പ്രതി ഒളിവിൽ, പൊലീസ് ജാമ്യമില്ലാ കേസെടുത്തു
കാസർകോട്: സി.പി.എം നിയന്ത്രണത്തിലുള്ള മുള്ളേരിയയിലെ കാറഡുക്ക അഗ്രിക്കൾച്ചറിസ്റ്റ് വെൽഫയർ കോപ്പറേറ്റീവ് സൊസൈറ്റിയിൽ നിന്ന് 4.76 കോടി രൂപ തട്ടിയെടുത്തെന്ന പരാതിയിൽ സെക്രട്ടറിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു. സൊസൈറ്റി പ്രസിഡന്റ് ബെള്ളൂർ കിന്നിങ്കാറിലെ കെ. സൂപ്പിയുടെ പരാതിയിൽ സെക്രട്ടറി കർമ്മംതൊടിയിലെ കെ. രതീഷിനെതിരെയാണ് ആദൂർ പൊലീസ് കേസെടുത്തത്.
രതീഷ് കഴിഞ്ഞ ഒരാഴ്ചയായി സൊസൈറ്റിയിൽ വരാറില്ലായിരുന്നു. അവധിക്കുള്ള അപേക്ഷയും നൽകിയിരുന്നില്ല. പ്രസിഡന്റ് ഫോണിൽ ബന്ധപ്പെട്ട് നിർബന്ധിത അവധിയെടുക്കാൻ ആവശ്യപ്പെട്ടെങ്കിലും രതീഷ് തയ്യാറായില്ല. സെക്രട്ടറിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ പ്രസിഡന്റ്, സ്ഥാപനത്തിൽ പരിശോധന നടത്താൻ അസി. രജിസ്ട്രാറോട് ആവശ്യപ്പെട്ടു.സഹകരണ വകുപ്പിലെ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ പണം തട്ടിയെടുത്തതായി വ്യക്തമായി. സ്വർണ്ണപ്പണയത്തിന്മേലാണ് ഇത്രയും തുക കൈക്കലാക്കിയതെന്നും തെളിഞ്ഞു.
നിരവധി ആൾക്കാർ സ്വർണ്ണം പണയം വച്ചതായി കൃത്രിമ രേഖയുണ്ടാക്കിയാണ് പണം തട്ടിയെടുത്തത്. കാറഡുക്ക, ബെള്ളൂർ പഞ്ചായത്തുകൾ പ്രവർത്തന പരിധിയാക്കിയാണ് 10 വർഷം മുമ്പ് സൊസൈറ്റിയുടെ പ്രവർത്തനം ആരംഭിച്ചത്. ഒരാഴ്ചയ്ക്കകം മുഴുവൻ പണവും തിരിച്ചടയ്ക്കാമെന്ന് സെക്രട്ടറി ചിലരോട് പറഞ്ഞതായി സൂചനയുണ്ട്. സി.പി.എം മുള്ളേരിയ ലോക്കൽ കമ്മിറ്റിയംഗം കൂടിയാണ് രതീഷ്. അന്വേഷണം ഉടൻ ക്രൈംബ്രാഞ്ചിന് കൈമാറുമെന്നാണ് സൂചന.
സ്വർണ്ണം കടത്തുന്ന ദൃശ്യങ്ങൾ
സി.സി.ടി.വിയിൽ
സൊസൈറ്റിയുടെ സ്‌ട്രോംഗ് റൂമിൽ നിന്ന് സ്വർണ്ണം കടത്തുന്ന ദൃശ്യങ്ങൾ സി.സി.ടി.വിയിൽ കണ്ടെത്തി. മേയ് ഒമ്പതിന് സ്‌ട്രോംഗ് റൂം തുറന്ന് സ്വർണ്ണവും രേഖകളും കടത്തുന്ന ദൃശ്യങ്ങളാണ് കാമറയിൽ പതിഞ്ഞിട്ടുള്ളത്. വനിതാ ജീവനക്കാരി മാത്രമുണ്ടായ സമയത്ത് സൊസൈറ്റിയിലെത്തിയ പ്രതി ഒരു രേഖയെടുത്ത് ഒപ്പും സീലും പതിച്ചു മറ്റൊരു ബാങ്കിൽ കൊണ്ടുകൊടുക്കാൻ നിർദ്ദേശിച്ചിരുന്നു. ഈ സമയത്ത് താക്കോൽ കൈക്കലാക്കിയാണ് സ്‌ട്രോംഗ് റൂം തുറന്നത്. പണം തട്ടിയതിന് പുറമെ സെക്രട്ടറി സ്വർണ്ണം കടത്തിയത് എന്തിനാണെന്ന സംശയം ബലപ്പെട്ടിട്ടുണ്ട്. വ്യാജ സ്വർണ്ണം വായ്പ എടുക്കാൻ ഇയാൾ ഉപയോഗിച്ചിട്ടുണ്ടോയെന്നും സംശയമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |