SignIn
Kerala Kaumudi Online
Thursday, 18 July 2024 4.46 AM IST

വാരിക്കുഴികൾ; പിന്നെ,​ കായംകുളം വാളും

vidhurar

വെടിക്കെട്ടുകാരനെ ഉടുക്കുകൊട്ടി പേടിപ്പിക്കരുത്, മുതലക്കുഞ്ഞിനെ നീന്തൽ പഠിപ്പിക്കരുത്.... ഇതൊക്കെ പൊതു തത്വങ്ങളാണ്. 'കടലുകൾ കണ്ടവനെ കൈത്തോടു കാട്ടി പേടിപ്പിക്കരുത്" എന്നത് കുമ്പക്കുടി സുധാകരൻ അഥവാ കെ. സുധാകരന്റെ തത്വം. പാർട്ടിയിലെ 'വാരിക്കുഴികൾ" ചാടിക്കടന്ന സുധാകരൻ കെ.പി.സി.സി പ്രസിഡന്റിന്റെ കസേര വീണ്ടും ഉറപ്പിച്ചു; വോട്ടെടുപ്പു കഴിഞ്ഞ് പന്ത്രണ്ടു ദിവസത്തിനു ശേഷം!

'നിങ്ങൾക്ക് എന്നെ ഇനിയും തിരിഞ്ഞിട്ടില്ലേ?" പ്രസിഡന്റ് സ്ഥാനത്തു നിന്ന് ചാടിക്കാൻ ശ്രമം നടന്നോ എന്ന പത്രക്കാരുടെ ചോദ്യത്തിന് സുധാകരന്റെ മറുപടി. 'ഒരു സീറ്റു തന്ന് എന്നെ പറഞ്ഞു വിടാൻ നോക്കേണ്ട"- സുധാകരന്റെ പ്രഖ്യാപനം ആരെയൊക്കെ ലക്ഷ്യമിട്ടെന്ന് വ്യക്തം. കണ്ണൂരിൽ സ്ഥാനാർത്ഥിയായപ്പോൾ കെ.പി.സി.സി പ്രസിഡന്റിന്റെ താത്കാലിക ചുമതല യു.ഡി.എഫ് കൺവീനർ എം.എം. ഹസനു കൈമാറിയ സുധാകരൻ, വോട്ടെടുപ്പിനു പിറ്റേന്ന് സ്ഥാനം തിരികെ ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു. അങ്ങനെ ഹൈക്കമാൻഡ് പറഞ്ഞിട്ടില്ലെന്നും, വോട്ടെണ്ണൽ കൂടി കഴിയട്ടെ എന്നുമായി എതിർവാദം. ഹൈക്കമാൻഡ് ആവശ്യപ്പെടുന്ന നിമിഷം ഒഴിയാമെന്ന് ഹസൻ ആണയിട്ടെങ്കിലും സുധാകരൻ മൂക്കു വിടർത്തി,​ അപകടം മണത്തു.

ഫലം വരുമ്പോൾപ്പിന്നെ അതിന്റെ പേരിലാവില്ലേ തട്ടൽ ശ്രമം? പിന്നെ അമാന്തിച്ചില്ല. രണ്ടുംകല്പിച്ച് ഇറങ്ങി. പിന്നാലെ ഹൈക്കമാൻഡിന്റെ പച്ചക്കൊടി. നേരെ പോയി പാർട്ടി കാരണവർ എ.കെ. ആന്റണിയെ മുഖം കാണിച്ച ശേഷം ഇന്ദിരാ ഭവനിലേക്ക്. അവിടെ അനുയായികളുടെ ആവേശ വരവേല്പ്. പക്ഷേ ചുമതല കൈമാറേണ്ട ഹസൻ എവിടെ? പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെയും കാണാനില്ല. ഹസൻ വരേണ്ടിയിരുന്നുവെന്നും, വരാത്തത് അതിന്റെ ആവശ്യമില്ലെന്ന് തോന്നിയതുകൊണ്ടാകാമെന്നും പ്രതികരണം. കേട്ടതൊക്കെ നേരോ?ഇത് സാമ്പിൾ വെടിക്കെട്ട്.

വലിയ പൂരം വെടിക്കെട്ടിന് ജൂൺ നാല് വരെ കാക്കണമെന്ന് അണിയറ വർത്തമാനം. വോട്ടെടുപ്പു കഴിഞ്ഞിട്ടും ചുമതല ഏറ്റെടുക്കൽ വൈകിയതിന്റെ കാരണം അന്വേഷിക്കുമെന്ന് സുധാകരൻ.

യു.ഡി.എഫ് അധികാരത്തിൽ വന്നാൽ ആരാവും മുഖ്യമന്ത്രി എന്നതാണല്ലോ കോൺഗ്രസിലെ ഇപ്പോഴത്തെ കീറാമുട്ടി. കുമ്പക്കുടിയെ ഇപ്പോഴേ വീഴ്ത്താൻ ഭൈമീകാമുകർ ഒരു മുഴം മുമ്പേ എറിഞ്ഞുനോക്കിയതാണത്രെ. പണ്ട് തലശേരി ബ്രണ്ണൻ കോളേജ് വിദ്യാർത്ഥിയായിരിക്കെ അവിടെ പരീക്ഷ എഴുതാനെത്തിയ പിണറായി സഖാവിന്റെ 'പ്രത്യേക ഏക്ഷൻ" നേരിട്ടയാൾ. ഇരട്ടച്ചങ്കനോട് പയറ്റിത്തെളിഞ്ഞ കണ്ണൂർ കോൺഗ്രസിലെ 'പുപ്പുലി." കുമ്പക്കുടിയോടാണോ കളി?

 

'തൊള്ളായിരത്തി മുന്നൂറ്റി അമ്പത്തി മൂന്ന്!" അച്ചടിച്ച കുറിപ്പിൽ നിന്ന് 9353 എന്ന സംഖ്യ മന്ത്രി വി. ശിവൻകുട്ടി തപ്പിത്തടഞ്ഞ് വായിച്ചത് ഇങ്ങനെ. ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷയുടെ ഫല പ്രഖ്യാപനമായിരുന്നു രംഗം. വലിയ ചില സംഖ്യകൾ നേരെ വായിക്കാൻ നടത്തിയ ശ്രമം പിന്നെയും വിഫലം. ചില വാക്കുകൾ വായിച്ചപ്പോൾ വല്ലാതെ വിക്കി. ഒടുവിൽ ശിവൻകുട്ടി സുല്ലിട്ടു. 'ചില അക്കങ്ങൾ നിങ്ങൾക്ക് (പത്രക്കാർക്ക് ) എഴുതാൻ സൗകര്യത്തിന് വായിച്ചതാണ്. അതു ചിലപ്പോൾ പ്രശ്നമാവും!"

പിന്നെ ചെറിയ അക്കങ്ങളിലായി പിടിത്തം. ട്രോളന്മാർക്ക് വീണ്ടും ആഘോഷിക്കാൻ വകയായി. ഇന്ത്യയിൽ ആകെ 35 സംസ്ഥാനങ്ങളുണ്ടെന്ന് മുമ്പൊരു വാർത്താസമ്മേളനത്തിൽ വിദ്യാഭ്യാസ മന്ത്രി പറയുകയും, ആരോ പറഞ്ഞതു കേട്ട് 23 എന്ന് തിരുത്തുകയും ചെയ്തതിന്റെ ആഘോഷം സമൂഹ മാദ്ധ്യമങ്ങളിൽ ഇനിയും തീർന്നിട്ടില്ല. വിദ്യാർത്ഥി,​ യുവജന സമരങ്ങളിലൂടെ വളർന്നുവന്ന് നിയമസഭയെ 'ഇളക്കി മറിച്ച" ശിവൻകുട്ടിയുടേത് പരിഭ്രമമെന്നോ സഭാകമ്പമെന്നോ എങ്ങനെ പറയും?​ മന്ത്രിക്കസേരയിൽ ഇരിക്കുമ്പോൾ അങ്ങനെ സംഭവിച്ചുപോകുന്നതാവാം.

കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ മന്ത്രിയായിരിക്കെ വാർത്താ സമ്മേളനത്തിൽ ഇടുക്കിയിലെ

'പൊമ്പിള ഒരുമൈ" എന്ന വനിതാ സംഘത്തിന്റെ പേര് നേരെ ഉച്ചരിക്കാൻ പെട്ട പാട് കണ്ടാൽ സഹിക്കില്ല. ഒടുവിൽ പറഞ്ഞൊപ്പിച്ചു- 'പെമ്പിളൈ എരുമ!" മുഹമ്മദലിയുടെ അന്ത്യം കേരളത്തിന് തീരാനഷ്ടമാണെന്നും, അദ്ദേഹം കേരളത്തിനു വേണ്ടി നിരവധി ഒളിമ്പിക് സ്വർണ മെഡലുകൾ കരസ്ഥമാക്കിയിട്ടുണ്ടെന്നും തട്ടിവിട്ടത് മുൻ കായിക മന്ത്രി ഇ.പി. ജയരാജനാണ്. ലോക ബോക്സിംഗ് ചാമ്പ്യൻ മുഹമ്മദലിയുടെ വിയോഗ വാർത്ത അറിഞ്ഞപ്പോഴായിരുന്നു പ്രതികരണം.

 

ചക്കിനു വച്ചത് കൊക്കിനു കൊണ്ടു! മോദി സർക്കാർ 50 ദിവസം തീഹാർ ജയിലിലടച്ച ഡൽഹി മുഖ്യമന്ത്രി അരവിന്ദ്

കേജ്‌രിവാൾ താത്കാലിക ജാമ്യം നേടി പുറത്തുവന്നതോടെ സംഹാരരുദ്രനായി. ഇരുമ്പഴികൾക്കുള്ളിൽ കിടന്ന് തുരുമ്പിക്കുമെന്നു കരുതിയ വാൾ എണ്ണയിട്ട് തേച്ചുമിനുക്കിയ ഒന്നാന്തരം കായംകുളം വാളായെന്ന് അനുയായികൾ. സൂചികൊണ്ട് എടുക്കാമെന്ന് ബി.ജെ.പി കരുതിയത് ഇപ്പോൾ തൂമ്പകൊണ്ടും എടുക്കാനാവാത്ത സ്ഥിതിയായെന്ന് പ്രതിപക്ഷം.

വല്ലാത്തൊരു ആപ്പല്ലേ പരമോന്നത 'ആപ്" നേതാവ് ജയിലിൽ നിന്ന് പുറത്തിറങ്ങിയതിനു പിന്നാലെ അടിച്ചത്. ബി.ജെ.പി

മുന്നണി വീണ്ടും ജയിച്ചാലും അടുത്ത സെപ്തംബറിൽ 75 വയസ് തികയുന്നതോടെ നരേന്ദ്ര മോദി അധികാരം ഒഴിയുമെന്നും, പകരം അമിത് ഷാ പ്രധാനമന്ത്രിയാവുമെന്നും! എൽ.കെ. അദ്വാനി, മുരളി മനോഹർ ജോഷി, സുമിത്രാ

മഹാജൻ തുടങ്ങിയ നേതാക്കളെ രാഷ്ട്രീയത്തിൽ നിന്ന് മോദി വിരമിപ്പിച്ചത് 75 എന്ന നമ്പർ ഇറക്കിയാണെന്നും വച്ചുകാച്ചി.

പോരെങ്കിൽ,​ മോദിയുടെ ഗ്യാരന്റികൾ അമിത് ഷായ്ക്ക് നിറവേറ്റാൻ കഴിയുമോയെന്ന 'യമണ്ടൻ" ചോദ്യവും. അതോടെ തിരഞ്ഞെടുപ്പിലെ പ്രചാരണ വിഷയം തന്നെ മാറി. ബി.ജെ.പി സ്വയം പ്രതിരോധത്തിൽ! മോദി കാലാവധി പൂർത്തിയാക്കുമെന്നും, മോദി തന്നെ ഭാവിയിലും ഇന്ത്യയെ നയിക്കുമെന്നും അമിത് ഷായുടെ വിശദീകരണം പിന്നാലെ. പുറത്തു കണ്ടതിനെക്കാൾ വലുത് മാളത്തിൽ!

നുറുങ്ങ്:

 തീഹാർ ജയിലിൽ നിന്നിറങ്ങിയ കേജ്‌രിവാൾ ആദ്യമെത്തിയത് ഡൽഹിയിലെ ഹനുമാൻ മന്ദിറിൽ.

# തിരഞ്ഞെടുപ്പിനിടെ മോദി പ്രണമിച്ചത് അയോദ്ധ്യയിലെ രാമനെ. കേജ്‌രിവാൾ രാമ ശിഷ്യൻ ഹനുമാനെ!

(വിദുരരുടെ ഫോൺ: 99461 08221)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VIDHURAR
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.