SignIn
Kerala Kaumudi Online
Thursday, 18 July 2024 8.33 AM IST

ജ്വലിക്കുന്ന ഒാർമ്മകളിൽ ഗൗരിഅമ്മ വിയോഗത്തിന്റെ മൂന്നാം വർഷം

kr-gouri

മൂന്നുവർഷത്തെ വേർപാടിനുശേഷം ഗൗരിഅമ്മ ഓർമ്മിക്കപ്പെടുമ്പോൾ കേരളത്തിന്റെ ഇടതുപക്ഷ ചരിത്രം വീണ്ടും ഓർമ്മിക്കപ്പെടുകയാണ്. ജീവിതപങ്കാളിയായ ടി.വി. തോമസടക്കം ഒട്ടനവധി ധീരരക്തസാക്ഷികൾ അന്തിയുറങ്ങുന്ന ആലപ്പുഴയിലെ വലിയ ചുടുകാട്ടിൽ മരണശേഷം

ചെങ്കൊടി പുതച്ച് സംസ്കരിക്കപ്പെടണമെന്നായിരുന്നു ഗൗരിഅമ്മയുടെ അന്ത്യാഭിലാഷം. ഈ ആഗ്രഹത്തെ ഇടതു മുന്നണി പരമാവധി പ്രയോജനപ്പെടുത്തിയിട്ടുണ്ട്. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം പരിശോധിക്കപ്പെടുകയോ പുനഃപരിശോധിക്കപ്പെടുകയോ ചെയ്യുമ്പോൾ ഗൗരിഅമ്മ വീണ്ടും പ്രസക്തയാകുകയാണ്. മുപ്പത്തൊന്നു വർഷങ്ങൾക്കുമുൻപ് ഗൗരിഅമ്മ സി.പി.എമ്മിൽ നിന്നും പുറത്താക്കപ്പെട്ടു. കുറ്റം അഴിമതി അധികാരമോഹം, തൻ പ്രമാണിത്വം ഈ ആരോപണങ്ങൾ പിൽക്കാലത്ത് പല ഉന്നത നേതാക്കൾക്കും എതിരായി ഉയർന്നിട്ടുണ്ട്. എങ്കിലും ഗൗരിഅമ്മ ബലികൊടുക്കപ്പെട്ടു. രാഷ്ട്രീയമായി രക്തസാക്ഷികൾ ഒരുതവണയെ ഉണ്ടാകാറുള്ളു. ഗൗരിഅമ്മ പലതവണ രക്തസാക്ഷിയായി. ഒടുവിൽ ചെങ്കൊടി പുതച്ച് ചരിത്രമുറങ്ങുന്ന ആലപ്പുഴ വലിയ ചുടുകാട്ടിൽ അന്ത്യനിദ്ര കൊണ്ടു . അവിടെതന്നെ സംസ്കരിക്കപ്പെടണമെന്ന ആഗ്രഹം ഗൗരിഅമ്മയ്ക്കുണ്ടായത് ചെങ്കൊടിയിൽ നിന്നാണോ? അഥവാ സമരസഖാവും ജീവിതപങ്കാളിയുമായിരുന്ന ടി.വി.യ്ക്കൊപ്പം ചേരാനാണോ? ഇൗ ചോദളം പ്രസക്തമാകുന്നത് ഗൗരിഅമ്മയുടെ രാഷ്ട്രീയ ജീവിതത്തിന്റെ സത്യസന്ധതയിലാണ്. പാർട്ടിയിൽ നിന്നും പുറത്താക്കപ്പെട്ട ശേഷം രണ്ട് പതിറ്റാണ്ട് ഗൗരിഅമ്മയ്ക്ക് രാഷ്ട്രീയ അഭയം നൽകിയത് ഐക്യജനാധിപത്യ മുന്നണിയായിരുന്നു. ഇൗ കാലഘട്ടത്തിൽ ഗൗരിഅമ്മ വീണ്ടും നിയമസഭാ സമാജികയും മന്ത്രിയുമായി. മന്ത്രിയല്ലാതായി പത്തുവർഷത്തോളം ഗൗരിഅമ്മ ഐക്യജനാധിപത്യ മുന്നണിയിൽ തന്നെ തുടർന്നെങ്കിലും പഴയ കൂടാരത്തിലേക്ക് തിരിച്ചുപോകാനുള്ള ഗൗരിഅമ്മയുടെ ആഗ്രഹം കലശലായിരുന്നു. ഇതിനെ കൗശലപൂർവം വിനിയോഗിക്കാൻ ഇടതു കേന്ദ്രങ്ങൾ സജീവമായി കരുക്കൾ നീക്കി. വാർദ്ധക്യസഹജമായ എല്ലാ ബലഹീനതകളും മുതലെടുത്തു. ഒടുവിൽ ഇടതു ചേരിയിലേക്ക് മടങ്ങിപ്പോയ ഗൗരിഅമ്മയെ ഇടതുപക്ഷം വീണ്ടും വഞ്ചിച്ചു. 2016 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ സീറ്റ് വിഭജന ചർച്ചയിൽ ഗൗരിഅമ്മയുടെ പാർട്ടിക്ക് സീറ്റ് നിഷേധിക്കപ്പെട്ടു. അതിനെയും അതിജീവിച്ച് ഇടതുപക്ഷത്ത് തുടരാനാണ് അവർ ആഗ്രഹിച്ചത്. ആ തീരുമാനം ആലപ്പുഴ വലിയ ചുടുകാട്ടിൽ അന്ത്യവിശ്രമം കൊള്ളുന്ന ജീവിത പങ്കാളിയും സമര സഖാവുമായ ടി.വിയോടൊപ്പം അന്ത്യവിശ്രമം കൊള്ളാനുള്ള ഗൗരിഅമ്മയുടെ അന്ത്യഭിലാഷമായിരുന്നു.

ഗൗരിഅമ്മയുടെ പിന്തുടർച്ച വീണ്ടും യു.ഡി.എഫിൽ എത്തിച്ചേർന്നിരിക്കുന്ന രാഷ്ട്രീയം ഏറെ ചർച്ചാവിഷയമാണ്. സാമൂഹ്യനീതിയിലധിഷ്ഠിതമായ സമത്വം എന്ന ആശയം ഏറെ പ്രസക്തമായ കാലഘട്ടത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. ഇൗ വിഷയത്തിൽ രാജ്യത്തെ മുഴുവൻ ജനതയേയും ഒന്നായി മുന്നോട്ടുനയിക്കാൻ കഴിയുന്ന ഏകരാഷ്ട്രീയ പ്രസ്ഥാനം ഇന്ത്യൻ നാഷണൽ കോൺഗ്രസാണ് . കോൺഗ്രസ് നേതൃത്വം നൽകുന്ന ഇന്ത്യ മുന്നണിക്കല്ലാതെ ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന ബഹുസ്വരതയും മതേതര ജനാധിപത്യവും ന്യൂനപക്ഷ പരിരക്ഷയും സംരക്ഷിക്കാൻ മറ്റാർക്കും കഴിയില്ലെന്നതാണ് നിലവിലെ രാഷ്ട്രീയ യാഥാർത്ഥ്യം. ഏറെ പ്രതീക്ഷയോടെ ജനങ്ങൾ അധിാരത്തിലേറ്റിയ ഇടതുമുന്നണി സർക്കാർ മുൻപില്ലാത്തവിധം അഴിമതി ആരോപണങ്ങളുടെയും കെടുകാര്യസ്ഥതയുടെയും സാമ്പത്തിക ധൂർത്തിന്റെയും പടുകുഴിയിലകപ്പെട്ടിരിക്കുന്നു. ഐക്യജനാധിപത്യ മുന്നണിക്കല്ലാതെ മറ്റാർക്കും സംസ്ഥാനത്തെ ഇൗ പ്രതിസന്ധിയിൽ നിന്ന് രക്ഷിക്കാൻ കഴിയില്ലെന്ന് ജനങ്ങൾക്ക് ബോധ്യപ്പെട്ടിരിക്കുന്നു.

കേരളം ഭ്രാന്താലയമെന്ന് വിശേഷിപ്പിക്കപ്പെട്ട ഒരുകാലത്ത് ആലപ്പുഴ ചേർത്തലയിലെ പുരാതന ഇൗഴവ കുടുംബത്തിൽ 1919 ജൂലായ് മാസം പതിനാലാം തീയതിയാണ് ഗൗരിഅമ്മ ജനിച്ചത്. നാട്ടിൽ മികച്ച സ്കൂൾ വിദ്യാഭ്യാസവും തുടർന്ന് എറണാകുളം സെന്റ് തേരാസസിലും തിരുവനന്തപുരം ലാ കോളേജിലുമായി നിയമബിരുദവും പൂർത്തിയാക്കി. അഭിഭാഷകയായ ഗൗരിഅമ്മയെ ജഡ്ജിയാക്കണമെന്നായിരുന്നു പിതാവിന്റെ ആഗ്രഹമെങ്കിലും പുന്നപ്ര വയലാറിന്റെ ചോര വീണ മണ്ണിലൂടെയാണ് അവർ നടന്നു നീങ്ങിയത്. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സജീവ പ്രവർത്തകയായി മാറിയ ഗൗരിഅമ്മ പലപ്പോഴും കൊടിയ പൊലീസ് മർദ്ദനങ്ങൾക്ക് വിധേയയായി. പലവട്ടം ജയിലിൽ കഴിഞ്ഞേണ്ടിവന്നു. ആദ്യ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും 1952 മുതൽ നടന്ന തിരഞ്ഞെടുപ്പുകളിൽ

