SignIn
Kerala Kaumudi Online
Saturday, 27 July 2024 8.44 AM IST

തിര. കഴിഞ്ഞിട്ടും പോരിന് അവസാനമില്ല രാഷ്ട്രീയ വെറിയിൽ കലങ്ങി വടകര

vadakara

തിരഞ്ഞെടുപ്പ് ഒരുപാട് കണ്ടിട്ടുണ്ട്, പക്ഷെ ഇതുപൊലൊരു അങ്കം വടകരയിൽ ഇതാദ്യം. രാഹുൽഗാന്ധിയും രണ്ട് കേന്ദ്രമന്ത്രിമാരും പിന്നെ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലും കേരളത്തിലെ വിവിധ മണ്ഡലങ്ങളിലായി പോരിനിറങ്ങിയെങ്കിലും കടത്തനാട്ടിലെ അങ്കക്കലി വേട്ടെടുപ്പ് കഴിഞ്ഞിട്ടും തീരുന്നില്ല. ഇനി വോട്ടെണ്ണൽ കഴിഞ്ഞാലും പൊടിപൂരമാവും വടകരയെന്ന് രാഷ്ട്രീയ നിരീക്ഷകർ.

തിരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിൽ തുടങ്ങിയ ഇടത്-വലത് പോര് മൂർച്ഛിച്ചത് വോട്ട് പെട്ടിയിലായ ശേഷമാണ്. രണ്ടുകൂട്ടരും ആരോപണ പ്രത്യാരോപണങ്ങൾ കടുപ്പിച്ചു. ഒടുക്കം യു.ഡി.എഫ് പ്രതിപക്ഷ നേതാവിനെ ഇറക്കി സി.പി.എമ്മിന്റെ വർഗീയപ്രീണനത്തിനെതിരെ നടത്തിയ മഹാസമ്മേളനം മറ്റൊരു വിവാദത്തിന് കൂടി തീകൊളുത്തി. അതാണിപ്പോൾ ആളിക്കത്തുന്നത്. പഴയകാല സി.പി.എം ബുദ്ധിജീവിയും എഴുത്തുകാരനും പാർട്ടി പത്രത്തിന്റെ മുൻനിര പത്രപ്രവർത്തകനുമായിരുന്ന കെ.എസ്.ഹരിഹരന്റെ വായിൽ നിന്നുവീണ വാക്കുകളാണ് പുതിയ പൊല്ലാപ്പുണ്ടാക്കിയിരിക്കുന്നത്. ഹരിഹരൻ ഇപ്പോൾ ആർ.എം.പി.ഐയുടെ കേന്ദ്രകമ്മറ്റി അംഗമാണ്. പ്രതിപക്ഷ നേതാവിരിക്കുന്ന വേദിയിൽ പ്രസംഗിക്കാൻ അവസരം വന്നപ്പോൾ ആവേശം കയറി എൽ.ഡി.എഫ് സ്ഥാനാർഥി കെ.കെ.ശൈലജയേയും നടി മഞ്ജുവാര്യരേയും ചേർത്തൊരു അശ്ലീല പരാമർശം. അതോടെ നാടിളകി. സി.പി.എം അതുവരെ കത്തിച്ചുപിടിച്ച ചൂട്ട് ആളികത്തി. അത് ഹരിഹരന്റെ വീട്ടിലേക്കുള്ള സ്‌ഫോടക വസ്തുവേറിലും കലാശിച്ചു. വിഷയത്തിൽ അന്നുതന്നെ ഹരിഹരൻ മാന്യമായ ഭാഷയിൽ ക്ഷാമാപണം നടത്തിയെങ്കിലും ക്ഷമകൊണ്ടൊന്നും തീരില്ലെന്നാണ് സി.പി.എം താക്കീത്. ആ താക്കീതാണ് ഹരിഹരന്റെ വീട്ടിലെറിഞ്ഞ ബോംബെന്ന് ആർ.എം.പി.ഐയും യു.ഡി.എഫും. അങ്ങിനെ മൊത്തത്തിൽ നോക്കിയാൽ വടകര കലങ്ങുകയാണ്. തിരഞ്ഞെടുപ്പിൽ ഷാഫി വീഴുമോ ശൈലജ വീഴുമോയെന്നല്ല വടകരക്കാരിപ്പോൾ നോക്കുന്നത്. വോട്ടെണ്ണലാനന്തരം വടകരയുടെ സമാധാന ജീവിതം തകരുമോ എന്നാണ്. ടി.പി.ചന്ദ്രശേഖരന്റെ അരുംകൊലയ്ക്ക് ശേഷം ശാന്തമായ വടകരയെ വീണ്ടും അക്രമത്തിലേക്ക് നയിക്കരുതെന്നാണ് പൊതുജന അഭ്യർത്ഥന.


തിരഞ്ഞെടുപ്പിന് ശേഷം അൽപമൊന്നടങ്ങി എന്ന് കരുതിയിരിക്കുമ്പോഴായിരുന്നു ഡി.വൈ.എഫ്.ഐയുടെ യൂത്ത് അലേർട്ട് പരിപാടി വടകരയിൽ നടന്നത്.
'വടകര വർഗീയതയ്‌ക്കെതിരെ അതിജീവിക്കും'എന്ന മുദ്രാവാക്യമുയർത്തിയ യൂത്ത് അലേർട്ടിൽ അഖിലേന്ത്യാ പ്രസിഡന്റ് എ.എ.റഹീം നടത്തിയത് യു.ഡി.എഫ് സ്ഥാനാർഥി ഷാഫി പറമ്പിലിനെതിരെ അതിരൂക്ഷ പരാമർശങ്ങൾ. തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും ഷാഫിയെ ഇടതുപക്ഷം വിടുന്നില്ലെന്ന് കണ്ടതോടെ പ്രതിരോധിക്കാനായി 'വർഗീയതക്കെതിരെ നാട് ഒരുമിക്കണം' എന്ന മുദ്രാവാക്യമുയർത്തി യു.ഡി.എഫ്-ആർ.എം.പി നേതൃത്വത്തിൽ വടകരയിൽ ജനകീയ ക്യാംപയിൻ സംഘടിപ്പിച്ചു. അവിടെയായിരുന്നു ഹരിഹരന്റെ വിവാദ പ്രസംഗം.

എക്കാലത്തേയും ഇടതിന്റെ ഭദ്രമായ കോട്ടയായിരുന്നു വടകര. കഴിഞ്ഞ 15വർഷമായി അത് കൈയിൽ നിന്നും വഴുതിപ്പോയിരിക്കുകയാണ്. മൂന്ന് ടേമിലും മത്സരിച്ചത് കരുത്തരാണ്. പി.സതീദേവി, എ.എൻ.ഷംസീർ, പി.ജയരാജൻ. പക്ഷെ ആർക്കും ലക്ഷ്യംകാണാനായില്ല. അതോടെയാണ് സി.പി.എമ്മിന് കേരളത്തിൽ കിട്ടാനുള്ളതിൽ ഏറ്റവും മികച്ച പ്രതിച്ഛായയുള്ള കെ.കെ.ശൈലജയെ കളത്തിലിറക്കിയത്. യു.ഡി.എഫ് സ്ഥാനാർഥി പ്രഖ്യാപനത്തിനും രണ്ടാഴ്ചമുമ്പുതന്നെ ശൈലജ കളം നിറഞ്ഞു. ടീച്ചറമ്മ എന്ന പരിവേഷം വേണ്ടുവോളം ആസ്വദിച്ചതോടെ ഏതാണ്ട് വിജയം അരക്കിട്ടുറപ്പിച്ചു. അപ്പഴാണ് പത്മജ ഉയർത്തിയ രാഷ്ട്രീയ കൊടുങ്കാറ്റ് ശമിപ്പിക്കാൻ കെ.മുരളീധരനെ തൃശ്ശൂരിലേക്ക് മാറ്റി ഷാഫി പറമ്പിലിനെ കോൺഗ്രസ് കളത്തിലിറക്കുന്നത്. പാലക്കാട്ട് ബി.ജെ.പിയെ വിറപ്പിച്ച ഷാഫിയുടെ വടകരവരവ് യു.ഡി.എഫ് പാളയത്തെ ഇളക്കിമറിച്ചു. അതോടെ ആരോപണ പ്രത്യാരോപണ ശരങ്ങളും പിന്നാലെയെത്തി.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഇടത് സ്ഥാനാർത്ഥിയും സി.പി.എം കേന്ദ്രകമ്മറ്റി അംഗവുമായ കെ.കെ.ശൈലജയെ വ്യക്തിപരമായി അധിക്ഷേപിച്ചും ഫോട്ടോകൾ മോർഫുചെയ്തും പ്രചരിപ്പിച്ചെന്ന ഇടത് ആരോപണത്തിൽ നിന്നായിരുന്നു തുടക്കം. സംഭവത്തിൽ കെ.കെ.ശൈലജ പരാതി നൽകുകയും രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്യുന്നതിലേക്കും കാര്യങ്ങളെത്തി. എന്നാൽ അപ്പോഴെല്ലാം ഇതൊന്നും തനിക്കറിയില്ലെന്നും അത്തരമൊരു പോസ്റ്റ് ശ്രദ്ധയിൽപെട്ടിട്ടില്ലെന്നും ഒന്ന് കാണാനെങ്കിലും തരുമോയെന്നാവശ്യപ്പെട്ട് ഷാഫിയും രംഗത്തെത്തി. വ്യക്തിപരിമായി തന്നെ അധിക്ഷേപിച്ചെന്നാരോപിച്ച് മറുകേസുമായി ഷാഫിയുമെത്തി. ഇതൊക്കെ നടന്നത് പോളിംഗ് ബൂത്തിലേക്ക് പോകുന്നതിന് തൊട്ടു മുമ്പായിരുന്നു. എന്നാൽ പോളിംഗ് കഴിഞ്ഞതോടെ ഷാഫി വർഗീയ പ്രീണനം നടത്തി വോട്ട് പിടിച്ചെന്നാരോപിച്ച് സി.പി.എം ഡി.വൈ.എഫ്.ഐ വീണ്ടും രംഗത്തെത്തി. അതിന്റെ ഭാഗമായിട്ടാണ് ഡി.വൈ.എഫ്.ഐ നേതൃത്വത്തിൽ വടകരയിൽ യൂത്ത് അലേർട്ട് നടത്തിയത്. പരിപാടി ഉദ്ഘാടനം ചെയ്ത എ.എ.റഹീം ഷാഫിയെ രാഷ്ട്രീയ കുമ്പിടിയെന്ന് അധിക്ഷേപിച്ചു. പാലക്കാട്ട് മൃദു ഹിന്ദുത്വവും വടകരയിൽ മത ന്യൂനപക്ഷ വർഗീയതയുമുയർത്തിയാണ് ഷാഫി വോട്ട് തേടിയതെന്നായിരുന്നു റഹീമിന്റെ ആരോപണം. പാലക്കാട്ട് ഷാഫി കാവി പുതച്ചു നടന്നു. വടകരയിലെത്തിയപ്പോൾ ആ പുതപ്പ് മാറ്റി. കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ വിഷമാണ് ഷാഫിയെന്നുവരെ റഹീം അധിക്ഷേപിക്കുകയുണ്ടായി. ഇതിനെല്ലാമുള്ള മറുപടിയായിട്ടാണ് പിന്നാലെ യു.ഡി.എഫ്-ആർ.എം.പി.ഐ പൊതുസമ്മേളനം നടത്തിയത്. അത് പക്ഷെ വിവാദത്തിലും ഹരിഹരന്റെ വീടിനുനേരെയുള്ള അക്രമത്തിലും കലാശിച്ചു. ഇടതുപക്ഷത്തിനെതിരെ കുപ്രസിദ്ധമായ കൊ-ലി-ബി സഖ്യമുണ്ടായിട്ടും കുലുങ്ങാതിരുന്ന വടകര പക്ഷേയിപ്പോൾ പുതിയ രാഷ്ട്രീയപോരിൽ അസ്വസ്ഥരാണ്. പാനൂരിൽ തിരഞ്ഞെടുപ്പ് കാലത്ത് പൊട്ടിയ ബോംബിനെ പേടിക്കുന്ന വടകര ഇനിയൊരു നാദാപുരം പോലും ആവർത്തികരുതേ എന്നാണ് പ്രാർഥിക്കുന്നത്. തിരഞ്ഞെടുപ്പ് രാഷ്ട്രീയമാണ്. ആ രാഷ്ട്രീയത്തിനപ്പുറത്ത് ജനമനസുകൾക്കിടയിൽ അകൽച്ചയുടെ വിത്തുകൾ പാകരുതെന്നും അവർ ആഗ്രഹിക്കുന്നു. അതിനായി മുഖ്യധാര പാർട്ടികളെല്ലാം ഒരു മനസോടെയും ഐക്യത്തോടെയും രംഗത്തുണ്ടാകണമെന്നുമാത്രാമണ് വടകരക്കാർ ആവശ്യപ്പെടുന്നത്.

തിരെഞ്ഞെടുപ്പ് കഴിഞ്ഞശേഷവും വടകരയിലെ ഇടത്-വലത് പോരാട്ടത്തിന് അയവില്ല. മുഖ്യധാര പാർട്ടികളെല്ലാം ഒരു മനസോടെയും ഐക്യത്തോടെയും രംഗത്തുണ്ടാകണമെന്നാണ് വടകരക്കാരുടെ ആവശ്യം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VADAKARA
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.