ഉറങ്ങുമ്പോൾ വായ തുറന്ന് വയ്ക്കുന്നത് പലരും പതിവ് ആക്കിയ കാര്യമാണ്. ആ ഒരു ശീലം നമ്മൾക്ക് ഇല്ലെങ്കിലും നമ്മുടെ ചുറ്റുമുള്ള പലർക്കും ഉണ്ടാകും. ഇങ്ങനെ വായ തുറന്ന് ഉറങ്ങുന്നത് ആരോഗ്യപരമായി ദോഷകരമാണോ നല്ലതാണോ?
വായ തുറന്ന് ഉറങ്ങുന്നത് ആരോഗ്യത്തെ സാരമായി ബാധിക്കുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്. വായ തുറന്ന് ഉറങ്ങുന്നത് രാത്രിയിലെ ശരിയായ രീതിയിൽ അല്ലാത്ത ശ്വസനത്തിന് കാരണമാകുന്നു. ഇത് ഗുരുതര ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കുന്നു. സ്ലീപ് അപ്നിയ, ഹൃദയ സംബന്ധമായ അസുഖങ്ങൾ, ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം തുടങ്ങിയ ഗുരുതര ആരോഗ്യ പ്രശ്നങ്ങളാണ് വായ തുറന്ന് ഉറങ്ങിയാൽ ഉണ്ടാക്കുന്നത്.
ലക്ഷണങ്ങൾ
വായ തുറന്ന് ഉറങ്ങുന്നവരിൽ വായുടെ ഉൾഭാഗംവരണ്ട് ഇരിക്കുക, തൊണ്ട വേദന, മോണരോഗം, പല്ലിന് ക്ഷയം, വായ്നാറ്റം, കൂർക്കംവലി, രാവിലെ ഉണരുമ്പോൾ തലവേദന, പകൽ ഉറക്കം എന്നിവ അനുഭവപ്പെടുമെന്ന് എസ് ജി എം ഇന്ദിരാ ഹോസ്പിറ്റൽ പൾമണോളജിസ്റ്റ് രാകേഷ് ഗോയൽ പറഞ്ഞു. ഈ ലക്ഷണങ്ങൾ ഉറക്കത്തിന്റെ ഗുണനിലവാരം കുറയുന്നതിനെ സൂചിപ്പിക്കുന്നു.
വായ തുറന്ന് ഉറങ്ങുന്ന കുട്ടികൾക്കും ചില ലക്ഷണങ്ങൾ ഉണ്ടാകുന്നു. കുട്ടികൾക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൽ ബുദ്ധിമുട്ട്, മന്ദഗതിയിലുള്ള വളർച്ച, വികാരങ്ങൾ നിയന്ത്രിക്കാൻ കഴിയാതെ വരുക, ക്ഷീണം, വായയ്ക്കുള്ളിലെ ആരോഗ്യ പ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമാകും.
ആരോഗ്യപ്രശ്നങ്ങൾ
വായ തുറന്നുവച്ച് ഉറങ്ങുമ്പോൾ വായയുടെ ഉള്ളിലെ ഉമിനീർ ഉണങ്ങുകയും മോണരോഗങ്ങൾ അണുബാധകൾ എന്നിവയ്ക്ക് കാരണമാകുകയും ചെയ്യുന്നു. കുട്ടികളിൽ താടിയെല്ലിന്റെ വളർച്ചയ്ക്കും വായ്നാറ്റത്തിനും കാരണമാകുന്നതായി ഡോക്ടർ രാകേഷ് ഗോയൽ പറഞ്ഞു.
കൂടാതെ രാത്രിയിൽ വായയിലൂടെ ശ്വസിക്കുന്നത് സ്ലീപ് അപ്നിയയിലേക്ക് (OSA) നയിച്ചേക്കാം. അത് ഉറക്കത്തിൽ ശ്വാസനാളം തടസപ്പെടുന്നതിന് കാരണമാകുന്നു. കൂടാതെ ഹൃദയ സംബന്ധമായ അസുഖങ്ങൾ, ടെെപ്പ് 2 പ്രമേഹം, കരൾ പ്രശ്നങ്ങൾ, വിഷാദം, വന്ധ്യത എന്നിവയ്ക്ക് കാരണമാകും.
കാരണം
വായ തുറന്ന് കൊണ്ട് ഉറങ്ങുന്നതിന് പ്രധാന കാരണം ശ്വാസനാളത്തിന്റെ മോശം ആരോഗ്യമാണ്. മുക്കിലൂടെ ഓക്സിജൻ ചെല്ലുന്നതിന്റെ അഭാവം നികത്താൻ വായയിലൂടെ ശ്വസിക്കാൻ പ്രേരിപ്പിക്കുന്നു. മൂക്കടപ്പ്, മൂക്കിലെ മുഴകൾ, കോശങ്ങളുടെ വളർച്ച, മൂക്കിന്റെ പാലത്തിലെ വളവ് എന്നിവയാണ് വായിലൂടെ ശ്വസിക്കാൻ പ്രേരിപ്പിക്കുന്നത്. വായ തുറന്ന് വച്ച് ഉറങ്ങുന്നത് തടയാൻ ശ്വാസനാളത്തിന്റെ ആരോഗ്യമാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. ഇതിനായി വിദഗ്ദ്ധരായ ഡോക്ടർമാരെ സമീപിപ്പിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |