിയിലക്ക് വഴിവെട്ടുകയാണ് സി. പി.എം സംസ്ഥാന സെക്രട്ടറി ചെയ്യുന്നത്.
സംഘപരിവാറുമായി സൗഹൃദ സംഭാഷണം നടത്തിയവരെ സംരക്ഷിക്കുമെന്ന് സി.പി.എം പ്രഖ്യാപിച്ച സാഹചര്യത്തിൽ സി.പി.ഐ ഉൾപ്പെടെയുള്ള എൽ.ഡി.എഫ് ഘടകകക്ഷികൾ ഇക്കാര്യത്തിലുള്ള തങ്ങളുടെ നിലപാട് എന്തെന്ന് വ്യക്തമാക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |