സോൻഭദ്ര: ഉത്തർ പ്രദേശിൽ നടന്ന വെടിവെപ്പ് സംഭവത്തിൽ കോൺഗ്രസും പ്രിയങ്ക ഗാന്ധിയും മുതലക്കണ്ണീരൊഴുക്കുകയാണെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സോൻഭദ്രയിലെ ഉംഭയിൽ നടന്ന സംഭവം കോൺഗ്രസ് ചെയ്തുകൂട്ടിയ പാപങ്ങൾ മൂലമാണെന്നും, അതിന്റെ പേരിൽ മുതലക്കണ്ണീർ ഒഴുക്കേണ്ട കാര്യമില്ലെന്നുമാണ് യോഗി പറഞ്ഞത്.
വെടിവെപ്പിൽ മരിച്ച 10 പേരുടെ കുടുംബങ്ങളെ സന്ദർശിച്ച ശേഷമാണ് യോഗി ഇക്കാര്യം പറഞ്ഞത്. സംഭവത്തിൽ പരിക്കേറ്റവരുടെ ചികിത്സാചെലവ് ഉത്തർ പ്രദേശ് സർക്കാർ വഹിക്കുമെന്നും യോഗി ഉറപ്പ് നൽകി. ഇരകളായ തങ്ങളെ, ഭരിക്കുന്ന പാർട്ടിയിൽ നിന്നും ആരും സന്ദർശിക്കാത്തതിനാൽ ഏറെ അമർഷത്തിലായിരുന്നു സോൻഭദ്രയിലെ ജനങ്ങൾ.
ഇതുവരെ കോൺഗ്രസ് എ.ഐ.സി.സി. ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി മാത്രമാണ് ഇവരെ സന്ദർശിച്ചിരുന്നത്. ഇവരെ സന്ദർശിക്കാനെത്തുന്ന വഴി ഉത്തർ പ്രദേശ് പൊലീസ് പ്രിയങ്കയെ തടയുകയും, ഏതാണ്ട് ഒരു ദിവസം വരെ മിർസാപൂരിലെ ഒരു ഗസ്റ്റ് ഹൗസിൽ കരുതൽ തടങ്കലിൽ വയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ വൈകിട്ടോടെ വെടിവയ്പ്പിൽ പരിക്കേറ്റവരുടെ ബന്ധുക്കൾ ഈ ഗസ്റ്റ് ഹൗസിലെത്തി പ്രിയങ്ക ഗാന്ധിയെ സന്ദർശിച്ചു.
സോൻഭദ്രയിലെ ഗ്രാമമുഖ്യൻ യജ്ഞ ദത്തിന്റെ അനുയായികളും ഗോണ്ട് ആദിവാസി വിഭാഗത്തിൽ പെട്ട ഇവിടുത്തെ ഏതാനും നാട്ടുകാരും തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് 10 പേർ കൊല്ലപ്പെട്ടത്. സ്ഥലത്തിന്റെ കാര്യത്തെച്ചൊലിയുണ്ടായ സംഘർഷത്തിൽ ഗ്രാമമുഖ്യന്റെ അനുയായികൾ ഇവർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |