SignIn
Kerala Kaumudi Online
Saturday, 27 July 2024 8.46 AM IST

കൊച്ചി നഗരം അരാജകത്വത്തിലേക്ക് വീഴാനുള്ള കാരണം ഞെട്ടിക്കുന്നത്, രക്ഷപ്പെടണമെങ്കിൽ 300 പേരെ ഒതുക്കണം

kochi

ഭാഗംവച്ച തറവാട് പോലെയാണ് കൊച്ചി സിറ്റി പൊലീസ്! അംഗബലത്തിൽ ഇപ്പോഴും 1982-ലെ അവസ്ഥ. ആകെ 3,100 പൊലീസുകാർ. ഇരുപത് പൊലീസ് സ്റ്റേഷനുകൾ ഉണ്ടായിരുന്നിടത്തു നിന്ന് പുതുതായി രൂപീകരിച്ചത് നാല് സ്റ്റേഷനുകൾ മാത്രം- കടവന്ത്ര, മരട്, എളമക്കര, കുമ്പളങ്ങി. ഇവിടെ സേവനമനുഷ്ഠിക്കുന്നത് സിറ്റിയിലെ വിവിധ സ്റ്റേഷനുകളിൽ ഉണ്ടായിരുന്നവർ തന്നെ. പുതിയ തസ്തിക സൃഷ്ടിക്കാതെയുള്ള പരിഷ്‌കാരം സിറ്റി പൊലീസിൽ വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കിയിട്ടുള്ളത്. അംഗബലം കൂട്ടണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. മാറിമാറി വന്ന സർക്കാരുകൾ ആവശ്യം പരിഗണിച്ചതേയില്ല.

പൊലീസിന് അധികപ്പണി


നിലവിൽ കൊച്ചി സിറ്റിയിലെ 24 സ്റ്റേഷനുകളിലും വേണ്ടത്ര പൊലീസുകാരില്ല. പട്രോളിംഗിനും നൈറ്റ് ഡ്യൂട്ടിക്കും വരെ, ഉള്ളവരെക്കൊണ്ട് ചുമടെടുപ്പിക്കുന്നതാണ് സ്ഥിതി. പൊലീസിന്റേതല്ലാത്ത പദ്ധതിയും പണിയും വേറെയുമുണ്ട്. കൊവിഡിനു ശേഷമാണ് ഇത് കൂടിയത്. ആരോഗ്യം, വിദ്യഭ്യാസം, റവന്യു വകുപ്പുകൾ കാര്യങ്ങൾ വേഗത്തിൽ ലഭ്യമാകാൻ പൊലീസിനെ ആശ്രയിക്കുന്നു. ഫലമോ, പരാതികൾ കൂമ്പാരമായി.

എറണാകുളം സെൻട്രൽ സ്റ്റേഷനിൽ പ്രതിദിനം ഇരുപതിലധികം എഫ്.ഐ.ആ‌ർ രജിസ്റ്റ‌ർ ചെയ്യും. എഫ്.ഐ.ആറിട്ടാൽ ഉടൻ അന്വേഷണം തുടങ്ങണം. മറ്റു ജോലികൾ കൂടി ഇതിനിടയിൽ വരുന്നതിനാൽ പരാതികൾ തീർപ്പാക്കുക വെല്ലുവിളിയാകും. ഒന്നിടവിട്ട ദിവസങ്ങളിൽ നൈറ്റ് ഡ്യൂട്ടിയെടുക്കണം. അവധി പോലും കിട്ടാത്ത സ്ഥിതി. പട്രോളിംഗിന് ഡ്രൈവറും എസ്.ഐയും മാത്രമുള്ള അവസ്ഥയും ഉണ്ടാകാറുണ്ട്.

കുറച്ചുകാലം മുമ്പുവരെ എ.ആർ ക്യാമ്പിൽ നിന്ന് ഓരോ സ്റ്റേഷനിലേക്കും പൊലീസുകാരെ അറ്റാച്ച് ചെയ്ത് രാത്രികാല പട്രോളിംഗിന് ഉപയോഗിക്കുന്ന രീതിയുണ്ടായിരുന്നു. പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ലാതെ അത് നിറുത്തി. പട്രോളിംഗിൽ നിന്നുൾപ്പെടെ സിറ്റി പൊലീസ് പിൻവാങ്ങിയതാണ് കൊച്ചി നഗരം അരാജകത്വത്തിലേക്കു വീഴാനുള്ള കാരണങ്ങളിലൊന്ന്. വേണ്ടത്ര പൊലീസുകാരുണ്ടെന്നാണ് കമ്മിഷണറേറ്റിൽ നിന്ന് നൽകുന്ന മറുപടി.

ഹൈദരാബാദ് മോഡൽ


ഒരുകാലത്ത് ഗുണ്ടകളുടെ പറുദീസയായിരുന്നു ഹൈദരാബാദ് അടക്കമുള്ള ആന്ധ്രയിലെ പല പ്രദേശങ്ങളും. ചെറിയ വ്യവസായം തുടങ്ങാൻ പോലും ആരും മുന്നോട്ടുവരാത്ത സ്ഥിതി. വന്നാൽത്തന്നെ ഗുണ്ടകൾക്ക് വിഹിതം നൽകണം. പ്രശ്‌നം സങ്കീർണമായതോടെ പൊലീസ് തുനിഞ്ഞിറങ്ങി. വ്യവസായികൾക്കും ഐ.ടി കമ്പനികൾക്കും എല്ലാ സുരക്ഷയും ഉറപ്പാക്കുമെന്നും പൊലീസ് കൂടെയുണ്ടാകുമെന്നും ഉറപ്പുകൊടുത്തു. ഗുണ്ടകളെ തൂക്കി അകത്താക്കി. തിരിച്ചടികൾ നേരട്ടെങ്കിലും പിന്മാറിയില്ല. പതിയെപ്പതിയെ നഗരങ്ങളെല്ലാം പൊലീസ് നിയന്ത്രണത്തിലായി. ഇന്ന് രാജ്യത്തെ തന്നെ ഏറ്റവും വലിയ ഐ.ടി നഗരമായി ഹൈദരാബാദ് മാറിയത് പൊലീസിന്റെ കരുത്തിലാണ്. കൊച്ചിയെയും ഈ വിധം മാറ്റിയെടുക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.

ഗുണ്ടകളെ പൂട്ടാൻ പദ്ധതി


ലഹരി- ഗുണ്ടാ മാഫിയകളെ വേരോടെ പിഴുതെറിയാൻ പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്, കൊച്ചി സിറ്റി പൊലീസ്. സ്ഥിരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെയും ജാമ്യത്തിലിറങ്ങി വിലസുന്നവരെയും പതിവായി നിരീക്ഷിച്ച് കുറ്റകൃത്യം കുറയ്ക്കുകയാണ് പ്രധാന ലക്ഷ്യം. ഈ മാസം അവസാനത്തോടെ പുത്തൻ സാങ്കേതികവിദ്യയുടെ കരുത്തിൽ ഓപ്പറേഷൻ തുടങ്ങും.

നഗരത്തിലെ 800 -1000 പോയിന്റുകളിൽ പൊലീസ് പ്രതിദിനം എത്തും വിധമാണ് പദ്ധതി ആസൂത്രണം. സിറ്റി പൊലീസ് കമ്മിഷണർ എസ്. ശ്യാംസുന്ദർ, ഡെപ്യൂട്ടി കമ്മിഷണർ കെ.എസ്. സുദർശൻ എന്നിവർക്കാണ് ചുമതല. എ.സി.പി.മാർ മേൽനോട്ടം നിർവഹിക്കും. കൂടുതൽ പ്രശ്‌നക്കാരുടെ കാര്യം മുതിർന്ന ഉദ്യോഗസ്ഥർ നോക്കും. ക്രിമിനലുകളുടെയും ഗുണ്ടാസംഘങ്ങളുടെയും പട്ടികയുണ്ടാക്കി നിരീക്ഷിക്കേണ്ട ചുമതല ഓരോ പൊലീസ് ഉദ്യോഗസ്ഥർക്കായി വീതിച്ചു നൽകി. സിറ്റിയിൽ 300 പേരുണ്ട്, ഗുണ്ടാ പട്ടികയിൽ.

സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരമൊരു പൊലീസ് സംവിധാനം. ജാമ്യത്തിലിറങ്ങിയ ശേഷമുള്ള പ്രവൃത്തികൾ, മേൽവിലാസം, വ്യക്തിവിവരങ്ങൾ, പാസ്‌പോർട്ട്, ആസ്തി, സാമ്പത്തിക വിവരങ്ങൾ, ബാങ്ക് അക്കൗണ്ട്, സാമൂഹിക മാദ്ധ്യമ അക്കൗണ്ടുകൾ തുടങ്ങിയവ നിരന്തരം പരിശോധിക്കും. അനധികൃത സ്വത്ത് സമ്പാദിച്ചാൽ കണ്ടുകെട്ടും. കുറ്റങ്ങളുടെ ശൈലി അടിസ്ഥാനത്തിൽ നാലു തരത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്.

വേണം, കൂട്ടായ ഉത്തരവാദിത്വം

നഗരത്തിന്റെ സുരക്ഷയും കുറ്റകൃത്യം തടയലും പൊലീസിന്റെ മാത്രം ഉത്തരവാദിത്വമല്ല. എക്‌സൈസിനും കൊച്ചി യിലെ കേന്ദ്ര ഏജൻസികൾക്കും വലിയ പങ്കുണ്ട്. നാർകോട്ടിക് കൺട്രോൾ ബ്യൂറോ, സെൻട്രൽ എക്‌സൈസ്, ഭീകര വിരുദ്ധ സേന, എൻ.ഐ.എ, കസ്റ്റംസ് തുടങ്ങിയ അന്വേഷണ വിഭാഗങ്ങളും കൈകോർക്കണം. കഴിഞ്ഞ ദിവസം ഗുണ്ടാ സംഘങ്ങളുടെ വീടുകളിൽ നിന്ന് ആയുധം പിടികൂടിയത് പൊലീസും ഭീകര വിരുദ്ധ സേനയും ചേർന്ന ഓപ്പറേഷനിലാണ്. ലക്ഷദ്വീപ് തീരത്തു നിന്ന് ബോട്ടിൽ കടത്താൻ ശ്രമിച്ച ശതകോടികളുടെ ലഹരിമരുന്നുകൾ പിടികൂടിയത് കസ്റ്റംസും നാർകോട്ടിക്‌ കൺട്രോൾ ബ്യൂറോയും കൈകോർത്താണ്. എന്തിനോടും നിസംഗത പുലർത്തുന്ന നഗരവാസികളുടെ പൊതുസ്വഭാവവും മാറണം. സംശയാസ്പദമായി എന്ത് ശ്രദ്ധയിൽപ്പെട്ടാലും പൊലീസിനെ അറിയിക്കാനും കഴിയണം.

വലിയ പ്രതിസന്ധിയാകും വിധത്തിൽ കൊച്ചി സിറ്റിയിൽ പൊലീസുകാരുടെ കുറവില്ല. തിരഞ്ഞെടുപ്പു സമയത്ത് മറ്റു ജില്ലകളിലേക്ക് പൊലീസുകാരെ വിട്ടുനൽകിയിരുന്നു. പുതിയ പദ്ധതി ആവിഷകരിച്ച് ഗുണ്ടകളെ അമർച്ച ചെയ്യാനാണ് തീരുമാനം എസ്. ശ്യാം സുന്ദർ, കമ്മിഷണർ, കൊച്ചി സിറ്റി

ജോലി തേടി മറ്റു ജില്ലകളിൽ നിന്നും അന്യസംസ്ഥാനങ്ങളിൽ നിന്നും നിരവധി പേരാണ് കൊച്ചിയിലെത്തുന്നത്. ചിലർ പെട്ടെന്ന് പണമുണ്ടാക്കാൻ ലഹരി ഇടപാടിലേക്കും മറ്റും തിരിയുന്നു. നഗരസഭ ഇക്കാര്യം ഗൗരവത്തോടെയാണ് കാണുന്നത്. പൊലീസിന്റെ എല്ലാ പദ്ധതികൾക്കും ഒപ്പം നിൽക്കുന്നു. അഡ്വ. എം. അനിൽകുമാർ കൊച്ചി മേയർ

മുമ്പ് റസിഡന്റ്സ് അസോസിയേഷൻ പ്രതിനിധികളുമായി ബന്ധപ്പെട്ട് സിറ്റി പൊലീസ് മേധാവിയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും വിവരങ്ങൾ ശേഖരിക്കുകയും മറ്റും ചെയ്തിരുന്നു. വലിയ തോതിൽ കുറ്റകൃത്യം കുറയ്ക്കാൻ ഇതിലൂടെ സാധിച്ചു. ഈ സമ്പ്രദായം പുന:സ്ഥാപിക്കണം.
ഡി. രംഗദാസ പ്രഭു
പ്രസിഡന്റ്- എഡ്രാക്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, KOCHI, CRIME, GUNDA MAFIA, POLICE
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.