ബ്രാറ്റിസ്ലാവാ: സ്ലോവാക്യയിൽ പ്രധാനമന്ത്രി റോബർട്ട് ഫിറ്റ്സോയ്ക്ക് (59) നേരെ വധശ്രമം. ഒന്നിലേറെ തവണ വെടിയേറ്റ ഫിറ്റ്സോയുടെ നില ഗുരുതരമാണ്. പ്രാദേശിക സമയം, ഇന്നലെ ഉച്ചയ്ക്ക് 2.30ന് (ഇന്ത്യൻ സമയം വൈകിട്ട് 6) തലസ്ഥാനമായ ബ്രാറ്റിസ്ലാവായിൽ നിന്ന് 180 കിലോമീറ്റർ അകലെയുള്ള ഹാൻഡ്ലോവ നഗരത്തിലായിരുന്നു സംഭവം.
ഇവിടെ കൾച്ചറൽ കമ്മ്യൂണിറ്റി സെന്ററിൽ സർക്കാർ യോഗത്തിൽ പങ്കെടുത്ത ശേഷം മടങ്ങാനൊരുങ്ങവെ ജനക്കൂട്ടത്തെ അഭിവാദ്യം ചെയ്യുകയായിരുന്നു ഫിറ്റ്സോ. ഇതിനിടെ, ഒരാൾ വെടിയുതിർക്കുകയായിരുന്നു. നിലത്തുവീണ ഫിറ്റ്സോയെ സുരക്ഷാ ഉദ്യോഗസ്ഥർ ഉടൻ കാറിലേക്ക് മാറ്റി.
71കാരനായ പ്രതിയെ പൊലീസ് സംഭവ സ്ഥലത്ത് വച്ച് തന്നെ പിടികൂടി. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. പരിക്കേറ്റ ഫിറ്റ്സോയെ സമീപത്തെ ആശുപത്രിയിലേക്ക് ഹെലികോ്ര്രപർ മാർഗ്ഗം എത്തിച്ചെങ്കിലും വിദഗ്ദ്ധ ചികിത്സയ്ക്കായി ഹാൻഡ്ലോവയ്ക്ക് കിഴക്കുള്ള ബാൻസ്‌ക ബൈസ്ട്രിക നഗരത്തിലെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി.
ഫിറ്റ്സോയുടെ കൈയിലും കാലിലും വയറ്റിലും വെടിയേറ്റെന്ന് ദൃക്സാക്ഷികൾ പറയുന്നുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ല. നാല് വെടിയൊച്ചകളാണ് കേട്ടത്. 2006 മുതൽ 2010 വരെയും 2012 മുതൽ 2018 വരെയും സ്ലൊവാക്യയുടെ പ്രധാനമന്ത്രിയായിരുന്നു ഫിറ്റ്സോ. 1992 മുതൽ പാർലമെന്റായ നാഷണൽ കൗൺസിലിൽ അംഗമാണ്.
കഴിഞ്ഞ ഒക്ടോബറിലാണ് ഡയറക്ഷൻ സോഷ്യൽ ഡെമോക്രസി പാർട്ടി നേതാവായ ഫിറ്റ്സോ യൂറോപ്യൻ യൂണിയൻ, നാറ്റോ അംഗരാജ്യമായ സ്ലോവാക്യയിൽ വീണ്ടും അധികാരത്തിലേറിയത്. സെപ്‌തംബറിലെ തിരഞ്ഞെടുപ്പിൽ പാർലമെന്റിലെ 150ൽ 42 സീറ്റ് നേടി ഫിറ്റ്സോയുടെ പാർട്ടി ഒന്നാമതെത്തി. 76 സീറ്റാണ് ഭൂരിപക്ഷത്തിന് വേണ്ടത്. തുടർന്ന്, വോയിസ്, സ്ലോവാക് നാഷണൽ പാർട്ടികളുമായി ചേർന്ന് സഖ്യ സർക്കാർ രൂപീകരിക്കുകയായിരുന്നു.
റഷ്യയോട് മൃദുസമീപനമുള്ള ഫിറ്റ്സോ അധികാരത്തിലെത്തിയ പിന്നാലെ യുക്രെയിന് നൽകി വന്ന സൈനിക സഹായം നിറുത്തലാക്കിയിരുന്നു. അദ്ദേഹത്തിന്റെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദ്ധാനങ്ങളിൽ ഒന്നായിരുന്നു ഇത്. ആയുധങ്ങൾ നൽകില്ലെങ്കിലും മാനുഷിക സഹായങ്ങൾ തുടരുമെന്നും പ്രഖ്യാപിച്ചു. സംഘർഷങ്ങൾ അവസാനിപ്പിക്കാൻ യൂറോപ്യൻ യൂണിയൻ ആയുധ വിതരണക്കാരിൽ നിന്ന് സമാധാന സ്ഥാപകരാകണമെന്നും ഫിറ്റ്സോ തുറന്നടിച്ചിരുന്നു. യുക്രെയിനിൽ സംഘർഷം ആരംഭിക്കാൻ കാരണം അമേരിക്കൻ ഇടപെടലാണെന്ന് ഫിറ്റ്സോ മുമ്പ് ആരോപിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |