തിരുവനന്തപുരം: കൊലവിളിയുമായി നാടുവിറപ്പിക്കുന്ന ഗുണ്ടകളെ പിടിച്ചുകെട്ടാൻ എസ്.പിമാരുടെ നേതൃത്വത്തിൽ പൊലീസ് നടപടി സജ്ജമാക്കി.
ഗുണ്ടാലിസ്റ്റ് തയ്യാറാക്കേണ്ട ചുമതല ഡിവൈ.എസ്.പിമാർക്കാണ്. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എം.ആർ അജിത്കുമാറിന്റെ അദ്ധ്യക്ഷതയിൽ ഓൺലൈനിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
കേരളകൗമുദി തിങ്കളാഴ്ച പ്രസിദ്ധീകരിച്ച 'ഗുണ്ടകൾക്ക് മീതെ പറക്കാതെ പൊലീസ് ' റിപ്പോർട്ടിനെ തുടർന്നാണ് നടപടി.
ഗുണ്ടാലിസ്റ്റ് പുതുക്കുകയും സ്ഥിരം കുറ്റവാളികളെ ഉൾപ്പെടുത്തുകയും ചെയ്യും. രാഷ്ട്രീയസ്വാധീനമടക്കം ഉപയോഗിച്ച് ലിസ്റ്റിൽപ്പെടാതെ രക്ഷപെട്ടവരെയും വിടില്ല. ഗുണ്ടാകേസിൽ ജയിലിൽ നിന്നിറങ്ങി വീണ്ടും അക്രമം കാട്ടുന്നവരെ കോടതിയിൽ റിപ്പോർട്ട് നൽകി നാടുകടത്തുകയോ കരുതൽ തടങ്കലിലാക്കുകയോ ചെയ്യും. ഗുണ്ടകളെ സ്ഥിരമായി നിരീക്ഷിക്കാനും ഉന്നതതല പൊലീസ് യോഗത്തിൽ തീരുമാനിച്ചു.യോഗത്തിൽ റേഞ്ച് ഐ.ജിമാർ, ഡി.ഐ.ജിമാർ, ജില്ലാ പൊലീസ് മേധാവിമാർ എന്നിവർ പങ്കെടുത്തു.
ഗുണ്ടാനിയമം (കാപ്പ) പ്രയോഗിച്ച് അമർച്ച ചെയ്യാനാണ് നിർദ്ദേശം.കാപ്പ ചുമത്തി ജില്ലാമജിസ്ട്രേറ്റിന് ഗുണ്ടകളെ ഒരുവർഷംവരെ സ്വന്തംജില്ലയിൽ നിന്ന് നാടുകടത്താം. നാടുകടത്തിയ ഗുണ്ടകളെ നിരീക്ഷിക്കും. അവർ സ്വന്തംജില്ലയിൽ കടക്കുന്നില്ലെന്ന് ഉറപ്പാക്കും. നല്ലനടപ്പ് വിധിച്ചിട്ടും രക്ഷയില്ലെങ്കിൽ ഒരുവർഷം കരുതൽ തടങ്കലിലാക്കും. സ്ഥിരം ക്രിമിനലുകളെ നാടുകടത്താൻ കാപ്പ നിയമപ്രകാരം ഐ.ജിമാർക്കും അധികാരമുണ്ട്.
അഞ്ചു വർഷം ശിക്ഷ കിട്ടാവുന്ന ഒരു കേസ്, ഒന്നു മുതൽ അഞ്ചു വർഷം വരെ ശിക്ഷിക്കാവുന്ന രണ്ട് കേസുകൾ എന്നിവയോ മൂന്ന് കേസുകൾ വിചാരണ ഘട്ടത്തിലോ ആണെങ്കിൽ ഗുണ്ടാനിയമം ചുമത്തി കരുതൽ തടങ്കലിലാക്കാം. ഏഴു വർഷത്തെ ക്രിമിനൽ ചരിത്രം പരിശോധിച്ചാണ് കളക്ടർക്ക് ഇതിനുള്ള അപേക്ഷനൽകേണ്ടത്.
ഗുണ്ടാശക്തിയുടെ
നേർക്കാഴ്ച
കഴിഞ്ഞയാഴ്ച തിരുവനന്തപുരം കരമനയിൽ കൊലക്കേസ് പ്രതികളായ ഗുണ്ടകൾ യുവാവിനെ തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയത് നാടിനെ നടുക്കിയിരുന്നു.
തൃശൂരിലെ കൊലക്കേസ് പ്രതിയുടെ ശിക്ഷ കഴിഞ്ഞുള്ള മോചനം ഗുണ്ടാസംഘങ്ങൾ സോഷ്യൽ മീഡിയയിൽ ആഘോഷമാക്കിതും വടക്കൻ പറവൂരിൽ അറസ്റ്റിലായ ഗുണ്ടാ നേതാവിൽ നിന്ന് നാലു തോക്കുകൾ കണ്ടെടുത്തതും ഗുണ്ടകൾ എത്രത്തോളം പിടിമുറുക്കിയെന്നതിന്റെ നേർക്കാഴ്ചകളായി.
ലഹരിയിലും ജാഗ്രത
ലഹരിവിൽപ്പനക്കാരെ പിടികൂടാൻ സ്പെഷ്യൽ ഡ്രൈവുകൾ നടത്തും. നൈറ്റ് പട്രോളിംഗ് ശക്തിപ്പെടുത്തും. സ്കൂളുകൾക്ക് പരിസരത്ത് നിരന്തര നിരീക്ഷണമുണ്ടാവും. സ്കൂൾ ബസുകളുടെ ഡ്രൈവർമാരെയും ബസുകളും പരിശോധിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |