SignIn
Kerala Kaumudi Online
Saturday, 17 August 2024 8.23 AM IST

മനുഷ്യത്വമില്ലാതെ ആരോഗ്യ കേരളം  കാവലാളുകൾ കഴുകന്മാരായാൽ

thozhilali

ഡോക്ടറുടെ സ്നേഹത്തോടെയുള്ള പെരുമാറ്റവും കരുതലും രോഗികൾക്ക് വലിയ ആശ്വാസമായി മാറാറുണ്ട്. എങ്കിലും ആരോഗ്യരംഗത്തെ മനുഷ്വത്തമില്ലാത്ത സമീപനവും വാർത്തയായി മാറാറുണ്ട്. ഇത്തരത്തിൽ മനുഷ്യത്വമില്ലാത്ത സമീപത്തിന് ഇരയായി ഒരു അതിഥി തൊഴിലാളിയുടെ ജീവൻ കണ്ണൂരിൽ അടുത്തിടെ പൊലിഞ്ഞു. ആരോഗ്യ മേഖലയിൽ നിരവധി അംഗീകാരങ്ങൾ നേടി അഭിമാനിക്കുന്ന കേരള മോഡലിന് തീരാകളങ്കമായി മാറുകയാണ് കണ്ണൂർ ജില്ലാ ആശുപത്രിയിൽ നടന്ന ഈ ദാരുണ സംഭവം. അവശനിലയിൽ ചികിത്സ തേടിയെത്തിയ അതിഥി തൊഴിലാളിയെ ജില്ലാ ആശുപത്രിയിലെ ഡോക്ടർമാർ പരിശോധിച്ച് വിദഗ്ദ്ധചികിത്സയ്ക്ക് കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു. എന്നാൽ, ജില്ലാ ആശുപത്രിയിൽ ആംബുലൻസ് ഉണ്ടായിരുന്നില്ല. 108 ആംബുലൻസ് വിളിച്ചുവരുത്തിയെങ്കിലും കൂടെ ആരും ഇല്ലാത്തതിനാൽ രോഗിയെ കയറ്റാൻ ഡ്രൈവർ വിസമ്മതിക്കുകയായിരുന്നു. ജില്ലാ ആശുപത്രിയിൽ നിന്ന് ജീവനക്കാരനെ രോഗിക്കൊപ്പം മെഡിക്കൽ കോളേജിലേക്ക് അയക്കാനും അധികൃതരും തയ്യാറായില്ല. ഗത്യന്തരമില്ലാതെ അതിഥി തൊഴിലാളി തിരിച്ച് ജില്ലാ ആശുപത്രിയിലേക്ക് മടങ്ങിയെങ്കിലും സുരക്ഷാജീവനക്കാർ തടഞ്ഞു.മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തയാളെ അകത്തേക്ക് കടത്തിവിടാൻ സാധിക്കില്ലെന്ന് സുരക്ഷാജീവനക്കാർ പറഞ്ഞു. വീൽ ചെയറിൽ നിന്ന് അയാളെ അവർ നിർബന്ധപൂർവം ഇറക്കിവിട്ടു. വൈകീട്ട് 4.30-ഓടെ ആശുപത്രിക്ക് പുറത്തിറങ്ങി ബസ് സ്റ്റാൻഡിലേക്ക് നടന്ന തൊഴിലാളി കുഴഞ്ഞുവീണ് മരിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.

വിവാദമായപ്പോൾ അന്വേഷണം

സംഭവത്തിൽ ആശുപത്രി സൂപ്രണ്ട് നൽകിയ വിശദീകരണ റിപ്പോർട്ട് തൃപ്തികരമല്ലാത്തതിനാൽ ആരോഗ്യവകുപ്പ് പുനരന്വേഷണമാരംഭിച്ചിരിക്കുകയാണ്. ജില്ലാ മെഡിക്കൽ ഓഫീസറുടെ നിർദ്ദേശപ്രകാരമാണ് ആരോഗ്യവകുപ്പ് അധികൃതർ പുനരന്വേഷണം തുടങ്ങിയത്. ഇതിന്റെ ഭാഗമായി ഡെപ്യൂട്ടി ഡി. എം.ഒ രേഖ ജില്ലാ ആശുപത്രിയിലെത്തി. ജീവനക്കാരുടെ വീഴ്ച്ച മറച്ചുവെച്ചു ജില്ലാ ആശുപത്രി സൂപ്രണ്ട് നൽകിയ റിപ്പോർട്ട് ആശുപത്രി വികസനസമിതിക്ക് നേതൃത്വം നൽകുന്ന ജില്ലാ പഞ്ചായത്ത് തള്ളിയിരുന്നു. ഇതു വിവാദമായതിനെ തുടർന്ന് ആരോഗ്യവകുപ്പ് ഡയറക്ടറുടെ നിർദ്ദേശപ്രകാരമാണ് പുതിയ അന്വേഷണമാരംഭിച്ചത്. കണ്ണൂർ പഴയ ബസ് സ്റ്റാൻഡിൽ അവശനിലയിൽ കണ്ടെത്തിയ ഹിമാചൽപ്രദേശ് സ്വദേശിയെ പൊലീസ് വിവരമറിയിച്ചതനുസരിച്ചു ഫയർഫോഴ്‌സാണ് ജില്ലാ ആശുപത്രിയിലെത്തിച്ചത്. കാലിന് പഴുപ്പു ബാധിച്ച യുവാവിനെ മരണം സംഭവിക്കുന്നതിന് മുൻപ് ആശുപത്രിയിലെത്തിച്ചതായി പൊലീസ് വ്യക്തമാക്കിയത് ആശുപത്രി അധികൃതരെ വെട്ടിലാക്കിയിട്ടുണ്ട്. മരിക്കുന്നതിന് തലേദിവസം രാത്രിയിൽ ഒ.പിയിലെത്തിച്ച ഇയാളെ വേണ്ട വിധം പരിശോധിച്ചു ആശുപത്രിയിൽ അഡ്മിറ്റു ചെയ്യാൻ ഡ്യൂട്ടി ഡോക്ടറോ ജീവനക്കാരോ തയ്യാറായിട്ടില്ലെന്ന ഞെട്ടിക്കുന്ന വിവരമാണ് പുറത്തുവന്നിരിക്കുന്നത്. എന്നാൽ ചികിത്സ നൽകുന്നതിൽ വീഴ്ചയുണ്ടായില്ലെന്നാണ് ആശുപത്രി അധികൃതരുടെ വാദം.

മനസാക്ഷിയെ നടുക്കിയ ക്രൂരത
മനുഷ്യ മന:സാക്ഷിയെ നടുക്കിയ സംഭവം പുറത്തറിഞ്ഞത് ജില്ലാ ആശുപത്രി പരിസരത്തെ ആംബുലൻസ് ഡ്രൈവർമാർ മാദ്ധ്യമങ്ങൾക്ക് വീഡിയോ ദൃശ്യം അയച്ചു കൊടുത്തതിനു ശേഷമാണ്. ഇതരസംസ്ഥാനക്കാരന്‍ ചികിത്സ കിട്ടാതെ മരിക്കാനിടയായത് ആശുപത്രി അധികൃതരുടെ ഗുരുതര വീഴ്ചയാണെന്നു പൊലീസ് പറയുമ്പോൾ മനുഷ്യത്വ ഹീനമായി പ്രവർത്തിച്ച സഹപ്രവർത്തകരെ സഹായിക്കുന്ന റിപ്പോർട്ടാണ് ആശുപത്രി സൂപ്രണ്ട് ആരോഗ്യവകുപ്പിന് നൽകിയത്. മാനസിക വിഭ്രാന്തികാണിച്ച യുവാവിനെ പ്രവേശിപ്പിക്കാത്തതിന് മാനസിക രോഗികളെ പ്രവേശിപ്പിക്കാനുള്ള വാർഡില്ലെന്നായിരുന്നു ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറും ജീവനക്കാരും പറഞ്ഞിരുന്നത്.

ആരോഗ്യ മന്ത്രിയുടെ നിർദേശം അവഗണിച്ചു

മാനസിക രോഗികളെ പ്രവേശിക്കാൻ സൗകര്യമുള്ള പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തുവെങ്കിലും ജില്ലാ ആശുപത്രി അധികൃതർ ആംബുലൻസോ കൂടെ പോകാനുള്ള ജീവനക്കാരെയോ ഏർപ്പെടുത്തിയിരുന്നില്ല. കൂടെ ആരുമില്ലാത്ത രോഗികളെ മറ്റു ആശുപത്രികളിലേക്ക് റഫർ ചെയ്യുകയാണെങ്കിൽ ആളില്ലാത്തതിന്റെ പേരിൽ ചികിത്സ നിഷേധിക്കരുതെന്ന ആരോഗ്യമന്ത്രിയുടെ നിർദ്ദേശം നിലനിൽക്കവേയാണ് ഈ അനാസ്ഥ ജീവനക്കാർ കാണിച്ചത്. ഇത്തരം സാഹചര്യത്തിൽ ആശുപത്രിയിലെ ഏതെങ്കിലും ജീവനക്കാരനെ രോഗിയെ റഫർ ചെയ്ത ആശുപത്രിയിലെത്തിക്കാനുള്ള ഡ്യൂട്ടി നൽകി ചികിത്സ ഉറപ്പുവരുത്താനുള്ള പ്രാഥമിക കടമയാണ് മറന്നത്.

വിശദീകരണ റിപ്പോർട്ടിലും ന്യായീകരണം

അതിഥി തൊഴിലാളിയുടെ മരണം വിവാദമായപ്പോൾ ആശുപത്രി സൂപ്രണ്ട് കണ്ണൂർ ജില്ലാ പഞ്ചായത്തിന് വിശദീകരണ റിപ്പോർട്ട് നൽകിയിരുന്നു. ഇതിൽ ആശുപത്രി ജീവനക്കാർക്ക് വീഴ്ചപറ്റിയിട്ടില്ലെന്നാണ് സൂചിപ്പിച്ചിരുന്നത്. എന്നാൽ ഇത് തള്ളിക്കളഞ്ഞു കൊണ്ടു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ ആരോഗ്യവകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽ ഇതു കൊണ്ടുവരികയായിരുന്നു. കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്ത രോഗിയെ കൊണ്ടു പോകാത്തകാര്യം മേലധികാരികളെ അറിയിക്കാത്ത കാര്യവും റിപ്പോർട്ടിലുണ്ടായിരുന്നില്ല.


അന്വേഷണം ശക്തമാക്കണം

ജില്ലാ ആശുപത്രിയിലെത്തിച്ച ഇതരസംസ്ഥാന തൊഴിലാളിയെ ആശുപത്രിക്ക് പുറത്തു മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിന്റെ അന്വേഷണം ലോക്കൽ പൊലീസിൽ നിന്നും മാറ്റി മറ്റേതെങ്കിലും കുറ്റാന്വേഷണ ഏജൻസിയെ ഏൽപ്പിക്കണമെന്ന് മനുഷ്യാവകാശ കൂട്ടായ്മ ആവശ്യപ്പെട്ടു. മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്ത രോഗിയെ ആശുപത്രിക്ക് പുറത്ത് മരിച്ച നിലയിൽ കണ്ടെത്തിയതിൽ ദുരൂഹതയുണ്ട്. മാനസിക വിഭ്രാന്തി കാണിച്ച ഇയാൾ ആശുപത്രിക്ക് പുറത്തിറങ്ങിയ ശേഷം പിന്നീട് ആശുപത്രിയിലേക്ക് പോയപ്പോൾ പൊലീസുകാരും സെക്യൂരിറ്റിക്കാരും ഓടിക്കുകയായിരുന്നുവെന്ന് സമീപത്തുണ്ടായിരുന്ന ദൃക്‌സാക്ഷികളായ സ്വകാര്യ ആംബുലൻസ് ഡ്രൈവർമാർ വ്യക്തമാക്കിയിട്ടുണ്ട്. യുവാവിന്റെ മരണത്തിന് ഉത്തരവാദികളായവരെ ജോലിയിൽ നിന്നും മാറ്റി നിർത്തുകയാണ് വേണ്ടതെന്നു കണ്ണൂരിൽ ചേർന്ന മനുഷ്യാവകാശ കൂട്ടായ്മയുടെ യോഗവും ആവശ്യപ്പെട്ടു.

സെക്യൂരിറ്റി രാജ്

ജില്ലാ ആശുപത്രിയുടെ പ്രവർത്തനത്തിനുള്ള സുരക്ഷയ്‌ക്കെന്ന പേരിൽ കാഷ്വാലിറ്റി വാർഡിനുള്ളിൽ ഒ.പി റൂമിനോട് ചേർന്ന് സ്ഥിരമായി പൊലീസിനെ നിയമിച്ചിട്ടുണ്ട്. അതിനുപുറമേയാണ് സെക്യൂരിറ്റിക്കാരുടെ നിയന്ത്രണവും. രോഗികളെ സഹായിക്കുന്നതിനു പകരം അവരെ തരംതിരിക്കുകയും തടയുകയും രോഗികളെ ആശുപത്രികളിൽ നിന്നും ആട്ടിയോടിക്കുകയുമാണ് ഇവർ ചെയ്യുന്നതെന്ന് ആക്ഷേപമുണ്ട്.കാഷ്വാലിറ്റിയിലെത്തുന്ന രോഗികളെ ആദ്യം സെക്യൂരിറ്റിക്കാർ പരിശോധിക്കുന്നത് ഒഴിവാക്കണമെന്ന ആവശ്യവും ശക്തമാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: OPINION
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.