എറണാകുളം: മഹാരാജാസ് മുതൽ കടവന്ത്ര വരെ ഒന്നര കിലോമീറ്റർ ദൂരത്തിൽ കൊച്ചി മെട്രോയുടെ പുതിയ പാതയിൽ നടത്തിയ പരീക്ഷണ ഓട്ടം വിജയമായി. സൗത്ത് റെയിൽവേ സ്റ്റേഷനടുത്തുള്ള ക്യാന്റിലിവർ പാലത്തിലാണ് മെട്രോയുടെ പരീക്ഷണ ഓട്ടം അവസാനിച്ചത്. പാലത്തിന്റെ മദ്ധ്യഭാഗത്തായാണ് ഓട്ടം അവസാനിച്ചത്. പാലത്തിന്റെ ബലം കൂടി പരിശോധിക്കുക എന്ന ഉദ്ദേശ്യവും ഈ പരീക്ഷണ ഓട്ടത്തിന് പിന്നിലുണ്ട്. ബാലൻസ്ഡ് ക്യാന്റി ലിവർ പാലങ്ങൾ രാജ്യത്ത് നിരവധി ഉണ്ടെകിലും ഇവിടുള്ളത് പോലെ വളഞ്ഞ രീതിയിലുള്ള ക്യാന്റിലിവർ പാലം രാജ്യത്ത് ആദ്യമായാണ് ഉണ്ടാക്കുന്നത്.
ഇതിനുവേണ്ടി ഫുൾ കപ്പാസിറ്റി ഉള്ള മെട്രോ ട്രെയിൻ ആണ് ഉപയോഗിച്ചിരിക്കുന്നത്. ഇതിനായി ട്രെയിനിനുള്ളിൽ മണൽ ചാക്കുകൾ നിറച്ച് യാത്രക്കാർ ഉണ്ടെന്നുള്ള പ്രതീതി വരുത്തുകയാണ് ചെയ്തത്. പരീക്ഷണ ഓട്ടം വൻവിജയമാണെന്ന് കെ.എം .ആർ.എല്ലും, ഡി.എം.ആർ. സിയും ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. പരീക്ഷണം അവസാനിച്ച ശേഷം ഉദ്യോഗസ്ഥർ ട്രാക്കിലിറങ്ങി പരിശോധന നടത്തി. പരീക്ഷണം അവസാനിപ്പിച്ച് ട്രെയിൻ തിരിച്ചുപോയ ശേഷം കൂടുതൽ പരിശോധനകൾ നടക്കും. മഹാരാജാസ് മുതൽ തൈക്കുടം വരെയുള്ള അഞ്ച് കിലോമീറ്റർ ദൂരത്തിലും മെട്രോയുടെ പരീക്ഷണ ഓട്ടം നടക്കും.
ഒരു മാസം കൊണ്ട് പുതിയ മെട്രോ പാത യാത്രക്കാർക്കായി തുറന്ന് കൊടുക്കുമെന്നും കെ.എം.ആർ.എൽ.അറിയിച്ചിട്ടുണ്ട്. മഹാരാജാസ് വരെയുള്ള ഭാഗങ്ങൾ നഗരത്തിലെ ഏറ്റവും തിരക്ക് കൂടിയയവയാണ്. ഇവിടെയാണ് ഇത്തവണ മെട്രോ പരീക്ഷണ ഓട്ടം നടത്തിയത്. അതുകൊണ്ടുതന്നെ ഈ ഭാഗത്തേക്കുള്ള ട്രെയിൻ ജനങ്ങൾക്കായി തുറന്ന് കൊടുക്കുന്നത് ഗതാഗത കുരുക്കും തിരക്കും കുറയ്ക്കാൻ സഹായിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |