SignIn
Kerala Kaumudi Online
Saturday, 25 May 2024 4.44 AM IST

ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം, ആരോഗ്യരക്ഷയുടെ ഗണിതശാസ്ത്രം

nurse-day

ആധുനിക നഴ്സിംഗിന്റെ ശില്പിയും ആശുപത്രി ശുചിത്വരീതികളുടെ പരിഷ്കർത്താവുമായ ഫ്ലോറൻസ് നൈറ്റിൻഗേലിന്റെ ജന്മദിനമാണ് അന്തർദേശീയ നഴ്സസ് ദിനമായി ആചരിക്കുന്നത്. വിളക്കേന്തിയ വനിത എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ഈ വനിത, ജീവിതത്തിന്റെ ഭൂരിഭാഗവും ഡാറ്റ വിശകലനം ചെയ്ത് ദൃശ്യവത്കരിക്കുകയും, ബ്രിട്ടീഷ് സൈന്യത്തിലും സർക്കാരിലും തീരുമാനങ്ങളെടുക്കുന്നതിന് അവ ഉപയോഗിക്കുകയും ചെയ്ത കാര്യം പലർക്കും അറിയില്ല. സാമൂഹിക പ്രതിഭാസങ്ങളെ വസ്തുനിഷ്ഠമായി അളക്കാനും ഗണിതശാസ്ത്ര വിശകലനത്തിനു വിധേയമാക്കാനും കഴിയുമെന്ന ആശയത്തിൽ അവർ വിപ്ലവം സൃഷ്ടിച്ചു. വിവരണാത്മക സ്ഥിതി വിവരക്കണക്കുകളുടെ ശേഖരണം, ടാബുലേഷൻ, വ്യാഖ്യാനം, ദൃശ്യവത്കരണം എന്നിവ ഒരു ഗണിതശാസ്ത്രജ്ഞയുടെ അവധാനതയോടെ അവർ വരച്ചിട്ടു.

1820-ൽ ഇറ്റാലിയൻ നഗരമായ ഫ്ലോറൻസിൽ, സമ്പന്നമായ ബ്രിട്ടീഷ് കുടുംബത്തിലായിരുന്നു ഫ്ലോറൻസിന്റെ ജനനം. സമ്പന്നരായ മാതാപിതാക്കളുടെ മകളായതുകൊണ്ട് ഉന്നത വിദ്യാഭ്യാസം ലഭിച്ചു. 1800-കളിലെ വിക്ടോറിയൻ കാലഘട്ടത്തിൽ കുറച്ചു പേർക്കു മാത്രമേ വിദ്യാഭ്യാസം ലഭ്യമായിരുന്നുള്ളൂ. മാത്രമല്ല, മിക്ക സ്ത്രീകൾക്കും വിദ്യാഭ്യാസം വളരെ കുറവുമായിരുന്നു. ഉയർന്ന വിദ്യാഭ്യാസമുള്ള സ്ത്രീകൾ വളരെ അപൂർവമായിരുന്ന കാലം. ഫ്ലോറൻസിന്റെ പിതാവ് വില്യം നൈറ്റിൻഗേൽ, തന്റെ പെൺമക്കൾക്ക് മികച്ച വിദ്യാഭ്യാസം നൽകാൻ തീരുമാനിച്ചു. ഫ്ലോറൻസിനെയും സഹോദരി പാർഥെനോപ്പിനെയും അവരുടെ മാതൃഭാഷയായ ഇംഗ്ലീഷിനൊപ്പം ഇറ്റാലിയൻ, ലാറ്റിൻ, ഗ്രീക്ക് എന്നിവ പഠിപ്പിച്ചു.

1840-ൽ, നൈറ്റിൻഗേൽ, തനിക്ക് ഗണിതശാസ്ത്രം പഠിക്കണമെന്ന് മാതാപിതാക്കളെ അറിയിച്ചു. ഈ തീരുമാനം നൈറ്റിംഗേലിന്റെ അമ്മയ്ക്ക് സ്വീകാര്യമായിരുന്നില്ല. മകളെ തത്വശാസ്ത്രവും ചരിത്രവും സാഹിത്യവും പഠിപ്പിക്കാൻ അവർ തീരുമാനിച്ചു. നീണ്ട വൈകാരിക പോരാട്ടങ്ങൾക്കു ശേഷം മാത്രമാണ് ഫ്ലോറൻസിന് ഗണിതശാസ്ത്രത്തിൽ അദ്ധ്യാപകരെ കിട്ടുന്നത്. ഗണിത ശാസ്ത്രത്തിൽ ആകൃഷ്ടയായ നൈറ്റിൻഗേൽ പിന്നീട് സ്ഥിതി വിവരക്കണക്കുകളിലും വായനയിലും താത്പര്യം പ്രകടിപ്പിച്ചു. യൂക്ലിഡിന്റെ "എലിമെന്റ്സ്" എന്ന കൃതി ഫ്ലോറൻസിന് മറ്റൊരു ബൈബിൾ ആയിരുന്നു. അത് യുക്തിയുടെയും ദൃഢചിന്തകളുടെയും വാതായനങ്ങൾ അവൾക്ക് തുറന്നുകൊടുത്തു. 'പ്രകൃതിയുടെ നിയമങ്ങൾ ദൈവത്തിന്റെ ഗണിതശാസ്ത്ര ചിന്തകൾ മാത്രമാണ്" എന്ന യൂക്ലിഡിന്റെ നിരീക്ഷണം ഫ്ലോറൻസിനെ ആഴത്തിൽ ആകർഷിച്ചു.

പതിനേഴാം വയസിൽ, മറ്റുള്ളവരെ സഹായിക്കാൻ പ്രത്യേകമായി എന്തെങ്കിലും ചെയ്യാൻ പ്രേരിപ്പിക്കുന്ന 'ദൈവത്തിന്റെ വിളി" താൻ കേട്ടതായി നൈറ്റിൻഗേൽ വിശ്വസിച്ചു. പതിനേഴാം നൂറ്റാണ്ടിന്റെ അവസാന പകുതിക്കും പത്തൊമ്പതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിനും ഇടയിലുള്ള കാലഘട്ടം നഴ്സിംഗിന്റെ ഇരുണ്ട യുഗമെന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. അക്കാലത്തെ നഴ്സുമാർ പൊതുവെ ദരിദ്രരും അവിദഗ്ദ്ധരുമായിരുന്നു. അനുയോജ്യമല്ലാത്ത തൊഴിൽ തിരഞ്ഞെടുക്കുന്നതിൽ നിന്ന് മകളെ നിരുത്സാഹപ്പെടുത്താൻ മാതാപിതാക്കൾ ആവുന്നത്ര ശ്രമിച്ചു. എന്നാൽ, നൈറ്റിൻഗേൽ മാതാപിതാക്കളുടെ ആഗ്രഹത്തിനു വിരുദ്ധമായി ജർമ്മനിയിൽ പോയി നഴ്സിംഗിൽ പരിശീലനം നേടി.

1853 ഒക്ടോബറിൽ ക്രിമിയൻ യുദ്ധം പൊട്ടിപ്പുറപ്പെട്ടു. യുദ്ധക്കളങ്ങളിൽ നിന്ന് കൊണ്ടുവന്ന മുറിവേറ്റ സൈനികർ വൃത്തിഹീനമായ അവസ്ഥകൾ അഭിമുഖീകരിച്ചു. പലരും അണുമുക്തമായ ബാൻഡേജുകളോ മരുന്നുകളോ ഇല്ലാതെ രക്തത്തിൽ കുതിർന്ന കിടക്കകളിൽ മരിച്ചു. മലിനജലമൊഴുകുന്നതും മൃഗങ്ങളുടെ അവശിഷ്ടങ്ങളും മൂലം കുടിവെള്ളം മലിനമായി. ഇടുങ്ങിയ വാർഡുകളിൽ അണുബാധയും ടൈഫസ്, ടൈഫോയ്ഡ്, കോളറ തുടങ്ങിയ രോഗങ്ങളും അതിവേഗം പടർന്നു. 1854 അവസാനം നൈറ്റിൻഗേലിന് യുദ്ധ സെക്രട്ടറി സിഡ്നി ഹെർബെർട്ടിൽ നിന്ന് ഒരു കത്ത് ലഭിക്കുന്നു. ക്രിമിയയിലെ രോഗികളെയും മുറിവേറ്റ സൈനികരെയും പരിപാലിക്കാൻ നഴ്സുമാരുടെ ഒരു സംഘത്തെ അയയ്ക്കാൻ ആവശ്യപ്പെടുന്ന കത്തായിരുന്നു അത്. 38 നഴ്സുമാരുടെ ഒരു സംഘത്തെയാണ് ഫ്ലോറൻസ് തെരഞ്ഞെടുത്തത്. അവർക്കൊപ്പം ഫ്ളോറൻസ് ക്രിമിയയിലേക്ക് കപ്പൽ കയറുകയും ചെയ്തു.

നൈറ്റിൻഗേലിന് ഇതൊരു ചരിത്ര നിയോഗമായിരുന്നു. മരണസംഖ്യ വളരെ വലുതായിരുന്നു. നൈറ്റിംഗ്‌ഗേൾ സെലിമിയെ ബാരക്കിലെത്തിയപ്പോൾ, മുറിവേറ്റ സൈനികരെ ഭയാനകമായ അവസ്ഥയിൽ പരിപാലിക്കുന്നതാണ് കണ്ടത്. അടിസ്ഥാന ശുചിത്വ നടപടികൾ ഇല്ലായിരുന്നു. പരിക്കേറ്റവരിൽ പലരും മാരകമായ അണുബാധകളാൽ കഷ്ടപ്പെട്ടു. മരുന്നുകൾ, ബാൻഡേജുകൾ, കിടക്കകൾ, കുളിക്കാനുള്ള സൗകര്യങ്ങൾ എന്നിവയും കുറവായിരുന്നു. കോളറ, ഛർദ്ദി, ടൈഫോയ്ഡ്, ടൈഫസ് തുടങ്ങിയ രോഗങ്ങൾ കാരണം, യുദ്ധത്തിൽ മുറിവേറ്റവരേക്കാൾ പത്തു മടങ്ങ് കൂടുതൽ സൈനികർ മരിക്കുന്നുണ്ടെന്നും നൈറ്റിൻഗേൽ ഞെട്ടലോടെ തിരിച്ചറിഞ്ഞു.

സൈനികരുടെ തിരക്കിനു പുറമേ, മോശം ശുചിത്വപരിപാലനവും, പ്രാഥമികാവശ്യങ്ങൾക്കു പോലും വേണ്ടത്ര സൗകര്യങ്ങളില്ലാത്തതുമാണ് ഈ ദുരവസ്ഥയ്ക്കു കാരണമെന്ന് അവർ നിർണയിച്ചു. സൈനികർക്കുള്ള ശുചിസൗകര്യങ്ങളും ജീവിത സാഹചര്യങ്ങളും വളരെയധികം മെച്ചപ്പെടുത്താൻ നൈറ്റിൻഗേൽ തീരുമാനിച്ചു. ശുചിത്വം മെച്ചപ്പെടുത്തുന്നതിലൂടെ മരണനിരക്ക് 42ശതമാനത്തിൽ നിന്ന് വെറും രണ്ടു ശതമാനം മാത്രമായി കുറയ്ക്കാനും അവർക്കു കഴിഞ്ഞു.

ലളിതമായ ശുചിത്വ പരിഷ്കരണങ്ങളിലൂടെ ആശുപത്രികളിലെ മരണനിരക്ക് വളരേ വേഗത്തിൽ തടയാൻ കഴിയുമെന്ന് വ്യക്തമാക്കാൻ സഹായിക്കുന്ന ഒരു പുതിയ തരം ചാർട്ട് നൈറ്റിൻഗേൽ രൂപകല്പന ചെയ്തു. കോക്സ്കോംബ് എന്നാണ് അവർ അതിനു പേരിട്ടത്. ആരോഗ്യ പരിഷ്കർത്താവും സ്റ്റാറ്റിസ്റ്റിഷ്യനുമായ വില്യം ഫാറിന്റെ സഹായത്തോടെ, സൈന്യത്തിലെ മരണങ്ങളുടെ കാരണങ്ങൾ വിശദീകരിക്കാനാണ് ഈ ചാർട്ട് സൃഷ്ടിച്ചത്.

സ്ഥിരമായി ഡാറ്റയും സ്ഥിതി വിവരക്കണക്കുകളും ശേഖരിക്കുന്നതിനും സൃഷ്ടിക്കുന്നതിനുമായി ആശുപത്രികൾക്കു വേണ്ടി അവർ ഒരു മോഡൽ ഹോസ്പിറ്റൽ സ്റ്റാറ്റിസ്റ്റിക്കൽ ഫോമും വികസിപ്പിച്ചെടുത്തു.

1858-ൽ റോയൽ സ്റ്റാറ്റിസ്റ്റിക്കൽ സൊസൈറ്റിയുടെ ഫെലോയും 1874-ൽ അമേരിക്കൻ സ്റ്റാറ്റിസ്റ്റിക്കൽ അസോസിയേഷന്റെ ഓണററി അംഗവുമായി. യൂജെനിസ്‌റ്റ്, ഗണിതശാസ്ത്രജ്ഞൻ, ബയോസ്റ്റാറ്റിസ്റ്റിഷ്യൻ എന്നീ നിലകളിൽ ആഗോള പ്രശസ്തനായ കാൾ പിയേഴ്സൺ ഫ്ലോറൻസിനെ "സ്ഥിതിവിവരക്കണക്കുകളുടെ പ്രവാചക" എന്നു വിളിച്ചു.

(ലേഖകൻ മലമ്പുഴ സിമെറ്റ് കോളജ് ഒഫ് നഴ്സിംഗിൽ അദ്ധ്യാപകനാണ്. ഫോൺ: 89215 05404)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NURSE DAY
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.