SignIn
Kerala Kaumudi Online
Thursday, 18 July 2024 6.44 AM IST

ഹരികുമാർ പുതുവഴിയിലൂടെ നടത്തിയ 'ഓട്ടോ' യാത്ര

c

ഓട്ടോറിക്ഷക്കാരന്റെ ഭാര്യ സിനിമയാക്കാൻ പുതുതലമുറയിൽ പെട്ട ഒത്തിരിപേർ എന്നെ സമീപിച്ചതാണ്. പുതു തലമുറയുടെ സർഗാത്മകതയെ പ്രോത്സാഹിപ്പിക്കണമെന്ന നയമാണ് എനിക്കെങ്കിലും പുതിയ ആൾക്കാരെ വെച്ച് ആ സിനിമ ചെയ്യാൻ എനിക്ക് താത്പര്യക്കുറവുണ്ടായിരുന്നു. അവരെ വെച്ച് ഇതുപോലൊരു സിനിമ ചെയ്യുന്നത് റിസ്‌ക്കാണ്. അതുകൊണ്ടാണ് ഹരികുമാർ എന്നെ സമീപിച്ചപ്പോൾ ഞാൻ സമ്മതിച്ചത്. ദൈവത്തിന്റെ വികൃതികൾ, മദാമ്മ, സാവിത്രിയുടെ അരഞ്ഞാണം തുടങ്ങിയ രചനകൾ സിനിമയായെങ്കിലും ഞാൻ ഒരു സിനിമയ്ക്ക് വേണ്ടി മാത്രമേ പൂർണ്ണമായ തിരക്കഥ രചിച്ചിട്ടുള്ളൂ. അതാണ് ഹരികുമാർ സംവിധാനം ചെയ്ത ' ഓട്ടോറിക്ഷക്കാരന്റെ ഭാര്യ'. ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത ദൈവത്തിന്റെ വികൃതികൾ എന്ന ചിത്രത്തിന്റെ തിരക്കഥാരചനയിൽ പകുതിയോളം പങ്കാളിയായിരുന്നെങ്കിലും എംബസ്സിയിലെ ജോലിത്തിരക്കുണ്ടായിരുന്നതിനാൽ പൂർണമായ തിരക്കഥയുടെ ഭാഗമായിരുന്നില്ല. ഓട്ടോ റിക്ഷക്കാരന്റെ ഭാര്യയുടെ തിരക്കഥ എഴുതണമെന്ന് ഹരികുമാർ പറഞ്ഞപ്പോൾ ആദ്യം ഒഴിഞ്ഞുമാറാൻ നോക്കിയതാണ്. വേറെ ആരെയെങ്കിലുംകൊണ്ട് തിരക്കഥ എഴുതിച്ചാൽ മതിയെന്നും തനിക്ക് തിരക്കഥ എഴുതി പരിചയമില്ലെന്നും ആവും വിധം പറഞ്ഞു. എന്നാൽ, ഹരികുമാറിന്റെ സ്‌നേഹനിർബന്ധത്തിന് വഴങ്ങി അവസാനം സമ്മതിക്കുകയായിരുന്നു.
ഫ്രഞ്ച് അധീന പ്രദേശമായിരുന്ന മയ്യഴിയുടെ വർത്തമാനം ചർച്ച ചെയ്യുന്ന സിനിമയിൽ എന്റെ പൂർണ്ണമായ പിന്തുണ വേണമെന്ന നിർബന്ധമായിരുന്നു ഹരികുമാറിന്. ഞാൻ 2016ൽ എഴുതിയ കഥയിൽ, കഥ നടക്കുന്ന ദേശത്തെക്കുറിച്ച് പ്രത്യേക സൂചനകളൊന്നുമില്ലായിരുന്നു. എവിടെയും നടക്കാവുന്ന രീതിയിലുള്ള സാർവലൗകികമായ കഥയായാണ് ഓട്ടോറിക്ഷക്കാരന്റെ ഭാര്യ എഴുതിയത്. എന്നാൽ, ഓട്ടോറിക്ഷക്കാരന്റെ ഭാര്യ അഭ്രപാളിയിലേക്ക് എത്തുമ്പോൾ കഥാപശ്ചാത്തലം മയ്യഴിയായി മാറ്റുകയായിരുന്നു. ഹരികുമാറിന്റെ നിർബന്ധമായിരുന്നു അതിനു കാരണം. മാഹിയെ കഥാപശ്ചാത്തലമാക്കി അവിടത്തെ പ്രാദേശിക ഭാഷയെ ഉപയോഗിച്ചതും ഹരികുമാറിന്റെ ആവശ്യപ്രകാരമാണ്. ഹരികുമാറുമായി പലതവണ ചർച്ച ചെയ്ത ശേഷമാണ് തിരക്കഥ എഴുതാനിരുന്നത്. കഥയിലുള്ള കഥാപാത്രങ്ങൾക്കു പുറമേ ചിലരെക്കൂടി കൂട്ടിച്ചേർത്താണ് തിരക്കഥ തയ്യാറാക്കിയത്. ചെറിയൊരു കഥാ തന്തുവിൽ നിന്ന് വലിയൊരു സ്‌ക്രീനിലേക്കുള്ള മാറ്റമല്ലേ. അപ്പോൾ പുതിയ ആളുകളും സംഭവങ്ങളുമൊക്കെ വേണ്ടിവരുമല്ലോ. അതെല്ലാം ചേർത്തു. സാഹിത്യ രചനയിൽ നമുക്ക് സ്വാതന്ത്ര്യമുണ്ടെങ്കിലും തിരക്കഥ വിശ്വസനീയമായിരിക്കണമെന്നും സാങ്കേതികമായ കുറേ കാര്യങ്ങൾ ഈ രംഗത്തുണ്ടെന്നും അതൊക്കെ ഹരികുമാറിന്റെ സഹായത്താലാണ് വശത്താക്കിയത്.
സ്ത്രീ ശാക്തീകരണമാണ് ഈ സിനിമ മുന്നോട്ടുവെക്കുന്ന പ്രമേയം. വർത്തമാനകാല സമൂഹം വളരെ ഗൗരവത്തോടെ ചർച്ച ചെയ്യുന്ന വിഷയമാണ് ചിത്രം പറഞ്ഞത്. വളരെ രസകരമായി 20 മിനിട്ടിൽ ചിത്രീകരിക്കാവുന്ന ഒരു കഥയാണ് ഈ സിനിമയുടേത്. പക്ഷേ, സമീപകാലത്തെ പല വിഷയങ്ങളെയും കോർത്തിണക്കിയാണ് ഒരു സിനിമയുടെ പൂർണ്ണതയിലേക്ക് ഈ ചിത്രം എത്തിച്ചിരിക്കുന്നത്. സുരാജ് വെഞ്ഞാറമ്മൂട് , ആൻ അഗസ്റ്റിൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
കുടുംബബന്ധവും അതിലുണ്ടാകുന്ന പ്രശ്നങ്ങളും ഒരു സ്ത്രീ അതിനെ ധൈര്യത്തോടെ മറികടക്കുന്നതുമാണ് ഇതിവൃത്തം.
മീത്തലെപ്പുരയിലെ സജീവൻ എന്ന അലസനും മടിയനുമായ ഒരു ഓട്ടോറിക്ഷ ഡ്രൈവറുടെ ജീവിതത്തിലേക്ക് നെടുമ്പ്രയിൽ ബാലന്റെ മകൾ രാധിക എന്ന ഉൾക്കരുത്തുള്ള പെൺകുട്ടി കടന്നുവരുന്നതും അവൾ ഓട്ടോറിക്ഷ ഏറ്റെടുത്ത് ജീവിതത്തെ മുന്നോട്ടുനയിക്കുന്നതുമായ കഥയാണ് വർത്തമാനകാല സാഹചര്യങ്ങളുമയി കൂട്ടിയിണക്കി പറയാൻ ശ്രമിച്ചത്.ഹരികുമാർ അത് ഭംഗിയായി അവതരിപ്പിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: #HARIKUMAR
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.