SignIn
Kerala Kaumudi Online
Saturday, 27 July 2024 2.20 PM IST

ആന്ധ്രയിൽ തിരിച്ചടിപ്പേടിയിൽ ജഗൻ

election

വിജയവാഡ: തിരഞ്ഞെടുപ്പ് ദിവസത്തെയും തലേനാളിലെയും അക്രമങ്ങളിൽ പ്രതിസ്ഥാനത്തായതോടെ ആന്ധ്രയിൽ ഭരണകക്ഷിയായ വൈ.എസ്.ആർ.സി.പിക്ക് തിരിച്ചടിയുണ്ടാകുമെന്ന് രാഷ്ട്രീയ നിരീക്ഷണം. പാർട്ടി എം.എൽ.എയായ ശിവകുമാർ തന്നെ പോളിംഗ് ബൂത്തിൽ വച്ച് സമ്മതിദായകരെ തല്ലിയത് മറ്റ് മണ്ഡലങ്ങളിലും ഉറപ്പിച്ച വോട്ടുകൾ പോലും നഷ്ടമാകാൻ കാരണമായി എന്നാണ് വിലയിരുത്തൽ. മാത്രമല്ല, സാരികൊടുത്ത് വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ച കേസിലും പ്രതിസ്ഥാനത്താണ് വൈ.എസ്.ആർ.സി.പി. 13ന് നടന്ന വോട്ടെടുപ്പിൽ ആന്ധ്രയിൽ 78.34% പേർ സമ്മതിദാനാവകാശം വിനിയോഗിച്ചിരുന്നു.

2019ൽ വൈ.എസ്.ആർ.സി.പി അധികാരത്തിലെത്തി മൂന്ന് വർഷം പിന്നിട്ടപ്പോഴാണ് സ‌ർക്കാരിനെതിരേയും മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിക്കെതിരേയും ആരോപണങ്ങൾ കനത്തത്. പല ജില്ലകളിലേക്കുമുള്ള ജലവിതരണത്തിൽ നിർണായകമായ പോളവാരം പദ്ധതിയുടെ കാലതാമസം, സംസ്ഥാന തലസ്ഥാന വിഷയം തീരുമാനമാകാത്തത്, ക്ഷേത്ര ആക്രമണക്കേസുകൾ, തൊഴിലില്ലായ്മ, ഭൂമിയുടെ പട്ടയം തുടങ്ങിയ പ്രശ്നങ്ങൾ കത്തിനിൽക്കുമ്പോഴായിരുന്നു ആന്ധ്രയിലെ വോട്ടെടുപ്പ്. നടപ്പിലാക്കിയ ക്ഷേമപദ്ധതികൾ എണ്ണിപ്പറഞ്ഞ് സംസ്ഥാനമൊട്ടാകെ ജഗൻ തിരഞ്ഞെടുപ്പ് പര്യടനം നടത്തിയെങ്കിലും അത് അധികാരത്തുട‌ർച്ചയ്ക്ക് വഴിയൊരുക്കുമെന്ന് രാഷ്ട്രീയ നിരീക്ഷക‌ർ കരുതുന്നില്ല.

ടി.ഡി.പി സർക്കാ‌ർ തുടങ്ങിവച്ച വൻകിട ജലസേചന പദ്ധതിയായ പോളവാരം പദ്ധതി വൈകിയതാണ് ജഗനെതിരെ ഉയർന്ന പ്രധാന ആക്ഷേപം.

വരൾച്ചബാധിത രായലസീമ മേഖല നേരിടുന്ന കുടിവെള്ള, ജലസേചന പ്രശ്നങ്ങൾ പരിഹരിക്കുന്ന പോളവാരം പദ്ധതി ഉപേക്ഷിച്ചെന്നാണ് ടി.ഡി.പിയുടെ ആരോപണം. 16,000 കോടിയോളം രൂപ ചെലവ് കണക്കാക്കിയ പദ്ധതിയുടെ ബഡ്ജറ്റ് കാലതാമസവും സാധനസാമഗ്രികളുടെ വിലവർദ്ധനവുമെല്ലാം കാരണം 50,000 കോടി രൂപയായി ഉയർന്നിരുന്നു.

കേന്ദ്രസർക്കാരിൽ നിന്ന് 15,000 കോടി രൂപ ലഭിച്ചിട്ടും പോളവാരം പദ്ധതി വൈകിപ്പിച്ചതിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആന്ധ്രാപ്രദേശിലെ റാലിയിൽ വിമർശിച്ചിരുന്നു.

തലസ്ഥാനമെന്ന തലവേദന

സംസ്ഥാനം രൂപീകരിച്ച് പത്ത് വർഷമായിട്ടും തലസ്ഥാനമായില്ല എന്നതാണ് ജഗൻ നേരിട്ട മറ്റൊരു ആരോപണം. തലസ്ഥാനമായി മാറ്റുന്നതിനിടെ പാതിവഴിയിലായ അമരാവതി പൂർത്തീകരിക്കുന്നതിനുപകരം, മൂന്ന് തലസ്ഥാനങ്ങൾ വാഗ്ദ്ധാനം ചെയ്തുകൊണ്ട് ജഗൻ അത് നശിപ്പിച്ചെന്ന് വിജയവാഡയിലെ സാധാരണക്കാ‌ർ വരെ പറയുന്നു.

ക്ഷേത്രധ്വംസനം വിഷയം

ക്ഷേത്രങ്ങൾക്കെതിരെ ആക്രമണമുണ്ടായപ്പോൾ ജഗൻ സർക്കാ‌ർ നടപടിയെടുത്തില്ലെന്ന ആരോപണം തിരഞ്ഞെടുപ്പ് കാലത്തും ഉയർന്നു വന്നു. സംസ്ഥാനത്തു വ്യാപക മതപരിവർത്തനം നടന്നെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആരോപിക്കുകയും ചെയ്തു. അഞ്ച് വർഷത്തെ വൈ.എസ്.ആർ.സി.പി ഭരണത്തിൽ ഇരുന്നൂറിലധികം ക്ഷേത്രങ്ങൾ ആക്രമിക്കപ്പെട്ടതായി ജനസേന നേതാവ് പവൻ കല്യാൺ ആരോപിച്ചു. വിജയനഗരത്തിലെ രാമതീർത്ഥം ക്ഷേത്രവും അന്തർവേദി നരസിംഹ സ്വാമി ക്ഷേത്രവും അവയുടെ പൂജാരിമാരും ആക്രമിക്കപ്പെട്ടു. ഈ കേസുകളുടെ അന്വേഷണം ദുർബലപ്പെടുത്തിയെന്ന ജനസേന പാർട്ടിയുടെ പരാതിയെ ടി.ഡി.പിയും പിന്തുണച്ചിരുന്നു.

2019ലെ ജഗൻ തരംഗം വൈ.എസ്.ആർ.സി.പിക്ക് 175ൽ 151 നിയമസഭാ സീറ്റും 25ൽ 22 ലോക്സഭാ സീറ്റുകളും നേടിക്കൊടുത്തിരുന്നു. ഇക്കുറി ചന്ദ്രബാബു നായിഡുവിന്റെ തെലുങ്കുദേശം പാർട്ടി ബി.ജെ.പിയുമായും പവൻ കല്യാണിന്റെ ജനസേന പാർട്ടിയുമായും സഖ്യത്തിലാണ്. കഴിഞ്ഞ തവണ ഇടതുപാർട്ടികളുമായി സഖ്യം രൂപീകരിച്ച് തിരഞ്ഞെടുപ്പിനെ നേരിട്ട പവൻ കല്യാൺ ഒരു സീറ്റ് നേടിയിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, ELECTION
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.