SignIn
Kerala Kaumudi Online
Saturday, 17 August 2024 7.22 AM IST

പൊന്നാനിയിലെ ബോട്ടപകടം: ഇടിച്ച കപ്പൽ തിരിച്ചെത്തി; രക്ഷപ്പെട്ടത് നാല് ജീവനുകൾ

പൊന്നാനി: കപ്പലിന്റെ രൂപത്തിൽ ദുരന്തം തൊട്ട് മുന്നിലെത്തുന്നതിന് നിമിഷങ്ങൾക്ക് മുമ്പ് വരെ നിറയെ മത്സ്യവുമായി മടങ്ങാൻ കഴിയുമെന്നതിന്റെ സന്തോഷത്തിലായിരുന്നു 'ഇസ്‌ലാഹ്' ബോട്ടിലെ ആറ് മത്സ്യതൊഴിലാളികൾ. ശനിയാഴ്ച പുലർച്ചെ മൂന്നോടെ മത്സ്യബന്ധനത്തിന് പോയ ഇവർ തിങ്കളാഴ്ച രാവിലെ ആറോടെ പൊന്നാനി ഹാ‌ർബറിൽ തിരിച്ചെത്തേണ്ടതായിരുന്നു. മൂന്ന് ദിവസത്തേക്കാണ് സ്ഥിരമായി കടലിൽ പോവാറുള്ളത്. ചൂട് കനത്തതോടെ മിക്കപ്പോഴും നിരാശയിലായിരുന്നു മടക്കം. കരയിലേക്ക് മടങ്ങാൻ ഏതാനും മണിക്കൂറുകൾ മാത്രം അവശേഷിക്കേ വലയിൽ കുടുങ്ങിയ മത്സ്യങ്ങളെ വേഗത്തിൽ ബോട്ടിലേക്ക് വലിച്ചുകയറ്റാനുള്ള തീവ്രശ്രമത്തിലായിരുന്നു മത്സ്യതൊഴിലാളികൾ. മരണദൂതുമായെത്തിയ ചരക്കുകപ്പൽ കാണാതെ പോയതും ഇതിനാൽ തന്നെ.

തിങ്കളാഴ്ച പുലർച്ചെ 12.30ഓടെ ചാവക്കാട് എടക്കഴിയൂർ തീരത്ത് നിന്ന് 16 കിലോമീറ്ററോളം അകലെയാണ് ദുരന്തമുണ്ടായത്. കപ്പൽ പാതയല്ല ഇത് എന്നതിനാൽ സാഗർ യുവരാജ് കപ്പലിന്റെ വരവ് മത്സ്യതൊഴിലാളികൾ പ്രതീക്ഷിച്ചിരുന്നില്ല. തീരത്തോടടുത്ത് യാത്ര ചെയ്യുമ്പോൾ പാലിക്കേണ്ട ജാഗ്രതയിൽ കപ്പൽ ജീവനക്കാരുടെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടായി. ഇതോടെ ഇല്ലാതായത് രണ്ട് ജീവനുകളാണ്. അപകടത്തിൽ മരണപ്പെട്ട ബോട്ടിന്റെ സ്രാങ്ക് പൊന്നാനി അഴീക്കൽ സ്വദേശി കുറിയമാക്കാനകത്ത് സലാമും​ പള്ളിപ്പടി സ്വദേശി തിക്കനോട് ഗഫൂറും ബോട്ടിലെ നാല് തൊഴിലാളികളും വർഷങ്ങളായി കടലിൽ പോവുന്നവരാണ്. കപ്പലിടിച്ച് നെടുകെ പിളർന്ന ബോട്ടിൽ നിന്ന് തെറിച്ചുവീണ മറ്റ് നാലുപേർ കടലിലേക്ക് ചിതറിയ ബോട്ടിന്റെ പലകകളിൽ പിടിച്ചാണ് രക്ഷപ്പെട്ടത്. 15 മിനിറ്റോളം കടലിൽ ജീവനും മുറുകെപിടിച്ചിരുന്നു.

ഇടിച്ച കപ്പൽ തിരിച്ചെത്തി

കപ്പൽ കടന്നുപോവുന്നതിന് മുമ്പ് സമീപത്ത് ഒരു ബോട്ടിന്റെ ലൈറ്റ് കണ്ടിരുന്നു. പിന്നീട് അത് കാണാതായപ്പോൾ സംശയം തോന്നിയ കപ്പൽ തിരികെയെത്തി. അപ്പോഴാണ് കടലിൽ ജീവന് വേണ്ടി മല്ലടിക്കുന്ന മത്സ്യതൊഴിലാളികളെ കാണുന്നത്. കപ്പൽ എൻജിന്റെ ഉയർന്ന ശബ്ദം മൂലം സമീപത്തെ ബോട്ടുകാരൊന്നും അപകട വിവരം അറിഞ്ഞിരുന്നില്ല. കപ്പലിൽ നിന്ന് ഫൈബർ‌ ബോട്ടിറക്കി മത്സ്യതൊഴിലാളികളെ രക്ഷപ്പെടുത്തി പ്രാഥമിക ശുശ്രൂഷ നൽകി. അപകടം നടന്ന ഉടൻ കോസ്റ്റൽ പൊലീസിനേയും കൊച്ചി തുറമുഖം അധികൃതരേയും കപ്പൽ ക്യാപ്റ്റൻ വിവരമറിച്ചതും രക്ഷാപ്രവർത്തനം ഫലപ്രദമാക്കാനും മൃതദേഹങ്ങൾ കടലിൽ നിന്ന് വീണ്ടെടുക്കാനും സഹായിച്ചു. അപകട വിവരമറിഞ്ഞ് പൊന്നാനി തീരത്ത് നിന്നും ബോട്ടുകൾ രക്ഷാപ്രവർത്തനത്തിനായി എത്തി. കോസ്റ്റൽ പൊലീസും രക്ഷാപ്രവർത്തനങ്ങൾക്ക് മാർഗനി‌ർദ്ദേശങ്ങളുമായി മുന്നിൽ നിന്നു.

പ്രതീക്ഷ കണ്ണീരായപ്പോൾ

കടലിന്റെ ആഴത്തിലേക്ക് ബോട്ട് പിളർന്ന് താഴ്ന്നതും ഇരുട്ടും രക്ഷാപ്രവർത്തനം ദുഷ്ക്കരമാക്കി. കടലിൽ നിന്ന് നാലുപേരെ രക്ഷിക്കാൻ കഴിഞ്ഞതോടെ സമീപത്ത് തന്നെ മറ്റു രണ്ടുപേരും ജീവനോടെ ഉണ്ടാവാം എന്ന പ്രതീക്ഷയിൽ മത്സ്യത്തൊഴിലാളികൾ തെരച്ചിൽ വ്യാപിപ്പിച്ചു. മണിക്കൂറുകളോളം തെരഞ്ഞിട്ടും ഫലമില്ലാതെ വന്നതോടെ കയറിൽ ഘടിപ്പിച്ച ഉപകരണത്തിന്റെ സഹായത്തോടെ ബോട്ടിന്റെ വീൽഹൗസ് പൊക്കിയെടുക്കുകയായിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിലിലാണ് വീൽഹൗസിനുള്ളിലും മത്സ്യം സൂക്ഷിക്കുന്ന ഭാഗത്തുമായി മൃതദേഹങ്ങൾ കണ്ടത്. രാവിലെ ഒമ്പതരയോടെ മൃതദേഹം പൊന്നാനി ഹാർബറിൽ എത്തിച്ചു. മത്സ്യതൊഴിലാളികളടക്കം വലിയ ആ‍ൾക്കുട്ടമാണ് കാത്തിരുന്നത്. പൊന്നാനി താലൂക്ക് ആശുപത്രിയിലെ പോസ്റ്റുമോർട്ടത്തിന് ശേഷം ഉച്ചയ്ക്ക് ശേഷം മൂന്നോടെ ബന്ധുക്കൾക്ക് മൃതദേഹങ്ങൾ വിട്ടുനൽകി. ഇരുവർക്കും അന്ത്യയാത്രയേകാൻ നാടിന്റെ നാനാതുറകളിൽ നിന്നും നിരവധിപേരെത്തി. വൈകിട്ട് നാലരയോടെ രണ്ടുപേരുടെയും ഖബറടക്കി.

കപ്പലുകാർ തിരിഞ്ഞ് നോക്കാതെ പോയിരുന്നെങ്കിൽ ഞങ്ങളും രക്ഷപ്പെടില്ലായിരുന്നു. സ്ഥിരമായി ബോട്ടുകൾ മാത്രം പോവുന്ന റൂട്ടായതിനാൽ കപ്പൽ വരുന്നത് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല.

വെളിയിൽ അയ്യൂബ്,​ ബോട്ടിലുണ്ടായിരുന്ന മത്സ്യതൊഴിലാളി

ബോട്ടിനെ കണ്ടാലും പെട്ടെന്ന് ദിശമാറ്റി പോവുക കപ്പലിനെ സംബന്ധിച്ച് പ്രായോഗികമല്ല.

കോസ്റ്റൽ പൊലീസ് പൊന്നാനി

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BOAT
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.