ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന അരവിന്ദ് കേജ്‌രിവാൾ മുഖ്യമന്ത്രി സ്ഥാനത്തു തുടരുന്നതിനെതിരെ ഡൽഹി ഹൈക്കോടതി. മുഖ്യമന്ത്രി സ്ഥാനത്തു തുടരാനുള്ള കേജ്‌രിവാളിന്റെ തീരുമാനം വ്യക്തിപരമാണെങ്കിലും പദവിയിലുള്ള വ്യക്തി ദീർഘനാളത്തേക്ക് മാറിനിൽക്കുന്നതും ആശയവിനിമയത്തിന് ലഭ്യമാകാതെ അനിശ്ചിതാവസ്ഥയിൽ തുടരുന്നതും ദേശ- പൊതു താത്പര്യത്തിന് എതിരാണെന്ന് കോടതി വ്യക്തമാക്കി. അദ്ധ്യയനവർഷം ആരംഭിച്ചിട്ടും സർക്കാർ സ്കൂളുകളിൽ പഠനസാമഗ്രികൾ വിതരണം ചെയ്തില്ല തുടങ്ങിയ പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ച് സന്നദ്ധസംഘടന സമർപ്പിച്ച പൊതുതാത്പര്യഹർജി പരിഗണിക്കുകയായിരുന്നു ആക്ടിംഗ് ചീഫ് ജസ്റ്റിസ് മൻമോഹൻ അദ്ധ്യക്ഷനായ ബെഞ്ച്.
കേജ്‌രിവാൾ അറസ്റ്റിലായതോടെ ഡൽഹി സർക്കാർ നിശ്ചലാവസ്ഥയിലായി. സംസ്ഥാന മുഖ്യമന്ത്രിമാർ 24 മണിക്കൂറും ലഭ്യമായിരിക്കണം. രാജ്യതലസ്ഥാനത്ത് പ്രത്യേകിച്ചും. പ്രകൃതിദുരന്തം ഉൾപ്പെടെ പ്രതിസന്ധികൾ കൈകാര്യം ചെയ്യാൻ മുഴുവൻ സമയ മുഖ്യമന്ത്രി അനിവാര്യമാണ്. ദേശതാത്പര്യത്തേക്കാൾ രാഷ്ട്രീയ താത്പര്യമാണ് ഇപ്പോൾ മുന്നിട്ടുനിൽക്കുന്നതെന്നും ഹൈക്കോടതി വിമർശിച്ചു.
മുഖ്യമന്ത്രിയുടെ അസാന്നിദ്ധ്യം കുട്ടികളുടെ മൗലികാവകാശങ്ങൾ നിഷേധിക്കപ്പെടാൻ കാരണമാകരുത്. കുട്ടികൾക്ക് പഠനസാമഗ്രികൾ ഉറപ്പാക്കാൻ മുനിസിപ്പൽ കോർപ്പറേഷന് കോടതി നിർദ്ദേശം നൽകി. നടപടിയെടുക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി ഡൽഹി സർക്കാരിനെയും വിമർശിച്ചു.
ഇന്നും വാദം തുടരും
മദ്യനയക്കേസിലെ അറസ്റ്റും ഇ.ഡി കസ്റ്റഡിയിൽ വിട്ട വിചാരണക്കോടതി നടപടിയും ചോദ്യം ചെയ്‌ത് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ സമർപ്പിച്ച ഹർജിയിൽ സുപ്രീംകോടതിയിൽ ഇന്നും വാദം തുടരും. വിചാരണക്കോടതിയിൽ ജാമ്യാപേക്ഷ നൽകാത്തത് എന്താണെന്ന് ഇന്നലെ വാദം കേൾക്കവെ ജസ്റ്രിസ് സഞ്ജീവ് ഖന്ന അദ്ധ്യക്ഷനായ ബെഞ്ച് ചോദിച്ചു. അറസ്റ്ര് രേഖപ്പെടുത്തിയ സമയത്തെയും രീതിയെയും കേജ്‌രിവാളിന് വേണ്ടി ഹാജരായ അഡ്വ. അഭിഷേക് മനു സിംഗ്വി ചോദ്യം ചെയ്തു.
സുനിതയ്ക്ക് സന്ദർശനാനുമതി
കേജ്‌രിവാളിനെ കാണാൻ ഭാര്യ സുനിത കേജ്‌രിവാൾ, വിദ്യാഭ്യാസ മന്ത്രി അതിഷി എന്നിവർക്ക് തിഹാർ ജയിൽ അധികൃതർ ഇന്നലെ അനുമതി നൽകി. സുനിതയ്ക്ക് അനുമതി നിഷേധിച്ചതായി ഞായറാഴ്ച ആം ആദ്മി പാർട്ടി ആരോപണമുന്നയിച്ചിരുന്നു. സ്കൂളുകളിൽ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിലും ഡൽഹിയിൽ ജലലഭ്യത ഉറപ്പാക്കാനും ആവശ്യമായ നിർദ്ദേശങ്ങൾ ലഭിച്ചതായി അതിഷി എക്സിൽ കുറിച്ചു.
മാനനഷ്ടക്കേസ് നൽകി ബി.ജെ.പി
ബി.ജെ.പിയിലേക്ക് ചേക്കേറാൻ കോടികൾ വാഗ്ദാനം ചെയ്തെന്ന് ആരോപണമുന്നയിച്ച കേജ്‌രിവാൾ, ഡൽഹി മന്ത്രി അതിഷി എന്നിവർക്കെതിരെ മാനനഷ്ടക്കേസ്. ബി.ജെ.പി ഡൽഹി ഘടകം നേതാവ് പ്രവീൺ ശങ്കർ കപൂറാണ് കേസ് നൽകിയത്. ഡൽഹി റോസ് അവന്യു കോടതി വിഷയം മേയ് നാലിന് പരിഗണിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |