SignIn
Kerala Kaumudi Online
Saturday, 17 August 2024 11.25 AM IST

ആചാരങ്ങളുടെ സ്മൃതികാലം

z

ഹൈന്ദവ വിവാഹ ആചാരങ്ങൾ പലതും പഴയ വർണ വ്യവസ്ഥയിൽ അധിഷ്ഠിതമാണ്. ഹൈന്ദവ വിവാഹം സാധുവാകണമെങ്കിൽ അത് ആചാരപരമാകണം എന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ,​ സ്മൃതികാലത്തെ വിവാഹ സമ്പ്രദായങ്ങളും,​ ആധുനിക കേരളം പിറക്കുന്നതിനു മുമ്പത്തെ ചില വിവാഹാചാരങ്ങളും അറിയുന്നത് കൗതുകമാകും...

ഹിന്ദു വിവാഹ നിയമം (1955) അനുസരിച്ച് ഒരു വിവാഹം സാധുവാകണമെങ്കിൽ അത് ആചാരപരമായ ചടങ്ങുകളോടെ ആയിരിക്കണമെന്നാണ് കഴിഞ്ഞ ദിവസം സുപ്രീംകോടതി പുറപ്പെടുവിച്ച സുപ്രധാന വിധി. ചടങ്ങുകളോടെ വിവാഹം നടന്നുവെന്നതിന്റെ തെളിവു മാത്രമാണ് വിവാഹ രജിസ്ട്രേഷൻ എന്നും,​ രജിസ്ട്രേഷൻ മാത്രം നടത്തിയതുകൊണ്ട് വിവാഹം നിയമപരമാകില്ലെന്നുമാണ് പരമോന്നത കോടതിയുടെ തീർപ്പ്. ആചാരങ്ങളേക്കാൾ ആട്ടത്തിനും പാട്ടിനും ആഘോഷങ്ങൾക്കും പ്രാമുഖ്യം വന്നുപോയ 'പുതുക്കല്ല്യാണ"ങ്ങളുടെ കാലത്ത് ഹിന്ദു വിവാഹ ആചാരങ്ങളുടെ ചരിത്രം അറിയുന്നത് കൗതുകകരമായിരിക്കും.

നാലാമത്തെ

ഭർത്താവ്!

ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷൻ ഏഴ് അനുസരിച്ച് ആചാരങ്ങളുടെയോ ചടങ്ങുകളുടെയോ പൂർത്തീകരമാണ് വിവാഹത്തിന്റെ പൂർത്തീകരണമായി കണക്കാക്കുന്നത്. ഇതനുസരിച്ച് യാഗാഗ്നിക്കും സമീപം ഏഴു ചുവട് വയ്ക്കുന്ന "സപ്തപദി" എന്ന ചടങ്ങ് അനുപേക്ഷണീയമാണ്. ഏറ്റവും പ്രാചീന വൈദിക സംഹിതയായ ഋഗ്വേദത്തിൽ വിവാഹാനുഷ്ഠാനങ്ങളെ സംബന്ധിച്ച സൂചനകൾ അടങ്ങിയിട്ടുണ്ട്. ഋഗ്വേദത്തിൽ അഗ്നിസാക്ഷിയായാണ് കന്യകയെ വരൻ പാണിഗ്രഹണം ചെയ്യുന്നത്. കൂടാതെ വിവാഹം ചെയ്യുന്ന വരനെ,​ കന്യകയുടെ നാലാമത്തെ ഭർത്താവായാണ് വൈദിക പാരമ്പര്യം ഗണിച്ചിരുന്നത്. വൈദിക വിശ്വാസമനുസരിച്ച് ദേവതകളായ സോമനും ഗന്ധർവനും അഗ്നിയുമാണ് കന്യകയുടെ ആദ്യ അവകാശികൾ!

വൈദിക പാരമ്പര്യപ്രകാരം ഷോഡശ സംസ്കാരങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് വിവാഹം എന്ന സംസ്കാരം. ധർമസൂത്രങ്ങൾ വിവാഹത്തെ എട്ടായി തരംതിരിച്ചിട്ടുണ്ട്. ബ്രാഹ്മം, പ്രാജാപത്യം, ആർഷം, ദൈവം, ഗാന്ധർവം, ആസുരം, രാക്ഷസം, പൈശാചം എന്നിവയാണ് ഈ എട്ടുതരം വിവാഹങ്ങൾ. ഇതിൽ ആദ്യത്തെ നാലുതരം വിവാഹങ്ങളും ധർമ്യങ്ങളാണെന്ന് ഗൗതമധർമ സൂത്രം വിധിക്കുന്നു. വർണവ്യവസ്ഥയിൽ അധിഷ്ഠിതമായ ബോധായന ധർമസൂത്രം അനുസരിച്ച് ആസുരം, രാക്ഷസം എന്നിവ ക്ഷത്രിയനും,​ ഗാന്ധർവം വൈശ്യനും,​ പൈശാചം ശൂദ്രനും ആകാമെന്നാണ് ഹൈന്ദവ വിധി. ഗാന്ധർവം എല്ലാ വർണത്തിൽ ഉൾപ്പെട്ടവർക്കും ആകാമെന്നും ധർമസൂത്രങ്ങൾ ശാസിക്കുന്നു. ഇതിൽത്തന്നെ ഏറ്റവും ശ്രേഷ്ഠം ബ്രാഹ്മ വിവാഹമാണെന്നാണ് ധർമസൂത്രങ്ങൾ ഗണിക്കുന്നത്.

ബ്രാഹ്മം തൊട്ട്

പൈശാചം വരെ

പ്രാചീന ധർമശാസ്‌ത്ര ഗ്രന്ഥമായ മനുസ്മൃതിയിൽ വിവാഹത്തെക്കുറിച്ചും വിവാഹ ഭേദങ്ങളെക്കുറിച്ചും വിശദമായി പരാമർശിക്കുന്നുണ്ട്. മനുവും ധർമസൂത്രകാരന്മാരെപ്പോലെ തന്നെ എട്ടുതരം വിവാഹഭേദങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. ബ്രാഹ്മം മുതൽ ദൈവം, ആർഷം, പ്രാജാപത്യം, ആസുരം, ഗാന്ധർവം, രാക്ഷസം എന്നിങ്ങനെ പൈശാചം വരെയാണ് ഇവ. ഇതിൽ പൈശാചം അധമമാകുന്നു. ബ്രാഹ്മം മുതലായ ആദ്യത്തെ ആറെണ്ണം ബ്രാഹ്മണനും,​ ഒടുവിലത്തെ ആസുരം മുതൽ നാലെണ്ണം ക്ഷത്രിയനും,​ രാക്ഷസം ഒഴികെ ഒടുവിലെ നാലെണ്ണം വൈശ്യ- ശൂദ്രന്മാർക്കും വിധിച്ചിരിക്കുന്നു.

മനുസ്മൃതി അനുസരിച്ച് വേദാദ്ധ്യയനം ചെയ്ത വരന് കന്യകയെ ദാനം ചെയ്യുന്നതാണ് ബ്രാഹ്മം എന്ന വിവാഹരീതി. ഋത്വിക്കിന് കന്യകയെ ദാനം ചെയ്യുന്നത് ദൈവ വിവാഹം, പശുവിനെയോ കാളയെയോ വരനിൽ നിന്നു സ്വീകരിച്ച് കന്യകയെ ദാനം ചെയ്യുന്നത് ആർഷ വിവാഹവും, കന്യകയ്ക്ക് ധനം നൽകി അവളെ സ്വീകരിക്കുന്നത് ആസുര വിവാഹവുമാണ്. സ്ത്രീപുരുഷന്മാരുടെ പരസ്പരാനുരാഗത്താലുള്ള സംയോഗം ഗാന്ധർവവിവാഹം. ബലാൽക്കാരമായി കന്യകയെ അപഹരിക്കുന്നതാണ് രാക്ഷസ വിവാഹം. ഉറങ്ങുന്നവളെയോ പ്രമത്തയായവളെയോ രഹസ്യമായി പ്രാപിക്കുന്നത് പൈശാച വിവാഹം. ഇതാണ് എട്ടു തരം വിവാഹ സമ്പ്രദായങ്ങൾ.

വിവാഹത്തിലെ

വർണവ്യവസ്ഥ

എങ്ങനെയാണ് കന്യാദാനം നടത്തേണ്ടത് എന്നും വിവരിക്കുന്നുണ്ട്. കൈയ്ക്കുനീർ (ഉദകദാനം) വീഴ്ത്തിയുള്ള കന്യാദാനമാണ് ശ്രേഷ്ഠമെന്ന് മനു പറയുന്നു. വിവാഹത്തിന്റെ ചടങ്ങ് എന്ന നിലയ്ക്കാണ് മനു ഉദകദാന സഹിതമുള്ള കന്യാവിവാഹത്തെ അവതരിപ്പിക്കുന്നത്. ഇവിടെ വിവരിച്ച വിവാഹ സമ്പ്രദായങ്ങളെല്ലാം വർണവ്യവസ്ഥയിൽ ഉൾപ്പെടുന്നവർക്ക് വേണ്ടിയുള്ളതാണെന്ന വസ്തുത ശ്രദ്ധിക്കേണ്ടതാണ്. വർണബാഹ്യരായ മനുഷ്യർ ഈ ആചാരമുറകൾ പുലർത്തിയിരുന്നില്ല എന്നതാണ് ചരിത്ര യാഥാർത്ഥ്യം. അനവധി സമുദായങ്ങളായി നിലനിൽക്കുന്ന ഇന്ത്യൻ സമൂഹത്തിൽ ഇന്ന് ഹിന്ദുക്കളെന്ന് വ്യവഹരിക്കുന്നവർക്കിടയിൽ തന്നെ വിവാഹത്തിന് ഐകരൂപ്യം ഉണ്ടായിരുന്നില്ല.

കേരളത്തിൽ നമ്പൂതിരിയുടെ വിവാഹരീതിയല്ല മറ്റു സമുദായങ്ങൾ പിന്തുടർന്നിരുന്നത്. താലികെട്ടു കല്യാണവും പുടവ കല്യാണവും നിലനിന്നിരുന്നു. പുടവ കൊടുത്ത് വരന്റെ ബന്ധുക്കൾ വധുവിനെ പരിഗ്രഹിക്കുന്ന സമ്പ്രദായവും നിലനിന്നിരുന്നു. വിവാഹത്തിൽ മക്കത്തായികൾക്കിടയിലും മരുമക്കത്തായികൾക്കിടയിലും വ്യതിരിക്തതകൾ പുലർന്നിരുന്നു. മരുമക്കത്തായികൾ കെട്ടുകല്യാണമാണ് നിർവഹിച്ചിരുന്നതെന്നും, മിക്കവാറും എല്ലാ ജാതിക്കാർക്കിടയിലും താലികെട്ടു കല്യാണം കേരളത്തിൽ നടപ്പിലിരുന്നു എന്നും ചരിത്രകാരനായ പി. ഭാസ്കരനുണ്ണി എഴുതുന്നുണ്ട് (പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളം). ഇതിൽ മന്ത്രപൂർവകമായോ അല്ലാതെയോ താലികെട്ട് നിലനിന്നിരുന്നു. സംബന്ധം എന്ന മറ്റൊരു സമ്പ്രദായവും ശൂദ്രജാതിക്കാർക്കിടയിൽ പുലർന്നു പോന്നിരുന്നു.

ഗുരുദേവന്റെ

കല്പനകൾ

ശ്രീനാരായണ ഗുരു സ്വാമികൾ ബ്രാഹ്മണാചാരങ്ങൾ അനുസരിച്ചുള്ള വിവാഹ സമ്പ്രദായത്തിനു പകരം,​ ലളിത വിവാഹരീതി ആവിഷ്കരിച്ച് കേരളീയ സമൂഹത്തിൽ പരിവർത്തനത്തിന്റെ പുതിയ പാത സൃഷ്ടിച്ചു. 'മാമൂൽ അനുസരിച്ചുള്ള താലികെട്ട് അർത്ഥമില്ലാത്തതും അനാവശ്യവുമാണെന്ന്" ഗുരു ശിവഗിരി മഠത്തിൽ നിന്ന് പ്രസ്താവന പുറപ്പെടുവിച്ചു (ശ്രീനാരായണഗുരു വൈഖരി, പുറം. 64). ഗുരു നേരിട്ട് താലികെട്ടു കല്യാണം മുടക്കുകയും ചെയ്തു. കൂടാതെ പരിഷ്കരിച്ച വിവാഹ രീതി കൊല്ലവർഷം 1080 ഇടവ മാസത്തിലെ വിവേകോദയം മാസികയിൽ ഗുരു ഉപദേശിച്ച പ്രകാരം പ്രസിദ്ധപ്പെടുത്തുകയും ചെയ്തു. ഗുരുവിന്റെ നിർദ്ദേശമനുസരിച്ച് പത്തു പേരിൽ കൂടുതൽ വിവാഹത്തിൽ പങ്കെടുക്കേണ്ടതായി ഉണ്ടായിരുന്നില്ല. ആചാരങ്ങൾക്കും മറ്റുമായി ചെലവഴിക്കാനിടയുള്ള ധനം വധുവിനായി നൽകാനും ഗുരുസ്വാമികൾ കൽപ്പിച്ചു.

വിവാഹ അനുഷ്ഠാനങ്ങളുടെ ചരിത്രം പരിശോധിച്ചാൽ ഇന്ത്യയിൽ ഇതിന് ഒരു ഏകരൂപം ഉണ്ടായിരുന്നില്ലെന്ന് വ്യക്തമാകും. ഇന്ത്യയിലെ വ്യത്യസ്ത സമുദായങ്ങൾക്ക് അവരുടേതായ ആചാരാനുഷ്ഠാനങ്ങളും പാരമ്പര്യങ്ങളും ഉണ്ടായിരുന്നു. വൈദികമായ സപ്തപദി മുതലായ ചടങ്ങുകൾ ഇന്ത്യയിലെ അവർണ ജനവിഭാഗങ്ങൾ പിന്തുടർന്നിരുന്നുമില്ല. തമിഴ്നാട്ടിലാകട്ടെ,​ സ്വാഭിമാന പ്രസ്ഥാനവുമായി ബന്ധപ്പെട്ട് ബ്രാഹ്മണാചാരങ്ങൾ പാലിക്കാത്ത സ്വയമര്യാദാ വിവാഹങ്ങളും നിലനിന്നിരുന്നു. ഇന്ത്യൻ സംസ്കാരം വൈവിദ്ധ്യപൂർണമായിരിക്കുന്നതു പോലെ വിവാഹാനുഷ്ഠാനങ്ങളും വൈവിദ്ധ്യപൂർണമാണന്ന് അതിന്റെ സാംസ്കാരിക ചരിത്രം വ്യക്തമാക്കുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HINDUMARRIGE
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.