ഗൗരിഅമ്മ വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു. 1957 ൽ കേരള സംസ്ഥാന രൂപീകരണത്തിനുശേഷം ഇന്നുവരെ ചേർത്തല, അരൂർ മണ്ഡലങ്ങളിൽ നിന്നായി നിയമസഭയിലെ ത്തിയ ഗൗരിഅമ്മ 16345 ദിവസത്തെ നിയമസഭാ പ്രവർത്തനത്തിലൂടെ കേരളം കണ്ട ഏറ്റവും മികച്ച ഭരണാധികാരിയും നിയമസഭാ സമാജികയുമായി. വിവിധ ഘട്ടങ്ങളിലായി അഞ്ചുതവണ മന്ത്രിയായി. കൈകാര്യം ചെയ്ത വകുപ്പുകളിലെല്ലാം മികവുള്ള ഭരണം കാഴ്ചവച്ചു. പിൽക്കാലത്ത് പാർട്ടിയിലുണ്ടായ വിഭാഗീതയുടെ ഫലമായി ഗൗരിഅമ്മ പാർട്ടിയുടെ പ്രഥമിക അംഗത്വത്തിൽ നിന്നും 1994 ജനുവരി ഒന്നാംതീയതി പുറത്തായി. ഇൗ പുറത്താക്കലിനെതിരെയുള്ള കേരളത്തിന്റെ പ്രതികരണം ചരിത്രത്തിന്റെ ഭാഗമാണ്. തെക്കൻ കേരളത്തിൽ ഇടതുപക്ഷത്തിന് ഇൗ നടപടി ഏൽപ്പിച്ച ആഘാതം ചെറുതല്ല. അതിന്റെ ഭാഗമായി ഉണ്ടായ പൊതുജനവികാരത്തിൽ നിന്നും 1994 ൽ രൂപംകൊണ്ട രാഷ്ട്രീയ പ്രസ്ഥാനമാണ് ജനാധിപത്യ സംരക്ഷണ സമിതി അഥവാ ജെ.എസ്.എസ്.

ഗൗരിഅമ്മ ഉയർത്തുന്ന രാഷ്ട്രീയം അന്നും ഇന്നും പ്രസക്തമാണ്. ശ്രീനാരായണ ഗുരുദേവന്റെ ദർശനങ്ങളിൽ ഉൗന്നിയുള്ള സാമൂഹ്യ പരിഷ്കരണ പ്രക്രിയ ഒരു നൂറ്റാണ്ട് മുൻപുതന്നെ കേരളത്തിൽ തുടങ്ങിയിരുന്നു. അതിന്റെ ചുവടുപിടിച്ചുണ്ടായ സാമൂഹിക രാഷ്ട്രീയ നവോത്ഥാനമാണ് കേരളത്തിൽ പുരോഗമന പ്രസ്ഥാനങ്ങൾക്ക് വളരാനുള്ള സാഹചര്യം സൃഷ്ടിച്ചത്. ഇൗ സാഹചര്യങ്ങളിൽ ഉദയം ചെയ്ത ദളിത് പിന്നോക്ക മുന്നേറ്റങ്ങളിൽ ഒരു നിർണായക സ്ഥാനം ഗൗരിഅമ്മയ്ക്കാണ്. അത് ഗൗരിഅമ്മയ്ക്ക് മാത്രമായുള്ളതല്ല. ഗൗരിഅമ്മയുടെ കുടുംബ രാഷ്ട്രീയ സാമൂഹിക പശ്ചാത്തലവും ഗുരുദേവ ദർശനങ്ങളുടെ സ്വാധീനവും അതിന്റെ പ്രേരകശക്തികളായിട്ടുണ്ട്. ഗൗരിഅമ്മയെ തിരസ്ക്കരിക്കാൻ ശ്രമിക്കുന്നവർ തീർച്ചായും തിരസ്കരിക്കാൻ ശ്രമിക്കുന്നത് കേരളത്തിന്റെ ഇൗ രാഷ്ട്രീയ സാമൂഹിക മുന്നേറ്റത്തെയാണ്. ഗൗരിഅമ്മ നമ്മെ വിട്ടുപിരിഞ്ഞ് മൂന്നുവർഷം തികയുന്ന ഇൗ ദിനത്തിൽ ജാതിമതാതീത കേരളത്തെ സ്വപ്നം കാണുന്ന ഒരു ഗൗരിഅമ്മയെ ആദരവോട് നമുക്ക് അനുസ്മരിക്കാം.

(ലേഖകൻ കൊല്ലം, ജെ.എസ്.എസ്. സംസ്ഥാന വർക്കിംഗ് പ്രസിഡന്റാണ്)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KR GOURI AMMA
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.