മലപ്പുറം: ബ്രിട്ടൻ പിടിച്ചെടുത്ത ഇറാനിയൻ കപ്പലായ 'ഗ്രേസ് 1'ലെ ഇന്ത്യക്കാരെ രക്ഷപെടുത്താൻ ഇടപെടൽ നടത്തി എം.പി പി.കെ കുഞ്ഞാലിക്കുട്ടി. ഇക്കാര്യം സംബന്ധിച്ച് വിദേശകാര്യ സഹമന്ത്രി വി.മുരളീധരനുമായി താൻ സംസാരിച്ചുവെന്നും മുസ്ലിം ലീഗ് ദേശീയ നേതാവ് കൂടിയായ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കപ്പലിലുള്ള ഇന്ത്യക്കാർ സുരക്ഷിതരാണെന്നും ആശകപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നും കേന്ദ്ര മന്ത്രി തന്നെ അറിയിച്ചതായും കുഞ്ഞാലിക്കുട്ടി മാദ്ധ്യമങ്ങളോട് പറഞ്ഞു. കപ്പലിലുള്ള കാസർകോഡ് ഉദുമ സ്വദേശി പ്രജിത്തിന്റെയും മലപ്പുറം സ്വദേശി അജ്മലിന്റെയും കുടുംബാംഗങ്ങളുമായി താൻ സംസാരിച്ചുവെന്നും ഇവരെ മോചിപ്പിക്കാനുള്ള നടപടി കേന്ദ്ര സർക്കാർ ആരംഭിച്ചിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി അറിയിച്ചു.
നിലവിൽ 30 ദിവസത്തേക്ക് കപ്പൽ പിടിച്ചുവയ്ക്കാനാണ് ജിബ്രാൾട്ടർ സുപ്രീം കോടതി നിർദ്ദേശിച്ചിരിക്കുന്നത്. ഈ മാസത്തിന്റെ തുടക്കത്തിലാണ് കപ്പൽ ബ്രിട്ടൻ പിടിച്ചെടുക്കുന്നത്. മൂന്ന് ലക്ഷം ടൺ ക്രൂഡ് ഓയിലുമായി സിറിയയിലേക്ക് പുറപ്പെട്ട ഇറാനിയൻ കപ്പലിനെ ബ്രിട്ടന്റെ കൈവശമുള്ള മേഖലയായ ഗിബ്രാൾട്ടറിന്റെ തീരത്ത് നിന്നും മാറിയാണ് ബ്രിട്ടീഷ് നാവിക സേന പിടികൂടുന്നത്. മേയ് 13ന് യു.എ.ഇയിലെ ഫുജൈറയിൽ നിന്നുമാണ് കപ്പൽ പുറപ്പെട്ടത്.
18,000 കിലോമീറ്ററും, 25 രാജ്യങ്ങളും താണ്ടി ഈ മാസം നാലിന് കപ്പൽ ജിബ്രാൾട്ടർ തീരത്ത് എത്തിയപ്പോഴാണ് കപ്പൽ ബ്രിട്ടന്റെ കസ്റ്റഡിയിലാകുന്നത്. കപ്പൽ ജീവനക്കാരുടെ പാസ്പോർട്ട് മൊബൈൽ ഫോൺ, എന്നിവയും ബ്രിട്ടീഷ് സേന ഉദ്യോഗസ്ഥർ പിടിച്ചെടുത്തിരുന്നു. ഒരാഴ്ച മുൻപ് തന്റെ ഫോൺ തിരികെ ലഭിച്ചപ്പോഴാണ് അജ്മലിന് കുടുംബവുമായി ബന്ധപ്പെടാൻ സാധിച്ചത്. ഇത്രയും നാളായിട്ടും കേന്ദ്ര സർക്കാർ ഏജൻസികളൊന്നും ബന്ധപ്പെട്ടിട്ടില്ലെന്നും അജ്മലിന്റെ ബന്ധുക്കൾ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |