അന്താരാഷ്ട്ര തേയില അല്ലെങ്കിൽ ചായ ദിവസമാണ് മേയ് 21. ചായ എന്നുപറയുമ്പോൾ ഇന്ത്യക്കാർക്ക് പ്രത്യേകിച്ച് മലയാളികൾക്ക് ഒരു വികാരമാണ്. എത്ര ചൂട് കാലത്തും ചായ ഒഴിവാക്കാൻ പറ്റാത്തവർ നമ്മുടെ കൂട്ടത്തിലുണ്ടാവും. ഉണ്ടാക്കാൻ വളരെ ഈസിയായുള്ള പാനീയമായാണ് ചായയെ കണക്കാക്കുന്നത്. എന്നാൽ ഒരു പെർഫെക്ട് ചായ ഉണ്ടാക്കാൻ എത്രപേർക്കറിയാം.
ആദ്യം ഒരു ചായപാത്രത്തിലേയ്ക്ക് അര ഗ്ളാസ് വെള്ളവും അര ഗ്ലാസ് പാലും എടുത്ത് അടുപ്പത്തുവയ്ക്കണം. ചൂടായി തുടങ്ങുമ്പോൾ ഒരു സ്പൂൺ പഞ്ചസാര ചേർക്കാം. ശേഷം, തിള വന്നുതുടങ്ങുമ്പോൾ ഒരു ടീസ്പൂൺ തേയില ചേർത്ത് നന്നായി ഇളക്കണം. നന്നായി തിളച്ചുതുടങ്ങുമ്പോൾ തീ അണയ്ക്കാം.
ഇനി ഒരു അരിപ്പ ഉപയോഗിച്ച് ചായ അരിച്ചെടുത്ത് മറ്റൊരു പാത്രത്തിലാക്കിയതിനുശേഷം നല്ല നീളത്തിന് രണ്ടുമൂന്ന് തവണ അടിച്ചെടുക്കാം. ഇനി മറ്റൊരു ഗ്ളാസിലേക്ക് മാറ്റിക്കഴിഞ്ഞാൽ പെർഫക്ട് ചായ റെഡിയായിക്കഴിഞ്ഞു. ചായയിൽ രണ്ട് ഏലയ്ക്കയോ ഗ്രാമ്പൂവോ ചതച്ച് ചേർത്താൻ കൂടുതൽ രുചിയും മണവും ലഭിക്കും.
സ്പെഷ്യൽ മിൽക്ക് ടീ
ആദ്യം ചായപാത്രം അടുപ്പിൽവച്ച് അര ഗ്ളാസ് വെള്ളമൊഴിച്ച് തിളയ്ക്കാൻ വയ്ക്കണം. ഇതിലേയ്ക്ക് രണ്ട് സ്പൂൺ തേയില ചേർത്ത് നന്നായി തിളപ്പിക്കണം. വെള്ളം പകുതിയാകുന്നതുവരെയാണ് ചായപ്പൊടി തിളപ്പിക്കേണ്ടത്. ഇതിനിടെ മറ്റൊരു പാത്രത്തിൽ ഒരു കപ്പ് പാൽ, കാൽക്കപ്പ് വെള്ളം, ഒന്നര ടേബിൾ സ്പൂൺ പഞ്ചസാര എന്നിവ ചേർത്ത് തിളപ്പിക്കണം. പാൽ തിളച്ചുകഴിഞ്ഞാൽ തീ അണയ്ക്കാം. ഇനി ചായ ഒഴിക്കാനുള്ള ഗ്ളാസ് എടുത്തുവയ്ക്കണം. ശേഷം തിളച്ച പാൽ ഒരു സ്പൂൺ ഉപയോഗിച്ച് നന്നായി ഇളക്കണം. ഇങ്ങനെ ലഭിക്കുന്ന പത ഗ്ളാസിന് അകത്ത് കുറച്ച് നിറയ്ക്കാം. ശേഷം പാൽ ചെറുതീയിൽ വയ്ക്കാം. അടുത്തതായി തേയില വെള്ളം അരിച്ച് ഗ്ളാസിലേയ്ക്ക് ഒഴിക്കാം. ഇതിനുപിന്നാലെ തിളച്ച പാൽ ഇതിനുമുകളിലായി ഒഴിക്കാം. പല ലെയറിലായി കാണപ്പെടുന്ന നല്ല വെറൈറ്റി ചായ റെഡിയായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |