SignIn
Kerala Kaumudi Online
Thursday, 18 July 2024 4.59 AM IST

കാണാതെ പോകരുത്,​ ഈ ചുവരെഴുത്തുകൾ

nilapad


വെള്ളപ്പൊക്കം പണ്ട് നദികളിലായിരുന്നു. പെരുമഴയിൽ കരകവിഞ്ഞ് കുത്തിയൊഴുകുന്ന മഞ്ഞ നദികളിലൂടെ തീരത്തെ കുടിലുകളും വന്മരങ്ങളുമൊക്കെ ഒലിച്ചുപോകുമായിരുന്നു. ഇപ്പോൾ മഴക്കാലത്ത് റോഡുകളാണ് ആദ്യം നദികളായി മാറുന്നത്. കാറുകളും ബസുകളും സോപ്പുപെട്ടികൾ പോലെ ഒഴുകിപ്പോകുന്ന ദൃശ്യങ്ങൾ ഇപ്പോൾ നമുക്ക് അപരിചിതമല്ല! മരങ്ങൾ നിന്നിരുന്ന സ്ഥാനത്ത് കോൺക്രീറ്റ് തൂണുകളും നദികളുടെ കരകളിൽ വാട്ടർഫ്രണ്ട് വില്ലകളും പുൽകൊടികൾ നിന്നിരുന്ന ഇടങ്ങൾ ആറുവരിപ്പാതകളുമായപ്പോൾ സംഭവിച്ച സ്വാഭാവിക മാറ്റമാണിത്.

നമ്മുടെ ഗ്രാമങ്ങൾ നഗരങ്ങളായി മാറാൻ തുടങ്ങിയ എഴുപതുകളിൽ പരസ്ഥിതിക്കു വേണ്ടി വാദിച്ചവരെ വികസന വിരോധികളെന്നു പറഞ്ഞ് പരിഹസിക്കുകയും ആക്ഷേപിക്കുകയും ചെയ്തിരുന്നു. അംബരചുംബികളായ ബഹുനില മന്ദിരങ്ങളും നിരത്തുകളെ ശ്വാസംമുട്ടിക്കുന്നത്ര വാഹനങ്ങളും നിറഞ്ഞ ഇന്ന് എല്ലാരും സംസാരിക്കുന്നത് പരിസ്ഥിതിയേയും കാലാവസ്ഥാ വ്യതിയാനത്തേയും കുറിച്ചാണ്! ഉത്തരധ്രുവത്തിൽ വീശുന്ന ഹിമക്കൊടുങ്കാറ്റുകൾ അമേരിക്കയിലെ ടെക്സാസ് നഗരത്തിൽ വീശിയതും, അതിതീവ്ര മഴയിൽ ചെന്നൈ നഗരം ദിവസങ്ങളോളം മുങ്ങിയതും അറേബ്യൻ മരുഭൂമിയെ ഞെട്ടിച്ച മഹാപ്രളയവും ഒക്കെ നമ്മുടെ കാലാവസ്ഥാ വ്യതിയാന ചരിത്രത്തിലെ ഏറ്റവും പുതിയ ഏടുകൾ മാത്രം. ഹിമക്കൊടുങ്കാറ്റ് വീശിയ ടെക്സാസും മഹാപ്രളയത്തിൽ മുങ്ങിയ ദുബായും ലോക നഗരങ്ങൾക്കുള്ള കാലത്തിന്റെ ചുവരെഴുത്തുകൾ തന്നെയാണ്.

സ്വപ്നനഗരത്തിലെ

സംഹാരമഴ

ഇക്കഴിഞ്ഞ ഏപ്രിൽ 16 ദുബായ് നഗരം മറക്കില്ല. ഏകദേശം 75 വർഷങ്ങൾക്കു ശേഷം അന്നാണ് മരുഭൂമിയിൽ അതിതീവ്ര മഴയും മഹാപ്രളയവും ഉണ്ടായത്. ദുബായിലെ വിശാലമായ റോഡുകൾ നദികളായി. വിമാനത്താവളം കായലായി. കാറുകൾ ഒഴുകിനടന്നു. മാളുകളിലും ഓഫീസുകളിലും വെള്ളം കയറി. വിലപ്പെട്ട ജീവനുകൾ നഷ്ടമായി. കൃത്രിമ മഴ പെയ്യിച്ചതാണെന്നും കാലാവസ്ഥാ വ്യതിയാനമാണെന്നും പല മട്ടിൽ ചർച്ചകൾ നടന്നു. പക്ഷേ,​ ദുബായ് തെരുവുകളിലെ ചുവരെഴുത്ത് വ്യക്തമായിരുന്നു- കാലാവസ്ഥാ വ്യതിയാനത്തിൽ ഞെട്ടിയിരിക്കുന്ന ലോക നഗരങ്ങൾക്ക് അതിതീവ്ര മഴ പോലുള്ള സാഹചര്യങ്ങൾ കൈകാര്യം ചെയ്യാനുള്ള ശേഷിയില്ല!

സമാനമായ സംഭവങ്ങൾ കഴിഞ്ഞ കുറച്ചു വർഷങ്ങളായി പല ഇന്ത്യൻ നഗരങ്ങളിലും നമ്മൾ കണ്ടിട്ടുണ്ട്. മുംബയും ബംഗളൂരുവും ചെന്നൈയും കൊച്ചിയും മിന്നൽ പ്രളയങ്ങളിൽ പകച്ചുനിൽക്കുന്നത് നാം കണ്ടതാണ്.

അതിശൈത്യത്തിൽ ഡൽഹിയും ഹരിയാനയും സ്തംഭിക്കുന്നതും ഇന്ന് പതിവു കാഴ്ചയാണ്. കാലാവസ്ഥ അപകടത്തിലായാൽ പെട്ടെന്നുള്ള ഒരു തിരിച്ചുപോക്ക് അസാദ്ധ്യമാണെന്ന് എല്ലാവർക്കും അറിയാം. ഇനിയുള്ള കുറച്ച് ദശാബ്ദങ്ങൾ നമ്മുടെ നഗരങ്ങൾക്ക് ശരിക്കും കണ്ടകശ്ശനി കാലം തന്നെയാണെന്നാണ് ഇതിനെല്ലാം അർത്ഥം.

കാത്തുനില്പുണ്ട്,​

കൊടിയ കാലം

ഐക്യരാഷ്ട്ര സഭ പതിമൂന്നാം സുസ്ഥിര വികസന ലക്ഷ്യത്തിൽ (Climate Action) പറയുന്നതും ഇതുതന്നെയാണ്. ഭൂമിയിലെ ഓരോ പൗരനും ഏതെങ്കിലും തരത്തിൽ കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രഭാവത്തിൽ ദുരിതമനുഭവിക്കേണ്ടി വരും. ഇത്തരമൊരു കാലാവസ്ഥാ അടിയന്തരാവസ്ഥ നിലനില്ക്കുമ്പോഴും ലോകം അതു നേരിടാൻ തയ്യാറായിട്ടില്ല എന്നതാണ് നിർഭാഗ്യകരമായ സാഹചര്യം. ഇതുപോലെ മുന്നോട്ടുപോകുന്ന പക്ഷം, കഴിഞ്ഞ കാലങ്ങളിൽ നാം സൃഷ്ടിച്ചെടുത്ത വികസന മുന്നേറ്റങ്ങൾ കാലാവസ്ഥാ ദുരന്തങ്ങളിൽ മാഞ്ഞുപോകുന്നത് നമുക്ക് നിസ്സഹായരായി കണ്ടുനില്ക്കേണ്ടിവരും. കാലാവസ്ഥാ വ്യതിയാനം ലോകത്ത് പല വലിയ പലായനങ്ങൾക്കും യുദ്ധങ്ങൾക്കും കാരണമാകും!

അതിതീവ്ര മഴ, കൊടിയ മഞ്ഞുവീഴ്ച, ചുഴലിക്കാറ്റ്, തീപിടിത്തം എന്നിവ അതിജീവിക്കാൻ ലോകരാജ്യങ്ങൾ എപ്രകാരം തയ്യാറാകണമെന്ന് പ്രതിപാദിക്കുന്ന വിശദമായ ഒരു രൂപരേഖ ഐക്യരാഷ്ട്ര സഭയുടെ ആവാസ വ്യവസ്ഥാ വിഭാഗം (UN Habitat Division) തയ്യാറാക്കിയിട്ടുണ്ട്. Climate Proofing Toolkit: For basic Urban Infrastructure എന്ന പേരിലുള്ള ഈ സമഗ്രരേഖ പല സ്വഭാവങ്ങളിലുള്ള പ്രദേശങ്ങളിലെ നഗരങ്ങൾ,​ അവയുടെ അടിസ്ഥാന സൗകര്യങ്ങൾ കാലാവസ്ഥാ ദുരന്തങ്ങൾ അതിജീവിക്കാനായി എങ്ങനെ രൂപപ്പെടുത്തണമെന്ന് പറയുന്നുണ്ട്.

വേണം,​ വലിയ

ഒരുക്കങ്ങൾ

കാലാവസ്ഥാ വ്യതിയാനം ഓരോ പ്രദേശത്തെയും ഏതൊക്കെ വിധത്തിൽ ബാധിക്കുന്നു, അവയുടെ അപകടസാദ്ധ്യത എങ്ങനെ തിട്ടപ്പെടുത്താം. അവിടങ്ങളിലെ അപകട തീവ്രത കുറയ്ക്കാനുള്ള നടപടികൾ എന്തെല്ലാം,​ അവ എങ്ങനെ നടപ്പിലാക്കാം എന്നെല്ലാം ഈ രേഖ വ്യക്തമാക്കുന്നുണ്ട്. അത്യുഷ്ണ മേഖലകൾ, അതിശൈത്യ മേഖലകൾ, അതിതീവ്ര മഴ പ്രദേശങ്ങൾ, ചുഴലിക്കാറ്റ് ബാധിക്കാവുന്ന ഇടങ്ങൾ എന്നിങ്ങനെയുള്ള പ്രദേശങ്ങളിൽ നാം ഏതൊക്കെ വിധത്തിൽ ഇടപെട്ട് നഗരങ്ങളെ കാലാവസ്ഥാ വ്യതിയാനം ചെറുക്കാൻ തയ്യാറാക്കണമെന്ന് ഇതിൽ വിശദമാക്കിയിട്ടുണ്ട്.

വ്യാവസായിക വിപ്ലവത്തിനു മുമ്പുള്ള കാലത്തെ അപേക്ഷിച്ച് അന്തരീക്ഷ താപനില ഇന്നത്തെ ലോകത്തിൽ 1.1ഡിഗ്രി സെൽഷ്യസ് വർദ്ധിച്ചപ്പോൾത്തന്നെ ഇത്രയും കാലാവസ്ഥാ ദുരന്തങ്ങളുണ്ടാകുന്ന സാഹചര്യത്തിൽ,​ ഇതേ സ്ഥിതി ഇനിയും തുടർന്നാൽ ഇതിലും വലിയ ദുരന്തങ്ങളുണ്ടാകുമെന്നും നമ്മുടെ നഗരങ്ങൾ അതിനുള്ള തയ്യാറെടുപ്പുകൾ അടിയന്തരമായി നടത്തണമെന്നുമാണ് ഈ മാർഗരേഖ പറയുന്നത്. ജലവിതരണ- ശുചീകരണ മേഖല, പൊതുഗതാഗതം, ഊർജ്ജ വിതരണം, അടിസ്ഥാന സൗകര്യങ്ങൾ, പാർപ്പിട സമുച്ചയങ്ങൾ പോലുള്ള നഗര സംവിധാനങ്ങൾ ഇവയൊക്കെ എങ്ങനെയെല്ലാം മാറണമെന്ന് വിശദമായി ഈ മാർഗരേഖ പറയുന്നു. കൂടാതെ,​ ഇതൊക്കെ നടപ്പിലാക്കാൻ സർക്കാർ സംവിധാനങ്ങൾ എങ്ങനെയെല്ലാം നീങ്ങണമെന്നും ഇതിൽ വ്യക്തമാക്കുന്നുണ്ട്.

നഗരങ്ങൾക്ക്

നവ മാതൃക

നമ്മുടെ സർക്കാരുകൾ ഇതൊന്നും ഇനിയും കാര്യമായി എടുത്തിട്ടില്ലെന്നു വേണം പറയാൻ. ദുരന്തങ്ങൾ സംഭവിക്കുമ്പോൾ മാത്രമാണ് ഇത്തരം ചർച്ചകൾ നടക്കുന്നത് എന്നതും ദൗർഭാഗ്യകരമാണ്. പ്രളയസാദ്ധ്യത കൂടുതലുള്ള നഗരപ്രദേശങ്ങളിൽ അതിതീവ്ര മഴ പോലുള്ള കാലാവസ്ഥാ വെല്ലുവിളികൾ നേരിടാനായി പ്രകൃതി സൗഹൃദമായി എന്തൊക്കെ ചെയ്യുമെന്ന് മാ‌ർഗരേഖയുടെ ഒരു ഭാഗത്ത് പറയുന്നുണ്ട്. നദീതടങ്ങളുടെ വൃഷ്ടി പ്രദേശങ്ങളിലെ വനവത്കരണം,​ മണ്ണൊലിപ്പ് തടയാനുള്ള സംവിധാനങ്ങൾ, നദികൾക്ക് ബഫർ സോണുകൾ, നദീതട സംരക്ഷണം എന്നിവയാണ് പ്രകൃതിസൗഹൃദമായ മാർഗങ്ങൾ.

എന്നാൽ, അനിയന്ത്രിതമായി വെള്ളപ്പൊക്കമുണ്ടാകുന്ന നഗരപ്രദേശങ്ങളിൽ എൻജിനിയറിംഗ് സംവിധാനങ്ങളിലൂടെ വേണം നീരൊഴുക്ക് നിയന്ത്രിക്കാൻ. ജനപങ്കാളിത്തത്തോടെ പ്രദേശങ്ങളുടെ സവിശേഷതകൾ കണക്കിലെടുത്തു വേണം ഇത്തരം സംവിധാനങ്ങൾ ഉണ്ടാക്കേണ്ടത്. മഴവെള്ളം വീഴുന്നിടത്തു തന്നെ പരമാവധി താഴാനുള്ള മാർഗങ്ങൾ, നീരൊഴുക്ക് ക്രമാതീതമായ മേഖലകളിൽ ചെറിയ ബണ്ടുകൾ, ഓടകളുടെയും തോടുകളുടെയും സംരക്ഷണം, വിശാലമായ ഗ്രൗണ്ടുകളിൽ മഴവെള്ളത്തിന് അരിച്ചിറങ്ങാനായി റെയിൻ ഗാർഡൻ പോലുള്ള സംവിധാനങ്ങൾ,​ മഴവെള്ളം ഭൂമിക്കടിയിലേക്ക് താഴാനായി സുഷിരങ്ങളുള്ള ഓടകളും നടപ്പാതകളും,​ അധികമുള്ള ജലം പൈപ്പുകളിലൂടെ കടത്തിവിട്ട് സുരക്ഷിതമായ മേഖലകളിൽ താത്കാലിക ജലസംഭരണികളിൽ സൂക്ഷിക്കൽ എന്നീ മാർഗങ്ങളെല്ലാം ഓരോരോ സാഹചര്യങ്ങളുടെ പ്രത്യേകത കണക്കാക്കിയാണ് അവലംബിക്കേണ്ടത്.

ഈ മഴക്കാലം

ശക്തമാകും

പ്രളയഭീഷണി നിലനില്ക്കുന്ന പ്രദേശങ്ങളിൽ ശുദ്ധജല വിതരണത്തിനായി ഓവർഹെഡ് ജലസംഭരണികൾ നിർമ്മിക്കേണ്ടതും,​ നീരൊഴുക്ക് സംവിധാനത്തെ പ്ലാസ്റ്റിക് മാലിന്യങ്ങളിൽ നിന്ന് മുക്തമാക്കേണ്ടതും അത്യാവശ്യമാണ്.

ചുഴലിക്കാറ്റുകൾ ഇല്ലാതിരുന്ന കേരളതീരത്ത് ഇപ്പോൾ എല്ലാ വർഷവും രണ്ടോ മൂന്നോ ന്യൂനമർദ്ദങ്ങൾ രൂപപ്പെടുന്ന സാഹചര്യമുണ്ട്. അറബിക്കടലിലെ ഉപരിതല ജലത്തിന്റെ താപനില ക്രമാതീതമായി വർദ്ധിച്ചതാണ് ഇതിനു കാരണം. വരും വർഷങ്ങളിൽ ഇത് കൂടുതൽ തീവ്രമാകാനാണ് സാദ്ധ്യത. അതിനാൽ, കേരളത്തിലെ നഗരങ്ങൾ അതിതീവ്ര മഴയെയും ചുഴലിക്കാറ്റിനെയും പ്രതിരോധിക്കാൻ തയ്യാറാറെടുക്കേണ്ടതുണ്ട്. ശക്തമായ കാറ്റിനെ പ്രതിരോധിക്കാൻ ശേഷിയുള്ള നഗരങ്ങൾ ഉണ്ടാകണമെങ്കിൽ അവിടെ ഭൂഗർഭ വൈദ്യുതി വിതരണ ശൃംഖലയും,​ ശക്തമായ വാർത്താ വിനിമയ ടവറുകളും വേണം. വന്മരങ്ങൾ അമിതഭാരമില്ലാത്ത മുകൾഭാഗങ്ങളുള്ളവയും,​ നഗരമേഖലകളിലെ പരസ്യബോർഡുകളും മറ്റും കാറ്റിൽ വീഴാത്തവയുമാകണം.

'ലോകം എല്ലാ പരിധികളും ലംഘിച്ചിരിക്കുന്നു. ഭൂമി അപകടാവസ്ഥയിലാണ്. ഇന്നും നാം ചെയ്യുന്നതും ചെയ്യാതിരിക്കുന്നതും വരുംതലമുറകൾ ചർച്ച ചെയ്യും!"- കഴിഞ്ഞ ഡിസംബറിൽ നടന്ന ലോക കാലാവസ്ഥാ ഉച്ചകോടിയിൽ ബ്രിട്ടന്റെ ചാൾസ് രാജകുമാരൻ പറഞ്ഞ അതേ ദുബായിയിൽത്തന്നെ ഇക്കഴിഞ്ഞ ഏപ്രിലിൽ ഉണ്ടായ മഹാപ്രളയം പ്രകൃതിയുടെ വികൃതി എന്നു മാത്രമേ നമുക്ക് പറയാനാകൂ. ഈ പ്രളയം ലോക നഗരങ്ങൾക്കുള്ള വലിയ ചുവരെഴുത്താണ്. ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും കൂടിയ താപനില രേഖപ്പെടുത്തിയ ഈ വേനൽ കഴിഞ്ഞുവരുന്ന കാലവർഷവും ഏറ്റവും ശക്തിയോടെ തന്നെ അറബിക്കടലിൽ നിന്ന് ഇന്ത്യാ ഭൂഖണ്ഡത്തിലേക്കു കടക്കും. നമ്മുടെ അധികാരികൾ കാലാവസ്ഥാ ചുവരെഴുത്തുകൾ തിരിച്ചറിഞ്ഞ്,​ എത്രയും വേഗം പുതിയ നഗര വികസന ചരിത്രമെഴുതുമെന്ന് പ്രതീക്ഷിക്കാം.

(തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ,​ ജിയോളജി വിഭാഗം മേധാവിയും അസോ. പ്രൊഫസറുമാണ് ലേഖകൻ)​

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NILAPAD
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.