SignIn
Kerala Kaumudi Online
Saturday, 17 August 2024 11.34 AM IST

ഭൂമി ഏറ്റെടുക്കലും സർക്കാരിന്റെ കടമയും

bhoomi

പൊതു ആവശ്യത്തിനായി സർക്കാരിന് സ്വകാര്യ വ്യക്തികളുടെ ഭൂമി ഏറ്റെടുക്കാൻ അവകാശമുണ്ട്. എന്നാൽ തർക്കവും കേസുമില്ലാതെ ഒരിടത്തും ഇതുവരെ ഭൂമിയേറ്റെടുക്കൽ നടന്നിട്ടില്ല. മുൻകാലങ്ങളിൽ വളരെ ചെറിയ തുകയാണ് നഷ്ടപരിഹാരമായി ലഭിച്ചിരുന്നത്. ഇതായിരുന്നു പ്രധാനമായും തർക്കത്തിന് ഇടയാക്കിയിരുന്നത്. മാത്രമല്ല അന്നൊക്കെ നഷ്ടപരിഹാരം എന്നു കിട്ടുമെന്ന് ഭൂവുടമയ്ക്ക് യാതൊരു അറിവും ലഭിക്കുമായിരുന്നില്ല. അതിനാൽ സർക്കാർ സ്ഥലം ഏറ്റെടുക്കുന്നിടത്തൊക്കെ പ്രക്ഷോഭം പതിവായിരുന്നു. കാലം മാറിയപ്പോൾ ഏറ്റെടുക്കുന്ന ഭൂമിക്ക് മാർക്കറ്റ് വിലയുടെ രണ്ടും മൂന്നും ഇരട്ടി നൽകുന്ന രീതി നിലവിൽവന്നു. അതിനാൽ സർക്കാർ ഭൂമി ഏറ്റെടുക്കുന്നതിൽ പഴയ എതിർപ്പ് ഇപ്പോഴില്ല. എന്നാൽ ഇപ്പോഴും പലയിടത്തും ഭൂമിയേറ്റെടുക്കൽ അത്ര സുഗമമല്ല. പലപ്പോഴും ഇതു സംബന്ധിച്ച് വ്യക്തമായ വിവരങ്ങൾ ഭൂവുടമയ്ക്ക് സർക്കാർ നൽകാറില്ലെന്നതാണ് പ്രശ്നങ്ങൾക്ക് ഇടയാക്കുന്നത്.

കഴിഞ്ഞ ദിവസം സുപ്രീംകോടതിയിൽ നിന്നുണ്ടായ ഒരു വിധി ഈ പ്രശ്നത്തിൽ ഭൂവുടമയുടെ ആശങ്കകൾ ദുരീകരിക്കാൻ ഉതകുന്നതാണ്. ഭൂമിയേറ്റെടുക്കൽ നടപടികളിലേക്ക് കടക്കുന്നതിനു മുമ്പ് ഭൂവുടമയെ വിവരങ്ങൾ കൃത്യമായി അറിയിക്കണമെന്നും അവരുടെ എതിർപ്പും പരിഗണിക്കണമെന്നുമാണ് സുപ്രീംകോടതി നിർദ്ദേശിച്ചിരിക്കുന്നത്. സ്ഥലമേറ്റെടുക്കൽ നടപടികളിൽ സർക്കാരിന്റെ ഭാഗത്തു നിന്ന് പാലിക്കേണ്ട ഏഴ് നടപടികൾ കോടതി വ്യക്തമാക്കുകയും ചെയ്തു. ഭൂമിയേറ്റെടുക്കലുമായി ബന്ധപ്പെട്ട കേന്ദ്ര നിയമങ്ങളിലെയും സംസ്ഥാന നിയമങ്ങളിലെയും സുപ്രധാന ഘടകങ്ങൾ എന്തെല്ലാമാണെന്ന് സർക്കാർ പാലിക്കേണ്ട ഏഴ് കടമകളിൽ വ്യക്തമാണെന്ന് വിധി പ്രസ്താവിച്ചുകൊണ്ട് ജഡ്ജിമാരായ പി.എസ്. നരസിംഹ, അരവിന്ദ് കുമാർ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്.

സർക്കാർ പാലിക്കേണ്ട ആദ്യ കടമ ഭൂമിയേറ്റെടുക്കൽ നടപടി തുടങ്ങും മുൻപുതന്നെ ഉടമയ്ക്ക് നോട്ടീസ് നൽകണമെന്നതാണ്. ഇതിന്റെ അഭാവമാണ് പലപ്പോഴും വ്യാജ പ്രചാരണങ്ങൾ വിശ്വസിക്കാൻ ഭൂവുടമകളെ പ്രേരിപ്പിച്ചിരുന്നത്. എത്ര സ്ഥലം ഏറ്റെടുക്കുന്നു,​ എത്ര തുക നഷ്ടപരിഹാരമായി ലഭിക്കും എന്നതൊക്കെ നോട്ടീസിൽ വ്യക്തമാക്കിയിരിക്കണം. അറിയാനുള്ള പൗരന്റെ അവകാശം എന്ന മൗലികാവകാശത്തിന്റെ ഭാഗമാണിതെന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്. ഭൂമി ഏറ്റെടുക്കുന്ന അതോറിട്ടിയെ എതിർപ്പ് അറിയിക്കാനുള്ള അവകാശം ഉടമയ്ക്ക് ഉള്ളതിനാൽ എതിർപ്പുമായി ബന്ധപ്പെട്ട അന്വേഷണം അതോറിട്ടി ശരിയായ രീതിയിൽ നടത്തണം. എതിർപ്പുകൂടി പരിഗണിച്ചുള്ള ഏറ്റെടുക്കൽ പ്രഖ്യാപനമാണ് ഉണ്ടാകേണ്ടത്. സ്ഥലമേറ്റെടുപ്പ് പൊതു ആവശ്യത്തിനായിരിക്കണം എന്നതാണ് മറ്റൊരു നിബന്ധന. അക്കാര്യം കോടതിയുടെ തീർപ്പിന് വിധേയമായിരിക്കും. പൊതു ആവശ്യത്തിനല്ലെന്ന് കണ്ടെത്തിയാൽ നടപടി റദ്ദാക്കാൻ കോടതിക്കു കഴിയും.

വൻകിട കമ്പനികൾക്ക് ഫാക്ടറികളും നിർമ്മാണശാലകളും മറ്റും തുടങ്ങാൻ സർക്കാർ ഭൂമി ഏറ്റെടുത്തു കൈമാറുന്നത് രാജ്യത്ത് നടന്നുവരുന്ന ഒരു രീതിയാണ്. ഇതിന് ഈ നിബന്ധന ഇനി തടസങ്ങൾ സൃഷ്ടിച്ചേക്കാം. ന്യായമായ നഷ്ടപരിഹാരം നൽകുന്നതിനൊപ്പം ഭൂവുടമ ആവശ്യപ്പെട്ടാൽ പുനരധിവാസം സർക്കാർ ഉറപ്പാക്കണം എന്നതാണ് മറ്റൊരു സുപ്രധാന നിബന്ധന. ഭൂമിയേറ്റെടുക്കൽ പ്രഖ്യാപിച്ചതിനുശേഷം പലയിടത്തും വർഷങ്ങളോളം നീണ്ടു പോകാറുണ്ട്. ഇതാണ് ഭൂവുടമയെ കൂടുതൽ വലയ്ക്കുന്നത്. ഇതിനു പരിഹാരമായി കോടതി നിർദ്ദേശിക്കുന്നത് സ്ഥലം കണ്ടെത്തലും പരിശോധനയും തുടങ്ങി നഷ്ടപരിഹാരം നൽകൽ വരെ ന്യായമായ സമയപരിധിയിൽ തീർക്കണം എന്ന നിർദ്ദേശമാണ്. ഒരു പക്ഷേ ഭൂവുടമയെ ഏറ്റവും സന്തോഷിപ്പിക്കുന്ന നിബന്ധന ഇതായിരിക്കും. ഭൂമിയേറ്രെടുക്കലുമായി ബന്ധപ്പെട്ട അനന്തമായ കാത്തിരിപ്പുകൾക്ക് വിരാമമിടാൻ ഉന്നതകോടതിയുടെ ഈ വിധിയിലൂടെ കഴിയുമെന്ന് കരുതാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BHOOMI
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.