കൊല്ലം: കല്ലുംതാഴം റെയിൽവേ ഗേറ്റിന് സമീപത്തെ ട്രാക്കിൽ ട്രെയിൻ തട്ടി യുവതിയും യുവാവും മരിച്ചു. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്നലെ വൈകിട്ട് 5.30ന് പാൽക്കുളങ്ങര തെങ്ങയ്യത്ത് ക്ഷേത്രത്തിന് സമീപത്തെ ട്രാക്കിലായിരുന്നു അപകടം.
വൈകിട്ട് 5.15ന് കൊല്ലത്ത് നിന്ന് എറണാകുളം ഭാഗത്തേക്ക് പോയ ഗാന്ധിധാം എക്സ്പ്രസാണ് ഇരുവരെയും ഇടിച്ചത്. ട്രാക്കിന്റെ ഇരുവശങ്ങളിലായാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. സംഭവ സമയം യുവതിയും യുവാവും ട്രാക്കിലൂടെ നടന്ന് മുന്നോട്ട് പോവുകയും ട്രെയിൻ വരുന്ന ശബ്ദം കേട്ടയുടനെ ഇരുവരും ട്രാക്കിൽ ആലിംഗനം ചെയ്ത് നിന്നതായും തുടർന്ന് ഗാന്ധിധാം എക്സ്പ്രസ് ഇവരെ ഇടിക്കുകയായിരുന്നുവെന്നും ദൃക്സാക്ഷിയായ യുവാവ് പറഞ്ഞു.
അപകടത്തിൽ ശരീരഭാഗങ്ങൾ ചിതറിയതിനാൽ ഇരുവരെയും തിരിച്ചറിയാനായിട്ടില്ല. അപകടത്തെ തുടർന്ന് 5.25ന് കൊല്ലത്ത് നിന്ന് പുറപ്പെട്ട കോട്ടയം എക്സ്പ്രസ് അരമണിക്കൂറോളം കല്ലുംതാഴം ഭാഗത്ത് പിടിച്ചിട്ടു.
സമീപവാസികൾ പൊലീസിൽ വിവരം അറിയിച്ചു. കിളികൊല്ലൂർ പൊലീസ് സ്ഥലത്തെത്തി മൃതദേഹങ്ങൾ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കിളികൊല്ലൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |