കോട്ടയം : ക്നാനായ യാക്കോബായ സുറിയാനി സഭ മെത്രാപൊലീത്ത കുര്യാക്കോസ് മാർ സേവേറിയോസിനെ സസ്പെൻഡ് ചെയ്ത നടപടി കോടതി സ്റ്റേ ചെയ്തു. കോട്ടയം മുൻസിഫ് കോടതി രണ്ടിന്റേതാണ് ഉത്തരവ്. അന്ത്യോഖ്യ പാത്രിയാർക്കീസ് ബാവയുടെ നടപടി ചോദ്യം ചെയ്ത് കുര്യാക്കോസ് മാർ സേവേറിയോസിനെ അനുകൂലിക്കുന്നവർ നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്. ഹർജിയിൽ അന്തിമ ഉത്തരവ് ഉണ്ടാകുന്നത് വരെ സ്റ്റേ നിലനിൽക്കുമെന്ന് കോടതി വ്യക്തമാക്കി.
ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ അദ്ധ്യക്ഷൻ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയാർക്കീസ് ബാവയുടെ ഉത്തരവുകൾ ലംഘിച്ചു എന്നാരോപിച്ചായിരുന്നു മെത്രാപ്പാലീത്തയെ സസ്പെൻഡ് ചെയ്തത്. ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ സഭാപരമായ ചുമതലകളിൽ നിന്ന് നീക്കിയതായി പാത്രിയർക്കീസിന്റെ ഉത്തരവിൽ പറയുന്നു. ഇന്ത്യയിലെ ഓർത്തഡോക്സ് സഭയുമായി അടുപ്പം കാണിക്കുന്നതായി കണ്ടെത്തി കുര്യാക്കോസ് സേവേറിയോസിന് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. പുത്തൻകുരിശിൽ കഴിഞ്ഞ ദിവസം അദ്ദേഹത്തെ വിളിച്ചു വരുത്തി പാത്രിയാർക്കീസ് ബാവയുടെ പ്രതിനിധി വിശദീകരണം ചോദിച്ചിരുന്നു. വിശദീകരണം തള്ളിയാണ് സസ്പെൻഡ് ചെയ്തത്.
സസ്പെൻഷനിൽ പ്രതിഷേധിച്ചും സേവേറിയോസിനെ പിന്തുണച്ചും ഒരുവിഭാഗം വിശ്വാസികൾ കോട്ടയം ചിങ്ങവനത്തെ സഭാ ആസ്ഥാനത്തെത്തിയിരുന്നു. സഹായമെത്രാൻമാർ അധികാരത്തിനു വേണ്ടി നടത്തുന്ന നീക്കമാണ് സസ്പെൻഷന് പിന്നിലെന്ന് ഇവർ ആരോപിച്ചു. സഭയുടെ ഏകമെത്രാപ്പൊലീത്തയായ സേവേറിയോസിന്റെ നീക്കങ്ങൾ മൂന്ന് സഹായമെത്രാൻമാരും എതിർത്തിരുന്നു. പാത്രിയാർക്കീസ് ബാവയുടെ അധികാരം വെട്ടിച്ചുരുക്കാൻ പുതിയ ഭരണഘടനാ ഭേദഗതിക്ക് 21ന് വിളിച്ച പ്രത്യേക അസോസിയേഷൻ യോഗം മാറ്റിവയ്ക്കാൻ ആവശ്യപ്പെട്ടതും നിരസിച്ചതോടെയാണ് നടപടി സ്വീകരിച്ചത്. വലിയ മെത്രാപ്പൊലീത്ത (ആർച്ച് ബിഷപ്പ് ) പദവിയിൽനിന്ന് സേവേറിയോസിനെ നേരത്തെ നീക്കിയിരുന്നു.
എ.ഡി 345ൽ സിറിയയിൽനിന്ന് ഇന്ത്യയിലെത്തിയവരുടെ പിൻമുറക്കാരാണ് ക്നാനായ യാക്കോബായ സഭാംഗങ്ങൾ. വംശീയപാരമ്പര്യം തുടരുന്ന സഭ അന്ത്യോഖ്യയിലെ ആകമാന സുറിയാനിസഭയുടെ ഭദ്രാസനമായാണ് പ്രവർത്തിക്കുന്നത്. ആത്മീയവും ഭരണപരവുമായി പാത്രിയാർക്കീസ് ബാവയുടെ നേരിട്ടുള്ള അധികാരത്തിന് കീഴിലാണ് പ്രവർത്തിക്കുന്നത്. കോട്ടയം ചിങ്ങവനമാണ് സഭയുടെ ആസ്ഥാനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |