വിഴിഞ്ഞം: ഏഴാം വയസിൽ വിധി തളർത്തി വീൽചെയറിൽ ഒതുങ്ങിയ മുക്കോല കുഴിപ്പള്ളം രാകേഷ് ഭവനിൽ സ്റ്റീഫന്റെയും ഷീലയുടെയും മൂത്തമകൻ എസ്.രാകേഷ് എസ്.എസ്.എൽ.സി പരീക്ഷയിൽ നേടിയത് മുഴുവൻ വിഷയങ്ങൾക്കും എപ്ലസ്.കൈവിരലുകൾക്കും തലയ്ക്കും മാത്രമാണ് രാകേഷിന് ചലനശേഷിയുള്ളത്.
വിഴിഞ്ഞം സെന്റ് മേരീസ് എച്ച്.എസ്.എസ് വിദ്യാർത്ഥിയാണ്.
പരീക്ഷാച്ചൂടിലേക്ക് കടന്നപ്പോൾ മണിക്കൂറുകളോളം ഒരേ നിലയിലിരുന്നു പഠിച്ചത് ശരീരത്തിന് പിറകിൽ വൃണം ഉണ്ടാക്കിയിരുന്നു. പഠനത്തോടൊപ്പം നല്ലൊരു ചിത്രകാരൻ കൂടിയാണ് രാകേഷ്. വിദ്യാഭ്യാസ മന്ത്രി പങ്കെടുത്ത ചടങ്ങിൽ മന്ത്രിയുടെ ചിത്രം വരച്ച് നൽകി പ്രശംസ നേടിയിരുന്നു. ക്ലാസിലെ മികച്ച വിദ്യാർത്ഥി, സ്കൂളിൽ നടന്ന എല്ലാ മത്സര പരീക്ഷകളിലെയും സ്കോളർഷിപ്പ് വിജയി, ക്ലാസിൽ മുടക്കം വരുത്താറില്ല... ഇങ്ങനെ ഏറെ പറയാനുണ്ട് രാകേഷിന്റെ അദ്ധ്യാപികമാർക്ക്. പഠനത്തിനിടയ്ക്ക് സംശയം തോന്നിയാൽ ഏത് പാതിരാത്രിയിലും അദ്ധ്യാപകരെ വിളിക്കാറുണ്ടെന്ന് അദ്ധ്യാപിക ലാലിലോപ്പസ് പറഞ്ഞു. ഒരു സംഘടന നൽകിയ ഇലക്ട്രിക് വീൽചെയറിലാണ് രണ്ട് കിലോമീറ്ററോളം സഞ്ചരിച്ച് ദിവസവും സ്കൂളിൽ എത്തുന്നത്.ഒപ്പം സഹായത്തിന് അമ്മ ഷീലയും അനുജത്തി സ്റ്റിഫിനയുമുണ്ടാകും. ഓട്ടോ ഡ്രെെവറായ അച്ഛൻ ചില ദിവസങ്ങളിൽ സ്കൂളിൽ എത്തിക്കാറുണ്ട്. പരിമിതികൾ കടന്ന് മികച്ച വിജയം നേടിയ രാകേഷിനെ അദ്ധ്യാപികമാരായ ലാലിലോപ്പസ്, സൂസി മിനി,വി. പ്രമീള, വിജി ഡിസൂസ എന്നിവർ വീട്ടിലെത്തി അഭിനന്ദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |