തിരുവനന്തപുരം: തലസ്ഥാനത്ത് പട്ടാപ്പകൽ മദ്യലഹരിയിൽ വാഹനമോടിച്ച് മറ്റ് വാഹനങ്ങൾ ഇടിച്ചുതെറിപ്പിച്ച എസ്.എച്ച്.ഒയെ കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു. വിളപ്പിൽശാല സ്റ്റേഷൻ ഹൗസ് ഓഫീസർ നിജാമിനെയാണ് കന്റോൺമെന്റ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
ഇന്നലെ രാവിലെ 11ഓടെ പി.എം.ജിയിലും ഉച്ചകഴിഞ്ഞ് 2.30 ഓടെ പാളയത്ത് എ.കെ.ജി സെന്ററിന് മുമ്പിലുമാണ് സംഭവം. മദ്യപിച്ച് സ്വകാര്യ വാഹനത്തിലെത്തിയ എസ്.എച്ച്.ഒ മഹിളാമോർച്ച പ്രവർത്തകരെത്തിയ വാഹനത്തിലാണ് ആദ്യം ഇടിച്ചത്. പി.എം.ജിയിൽ വച്ചുണ്ടായ സംഭവം സ്ഥലത്തുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ പണം കൊടുത്ത് ഒത്തുതീർപ്പാക്കി.
ഇതിനുപിന്നാലെയാണ് യൂണിവേഴ്സിറ്റി- ജനറൽ ഹോസ്പിറ്റൽ റോഡിൽ എ.കെ.ജി സെന്ററിന്റെ മുന്നിൽ വീണ്ടും മറ്റൊരു വാഹനത്തെ ഇടിച്ചു തെറിപ്പിച്ചത്. അപകടത്തിൽ ആർക്കും പരിക്കില്ല. തുടർന്ന് നാട്ടുകാർ ഓടിക്കൂടുകയും കൺട്രോൾ റൂമിൽ വിവരം അറിയിക്കുകയും കന്റോൺമെന്റ് പൊലീസെത്തി എസ്.എച്ച്.ഒയെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. തുടർന്ന് നിസാര വകുപ്പുകൾ ചുമത്തി കേസെടുത്തശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. പൊലീസുകാരൻ ഇടിച്ചിട്ട വാഹന ഉടമകൾക്ക് പരാതിയില്ലെന്നും അതിനാലാണ് മദ്യപിച്ച് വാഹനം ഓടിച്ചതിന് മാത്രം കേസെടുത്തതെന്നുമാണ് പൊലീസ് പറയുന്നത്. വിശദമായ അന്വേഷണം നടത്തി വകുപ്പുതല നടപടി സ്വീകരിക്കാൻ സിറ്റി പൊലീസ് കമ്മിഷണർ നിർദ്ദേശം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |